പദ്ധതിയിട്ടത് പ്രകാരം ഇന്നത്തെ യാത്രയ്ക്ക് സൂറത്തിലെ മലയാളി സുഹൃത്ത് സജിമോനും Saji Mon എൻ്റെയൊപ്പം കൂടി.
ആദ്യം ഞങ്ങൾ പോയത് 83 കിലോമീറ്റർ ദൂരെയുള്ള വ്യാര കോട്ടയിലേക്കാണ്. ഒന്നേമുക്കാൽ മണിക്കൂർ ദൂരം യാത്രയുണ്ട് അങ്ങോട്ട്.
സജിയുടെ ഇളയപ്പൻ വർഷങ്ങൾക്ക് മുന്നേ വ്യാരയിൽ എത്തി സ്ഥിരതാമസമാക്കിയ വ്യക്തിയാണ്. അദ്ദേഹത്തിൻ്റെ വീട്ടിൽ ചെന്ന് ചായ കുടിച്ചതിന് ശേഷം ഞങ്ങൾ മൂന്നുപേരും കൂടി വ്യാര കോട്ടയിൽ എത്തി.
* ഗയിക്ക്വാഡ് രാജവംശത്തിന്റെ സ്ഥാപകനായ പിലാജി റാവു ഗയിക്ക്വാഡ് ആണ് ഈ കോട്ട നിർമ്മിച്ചത്.
* പതിനേഴാം നൂറ്റാണ്ടിലാണ് ഈ കോട്ട ഉണ്ടാക്കിയത്.
* മാലിവാഡ് കോട്ട എന്നും ഇതിന് പേരുണ്ട്.
* നിലവിൽ ഈ കോട്ട ASI-യുടെ നിയന്ത്രണത്തിലാണ്.
* ഈ കോട്ടയുടെ നടുവിൽ സിലിണ്ടർ സിലിണ്ടർ ആകൃതിയിലുള്ള നിർമ്മിതിക്കുള്ളിൽ നിന്ന് സോൺഗഡ് കോട്ടയിലേക്ക് 20 കിലോമീറ്ററോളം നീളുന്ന തുരങ്കമുണ്ട് എന്നാണ് ഒരു നാട്ടുവർത്തമാനം. അതുകൊണ്ടാകാം ഈ ഭാഗം അടച്ചിട്ടിരിക്കുകയാണ്. ASI ഉദ്യോഗസ്ഥർ ഹാജർ ഉള്ളപ്പോൾ മാത്രമേ അത് തുറന്നു കാണാൻ പറ്റൂ. കോട്ടയുടെ കൂടുതൽ ചരിത്രം ഒന്നും ലഭ്യമല്ല.
അടുത്തതായി അരമണിക്കൂർ യാത്ര ചെയ്താൽ എത്തുന്ന സോൺഗഡ് കോട്ടയിലേക്കാണ് ഞങ്ങൾ പോയത്.
* സാമാന്യം ഉയരമുള്ള ഒരു മലയുടെ മുകളിലാണ് സോൺഗഡ് കോട്ട നിലകൊള്ളുന്നത്.
* കോട്ട ഇരിക്കുന്ന മലയുടെ മുകളിലേക്ക് കുറേദൂരം വാഹനം ഓടിച്ച് ചെല്ലാം. ശേഷിക്കുന്ന പടികൾ കയറി വേണം മുകളിൽ എത്താൻ.
* മല കയറിയ ചെല്ലണം എന്നുള്ളവർക്ക് അങ്ങനേയും മുകളിലേക്ക് കയറാം. ഏതാണ്ട് 500 പടികൾക്ക് തത്തുല്യമായ കയറ്റം ഉണ്ട്.
* കോട്ടയ്ക്ക് മുകളിൽ രണ്ട് ദർഗ്ഗകളും മൂന്ന് ക്ഷേത്രങ്ങളും ഉണ്ട്.
