35 വർഷങ്ങൾക്ക് മുൻപ് ഇതുപോലെ ഒരു തണുത്ത ഡിസംബറിലാണ് ഞാൻ ആദ്യമായി ആഗ്രയിൽ വരുന്നത്. കണ്ണൂർ ഗവൺമെൻറ് എൻജിനീയറിങ് കോളേജിലെ ഞങ്ങളുടെ അവസാന വർഷ പഠന പര്യടനം ആയിരുന്നു അത്. അതേപ്പറ്റി പറയാൻ പോയാൽ ഞാൻ വാചാലനാകും. തൽക്കാലം അതിന് മുതിരുന്നില്ല.
അന്നാണ് ആദ്യമായി മുംതാസിനെ കണ്ടത്. അവർക്കായി ഷാജഹാൻ ഉണ്ടാക്കിയ പ്രേമസൗധമായ താജ്മഹൽ കണ്ടത്; ആഗ്ര കോട്ട കണ്ടത്.
മൂന്ന് വ്യാഴവട്ടക്കാലം വളരെ വലിയ ഒരു ഇടവേളയാണ്. അത്രയൊന്നും വൈകരുത്. 10 വർഷത്തിൽ ഒരിക്കലെങ്കിലും ഒരാൾ ആഗ്രയിലേക്കുള്ള കള്ളവണ്ടി കയറിയിട്ടായാലും താജ്മഹൽ കണ്ട് മടങ്ങിയിരിക്കണം.
രാവിലെ എട്ടര മണിയോടെ ഭരത്പ്പൂരിൽ നിന്ന് ഭാഗിയും ഞാനും ആഗ്രയിലേക്ക് പുറപ്പെട്ടു. രാജസ്ഥാൻ എന്ന സംസ്ഥാനത്തെ ചുറ്റിയടിക്കൽ അവസാനിപ്പിച്ച് ഉത്തർപ്രദേശിലേക്ക് കടക്കുകയാണ്. പക്ഷേ, ഉത്തർപ്രദേശ് മുഴുവൻ ചുറ്റുന്നില്ല. ആഗ്ര മാത്രം സന്ദർശിച്ച ശേഷം ഹരിയാനയിലേക്കാണ് പോകുന്നത്. ഹരിയാനയിൽ 26 കോട്ടകൾ ഉണ്ട്. അതെല്ലാം കാണണം. എന്നുവച്ച് ഈ യാത്രയിൽ ഞാൻ കോട്ടകൾ മാത്രമല്ല കാണുന്നത്. ഒരു ശരാശരി സഞ്ചാരി പോകുന്ന കാഴ്ച്ചകൾക്കും സ്ഥലങ്ങൾക്കും പിന്നാലെ ഞാനും പോകുന്നുണ്ട്. പക്ഷേ കോട്ടകൾ ഒഴിവാക്കില്ല എന്ന് മാത്രം.
ക്ഷമിക്കണം, പറഞ്ഞ് കാട് കയറുന്നത് എൻ്റെ ഒരു ശീലമാണ്. ഒരു സംസ്ഥാനത്തിൽ നിന്ന് മറ്റൊരു സംസ്ഥാനത്തിലേക്ക് കടക്കുന്നത് കൊണ്ടാണ് ഇത്രയും വാചകമടി.
പത്ത് മണിയോടെ ആഗ്രയിൽ എത്തി. റോഡിന്റെ അവസ്ഥ, ഗതാഗത സംസ്ക്കാരം എന്നിവയിലെല്ലാം മാറ്റമുണ്ട്. രാജസ്ഥാനിലെക്കാളും മോശം ഗതാഗത സംസ്കാരമാണ് ഈ നഗരത്തിൽ. ഓരോ സംസ്ഥാനങ്ങളിൽ ചെല്ലുമ്പോഴും ഒന്ന് രണ്ട് ദിവസം ഗതാഗതം വളരെ ശ്രദ്ധിക്കണം, പഠിക്കണം. തട്ടാതെയും മുട്ടാതെയും മുന്നോട്ട് പോകണമെങ്കിൽ അനിവാര്യമായ ഒരു കാര്യമാണ് അത്. അതേപ്പറ്റി വിശദമായി ഒരു ലേഖനം, പിന്നീട് ഞാൻ എഴുതുന്നുണ്ട്.
