
മാർച്ച് 06:- വിശാഖപട്ടണത്ത് നിന്ന് രാവിലെ 07:30 ന് ചെന്നൈയിലേക്ക് തിരിച്ചു. 857 കിലോമീറ്റർ ദൂരം 11 മണിക്കൂർ കൊണ്ട് പിന്നിട്ടു.
രാത്രി എട്ട് മണിയോടെ, ചെന്നൈയിൽ യാത്ര അവസാനിപ്പിക്കാൻ തീരുമാനിച്ചിരുന്ന അജു, പെട്ടന്ന് ആ തീരുമാനം മാറ്റി കൊച്ചിയിലേക്ക് എനിക്കൊപ്പം യാത്ര ചെയ്യാമെന്നായി.
ആ സമയത്ത് ഞാനൊരു നിർദ്ദേശം മുന്നോട്ട് വെച്ചു. “രാത്രി ചെന്നൈയിൽ തങ്ങുന്നതിന് പകരം നമുക്ക് കൊച്ചിയിലേക്ക് യാത്ര തുടർന്നാലോ?”
രാത്രി തുടർച്ചയായി മാറി മാറി വണ്ടി ഓടിച്ചാൽ മാർച്ച് 7ന് ഉച്ചയോടെ കൊച്ചിയിലെത്താം. ഇടയ്ക്ക് ഉറക്കം വന്നാൽ, ഏതെങ്കിലും കടത്തിണ്ണയിലോ ബസ്സ് ഷെൽട്ടറിലോ ഉറങ്ങി ക്ഷീണം തീർത്ത് വീണ്ടും മുന്നോട്ട് നീങ്ങാം.
എന്ത് ഏടാകൂടം പറഞ്ഞാലും ‘ഇല്ല’ എന്ന് അജു മറുപടി തരില്ല. “എന്നാൽപ്പിന്നെ അങ്ങനെ നോക്കാം” എന്നാകും നിലപാട്. വർഷങ്ങളായി ബൈക്കിലും കാറിലും തീവണ്ടിയിലും വിമാനത്തിലുമൊക്കെയായി ഇന്ത്യയിൽ തലങ്ങും വിലങ്ങും യാത്ര ചെയ്തും പോകുന്ന വഴികളിലൊക്കെ ഉണ്ടുറങ്ങിയും ആർജ്ജിച്ചിരിക്കുന്ന ആത്മവിശ്വാസമാണത്. പാമ്പൻ പാലം തകർന്നാലും ആ ചങ്കൂറ്റം തകരില്ല.
അങ്ങനെ, രാത്രി 8 മണിയോടെ ചെന്നൈ ഔട്ടർ റിങ്ങ് റോഡിൽ നിന്ന് ഞങ്ങൾ കൊച്ചിയിലേക്കുള്ള യാത്ര തുടർന്നു. 580 കിലോമീറ്റർ ദൂരമുണ്ട് കൊച്ചിയിലേക്ക്. പക്ഷേ സേലത്ത് എത്തിയാൽപ്പിന്നെ ഹോം ടൗണിൽ എത്തിയ പ്രതീതിയാണ് എനിക്ക്. കൊച്ചിയിൽ നിന്ന് സ്ഥിരമായി ബാംഗ്ലൂർക്ക് പോയി വരുന്നതുകൊണ്ട്, സേലത്ത് നിന്ന് കൊച്ചി വരെയുള്ള ദൂരം ചിരപരിചിതമാണ് എനിക്ക്.
വെളുപ്പിന് മൂന്നര മണിവരെ ഞങ്ങൾ വാഹനം ഓടിച്ചു. കൂടുതലും അജു തന്നെയാണ് ഡ്രൈവ് ചെയ്തത്. മൂന്ന് മണിയോടെ സേലത്ത് നിന്ന് കോയമ്പത്തൂരിലേക്കുള്ള റൂട്ടിൽ കടന്നു. ഉറക്കം വന്നാലും ഇല്ലെങ്കിലും ഇനി അല്പം വിശ്രമിച്ചിട്ട് പോകുന്നത് തന്നെയാണ് നല്ലതെന്ന് എനിക്ക് തോന്നി. പ്രശ്നങ്ങൾ ഒന്നും ഇല്ലാതെ ഇത്രയും ദിവസം സഞ്ചരിച്ചിട്ട് അവസാന ദിവസം കലം ഉടക്കുന്നത് ശരിയാകില്ലല്ലോ.
ഞങ്ങൾ കിടന്നുറങ്ങാൻ പറ്റിയ ഒരു ബസ്സ് ഷെൽട്ടർ നോക്കിത്തുടങ്ങി. അപ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്.
