chitha-2Btheruvukal

ചിത്രത്തെരുവുകൾ


ഗൾഫ് മലയാളി യിൽ ആണ് ഈ ലേഖനം ആദ്യം പബ്ലിഷ് ചെയ്തത്.
കുറേയേറെ ദിവസങ്ങൾക്ക് ശേഷം ഇവിടെയും പകർത്തിയിടുന്നു.
—————————————————–

രു വടക്കൻ വീരഗാഥ, വൈശാലി എന്നിങ്ങനെ നാലഞ്ച് തിരക്കഥകൾ രചിച്ചിട്ടുണ്ട് എന്നതൊഴിച്ചാൽ എം.ടി.ക്ക്  സിനിമയുമായി കാര്യമായി എന്ത് ബന്ധമാണുള്ളത് ? “ ചോദ്യം ഒരു സുഹൃത്തിന്റേതാണ്, സന്ദർഭം ഓർമ്മയില്ല.

എം.ടി.വാസുദേവൻ നായർ ആരാണെന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവർത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോൾത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു. പ്രസിഡന്റിന്റെ സുവർണ്ണകമലം നേടിയ നിർമ്മാല്യം എന്ന സിനിമ എം.ടി.യുടെ തിരക്കഥ ആണെന്നും അത് സംവിധാനം ചെയ്തിരിക്കുന്നത് സാക്ഷാൽ എം.ടി. തന്നെ ആണെന്നും സുഹൃത്തിനറിയില്ല. എം.ടി.യുടെ കുറേക്കൂടെ പുതിയൊരു സിനിമയായ കടവിനെപ്പറ്റി അദ്ദേഹം കേട്ടിട്ടുപോലുമില്ല. എന്തിനധികം, ആൾക്കൂട്ടത്തിൽ തനിയെ, ആരൂഢം, ഓപ്പോൾ, പരിണയം, എന്നിങ്ങനെ ഗംഭീരമായ ഒരുപിടി എം.ടി. തിരക്കഥകളെപ്പറ്റി തികച്ചും അജ്ഞനാണ് അദ്ദേഹം.

എം.ടി.ക്ക് സിനിമയുമായുള്ള ബന്ധത്തെപ്പറ്റി അറിയാത്തവർ കറന്റ് ബുക്സിന്റെ ചിത്രത്തെരുവുകൾ (190 രൂപ) സംഘടിപ്പിച്ച് വായിച്ചാൽ മതിയാകും. ദക്ഷിണേന്ത്യൻ സിനിമയുടെ ഈറ്റില്ലമായിരുന്ന മദ്രാസടക്കം ദേശീയവും അന്തർദേശീയവുമായി എം.ടി. കടന്നുപോയിട്ടുള്ള സിനിമാത്തെരുവുകൾ, അദ്ദേഹം ഇടപഴകിയിട്ടുള്ള പ്രഗത്ഭരായ സിനിമാക്കാർ, അത്രയ്ക്കങ്ങ് പ്രഗത്ഭരല്ലെങ്കിലും സിനിമയുമായി ചുറ്റിപ്പറ്റി പരിചയമുള്ള സഹൃദയർ, അങ്ങനെ ഒരുപാട് വഴിത്താരകളും വ്യക്തികളും 14 അദ്ധ്യായങ്ങളുള്ള ചിത്രത്തെരുവിൽ കടന്നുവരുന്നു.