ആഗ്ര കോട്ടയുടെ പരിസരത്ത് എങ്ങും പാർക്കിംഗ് സൗകര്യമില്ല. രണ്ടു കിലോമീറ്റർ മാറി മെട്രോ സ്റ്റേഷൻ ഭാഗത്താണ് പാർക്കിംഗ് ഉള്ളത്. കോട്ടയിലെ പോകുന്നവരും താജ്മഹലിലേക്ക് പോകുന്നവരും അവിടെ വാഹനം പാർക്ക് ചെയ്ത് ഓട്ടോ പിടിച്ചാണ് ഈ രണ്ട് സ്ഥലത്തേക്കും പോകുന്നത്. നമ്മൾ വാഹനം പാർക്ക് ചെയ്യുമ്പോഴേക്കും ഓട്ടോക്കാരൻ ഒരാൾ നമ്മെ വളഞ്ഞിരിക്കും.
എന്നെ പിടികൂടിയത് ദേവ് റാത്തോഡ് എന്ന ഒരു ചെറുപ്പക്കാരനാണ്. അയാൾ വളരെ മാന്യനാണ്. കാര്യങ്ങളെല്ലാം ഭംഗിയായി പറഞ്ഞു തന്നു. കോട്ടയിലേക്ക് കൊണ്ടുപോകാൻ ഞാൻ എടുത്ത ബാഗിൽ ഭക്ഷണസാധനങ്ങളോ പവർ ബാങ്കോ ഉണ്ടെങ്കിൽ മാറ്റിക്കൊള്ളാൻ പറഞ്ഞു. അതൊന്നും കോട്ടക്കകത്ത് കയറ്റില്ല. ഇതറിയാതെ നമ്മൾ അവിടം വരെ പോയാൽ, പിന്നെ അത് പൂട്ടി വെക്കാൻ ലോക്കറിന്റെ സൗകര്യം തേടണം. അങ്ങനെ ഒരു ഏർപ്പാടും അവിടെ ഉണ്ട്.
ആഗ്ര കോട്ടയെപ്പറ്റി ഞാൻ എന്താണ് വർണ്ണിക്കേണ്ടത്? എത്ര കഥകൾ പറഞ്ഞാലാണ് ഈ കോട്ടയുടെ ചരിത്രം പൂർത്തിയാവുക?
ഞാൻ അശക്തനാണ്, നിരക്ഷരനാണ്. എന്നാലും ചിലതൊക്കെ പറയാം.
* 1983 മുതൽ യുനസ്കോയുടെ ലോക പൈതൃക സ്ഥാനങ്ങളിൽ ഒന്നാണ് ആഗ്ര കോട്ട.
* മുഗൾ ഭരണാധികാരികൾ ഡൽഹിയിലേക്ക് തലസ്ഥാനം മാറ്റുന്നതിന് മുൻപ് വരെ (1638) താമസിച്ചിരുന്നത് ആഗ്ര കോട്ടയിലെ കൊട്ടാരത്തിലാണ്.
* മുഗൾ ചക്രവർത്തിയായ ഹുമയൂണിന്റെ സ്ഥാനാരോഹണം (1530ൽ) നടന്നത് ആഗ്ര കോട്ടയിലാണ്.
* പിന്നീട് അക്ബർ കോട്ട പുതുക്കിപ്പണിതു.
* ശേഷം ഷാജഹാനും ഈ കോട്ട പുതുക്കി പണിതിട്ടുണ്ട്.
* 4000 ജോലിക്കാർ 8 വർഷം തുടർച്ചയായി പണിയെടുത്തു, ആഗ്ര കോട്ടയുടെ നിർമ്മാണം പൂർത്തിയാക്കാൻ.
