പതിവിന് വിപരീതമായി രാവിലെ നാലരയ്ക്ക് എഴുന്നേറ്റു. പ്രഭാതകൃത്യങ്ങൾ നടത്തി, വസ്ത്രങ്ങൾ കഴുകി, ഭാഗിയെ കുളിപ്പിച്ചു. ഏഴ് മണിയോടെ നന്ദാസനത്തിൽ നിന്ന് ജയ്സാൽമീറിലേക്ക് പുറപ്പെട്ടു.
487 കിലോമീറ്റർ 9 മണിക്കൂർ യാത്ര എന്നാണ് ഗൂഗിൾ കാണിച്ചത്. പലയിടങ്ങളിൽ നിർത്തുന്നതും രണ്ടുനേരം ഭക്ഷണം കഴിക്കുന്നതും ചേർത്ത് 12 മണിക്കൂർ ആകുമെന്ന് എനിക്കുറപ്പായിരുന്നു.
പ്രാതലിന് കഴിച്ചത് കച്ചോരിയാണ്. ഇനിയങ്ങോട്ട് കച്ചോരികളുടെ കച്ചേരി ആയിരിക്കും. സംശയം വേണ്ട.
യാത്രാമദ്ധ്യേ സംഭവിച്ച നല്ലൊരു കാര്യം, ഭാഗിയുടെ ജനറേറ്ററിന് ഒരു സുരക്ഷാകവചം തുന്നിച്ചു എന്നതാണ്. കിടക്കയിൽ പൊടി വീണ് മുഷിയുന്നത് ഒഴിവാക്കാൻ കിടക്കയ്ക്കും ഒരു വിരിപ്പ് വാങ്ങി. ബാർമർ എത്തുന്നതിന് മുൻപ് ഇത്തരം ഷീറ്റുകൾ വിൽക്കുന്ന വലിയ ഒരു മാർക്കറ്റ് ഉണ്ട്. വാഹനങ്ങളുടേയും കൃഷിയിടങ്ങളിലേയും ആവശ്യങ്ങൾക്കായാണ് ഈ ഷീറ്റുകളുടെ വിൽപ്പന നടക്കുന്നത്. അരമണിക്കൂർ കൊണ്ട് കാര്യം നടന്നു.
ബാർമർ വരെ മോശം റോഡ് ആണെങ്കിലും പിന്നീട് ജയ്സാൽമീർ വരെ നല്ല വഴിയാണ്. വഴികളിലെ കുണ്ടും കുഴിയും എന്നതുപോലെ തന്നെ ബുദ്ധിമുട്ടുണ്ടാക്കുന്നത് ആടുമാടുകളാണ്. മൂന്നു ട്രാക്ക് ഉള്ള വഴിയിൽ രണ്ട് ട്രാക്കും പശുക്കൾ കയ്യടക്കിയിരിക്കുന്ന ഒരു കാഴ്ച്ചയും കാണാനായി. അവറ്റകളുടെ മേൽ മുട്ടുകയോ അതിലൊന്ന് ചാവുകയോ ചെയ്താൽ പെട്ടത് തന്നെ. അതുകൊണ്ട് തന്നെ പശുക്കളേയോ ആടുകളെയോ കണ്ടാൽ അന്നേരം ഭാഗി വേഗത കുറയ്ക്കും, അതീവ ശ്രദ്ധാലു ആകും.
ജയ്സാൽമീറിൻ്റെ ചുറ്റുവട്ടത്തുള്ള വഴികളെല്ലാം എനിക്ക് കൈവെള്ളപോലെ പരിചിതമാണ്. അതുകൊണ്ട് തന്നെ വൈകിയെത്തിയാലും കുഴപ്പമില്ല. ഞാൻ ഭാഗിയെ പലയിടങ്ങളിൽ നിർത്തി ഫോട്ടോകളെല്ലാം എടുത്ത് 7 മണിയോടെ ആണ് ജയ്സാൽമീറിൽ എത്തിയത്.
