എല്ലാ ഒഴിവ് ദിവസവുമുള്ളത് പോലെ അൽപ്പം സൈക്കിളിങ്ങ് അല്ലെങ്കിൽ അൽപ്പം ഓട്ടം അതുമല്ലെങ്കിൽ ഏതെങ്കിലും മരത്തിന്റെ തടമെടുക്കാൻ ആരെങ്കിലും വിളിച്ചാൽ അങ്ങോട്ട്, വേയ്സ്റ്റ് പെറുക്കാൻ വേറാരെങ്കിലും ക്ഷണിച്ചാൽ അങ്ങോട്ട്. അത്ര മാത്രമേ ഇന്നും പ്രതീക്ഷിച്ചിരുന്നുള്ളൂ. പക്ഷേ, ഇന്നങ്ങനെ വെറുമൊരു അവധി ദിവസമായിരുന്നില്ല. ജീവിതത്തെ നമ്മളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നതിലും ഒരുപാടൊരുപാട് ആവേശത്തോടെ പുണരണമെന്ന് മനസ്സിലാക്കിത്തരാൻ പാകത്തിന് ഒരു ദീപനാളത്തിന്റെ മുന്നിലേക്കാണ് ചെന്നെത്തിപ്പറ്റിയത്.
ഓട്ടക്കാരുടെ ക്ലബ്ബായ സോൾസ് ഓഫ് കൊച്ചിൻ പെരിയാറിന്റെ തീരത്തുകൂടെയാണ് ഇന്ന് ഓടാൻ പദ്ധതിയിട്ടിരിക്കുന്നത്. ഓടി വന്നതിനുശേഷം ശിവരാത്രി കഴിഞ്ഞ് മാലിന്യക്കൂമ്പാരമായിക്കിടക്കുന്ന മണപ്പുറം വൃത്തിയാക്കുക എന്ന ദൌത്യവും ഏറ്റെടുത്തിട്ടുണ്ട്. കാൽമുട്ടിന് പരിക്കുള്ളതുകൊണ്ട് ഒരു മാസത്തേക്ക് ഓട്ടത്തിന് അവധി കൊടുക്കണമെന്ന് ഡോൿടർ പറഞ്ഞിരിക്കുന്നതുകൊണ്ട് സൈക്കിളെടുത്ത് ആലുവാ മണപ്പുറത്തേക്ക് വിട്ടു.
ഓട്ടക്കാരൊക്കെ ഫിനിഷ് ചെയ്ത് തുടങ്ങിയിരിക്കുന്നു. സീമ പിള്ളയും ഓട്ടവേഷത്തിൽ അല്ലാത്ത (ചുരീദാർ) ഒരു പെൺകുട്ടിയും സംസാരിച്ച് നിൽപ്പുണ്ട്. ചെന്നപാടെ സീമ ആ കുട്ടിയെ പരിചയപ്പെടുത്തി. പേര് മാളു ഷെയ്ക്ക. പേരിന്റെ പ്രത്യേകതയും ഒരു ലഘുവിവരണവും തന്നു. ഇന്നത്തെ പത്രത്തിൽ കുട്ടിയെപ്പറ്റി വാർത്തയുണ്ടെന്ന് പറഞ്ഞു. രാവിലെ വീട്ടിൽ നിന്ന് ഇറങ്ങിയതുകൊണ്ട് പത്രം വായിച്ചിട്ടില്ല. പക്ഷേ, സീമ പിള്ള പറഞ്ഞുതന്നത് തന്നെ വിശ്വസിക്കാൻ പറ്റുന്നതിലും അധികമായിരുന്നു.
മനോരമ പത്രത്തിന്റെ കോപ്പി ഇതിനോപ്പം ചേർക്കുന്നു. അവശ്യം വായിക്കുക. വിശദമായി വായിച്ച് മനസ്സിലാക്കാൻ സമയമില്ലാത്തവരോട് കുറച്ച് ചോദ്യങ്ങൾ മാത്രം ചോദിക്കുന്നു.
ചോദ്യം 1:- ടീനേജ് പ്രായത്തിൽ സ്വന്തം വീട്ടിൽ വേലക്കാരിയെപ്പോലെ ഒറ്റപ്പെട്ട് പോയിട്ടുണ്ടോ നിങ്ങളിലാരെങ്കിലും ?
