കൊഹീമ യുദ്ധ ശ്മശാനം (GIE 2025-26. Day#13 – Dec 11)


12
രാവിലെ പ്രാതൽ കഴിച്ച് ജിൻസിനോട് വിട പറഞ്ഞ് ആർമി ക്യാമ്പിൽ നിന്ന് ഇറങ്ങി.

മലയുടെ അങ്ങേച്ചെരുവിൽ ഹോൺബിൽ ഫെസ്റ്റിവൽ നടക്കുന്ന കിസാമ വില്ലേജ് ഏത് ഭാഗത്താണെന്ന് എനിക്കിപ്പോൾ കൃത്യമായി അറിയാം. അവിടുന്ന് എന്തെങ്കിലും ബാക്കി ആരവങ്ങൾ ഉയരുന്നുണ്ടോ? വീണ്ടും അങ്ങോട്ട് നീങ്ങാൻ മനസ്സ് വെമ്പുന്നത് പോലെ!

ഇന്ന് സന്ദർശിക്കാൻ പദ്ധതിയുള്ളത് കൊഹീമയിലെ പ്രശസ്തമായ വാർ സെമിത്തേരിയാണ്. 2023 അജുവിനും സുഹൃത്തുക്കൾക്കും ഒപ്പം അവിടെ പോയിട്ടുണ്ട്. എങ്കിലും വീണ്ടും പോകാൻ ആഗ്രഹിക്കുന്ന ഒരിടമാണ് അത്. ഒരുപാട് മലയാളി പട്ടാളക്കാരെ സംസ്ക്കരിച്ച മണ്ണാണ് അത്. കോഹീമ വരെ വരുമ്പോൾ അവർക്ക് ആദരവ് അർപ്പിക്കാൻ അതുവഴി പോയേ തീരൂ.

ആ ചരിത്രം ഇങ്ങനെയാണ്.

രണ്ടാം ലോകമഹായുദ്ധത്തിന്റെ കാലത്ത്, (1944) ജപ്പാൻ സൈന്യത്തിന്റെ കടന്നുകയറ്റം കൊഹീമ വരെ എത്തി. അന്നത്തെ ഡെപ്യൂട്ടി കമ്മീഷണർക്ക് ഗാരിസ്സൺ കുന്നുകളിൽ ഉണ്ടായിരുന്ന ടെന്നീസ് കോർട്ടിൽ വച്ചാണ് യുദ്ധം കലശലായത്. 1420ൽപ്പരം കോമൺവെൽത്ത് (ബ്രിട്ടീഷ്, ഇന്ത്യ, കാനഡ, ഓസ്ട്രേലിയ) പട്ടാളക്കാർ ഇവിടെ മരിച്ചു വീണു. കൊഹീമ യുദ്ധം എന്നും ഗാരിസ്സൺ കുന്നുകളിലെ ‘ടെന്നീസ് കോർട്ട് യുദ്ധം’ എന്നും ഇത് അറിയപ്പെടുന്നു.

എല്ലാ പട്ടാളക്കാരേയും അവരവരുടെ മതാചാര പ്രകാരം ഇവിടെ സംസ്ക്കരിച്ചു. ക്രിസ്ത്യൻ, ജൂതൻ, മുസ്ലീം പട്ടാളക്കാരുടെ പേരുകൾ ആലേഖനം ചെയ്ത കല്ലുകൾ ഈ ശ്മശാനത്തിൽ കാണാം. ഹിന്ദുമതാചാര പ്രകാരവും മറ്റ് മതാചാരങ്ങൾ പ്രകാരവും ദഹിപ്പിച്ചു കളഞ്ഞവരുടെ പേരുകൾ വലിയ ഫലകങ്ങളിൽ ഇവിടെ രേഖപ്പെടുത്തിയിട്ടുണ്ട്. അക്കൂട്ടത്തിൽ 60ൽപ്പരം മലയാളി പട്ടാളക്കാർ ഉള്ളത് ട്രാവൻകൂറിൽ നിന്നും കൊച്ചിയിൽ നിന്നുമാണ്.

ആ മലയാളി പട്ടാളക്കാരുടെ പിൻതലമുറക്കാർ എപ്പോഴെങ്കിലും ഇവിടെ വന്ന് അവരുടെ ധീര പോരാളിയായ മുത്തച്ഛന്മാരെ വണങ്ങിയിട്ടുണ്ടോ? ഉണ്ടാകാനുള്ള സാദ്ധ്യത കുറവാണ്. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളുമായി തെക്കേ ഇന്ത്യയ്ക്ക് അത്രയധികം ബന്ധങ്ങൾ ഇല്ല എന്നത് തന്നെയാണ് വാസ്തവം.

ഈ ശ്മശാനത്തിൽ ശ്രദ്ധിക്കപ്പെടുന്ന മറ്റൊരു കാര്യം, പേരും നാളും വീടും കൂടും ഒന്നുമില്ലാത്ത കുറേയേറെ കല്ലറകളാണ്. യുദ്ധം നടന്ന കാലഘട്ടം (1939-1945) അതിൽ അടയാളപ്പെടുത്തിയിട്ടുണ്ട്. പട്ടാളക്കാരന്റെ പേരിന് പകരം ഉള്ളത് ‘Known unto God’ എന്ന് മാത്രമാണ്. ദൈവത്തിന് മാത്രമേ അറിയൂ അതൊക്കെ ആരുടെ മൃതദേഹങ്ങൾ ആയിരുന്നെന്ന്. തിരിച്ചറിയപ്പെടാതെ പോയ അത്തരം 150 മൃതദേഹങ്ങളാണ് ഈ മണ്ണിൽ ഉറങ്ങുന്നത്.