പ്രേംനസീർ എന്ന നടന്റെ ജീവകാരുണ്യപ്രവർത്തനങ്ങളെപ്പറ്റിയും പരസഹായ മനസ്ഥിതിയെപ്പറ്റിയുമൊക്കെ മുൻപും കേട്ടിട്ടുള്ളതാണ്. എന്നിരുന്നാലും, ഇടതുകൈ അറിയാതെ വലതുകൈ കൊണ്ട് അദ്ദേഹം നടത്തുന്ന സഹായങ്ങളെപ്പറ്റി എം.ടി. തന്നെ സാക്ഷ്യപ്പെടുത്തുമ്പോൾ നിത്യഹരിതനായകനോടുള്ള ആദരവിനും ആരാധനയ്ക്കും മാറ്റുകൂടുന്നു. ശങ്കരാടിയുടേയും അടൂർ ഭാസിയുടേയും രസികൻ സ്വഭാവവിശേഷങ്ങൾ, കൃഷ്ണാഭായ് തെരുവിലെ വാസു അണ്ണൻ, സത്യൻ, ശോഭനാ പരമേശ്വരൻ, രാഘവൻ മാസ്റ്റർ, എം.ബി.എസ്, എസ്.കെ.പൊറ്റക്കാട്,  ബാലൻ കെ.നായർ, അനിയൻ, ശാരദ, ഐ.വി.ശശി, മണിയൻ, വേണു, എന്നിങ്ങനെ  പ്രശസ്തരും അപ്രശസ്തരുമായ സിനിമാക്കാരെ ഏറ്റക്കുറച്ചിലില്ലാതെ എഴുത്തുകാരൻ സ്മരിക്കുന്നു. സിനിമയിൽക്കയറി രക്ഷപ്പെടാനായി കോടാമ്പാക്കത്തെ ലോഡ്ജുകളിൽ ചേക്കേറിയ കലാകാരന്മാരെപ്പറ്റിയും, കുറഞ്ഞ സൌകര്യങ്ങളിൽ സൌഹാർദ്ദപരമായ കഴിഞ്ഞ് കൂടിയ സിനിമാക്കാരെപ്പറ്റിയുമൊക്കെ എത്രയോ വായിച്ചിരിക്കുന്നു. എന്നിരുന്നാലും, അത്തരം സിനിമാക്കഥകൾ മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്റെ വരികളിലൂടെ വായിക്കുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെ.

‘ഇരക്കേണ്ടിവരുന്ന വെളിച്ചപ്പാട് ‘ എന്ന അദ്ധ്യായം ‘നിർമ്മാല്യ‘ത്തിന്റെ നിർമ്മാണത്തെക്കുറിച്ചുള്ളതാണ്. അതിൽ സഹകരിച്ചവർ പലരും മൺ‌മറഞ്ഞുകഴിഞ്ഞിരിക്കുന്നു. എം.ടി.കൂടെ അതിന്റെ അണിയറക്കഥകൾ എഴുതാതിരുന്നെങ്കിൽ, മഹത്തായ ഒരു സിനിമയുടെ പിന്നിൽ, താമസ സൌകര്യമടക്കമുള്ള സുഖസൌകര്യങ്ങളുമൊക്കെ ത്യജിച്ച് സഹകരിച്ച നായികാ നായകന്മാരുടേയും സാങ്കേതിക വിദഗ്ദ്ധരുടേയും മറ്റ് കലാകാരന്മാരുടേയും അർപ്പണമനോഭാവം, മലയാള സിനിമാ ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയേനെ. കനത്ത പ്രതിഫലവും പറ്റി സ്വന്തം വേഷങ്ങൾ കാട്ടിക്കൂട്ടി സെറ്റ് വിടുന്ന ഇന്നത്തെ സിനിമാക്കാർ അവശ്യം വായിച്ചിരിക്കേണ്ട അത്തരം മറ്റൊരു അദ്ധ്യായമാണ് ‘സ്നേഹത്തിന്റെ കടവുകൾ‘. നിർമ്മാല്യത്തിന്റെ അന്ത്യരംഗങ്ങൾ എങ്ങനെ ഷൂട്ട് ചെയ്തു? പി.ജെ. ആന്റണി ക്ഷേത്രത്തിന്റെ നാലുകെട്ടിനകത്ത് കയറിയോ ? ദേവിയുടെ മുഖത്ത് അദ്ദേഹം ശരിക്കും കാറിത്തുപ്പിയോ ? എന്നൊക്കെയുള്ള സംശയങ്ങളുടെ ഉത്തരങ്ങൾ അനാവരണം ചെയ്യപ്പെടുന്നുണ്ട് ‘ഇരക്കേണ്ടി വരുന്ന വെളിച്ചപ്പാടി‘ൽ.

