ഇന്ന് ഈ യാത്ര 4 മാസം തികയുകയാണ്. അതൊന്ന് ആഘോഷമാക്കണമെന്ന് തന്നെ എനിക്ക് തോന്നി. മൂന്ന് കോട്ടകളാണ് അതിനായി കണ്ടുവെച്ചത്. രാവിലെ എട്ടുമണിക്ക് പ്രസാദ് സാറിന്റെ വീട്ടിൽ നിന്ന് കടി കോട്ടയിലേക്ക് തിരിച്ചു. ഒരു മണിക്കൂർ പത്ത് മിനിറ്റ് സവാരി ഉണ്ട് അങ്ങോട്ടുള്ള 50 കിലോമീറ്റർ ദൂരം.
* പതിനെട്ടാം നൂറ്റാണ്ടിൽ കടി ഭരണാധികാരികളാണ് ഈ കോട്ട നിർമ്മിച്ചത്.
* കടി നഗരത്തെ ശത്രുക്കളിൽ നിന്നും സംരക്ഷിക്കുക എന്നതായിരുന്നു കോട്ടയുടെ ലക്ഷ്യം.
* കോട്ടയുടെ പ്രധാന കവാടത്തെ ഡൽഹി ഗേറ്റ് എന്ന് വിളിക്കുന്നു.
* മറാഠ ഭരണ കാലത്ത് പട്ടാള ക്യാമ്പ് ആയി കോട്ട ഉപയോഗിച്ചിട്ടുണ്ട്. കൂടാതെ വ്യവഹാര കാര്യങ്ങളും ഇവിടെ നടന്ന് പോന്നിരുന്നു.
* നിലവിൽ കോട്ടയ്ക്കകത്ത് ഒരു മസ്ജിദും ഒരു ശിവക്ഷേത്രവും ഒരു സ്കൂളും പ്രവർത്തിച്ച് പോരുന്നു.
ഞാൻ ഭാഗിയെ ഡൽഹി ഗേറ്റ് വഴി അകത്തേക്ക് കടത്തി ഉള്ളിൽ പാർക്ക് ചെയ്തു. സ്ക്കൂൾ നടക്കുന്ന സമയമാണെങ്കിലും ഭക്തജനങ്ങൾ ധാരാളമായി കോട്ടയ്ക്കുള്ളിലേക്ക് വരുന്നതുകൊണ്ട് ഞാനും അക്കൂട്ടത്തിൽ ഒരാളാണെന്ന് കാവൽക്കാരൻ കരുതിക്കാണണം. പക്ഷേ, സാധാരണ നിലക്ക് ഭക്തജനങ്ങൾ പോകാത്ത കോട്ടയുടെ മറ്റ് ഭാഗങ്ങളിലേക്ക് ഞാൻ പോകുമ്പോൾ അയാൾ എന്നെ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഞാനത് കാര്യമാക്കാൻ പോയില്ല. എന്നെ ഒന്ന് വലയ്ക്കാൻ വേണ്ടി ആകണം, അയാൾ ആ ഭാഗത്തേക്കുള്ള കവാടം താഴിട്ട് പൂട്ടി. പക്ഷേ ആ മതിലിന്റെ ഒരു വശത്തുള്ള ക്ലാസ് മുറിയിലൂടെ കയറിയാൽ പുറത്തേക്ക് കടക്കാൻ പറ്റും എന്ന് ഞാൻ മനസ്സിലാക്കി.
കുട്ടികളുടെ ചിരികളികൾക്കും കോലാഹലത്തിനും തുറിച്ചു നോക്കലിനും ഇടയിലൂടെ ഞാൻ ക്ലാസ് മുറിയിൽ കടന്ന് അതിലൂടെ കുറുകെ ചാടിയ പുറത്ത് കടന്ന് ക്ഷേത്രത്തിന്റെ ഭാഗത്തേക്ക് നടന്നു. അത് കാവൽക്കാരൻ കണ്ടില്ല. അൽപനേരം കഴിഞ്ഞ് ക്ഷേത്രത്തിൽ നിന്നിറങ്ങിവരുന്ന എന്നെ കണ്ടതും അയാൾ ഇളിഭ്യനായി നിന്നു. ഒന്നും സംഭവിക്കാത്തത് പോലെ ഞാൻ വീണ്ടും കോട്ടയിൽ ചുറ്റിക്കറങ്ങി.