* കൂടാതെ ഒന്നിലധികം മൊബൈൽ ടവറുകളും ഉണ്ട്.
* സമുദ്രനിരപ്പിൽ നിന്ന് 112 മീറ്റർ ഉയരത്തിലാണ് കോട്ട നിലകൊള്ളുന്നത്.
* കോട്ടയുടെ മുകളിൽ നിന്ന് നഗരത്തിന്റെ നല്ലൊരു ദൃശ്യം സാദ്ധ്യമാണ്. കൂടാതെ, അല്പം മാറിയുള്ള ഉക്കായ് അണക്കെട്ടും കോട്ടയിൽ നിന്ന് കാണാം.
* വ്യാര കോട്ട നിർമ്മിച്ച പിലാജി റാവു ഗയിക്ക്വാഡ് തന്നെയാണ് 1721-66 കാലഘട്ടത്തിൽ സോൺഗഡ് കോട്ടയും നിർമ്മിച്ചത്.
* 2022ൽ കോട്ടയുടെ പുനർനിർമ്മാണം നടന്നിട്ടുണ്ട്.
ഭാഗിയെ കോട്ടയുടെ അടിവാരത്തിൽ ഒതുക്കി, നടന്നാണ് ഞങ്ങൾ മലയുടെ മുകളിലേക്ക് കയറിയത്. ഇടയ്ക്കിടെ മറ്റ് സഞ്ചാരികളും കോട്ടയിലേക്ക് വന്നുകൊണ്ടിരുന്നു.
അടുത്തതായി പോകാൻ പദ്ധതി ഉണ്ടായിരുന്നത് വാജ്പുർ കോട്ടയിലേക്കാണ്. ഏകദേശം ഒരു മണിക്കൂറോളം യാത്രയുണ്ട് അങ്ങോട്ട്. 60 കിലോമീറ്ററോളം ദൂരം. അതിൽ അവസാനത്തെ 30 കിലോമീറ്റർ കാടിനുള്ളിലൂടെയാണ് പോകുന്നത്.
പ്രധാന പാതയിൽ നിന്നും വലത്തേക്ക് തിരിഞ്ഞ് ഒരു ഗ്രാമപാതയിലേക്ക് കടന്നതും സ്കൂട്ടറിൽ മുന്നിൽ പോകുകയായിരുന്ന ഗ്രാമവാസി എങ്ങോട്ടാണ് പോകുന്നതെന്ന് ഞങ്ങളോട് തിരക്കി. ജുനിഷെൽട്ടിപ്പാട എന്ന ആ ഗ്രാമത്തിലെ ആദിവാസിയായ ആ ഗ്രാമീണന്റെ പേര് ദീപക് എന്നാണ്.
കോട്ടയിലേക്ക് “പ്രധാന പാതയിലൂടെ തന്നെ വേണം പോകാൻ” എന്ന് അദ്ദേഹം ഞങ്ങളോട് പറഞ്ഞു. “ഗൂഗിൾ മാപ്പ് വഴി കാണിക്കുന്നത് ഗ്രാമത്തിലൂടെ ആണല്ലോ” എന്ന് പറഞ്ഞപ്പോൾ, ആ വഴി അല്പം ദൈർഘ്യമുണ്ട് എന്നായി അദ്ദേഹം. മാത്രമല്ല ഈ രണ്ട് വഴിയിലൂടെ പോയാലും തോണിയിൽ കയറി വേണം കോട്ടയിൽ എത്താൻ.
എന്തായാലും ഞങ്ങൾ ഗ്രാമത്തിലൂടെ പോകാൻ തീരുമാനിച്ചു. ദീപക് ഞങ്ങൾക്ക് മുന്നിൽ ബൈക്കിൽ വഴി കാണിച്ചു പോയി. ഗ്രാമത്തിൽ എത്തിയതും അഭിസിങ്ങ് എന്ന ഗ്രാമീണനും ഞങ്ങൾക്കൊപ്പം കൂടി.