ദേശീയവും അന്തർദേശീയവുമായ നിരവധി സിനികൾ കാണാൻ വഴിയൊരുങ്ങിയ അനുഭവങ്ങൾ, ജ്യൂറി അംഗം അടക്കം കൈയ്യാളിയിട്ടുള്ള വിവിധ പദവികൾ, അതിൽനിന്നൊക്കെ കിട്ടിയിട്ടുള്ള പരിചയസമ്പന്നത, സൌഹൃദവലയങ്ങൾ, നേട്ടങ്ങൾ, പണം നോക്കാതെ സിനിമയ്ക്കായി ചെയ്തിട്ടുള്ള ത്യാഗങ്ങൾ, എന്നിങ്ങനെ എം.ടി.യുടെ അധികം അറിയപ്പെടാത്ത ഒരുപാട് സിനിമാ മുഖങ്ങളാണ് ചിത്രത്തെരുവിൽ ഉടനീളം കാണാനാകുന്നത്.

‘ചെറിയ വേഷങ്ങളിലെ വലിയ മനുഷ്യൻ‘ എന്ന അദ്ധ്യായത്തിലെ ചന്ദ്രേട്ടന്റേയും കുടുംബത്തിന്റേയും സൌഹൃദവങ്ങൾ ആരും കൊതിക്കുന്നതാണ്. ഫിലിംസ് ഡിവിഷനിൽ ചെറിയ ഉദ്യോഗസ്ഥനായി തുടങ്ങി, NFDC യുടെ റീജിയണൽ മാനേജർ വരെ എത്തിയ ചന്ദ്രേട്ടനെപ്പറ്റിയുള്ള ഓർമ്മകൾ അവസാനിക്കുന്നത് വ്യസനിപ്പിച്ചുകൊണ്ടാണ്. ‘ചെറിയ റോളായിരുന്നു, തരക്കേടില്ലാതെ ചെയ്തു അല്ലേ ?‘ എന്ന് എം.ടിയുടെ കരം കവർന്നുകൊണ്ട് ചോദിക്കുമ്പോൾ ചന്ദ്രേട്ടൻ മരണക്കിടക്കയിലാണ്. ‘നീണ്ട നടപ്പാതയിൽ തണലും കുളിരും സ്നേഹവും വിരിച്ചുതന്ന ഒരു ചോലമരം കൂടി അങ്ങനെ നഷ്ടപ്പെട്ടു.  എനിക്ക് മാത്രമല്ല, പലർക്കും.’ എന്ന് ചന്ദ്രേട്ടന്റെ മരണത്തെപ്പറ്റിയുള്ള വരികൾ ചന്ദ്രേട്ടന്റെ സൌഹൃദത്തിന്റെ ആഴവും പരപ്പുമാണ് എടുത്തുകാണിക്കുന്നത്.

ഇടതുപക്ഷത്തിന്റെ ജനശക്തി ഫിലിംസിനെപ്പറ്റി കേൾക്കാത്തവർക്ക് അതേപ്പറ്റി വായിക്കാം. ദേവലോകം എന്ന സിനിമയിലൂടെ എം.ടി.കൊണ്ടുവന്ന ‘ജൂനിയർ വക്കീലി‘നെപ്പറ്റിയും അദ്ദേഹത്തിന്റെ ആദ്യകാലത്തെ ചില സിനിമാക്കഥകളും വായിക്കാം. നിഷ എന്ന് വിളിച്ച് മകളോടെന്നപോലെ സ്നേഹം കാണിച്ചിരുന്ന മോനിഷയെപ്പറ്റി ഒരു ചെറു നൊമ്പരത്തോടെ വായിക്കാം. എഴുതാനിരിക്കുന്ന ഹോട്ടൽ മുറിയിൽ കൊണ്ടുവന്നിട്ട മേശയ്ക്കും കസേരയ്ക്കും 50 രൂപ വാടക കൊടുക്കേണ്ടി വന്ന കഥ വായിക്കാം. അടൂർ ഭാസി കൊടുത്ത കഞ്ചാവ് ബീഡി വലിച്ച് എടങ്ങേറായ എം.ടി.യെപ്പറ്റി വായിക്കാം.  സിനിമാക്കഥ എഴുതിക്കാനായി അമേരിക്കയ്ക്ക് കൊണ്ടുപോയപ്പോൾ, അവിടെ പഠിക്കുന്ന സ്വന്തം മകളെ കാണാനുള്ള സൌകര്യം പോലും ഉണ്ടാക്കിക്കൊടുക്കാതെ വിഷമിപ്പിച്ച കാശുകാരായ കുറേ അമേരിക്കൻ മലയാളികളുടെ സമീപനത്തെപ്പറ്റി വായിക്കാം. സിനിമയെന്ന മഴവില്ലിന്റെ കീഴെയുള്ള നിധി തേടി വന്ന് പരാജയപ്പെടുകയും വിജയിക്കുകയും ചെയ്ത മനുഷ്യരുടെ കഥകൾ വായിക്കാം.