കോട്ടമതിലും ശിവക്ഷേത്രത്തിനോട് ചേർന്നുള്ള കൊട്ടാരത്തിന്റെ ഭാഗങ്ങളും ജീർണ്ണിച്ച അവസ്ഥയിലാണ്. കൊട്ടാര ഭാഗം പുതുക്കിപ്പണിത് ഉണ്ടാക്കിയ ശിവക്ഷേത്രം പരിപാലിക്കുന്നുണ്ടെങ്കിലും കൊട്ടാരത്തിന്റെ ഭാഗത്ത് ഒരു പരിപാലനവുമില്ല.
സദ്ര കോട്ട
കടിയിൽ നിന്ന് സദ്ര കോട്ടയിലേക്ക് ഒരു മണിക്കൂർ ഇരുപത് മിനിറ്റ് യാത്രയുണ്ട്. 66 കിലോമീറ്റർ ദൂരം.
ഗ്രാമത്തിന്റെ ഊട് വഴികളിലൂടെ ഭാഗി ചെന്ന് നിന്നത് സാമാന്യം വലിയ സദ്ര കോട്ടയുടെ മുന്നിലാണ്. കോട്ടയ്ക്ക് ചുറ്റും വാഹനം ഓടിക്കാനുള്ള പാത ഉണ്ടെന്ന് തോന്നിയത് കൊണ്ട് ഞാൻ പിൻവശത്തേക്ക് ഭാഗിയെ നയിച്ചു.
ആ ഭാഗത്ത് കോട്ടമതിൽ ഇടിഞ്ഞ് കിടക്കുകയാണ്. ഒരു ചെറിയ ക്ഷേത്രമുണ്ട് അവിടെ. ആ ഭാഗത്ത് ഒരാൾ കിടന്നുറങ്ങുന്നുണ്ട്. അതൊരു നേപ്പാളി ആണ്. “കോട്ടയുടെ പടമെടുത്താൽ സേട്ട് വഴക്ക് പറയും. അതുകൊണ്ട് 100 രൂപ തരണം.” എന്നായി അവൻ. സേട്ടിന്റെ ഫോൺ നമ്പർ തരൂ, ഞാൻ സംസാരിക്കാം എന്ന് പറഞ്ഞതും അവന്റെ കള്ളി വെളിച്ചത്തായി. “ഫോട്ടോ എടുത്തോളൂ, എനിക്ക് ഈ വണ്ടി കുറച്ച് ദൂരം ഓടിക്കാൻ തന്നാൽ മതി” എന്നായി അയാൾ. വണ്ടി ആർക്കും തരാൻ പറ്റില്ല എന്ന് ഞാൻ തറപ്പിച്ചു പറഞ്ഞു. പിന്നീട് ഞാൻ കോട്ട മുഴുവനും ചുറ്റി നടന്ന് പടങ്ങൾ എടുക്കുന്നത് വരെ അവൻ ഉറക്കം നടിച്ച് അവിടെയുള്ള ഒരു ബെഞ്ചിൽ കിടന്നു.
* 1411-1443 കാലഘട്ടത്തിൽ അഹമ്മദ് ഷാ ആണ് സദ്യ കോട്ട നിർമ്മിച്ചത്.
* മുഗൾ ഭരണകാലത്ത് ഇതൊരു മിലിട്ടറി പോസ്റ്റ് ആയിരുന്നു.
* അന്ന് ഇതിന്റെ പേര് ഇസ്ലാമാബാദ് എന്നായിരുന്നു.