ഏതൊക്കെയോ രാജ്യത്ത് നിന്ന് വന്ന് ലോകത്തുള്ള സകല രാജ്യങ്ങളും തമ്മിൽ നടന്ന യുദ്ധത്തിന്റെ ഒരു ഭാഗം പിടിച്ച് പൊരുതി മണ്ണടിഞ്ഞു പോയവർ. അവർ എവിടെപ്പോയി, ഏത് യുദ്ധത്തിൽ മരിച്ചു, എങ്ങനെ മരിച്ചു എന്നുപോലും അറിയാതെ കാത്തിരുന്ന് കാലം തള്ളി നീക്കിയവരും കാലം കഴിഞ്ഞവരും എത്രയോ പേർ ഉണ്ടാകാം, എത്രയോ കുടുംബങ്ങൾ ഉണ്ടാകാം.

ഇവിടെ പൊലിഞ്ഞ മലയാളി പട്ടാളക്കാരുടെ പേരുകൾ പരിസരബോധം ഇല്ലാതെ ഒരുവട്ടം ഞാൻ ഉറക്കെ വായിച്ചു. അതിനിടയ്ക്ക് വന്നുപോയ ചില സന്ദർശകർ എന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.

കൊഹീമ യുദ്ധത്തിൽ മരിച്ച നിങ്ങളുടെ മുൻതലമുറക്കാർ ആരെങ്കിലുമുണ്ടെങ്കിൽ മലയാളികൾ ഓരോരുത്തരും ഈ യുദ്ധ സെമിത്തേരിയിൽ വന്ന് അവർക്ക് ആദരാഞ്ജലികൾ അർപ്പിക്കണം; കുഴിമാടത്തിൽ പൂക്കൾ വെക്കണം എന്നാണ് എൻ്റെ പക്ഷം. കൂടുതൽ ഒന്നും നമുക്ക് ചെയ്യാനില്ല. അങ്ങനെ ആരോ വെച്ചിട്ട് പോയ കുറച്ചു പൂക്കൾ ഇന്നിവിടെ കാണുകയുണ്ടായി.

കോമൺവെൽത്തിന്റെ ധനസഹായത്തോടെ വളരെ മനോഹരമായാണ് ഈ യുദ്ധ ശ്മശാനം ഇപ്പോഴും സംരക്ഷിച്ചു പോരുന്നത്.

ശ്മശാനത്തിൽ നിന്നിറങ്ങിയപ്പോൾ കോഴിക്കോട് നിന്ന് റൈഡ് ചെയ്തു വന്ന ഒരു ചെറുപ്പക്കാരനെ കണ്ടതും, രക്തം രക്തത്തെ തിരിച്ചറിഞ്ഞതിന്റെ സന്തോഷം ഷൈനിക്ക്. അയാളുടെ കൂടെ ആസാമിൽ നിന്നുള്ള ഒരു റൈഡറും ഉണ്ട്. ഞങ്ങൾ അവരോട് സംസാരിച്ചു അവർക്കൊപ്പം പടങ്ങൾ എടുത്തു.

റോഡിന് എതിർവശത്ത് ഒരു നാഗ പെൺകുട്ടി നടത്തുന്ന ചെറിയ റസ്റ്റോറന്റിൽ നിന്ന് ഞാൻ പൂരിയും സബ്ജിയും കഴിച്ചു. റൈഡ് ചെയ്യുന്ന ദിവസങ്ങളിൽ ഷൈനിക്ക് ഉച്ചഭക്ഷണം പതിവില്ല.

ഇന്നത്തെ ദിവസം അത്രയും മതിയെന്ന് വെച്ചു. നാളെ നാഗാലാൻഡിലെ ഒരേയൊരു കോട്ടയുള്ളത് കാണാൻ പോകണം. ഈ ട്രിപ്പിലെ ആദ്യത്തെ കോട്ട സന്ദർശനം. എന്റെ 162-)മത്തെ കോട്ട.

കൊഹീമ നഗരപരിധിയിൽ തന്നെ വരുന്ന ‘നാഗ വാണ്ടറേർസ് ‘ എന്ന ഹോം സ്റ്റേ ഷൈനിയുടെ പരിചയക്കാരിയുടേതാണ്. ആറ് മണിയോടെ KFCയിൽ നിന്ന് അത്താഴം കഴിച്ച് ഷൈനി അങ്ങോട്ട് കയറി. ഭാഗിയും ഞാനും ആ തെരുവിന്റെ എതിർവശത്ത് ഇടംപിടിച്ചു. നാഗാലാൻഡിൽ വന്നശേഷം തെരുവിൽ ഉറങ്ങുന്നത് ആദ്യമായിട്ടാണ്. ഒരൊറ്റ തെരുവ് നായ പോലും ഇല്ലാത്ത വീഥി. നായ്ക്കളെ തിന്നുന്ന നാട്ടിൽ അവറ്റകൾ എങ്ങനെ ഉണ്ടാകാനാണ്?

അതിനിടയ്ക്ക് 30 വർഷത്തിലധികമായി നാഗാലാൻഡിൽ ഓഡിറ്ററായി ജോലി ചെയ്യുന്ന ഓൺലൈൻ സുഹൃത്ത് സജി മാനുവൽ Saji Manuel വിളിച്ചു. നാളെ രാവിലെ അദ്ദേഹത്തെ ഓഫ് ലൈൻ ആക്കാമെന്ന് ഏറ്റു. അതിനുശേഷം പ്രാതലും കഴിച്ച് കൊഹീമയോട് വിട പറയുകയാണ്.

ശുഭരാത്രി.

#greatindianexpedition2025_26
#greatindianexpedition
#kohimawarcemetery
#niraksharan
#caravanlifestyle
#northeastindia
#warcemetery
#motorhomelifestyle

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>