* ബ്രിട്ടീഷുകാർ ആഗ്ര കോട്ട പിടിച്ചടക്കുന്നതിന് മുൻപ് ഇവിടെ ഉണ്ടായിരുന്നത് മറാഠകളാണ്.
* 13 വർഷം ഭരത്പൂരിലെ ജാത്ത് രാജവംശത്തിന്റെ കൈയിലും കോട്ട ഇരുന്നിട്ടുണ്ട്.
* 7ൽപരം വലിയ മഹലുകളും ദർബാറുകളും കൊട്ടാരഭാഗങ്ങളും ഇതിനകത്തുണ്ട്.
* ഷാജഹാന്റെ വ്യക്തിപരമായ ആവശ്യത്തിന് മാത്രം ഉപയോഗിച്ചിരുന്ന വെണ്ണക്കല്ല് (മാർബിൾ) കൊണ്ടുണ്ടാക്കിയ മീന മസ്ജിദ് ഇതിലെ പ്രത്യേകതയാണ്.
* ഔറംഗസേബ് സ്വന്തം പിതാവായ ഷാജഹാനെ രാജസ്ഥാനത്ത് നിന്ന് പുറത്താക്കി ഭരണം പിടിച്ചെടുത്തപ്പോൾ ഷാജഹാനെ തടവിലാക്കിയത് ഈ കോട്ടയ്ക്കുള്ളിൽ ആണ്.
* തൻ്റെ പ്രേയസിയായ മുംതാസിന് വേണ്ടി ഷാജഹാൻ ഉണ്ടാക്കിയ താജ്മഹൽ എന്ന ലോകാത്ഭുതം, ഈ കോട്ടയിലെ തടവറയിൽ കിടന്നുകൊണ്ട് ഷാജഹാന് കാണാൻ പറ്റുമായിരുന്നു.
* ഒരുപക്ഷേ ഇന്ത്യയിൽ, ഡൽഹിയിലെ റെഡ് ഫോർട്ട് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സന്ദർശിക്കപ്പെടുന്ന കോട്ട, ആഗ്ര കോട്ട ആയത് മേൽപ്പറഞ്ഞ കാരണം കൊണ്ടാകാം. ആഗ്ര കോട്ടയിൽ നിന്ന് താജ്മഹലിലേക്ക് നോക്കി നെടുവീർപ്പിടാത്ത സഞ്ചാരികൾ വിരളമായിരിക്കും.
* ആഗ്ര കോട്ടയിൽ അധികമാരും ശ്രദ്ധിക്കാതെ പോകുന്ന ഒന്ന് അതിനകത്തുള്ള പടിക്കിണറുകളാണ്. ശരിക്കും കിണറിന്റെ ആകൃതിയിൽ തന്നെയാണ് അത് ഉള്ളത്. മുകൾഭാഗം ഗ്രിൽ ഇട്ട് അടച്ചിരിക്കുന്നു. അതിനിടയിലൂടെ താഴേക്ക് നോക്കിയാൽ മാത്രമേ പടിക്കിണറിൻ്റെ മനോഹാരിത നുകരാൻ പറ്റൂ. ശരിക്കും വൃത്താകൃതിയിൽ ഞാൻ കണ്ടിട്ടുള്ള ഒരു പടിക്കിണർ ഇത് മാത്രമാണ്.
കോട്ടയിൽ വെച്ച് സെൽഫി എടുക്കാൻ ശ്രമിക്കുന്ന എനിക്ക്, “ഞാൻ പടമെടുത്ത് തരട്ടെ” എന്ന് ഒരു ലിത്വാനിയക്കാരി സഹായഹസ്തം നീട്ടി. അവർ മൂന്ന് പേരുണ്ട്. ഒരു സഹപ്രവർത്തകയുടെ വിവാഹത്തിനായി അഹമ്മദാബാദിലേക്ക് പോയശേഷം ഉഴിച്ചിലും പിടിച്ചിലുമായി ഒരാഴ്ച്ച കൊച്ചിയിലുമുണ്ടാകും. ഇനിയൊരിക്കൽ ലിത്വാനിയയിൽ വെച്ച് കാണാം എന്ന് പറഞ്ഞാണ് ഞങ്ങൾ പിരിഞ്ഞത്.