അപ്പോഴാണ് കോട്ടയെപ്പറ്റി കൂടുതൽ വിവരങ്ങൾ രണ്ടുപേരും പറഞ്ഞ് തുടങ്ങിയത്. കോട്ട കാണണമെങ്കിൽ ഹോളി കഴിഞ്ഞ് വരണം എന്നായി അവർ. അതെന്തുകൊണ്ടെന്ന് ഞങ്ങൾ അതിശയിച്ചു! അപ്പോഴേക്കും ഉക്കായ് അണക്കെട്ടിലെ വെള്ളം ചെറുതായി വറ്റും. നിലവിൽ വെള്ളത്തിനടിയിൽ കിടക്കുന്ന കോട്ട അപ്പോളാണ് വെളിയിൽ വരുക.
ഉക്കായ് അണക്കെട്ടിൻ്റെ ജലത്തിന് സമീപം ചെന്ന് നിന്ന്, മറുകരയിൽ ദൂരെയുള്ള മലകളിലേക്ക് കൈചുണ്ടി കോട്ടയുടെ സ്ഥാനം ദീപക്ക് കാണിച്ചു തന്നു.
അത്ഭുതത്തോടെയാണ് ആ വിവരം ഞങ്ങൾ കേട്ടു നിന്നത്. 150ൽപ്പരം കോട്ടകൾ കണ്ടെങ്കിലും ആദ്യമായിട്ട് ഇതാ വെള്ളത്തിനടിയിൽ ആയിപ്പോയ ഒരു കോട്ടയുടെ പരിസരത്ത് ഞാൻ എത്തിയിരിക്കുന്നു. അണക്കെട്ടിൽ വെള്ളമുയർന്നപ്പോൾ കോട്ട വെള്ളത്തിനടിയിൽ ആയതാണ്.
ജലനിരപ്പ് താഴുമ്പോൾ കോട്ട കാണാൻ സന്ദർശകർ വരാറുണ്ട്. അത്തരത്തിൽ വന്ന ഒരു സന്ദർശകൻ മദ്യപിച്ച് വെള്ളത്തിൽ വീണ് മരണപ്പെട്ട വിവരവും ഗ്രാമവാസികൾ സൂചിപ്പിച്ചു.
അണക്കെട്ടിൽ വെള്ളം വറ്റിയ ശേഷം കോട്ട കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞ് ദീപക്കിന്റെ നമ്പർ വാങ്ങി ഞങ്ങൾ അവിടന്ന് പിരിഞ്ഞു.
ഒരു കാര്യം ഉറപ്പായിരുന്നു. വാജ്പൂർ കോട്ട അവിടെ ഇല്ലായിരുന്നെങ്കിൽ അതിമനോഹരമായ ആ ഗ്രാമം കാണാൻ ഞങ്ങൾക്ക് പറ്റുമായിരുന്നില്ല. ഒരു വേനൽക്കാലത്ത് വീണ്ടും സൂറത്തിൽ വന്ന് വാജ്പൂർ കോട്ട കാണുക തന്നെ ചെയ്യും. വെള്ളത്തിനടിയിൽ ഇന്നും നിലനിൽക്കുന്ന മറ്റൊരു കോട്ട എൻ്റെ അറിവിൽ ഇല്ല എന്നതുകൊണ്ട് വാജ്പൂർ കോട്ട നേരിട്ട് കാണാതിരിക്കാൻ എനിക്കാവില്ല. ആ ഗ്രാമത്തിൽ ഒരു രാത്രിയെങ്കിലും തങ്ങുക എന്നതും എൻ്റെ ഒരു ആഗ്രഹമാണ്.
എന്തായാലും കോട്ടയുടെ ഒരു ഭാഗം പോലും നേരിട്ട് കാണാത്തത് കൊണ്ട് വാജ്പൂർ കോട്ടയെ തൽക്കാലം ലിസ്റ്റിലേക്ക് കയറ്റുന്നില്ല.
ശുഭരാത്രി.