ചോദ്യം 2:- പത്താം ക്ലാസ്സ് പഠനത്തിന് ശേഷം ഇനി പഠിക്കേണ്ടതില്ല എന്ന് രക്ഷകർത്താക്കൾ തീരുമാനിച്ചതുകൊണ്ട് ടീസി പോലും വാങ്ങാതെ സ്ക്കൂൾ വിട്ട് പോരേണ്ടി വന്നിട്ടുണ്ടോ നിങ്ങൾക്ക് ?
ചോദ്യം 3:- വെള്ളത്തിൽ 5 മണിക്കൂറോളം പൊന്തിക്കിടക്കാൻ ആകുമോ നിങ്ങൾക്ക് ?
ചോദ്യം 4:- വേമ്പനാട്ട് കായലിന്റെ ഏറ്റവും വീതിയുള്ള ഭാഗം (8 കിലോമീറ്റർ) നീന്തിക്കടന്നിട്ടുണ്ടോ നിങ്ങൾ ?
ചോദ്യം 5:- അതിരാവിലെ എഴുന്നേറ്റ് വീട്ടുജോലികൾക്ക് പോയും, ഹോട്ടലിൽ പാത്രം കഴുകാൻ പോയും വരുമാനമുണ്ടാക്കിയശേഷം പഠിക്കാൻ പോകേണ്ട അവസ്ഥയുണ്ടായിട്ടുണ്ടോ നിങ്ങൾക്ക് ?
ചോദ്യം 6:- പതിനെട്ട് വയസ്സ് തികഞ്ഞ ഉടനെ സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് ഡ്രൈവിങ്ങ് ലൈസൻസ് നിങ്ങളിൽ എത്രപേർ എടുത്തിട്ടുണ്ട് ?
ചോദ്യം 7:- സ്ക്കൂട്ടറിന്റേയും കാറിന്റേയും മാത്രമല്ല, ഓട്ടോറിക്ഷയുടേയും ബസ്സിന്റേയും ലോറിയുടേയും ട്രെയിലറുകളുടേയും ഡ്രൈവിങ്ങ് ലൈസൻസുണ്ടോ നിങ്ങൾക്ക് ? അതോടിച്ച് നടന്നിട്ടുണ്ടോ നിരത്തുകളിൽ ?
ചോദ്യം 8:- പത്തൊൻപത് വയസ്സായപ്പോഴേക്കും സ്വന്തമായി അദ്ധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് കാറ് വാങ്ങിയിട്ടുണ്ടോ നിങ്ങളിൽ ആരെങ്കിലും ?
ചോദ്യം 9:- കരാട്ടേ, കളരി തുടങ്ങിയ ആയോധനമുറകൾ നിങ്ങളിൽ എത്രപേർ പഠിച്ചിട്ടുണ്ട് ?
ചോദ്യം 10:- വിവാഹം കഴിക്കാൻ വീട്ടുകാർ നിർബന്ധിക്കുന്നതുകൊണ്ട് നിങ്ങളിൽ എത്രപേർക്ക് വീടുവിട്ടിറങ്ങി ഹോസ്റ്റലിൽ താമസിക്കേണ്ടി വന്നിട്ടുണ്ട് ?
ചോദ്യം 11:- ഇരുപത് വയസ്സിനുള്ളിൽ നിങ്ങളിൽ എത്രപേർ ഡ്രൈവിങ്ങ് അദ്ധ്യാപിക എന്ന ജോലി ചെയ്തിട്ടുണ്ട്. ലൈഫ് ഇൻഷൂറൻസ് അഡ്വൈസറുടെ ജോലി ചെയ്തിട്ടുണ്ട് ?
ചോദ്യം 12:- മലയാളം ഉൾപ്പെടെ ഏഴ് ഭാഷകൾ എഴുതാനും വായിക്കാനും സംസാരിക്കാനും നിങ്ങളിൽ എത്രപേർക്ക് സാധിക്കും ?