ആഗ്ര കോട്ടയിൽ ടൂർ ഗൈഡുകളുടെ തീവെട്ടി കൊള്ളയാണ്. സർക്കാർ നിശ്ചയിച്ചിരിക്കുന്ന അവരുടെ റേറ്റ് 925 രൂപയാണ് എന്നാണ് പറയുന്നത്. കോട്ടയുടെ എല്ലാ ഭാഗങ്ങളും കൃത്യമായി അടയാളപ്പെടുത്തി വെച്ചിട്ടുണ്ട്. ഒരു ഗൈഡിന്റേയും സഹായം സത്യത്തിൽ ആഗ്ര കോട്ടയിൽ ഇല്ല.
എനിക്ക് എന്തായാലും ₹925 വളരെ വലിയ തുകയാണ്. ഗൈഡ് വേണ്ട എന്ന് പറഞ്ഞാൽ.. “നിങ്ങൾ എത്ര തരും എന്ന് പറയൂ” എന്ന് ലേലം വിളിയാണ് പിന്നീട്. എന്ന് വെച്ചാൽ അവർ പ്രിന്റ് ചെയ്ത് വെച്ചിരിക്കുന്ന 925 രൂപ വെറും തട്ടിപ്പാണ്. വിലപേശി ചെറിയ നിരക്കിന് അവർ കൂടെ വന്നാൽ, മുഴുവൻ കാര്യങ്ങളും പറഞ്ഞ് തരുകയുമില്ല. അതെനിക്ക് പലയിടത്തും അനുഭവമുള്ളതാണ്.
ഗൈഡിന്റെ സേവനമില്ലാതെ, മനോഹരമായി തന്നെ ഞാൻ കോട്ട കണ്ടു. എങ്കിലും ഒരു കാര്യം ഞാൻ ശ്രദ്ധിച്ചു. കോളേജ് കാലത്ത് വന്ന് കണ്ട കാര്യങ്ങളിൽ, കോട്ടയിൽ നിന്നുള്ള താജ്മഹലിന്റെ ദൃശ്യം മാത്രമേ മനസ്സിലുള്ളൂ. ബാക്കിയെല്ലാം എനിക്ക് പുതിയ കാഴ്ച്ചകൾ പോലെ ആയിരുന്നു. അതുകൊണ്ടാണ് ആദ്യമേ തന്നെ ഞാൻ പറഞ്ഞത്, കള്ളവണ്ടി കയറിയിട്ടായാലും ഇടക്കിടക്ക് ആഗ്രയിൽ വന്ന് പോകണമെന്ന്.
രാവിലെ ഭാഗിയുടെ അടുക്കളയിൽ നിന്നുള്ള പതിവ് പ്രാതൽ കഴിച്ച് ഇറങ്ങിയതാണ്. മൂന്നു മണിക്ക് കോട്ടയ്ക്ക് വെളിയിൽ കടന്നപ്പോൾ നന്നായി വിശന്നു. ഫോൺ ചെയ്തതും ടുക്ക് ടുക്കുമായി ദേവ് റാത്തോഡ് എത്തി. അയാൾ എന്നെ സാമാന്യം ഭേദപ്പെട്ട ഒരു റസ്റ്റോറന്റിൽ കൊണ്ടുപോയി. ധാബയിലെ ഭക്ഷണം കഴിച്ചു കഴിച്ച് മടുത്തിരിക്കുന്നു, എന്ന് ഞാൻ അയാളോട് പറഞ്ഞിരുന്നു.
