എൻ്റെ ധീരു നിങ്ങളുടെ അംബാനി!


20
ബുദാബിയിലെ അൽ മൻസൂരി സ്പെഷ്യലൈസ്ഡ് എൻജിനീയറിങ് എന്ന കമ്പനിക്ക് വേണ്ടി ഗൾഫ് രാജ്യങ്ങളിലെ പല പല എണ്ണപ്പാടങ്ങളിൽ ജോലി ചെയ്യുന്ന കാലം. യമനിലെ ഏഡൻ, സന എന്നിവിടങ്ങളിലൊക്കെ ജോലി സംബന്ധമായി ഇടയ്ക്കിടക്ക് പോകുമായിരുന്നു.

അങ്ങനെയൊരു ഏഡൻ സന്ദർശനത്തിൻ്റെ ഇടയിലാണ്, ഒരു ഗ്യാസ് സ്റ്റേഷനിൽ ജോലി ചെയ്യുന്ന ധീരുബായി അംബാനിയെ ഞാൻ ആദ്യമായി കാണുന്നത്. ഞാൻ സഞ്ചരിച്ചിരുന്ന വാഹനം പെട്രോൾ അടിക്കാൻ വേണ്ടി ആ ഗ്യാസ് സ്റ്റേഷനിൽ എത്തിയപ്പോൾ ആയിരുന്നു ആ കൂടിക്കാഴ്ച്ച.

പെട്രോൾ അടിച്ച് തരാൻ വന്ന ആ മനുഷ്യനെ കണ്ടപ്പോൾ ഇന്ത്യക്കാരനെപ്പോലെ എനിക്ക് തോന്നി. അതുകൊണ്ടാണ് അദ്ദേഹത്തിനോട് ഹിന്ദിയിൽ പേര് ചോദിച്ചത്. ധീരുബായ് എന്ന് മറുപടി കിട്ടി. ഞങ്ങൾ പിന്നെയും കുറെ നേരം സംസാരിച്ചു നിന്നു. മുംബൈയിലെ കഷ്ടപ്പാടും ദുരിതവും ഒക്കെ കാരണമാണ് യമനിലേക്ക് വരേണ്ടി വന്നത് എന്ന് ദു:ഖത്തോടെ അദ്ദേഹം പറഞ്ഞു.

യമനിയായ ഗ്യാസ് സ്റ്റേഷൻ മുതലാളി കണ്ണുരുട്ടിയതോടെ ഞങ്ങളുടെ സംസാരം മുറിഞ്ഞു. “ഞാൻ കുറച്ചു ദിവസം ഏഡനിൽ ഉണ്ടാകും വീണ്ടും കാണാം” എന്ന് പറഞ്ഞാണ്, അഡ്രസ്സും ഫോൺ നമ്പറും കൈമാറിയ ശേഷം അന്ന് പിരിഞ്ഞത്.

പിന്നീട് പലവട്ടം ഞങ്ങൾ കണ്ടു. ഗ്യാസ് സ്റ്റേഷൻ്റെ തൊട്ടടുത്തുള്ള ചെറിയ റസ്റ്റോറൻ്റിൽ നിന്ന് കാവ കുടിച്ച് മുംബൈ വിശേഷങ്ങൾ പറഞ്ഞ് ചിരിച്ചും നൊമ്പരപ്പെട്ടും എത്രയോ രാത്രികൾ. എന്തെങ്കിലും ചെറിയ ബിസിനസ്സ് ചെയ്തിട്ടാണെങ്കിലും മുംബൈയിലേക്ക് മടങ്ങണമെന്ന് എന്നും അദ്ദേഹം പറയുമായിരുന്നു.

സൗഹൃദം വളർന്ന് വന്നതോടെ ഞാൻ അദ്ദേഹത്തെ ധീരു എന്നും അദ്ദേഹം എന്നെ മന്നു എന്നും വിളിക്കാൻ തുടങ്ങി. അന്നദ്ദേഹത്തിന് തല നിറയെ മുടി ഉണ്ടായിരുന്നത് എൻ്റെ ഓർമ്മയിലുണ്ട്.

യമനിലേക്കുള്ള എന്റെ യാത്രകൾ കുറഞ്ഞതോടെ ഞങ്ങളുടെ കൂടിക്കാഴ്ചകൾക്ക് വിരാമമായി. പാവം അവിടെ ആ ഗ്യാസ് സ്റ്റേഷനിൽത്തന്നെ ജോലി എടുക്കുന്നുണ്ടാകും എന്നാണ് ഒരുപാട് കാലം ഞാൻ കരുതിയിരുന്നത്.