1.കേരളം
2. തമിഴ്നാട് (ശൂലഗിരി – 3 രാത്രി)
3. കർണ്ണാടക (സൂറത്ത്ക്കൽ)
4. ഗോവ (കൺഡോലിം)
5. മഹാരാഷ്ട്ര (കർപാളെ)
6. ഗുജറാത്ത് (സൂറത്ത്)
7. ഗുജറാത്ത് (നന്ദാസനം)
8. രാജസ്ഥാൻ (ജയ്സാൽമീർ)
സെപ്റ്റംബർ 13ന് കേരളത്തിൽ നിന്ന് തുടങ്ങിയ യാത്ര, ഏഴ് സംസ്ഥാനങ്ങൾ പിന്നിട്ട്, 3292 കിലോമീറ്റർ താണ്ടി, ഭാഗിക്കും എനിക്കും കേടുപാടുകൾ ഒന്നുമില്ലാതെ, സെപ്റ്റംബർ 21ന്, രാജസ്ഥാനിൽ എത്തിയിരിക്കുന്നു! ₹2165 ആണ് ഇത്രയും ദൂരത്തിനിടയിൽ റോഡുകളിൽ ചുങ്കം നൽകിയത്.
കഴിഞ്ഞ പ്രാവശ്യം ഭാഗിക്കൊപ്പം രാജസ്ഥാനിൽ വന്നപ്പോൾ വാഷ്റൂം തരപ്പെടുത്തിയ നാച്ച്ന ഹവേലിയുടെ മുൻവശത്തുള്ള ഗാന്ധി ചൗക്കിൽ സഞ്ജയ് ജയ്സാൽമീർ എന്ന ഗൈഡ് ഞങ്ങളെ സ്വീകരിക്കാൻ എത്തി. അദ്ദേഹത്തിൻ്റെ കൂടെ അർജ്ജുൻ എന്ന കോയമ്പത്തൂർകാരൻ സഞ്ചാരിയും ഉണ്ട്. ഒരു മാസത്തെ രാജസ്ഥാൻ പര്യടനത്തിന് എത്തിയിരിക്കുകയാണ് അർജ്ജുൻ. നാളെ അദ്ദേഹം അജ്മീറിലേക്ക് പുറപ്പെടുന്നു. പറ്റിയാൽ ജയ്പൂരിൽ വച്ച് കണ്ടുമുട്ടാം എന്ന് പറഞ്ഞ്, ഒരു പടമെടുത്ത് ഞങ്ങൾ പിരിഞ്ഞു. സഞ്ചാരികൾ എത്ര പെട്ടെന്നാണെന്നോ ഒട്ടിച്ചേരുന്നത്.
ഗാന്ധി ചൗക്കിൽ കഴിഞ്ഞ പ്രാവശ്യം കിടന്ന അതേ ചത്വരത്തിൽ ഭാഗിക്കും എനിക്കും കിടക്കാൻ സ്ഥലം കിട്ടി. ചൗക്കിലെ സ്ഥിരം ബേക്കറിയിൽ നിന്ന്, ഒരു സമൂസ വാങ്ങി രാത്രിഭക്ഷണം അതിലൊതുക്കി.
നാളെ എനിക്ക് വിശ്രമദിനമാണ്. എന്നിരുന്നാലും, പലവട്ടം പോയിട്ടുള്ള ജയ്സാൽമീൽ കോട്ടയിൽ വീണ്ടും പോകും. അതിനകത്തുള്ള ഏതെങ്കിലും ഒരു റസ്റ്റോറന്റിൽ ഇരുന്ന് അടുത്ത ദിവസങ്ങളിലെ പദ്ധതികൾ തയ്യാറാക്കണം.
ഒരു കാര്യം പറയാൻ വിട്ടുപോയി രാജസ്ഥാനിൽ ചൂട് കുറഞ്ഞിട്ടൊന്നുമില്ല. ഗുജറാത്ത് അതിർത്തി കടന്നതും അക്കാര്യം എനിക്ക് പിടികിട്ടി. കാലാവസ്ഥ മാറാൻ ഒരു മാസം കൂടെ സമയം എടുക്കും എന്നാണ് സഞ്ജയ് പറയുന്നത്. എന്നുവച്ചാൽ അടുത്ത 30 ദിവസങ്ങൾ എനിക്ക് കഠിന പരീക്ഷണ ദിനങ്ങൾ ആണ്. സെപ്റ്റംബർ പകുതിയോടെ യാത്ര പുറപ്പെടാം എന്നത് എൻ്റെ ഐഡിയ ആയിപ്പോയി. അനുഭവിക്കുക തന്നെ.
ശുഭരാത്രി.