പല ബസ് ഷെൽട്ടറുകളിലേയും ഇരിപ്പിടത്തിന് ഒരാൾക്ക് കിടക്കാനുള്ള വീതി ഇല്ല. വീതിയുള്ള ഇരിപ്പിടങ്ങളാകട്ടെ തല്ലിത്തകർത്തിരിക്കുന്നു. രാത്രിയും പകലും പൊതുജനം മോശമായി ബസ് ഷെൽട്ടറുകൾ ഉപയോഗിക്കുന്നത് കൊണ്ടാകാം ഇങ്ങനെ ചെയ്തിരിക്കുന്നത്. ഞങ്ങളെപ്പോലെ ഒരു രാത്രി അല്പം വിശ്രമിക്കാൻ ബസ്സ് ഷെൽട്ടറുകളെ ആശ്രയിക്കുന്നവർക്കാണ് ഇത് പാരയാകുന്നത്.
മൂന്നര മണി ആയപ്പോഴേക്കും ഒരു ബസ്സ് ഷെൽട്ടർ ഞങ്ങൾ കണ്ടെത്തി. അത് തൂത്ത് വൃത്തിയാക്കി അജു അവിടെ കിടന്നു. ഞാൻ ഭാഗിക്ക് ഉള്ളിലും കിടന്നുറങ്ങി. ബസ്സ് ഷെൽട്ടറിലെ ഈ ഒരു ഉറക്കം മാത്രമാണ് ഈ യാത്രയിൽ ബാക്കിയുണ്ടായിരുന്നത്. അതും പൂർത്തിയായിരിക്കുന്നു.
ആറര മണിക്ക് എഴുന്നേറ്റ് പല്ല് തേച്ച് യാത്ര തുടരുന്നു. 7 മണിയോടെ കോയമ്പത്തൂർ ഭാഗത്ത് പ്രഭാത കൃത്യങ്ങൾക്കും പ്രാതലിനും പറ്റിയ റസ്റ്റോറന്റ് കണ്ടുപിടിച്ചു.
ഉച്ചക്ക് 12 മണിയോടെ, 1462 കിലോമീറ്റർ പിന്നിട്ട്, വിശാഖപട്ടണത്ത് നാന്ന് എറണാകുളം നഗരത്തിൽ എത്തി എന്ന് പറയാം. വൈറ്റില ഹബ്ബിൽ ചെന്ന് ഉച്ചഭക്ഷണം കഴിച്ച് അജുവിനെ പത്തനംതിട്ടക്ക് ബസ്സ് കയറ്റി വിട്ടു.
സംഭവബഹുലമായ ഒരു നോർത്ത് ഈസ്റ്റ് യാത്ര അങ്ങനെ പരിസമാപ്തിയായി. ഈ യാത്രയിൽ പ്രത്യേകമായി നന്ദി പറയേണ്ടത് രണ്ട് പേരോടാണ്.
ഒന്ന്, നോർത്ത് ഈസ്റ്റിലേക്ക് 2023, 2024, 2025-26 വർഷങ്ങളിൽ കൊണ്ടുപോയ അജുവിന്.
രണ്ട്, അരുണാചരിലെ ദുർഘടമായ വഴികളിലൂടെ എന്നേയും ഭാഗിയേയും കൈപിടിച്ച് നടത്തിയ ഷഫീക്കിന്. ഷഫീഖ് ഇല്ലായിരുന്നെങ്കിൽ അനീനി, മെച്ചുക്കോ, ഡോങ്ങ് എന്നീ മനോഹരമായവും അതേ സമയം അപകടകരവുമായ അരുണാചൽ മലമ്പ്രദേശങ്ങളിലേക്ക് ഞാൻ തിരിഞ്ഞ് നോക്കുമായിരുന്നില്ല.
എന്നെങ്കിലും നോർത്ത് ഈസ്റ്റിനെപ്പറ്റി ഒരു പുസ്തകം എഴുതേണ്ടി വന്നാൽ, അത് സമർപ്പിക്കുന്നത് അജുവിനും ഷെഫീഖിനും ആയിരിക്കും. അങ്ങനെയൊരു പുസ്തകം ചിന്തയിലുണ്ട്. പക്ഷേ സിക്കിമും തവാങ്ങും സഞ്ചരിക്കാതെ അത് എഴുതാനാവില്ല. ആ യാത്രകൾ അധികം വൈകാതെ ഉണ്ടാകും. അതുവരേയ്ക്കും തൽക്കാലം വിട.
ശുഭം.
—————–
വാൽക്കഷണം:- 2025 നവംബർ 13 മുതൽ 105 ദിവസങ്ങൾ നീണ്ടു നിന്ന ഈ യാത്രയ്ക്കിടയിൽ എടുത്ത ധാരാളം വീഡിയോകൾ, വരും ദിവസങ്ങളിൽ എഡിറ്റ് ചെയ്ത് പങ്കുവെക്കുന്നതാണ്. ഈ യാത്രയുടെ ബാലൻസ് ഷീറ്റും രണ്ട് ദിവസത്തിനകം പങ്കുവെക്കാം. വെറുപ്പിക്കൽ തുടരുമെന്ന് സാരം.
#greatindianexpedition2025_26
#greatindianexpedition
#niraksharan
#northeastindia
#northeast
#kochi