ഇനി വേണ്ടത് രാത്രി തങ്ങാൻ ഒരിടമാണ്. തിങ്ങി ഞെരുങ്ങിയ ഒരു നഗരമാണ്. ഏതെങ്കിലും റസ്റ്റോറന്റുകൾക്ക് മുന്നിൽ ഭാഗിക്കും എനിക്കും കിടക്കാൻ അനുമതി ചോദിക്കുന്നത് തന്നെ ബുദ്ധിമുട്ടാണ്. ഒന്ന് രണ്ട് പേർ നിരസിക്കുകയും ചെയ്തു. രാജസ്ഥാനിൽ എനിക്ക് അങ്ങനെ ഒരു അനുഭവമേ ഉണ്ടായിട്ടില്ല. ഞാൻ പറഞ്ഞില്ലേ, സംസ്ഥാനം മാറിയിരിക്കുന്നു. ഇനിയങ്ങോട്ട് കാര്യങ്ങൾ അത്ര എളുപ്പമാകണമെന്നില്ല.
ദേവ് റാത്തോഡ് അയാളുടെ പരിചയക്കാരന്റെ ഒരു വർക്ക്ഷോപ്പിന് മുന്നിൽ സ്ഥലം സംഘടിപ്പിച്ച ശേഷം എന്നെ വിളിച്ചു. നഗര മദ്ധ്യത്തിലാണ് അത്. അവിടെ സമാധാനമായി കിടന്നുറങ്ങാൻ പറ്റുമെന്ന് എനിക്ക് തോന്നിയില്ല. ഞാൻ നോക്കിനിൽക്കെ അവിടെ രണ്ടുപേർ തമ്മിൽ ഉന്തും തള്ളുമായി. മറ്റൊരു ഇടം കിട്ടിയില്ലെങ്കിൽ മാത്രം അങ്ങോട്ട് തിരിച്ചു ചെല്ലാം എന്ന ധാരണയിൽ ഞാൻ അവിടെ നിന്ന് ഇറങ്ങി. നഗരത്തിന് വെളിയിൽ 10 കിലോമീറ്റർ മാറി തിരക്കൊഴിഞ്ഞ ഒരു ഗ്യാസ് സ്റ്റേഷൻ കണ്ടെത്തിയപ്പോഴേക്കും ഇരുട്ട് വീണിരുന്നു. ഗ്യാസ് സ്റ്റേഷനിൽ പക്ഷേ, ഒന്നും പേടിക്കാനില്ല. ജീവനക്കാരെല്ലാം വന്ന് ഭാഗിയുടെ അടുക്കളയൊക്കെ കണ്ട്, “സുഖമായി ഉറങ്ങിക്കോളൂ” എന്ന് ആശംസിച്ച് പോയി.
ഉച്ചയ്ക്ക് കഴിച്ചത് അല്പം കനത്തിലായതിനാൽ, നാലഞ്ച് ഈത്തപ്പഴം മാത്രമാണ് അത്താഴം.
നാളെ രാവിലെ മുംതാസിനെ കാണാൻ പോകണം. പൗർണ്ണമി നാളിൽ താജ്മഹൽ കാണണമെന്ന് വളരെ നാളുകളായുള്ള ആഗ്രഹമാണ്. പക്ഷേ തണുപ്പ് കാലത്ത് നിലാവ് താജ്മഹലിൽ വീഴില്ല. വേനൽക്കാലത്ത് വരണമത്രേ! ആ സമയത്ത് പ്രവേശന ഫീസ് കൂടുതലുമാണ്.
നിലവിലെ തണുപ്പ് ഏറെക്കുറെ രാജസ്ഥാനിലേത് പോലെ തന്നെ. രാത്രി 13 ഡിഗ്രി, രാവിലെ 11 ഡിഗ്രി.
വാൽക്കഷണം:- ആഗ്ര കോട്ട, ഞാൻ മുന്നേ കണ്ടിട്ടുള്ള കോട്ടകളുടെ പട്ടികയിൽ സ്ഥാനം പിടിച്ചിട്ടുള്ളതുകൊണ്ട്, കോട്ട # 116 എന്ന നമ്പർ, ഹരിയാനയിലെ ഏതോ ഒരു കോട്ടയ്ക്കുള്ളതാണ്. അതിന്റെ പദ്ധതി നാളെ ലിസയ്ക്കൊപ്പം Liza Thomas ഓൺലൈനിൽ ഇരുന്ന് തയ്യാറാക്കണം.
ശുഭരാത്രി.