കുറച്ചു വർഷങ്ങൾക്കകം അംബാനി സാമ്രാജ്യം ഉയർന്നു വന്നപ്പോഴും അത് ആ പഴയ ധീരുബായ് ആണെന്ന് ഞാൻ ഊഹിച്ചതേയില്ല. എന്തൊരു മാറ്റമാണ് അദ്ദേഹത്തിന്റെ പ്രകൃതത്തിന്. മുടി നന്നായി കൊഴിഞ്ഞിരിക്കുന്നു. മേദസ് വീണിട്ടുണ്ട്.

പക്ഷേ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല. സരസൻ, ലളിതൻ. ഇടയ്ക്ക് എന്റെ അബുദാബി നമ്പറിൽ വിളിക്കുമായിരുന്നു. ഞാൻ അവിടെ നിന്ന് പോന്നതിനു ശേഷം കേരളത്തിലെ നമ്പർ തപ്പി കണ്ടുപിടിച്ച് വിളിക്കാൻ തുടങ്ങി. ഞാൻ മുംബൈയിൽ ചെല്ലുമ്പോൾ അദ്ദേഹത്തെ കാണാതെ പോരുന്നതിൽ നല്ല വിഷമമുണ്ട് കക്ഷിക്ക്. ഭർത്താവ് എപ്പോഴും പറയാറുള്ള മന്നു എന്ന യമൻ-ഇന്ത്യൻ സുഹൃത്തിനെ നേരിൽ പരിചയപ്പെടുത്താത്തതിൽ കോകിലയ്ക്കും പരാതിയുണ്ട് പോലും! കടന്നുവന്ന വഴികൾ ഒന്നും അദ്ദേഹം മറന്നിട്ടില്ല എന്നതായിരുന്നു എൻ്റെ ഏറ്റവും വലിയ സന്തോഷം.

പക്ഷേ എനിക്കെന്തോ അദ്ദേഹത്തിന്റെ സമയം കളയാൻ തോന്നാറില്ലായിരുന്നു. വലിയ തിരക്കുള്ള ആളല്ലേ? അവരുടെ ഓരോ മിനിറ്റുകൾക്കും കോടികൾ വിലയുണ്ട്. അതുകൊണ്ടാണ് ഒഴിഞ്ഞുമാറി നിന്നതും നിൽക്കുന്നതും.

എന്തായാലും Great Indian Expedition മുംബൈയിൽ എത്തുമ്പോൾ അംബാനി കുടുംബത്തിന് പിടി കൊടുക്കേണ്ടി വരും. ങ്ഹാ… എന്തായാലും രാത്രി ഭാഗിയെ പാർക്ക് ചെയ്യാൻ ഒരു സ്ഥലം വേണമല്ലോ. അത് Antilla യുടെ പോർച്ചിൽത്തന്നെ ആയിക്കോട്ടെ. പക്ഷേ, നിർബന്ധിച്ചാലും വീടിന് അകത്ത് ഞാൻ കിടക്കില്ല. എനിക്ക് ഭാഗിയിലെ സൗകര്യങ്ങൾ തന്നെ ധാരാളം.

നന്ദി പറയാനുള്ളത് ശ്രീമതി ബീന കണ്ണനോടാണ്,.. പഴയ കാര്യങ്ങൾ എല്ലാം ഓർമ്മിപ്പിച്ചതിന്. പുള്ളിക്കാരി എയറിൽ നിന്ന് ഇറങ്ങുമ്പോൾ ഒന്ന് നേരിട്ട് പോയിക്കണ്ട് നന്ദി പറയണമെന്നുണ്ട്. “ഇതിലും ഭേദം ലെന ആയിരുന്നു” എന്ന് നേരിട്ട് തന്നെ പറയണം.

ജാമ്യം:- ചേരമാൻ പെരുമാൾ മക്കത്ത് പോയപ്പോൾ നബിയെ കണ്ടു എന്നൊരു പറച്ചിലുണ്ട്. ചരിത്രം പരിശോധിച്ചാൽ രണ്ടാളും ജീവിച്ചിരുന്ന വർഷങ്ങൾ ഒത്തുപോകില്ല എന്ന് മാത്രം. അതുപോലെ കണക്കാക്കിയാൽ മതി ഇതും.

#beenakannanonair
#amabani
#mydheeru
#തള്ളോട്തള്ള്

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>