ചോദ്യം 13 (അവസാനത്തേതും):- ഇത്രയുമൊക്കെ ബുദ്ധിമുട്ടുകൾ സഹിച്ച് വർദ്ധിതവീര്യത്തോടെ ഒറ്റയ്ക്ക് ജീവിതം കെട്ടിപ്പടുക്കുന്നതിനിടയിൽ ഐ.എ.എസ്.എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാൻ നിങ്ങളിലെത്ര പേർ ശ്രമിച്ചെന്നിരിക്കും ?
മാളു ഇതെല്ലാം ചെയ്തിട്ടുണ്ട്, ചെയ്യുന്നുമുണ്ട്. ഇനിയൊന്ന് ആ മനോരമ ഫീച്ചർ വായിക്കണമെന്ന് തോന്നുന്നില്ലേ ? വായിക്കൂ. മാളുവിനെപ്പറ്റി ഞാനീ പറഞ്ഞതിലും കൂടുതലുണ്ട് അതിൽ.
മാളുവിനൊപ്പം സോൾസ് ഓഫ് കൊച്ചിൻ ഓട്ടക്കാർ
ഇത്ര കരുത്തുറ്റ ഒരു വനിതയെ മുൻപ് എപ്പോഴെങ്കിലും നേരിൽപ്പരിചയപ്പെട്ടിട്ടുണ്ടോ എന്നെനിക്ക് ഓർമ്മപോലുമില്ല. ഇതുപോലെ ഇനിയെത്ര പേരെ പരിചയപ്പെടുമെന്നും നിശ്ചയമില്ല. മൂന്ന് ദിവസം കൂടെ കഴിഞ്ഞാൽ (മാർച്ച് 8) ലോക വനിതാ ദിനമാണ്. പക്ഷേ, എന്നെ സംബന്ധിച്ചിടത്തോളം മാളുവിനെ പരിചയപ്പെട്ട ഇന്ന് ഈ ദിവസവും ഒരു വനിതാദിനം തന്നെയാണ്.
മാളുവിനെപ്പോലെ മനക്കരുത്തും നിശ്ചയദാർഷ്ഠ്യവുമുള്ള വനിതകൾ മറ്റെല്ലാ വനിതകൾക്കും ഊർജ്ജമാകട്ടെ, വഴികാട്ടിയും പ്രചോദനവുമാകട്ടെ. ഒറ്റയ്ക്കായിപ്പോയാൽപ്പോലും ഒരുപാട് ചെയ്യാനാവുമെന്ന് ഓരോ പെൺകുട്ടികൾക്കും മാതൃകയാക്കാൻ പറ്റുന്ന ജീവിച്ചിരിക്കുന്ന ഉറപ്പും പ്രതീക്ഷയുമാണ് മാളു ഷെയ്ക്ക എന്ന ഇരുപതുകാരി മിടുക്കി.
മാളുവിനൊപ്പം (ക്ലിക്ക്:-വെങ്കിടേഷ് ത്യാഗരാജൻ)
വാൽക്കഷണം:- മണപ്പുറത്തെ മാലിന്യം നീക്കം ചെയ്യാൻ സോൾസിനൊപ്പം മാളുവുമുണ്ടായിരുന്നു. ഇനിയും ഇത്തരം പ്രവർത്തനങ്ങൾ ഉള്ളപ്പോൾ കൂടെച്ചേർക്കണമെന്ന് അറിയിച്ചു. ആലുവയിലുള്ള സോൾസ് ഓഫ് കൊച്ചിന്റെ ഓട്ടക്കാർ ആലുവയിൽത്തന്നെയാണ് നിത്യവും ഓടുന്നത്. അവർക്കൊപ്പം ഓടാൻ മാളുവിനെ ക്ഷണിച്ചപ്പോൾ, രാവിലെ 5 മണിക്ക് ആലുവയിൽ നിന്ന് ഇടപ്പിള്ളിയിൽ വന്ന് അവിടത്തെ സോൾസ് അംഗങ്ങൾക്കൊപ്പം തന്നെ ഓടുമെന്നാണ് മാളു ഏറ്റിരിക്കുന്നത്. അതൊരു അഭിമാന മുഹൂർത്തം തന്നെയായിരിക്കും ഞങ്ങൾക്ക്.