* ഷഹദേര എന്നും ഈ കോട്ടയ്ക്ക് പേരുണ്ടായിരുന്നു.
ദേരി കോട്ട
സദ്ര കോട്ടയിൽ നിന്ന് ഒരു മണിക്കൂറോളം യാത്രയുണ്ട് ദേരി കോട്ടയിലേക്ക്. 45 കിലോമീറ്റർ ദൂരം.
കോട്ടകൾ കാണാൻ ഇറങ്ങിയ ശേഷം ഗൂഗിൾ മാപ്പ് എന്നെ ഇത്രയും വലച്ച മറ്റൊരു കോട്ടയില്ല. മഹോർ എന്ന നദിയുടെ അപ്പുറത്താണ് കോട്ട നിൽക്കുന്നത്. ഗൂഗിൾ എന്നെ കോട്ടയുടെ ഇക്കരയിൽ കൊണ്ടു നിർത്തി. ആ വഴിയാണെങ്കിൽ ഇളകിയ മണ്ണും വെള്ളവും കാരണം ഭാഗി പുതഞ്ഞു പോകാൻ പാകത്തിനുള്ളത്. മൂന്ന് പ്രാവശ്യം, പോയ വഴികളിലൂടെ വീണ്ടും ചുറ്റിക്കറങ്ങിയാണ് എനിക്ക് കോട്ട കണ്ടുപിടിക്കാൻ ആയത്. അതും ജുഗാജ് എന്ന ഒരു ഗ്രാമവാസിയുടെ സഹായം ഉണ്ടായതുകൊണ്ട് മാത്രം. നടക്കാൻ വയ്യെങ്കിലും അദ്ദേഹം എൻ്റെ ഒപ്പം നദിയുടെ തീരം വരെ വന്നു.
അരക്കൊപ്പം വെള്ളത്തിൽ നീന്തി നദിയുടെ അപ്പുറം എത്തിയാൽ കോട്ട അടുത്ത് നിന്ന് കാണാം. എന്നാലും കോട്ടയുടെ മുകളിലേക്ക് കയറാനുള്ള മാർഗ്ഗങ്ങൾ ഒന്നും ഇക്കരയിൽ നിന്ന് ഞാൻ കണ്ടില്ല. കോട്ടയിൽ നിറയെ കടന്നൽ ആണെന്ന് ജുഗാജി പറഞ്ഞതുകൊണ്ട് നദി നീന്തിക്കടക്കാൻ തുനിഞ്ഞതുമില്ല. മഹോർ, മെസ്വ എന്നീ നദികളുടെ സംഗമസ്ഥാനം കൂടെയാണ് അത്.
കോട്ട ജീർണ്ണാവസ്ഥയിൽ ആണ്. പക്ഷേ ഇക്കരയിൽ നിന്ന് അതിന്റെ കാഴ്ച്ച അതിമനോഹരമാണ്. ഞാനത് നോക്കി കുറച്ചധികം സമയം നദിക്കരയിൽ നിന്നു. പടങ്ങൾ എടുത്തു.
കോട്ടയുടെ മറുവശം കാട് ആയതുകൊണ്ടാണ് ഗൂഗിൾ മാപ്പ് പുഴയുടെ ഇക്കരയിലെ വഴി കാണിച്ചു തന്നത്. അക്കരയിലൂടെ വഴി ഇല്ലേയില്ല. കോട്ടയുടെ കാര്യമായ ചരിത്രമൊന്നും ലഭ്യമല്ല.
ജുഗാജി എന്നെ വീട്ടിൽ വിളിച്ചിരുത്തി ചായ ഉണ്ടാക്കിത്തന്നു. ഇന്നൊരു ദിവസം ഇവിടെ തങ്ങിയിട്ട് പോയാൽപ്പോരെ എന്ന് സ്നേഹാന്വേഷണം നടത്തി. വീണ്ടും വരണമെന്ന് പറഞ്ഞ് യാത്രയാക്കി.
ശുഭരാത്രി.