മലയാള സാഹിത്യത്തിന് എത്രമാത്രം സംഭാവനകൾ നൽകിയിട്ടുണ്ടോ അതിനടുക്കെത്തന്നെ സംഭാവനകൾ സിനിമയ്ക്കും നൽകിയിട്ടുള്ള എം.ടി.യെ ആണ് ചിത്രത്തെരുവുകളിൽ കാണാനാകുന്നത്. തെരുവിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ആദ്യ അദ്ധ്യായം മുതൽ അവസാനം വരെ, തട്ടും തടവും ഒന്നുമില്ലാതെ അനായാസമായ വായന സമ്മാനിച്ച, വിലപ്പെട്ട അനുഭവങ്ങൾ പങ്കുവെച്ച, എണ്ണമറ്റ സംഭാവനകൾ സിനിമയ്ക്ക് നൽകിയ അനുഗൃഹീതനായ ആ ബഹുമുഖപ്രതിഭയ്ക്ക് സാദര പ്രണാമം.

വാൽക്കഷണം:‌- വായിച്ച് വായിച്ച് അവസാനമെത്തിയപ്പോൾ എനിക്കേറെ പരിചയമുള്ള ഒരു മുഖം  ചിത്രത്തെരുവിൽ എം.ടി.ക്കൊപ്പം നിൽക്കുന്നത് കണ്ടപ്പോൾ ഒരുപാട്  അഭിമാനിക്കാനായി. എം.ടി.കൃതികളെല്ലാം മനോരമയ്ക്ക് വേണ്ടി സീഡിയിലാക്കാൻ അഞ്ച് വർഷത്തോളം വിയർപ്പൊഴുക്കിയ, എഴുത്തും വരയും സിനിമയുമൊക്കെ എന്നും ആവേശമായി കൊണ്ടുനടന്നിട്ടുള്ള, എം.ടി.യുടെ സകലമാന സാഹിത്യസൃഷ്ടികളിലൂടെയും കടന്നുപോകാനായ, അതിൽ‌ പലതിന്റേയും കൈയ്യെഴുത്ത് കോപ്പികൾ കാണാനും കൈവശം വെക്കാനും ഭാഗ്യമുണ്ടായ എന്റെയൊരു സഹപാഠി അനൂപ് ആർ. ആയിരുന്നു അത്.

Comments

comments

9 thoughts on “ ചിത്രത്തെരുവുകൾ

  1. “എം.ടി.വാസുദേവന്‍ നായര്‍ ആരാണ് ? “ എന്ന് ചോദിച്ചിട്ടുള്ള ചില മലയാളി സഹപ്രവര്‍ത്തകരും എനിക്കുണ്ടായിരുന്നതുകൊണ്ട് വലുതായിട്ടൊന്നും ഞെട്ടിയില്ല. ഞാനപ്പോള്‍ത്തന്നെ തിരക്കഥകളുടെ വലിയൊരു ലിസ്റ്റ് ചൊരിഞ്ഞിട്ടു.

  2. ചിത്രത്തെരുവുകള്‍ എന്ന പുസ്തകത്തെ പറ്റി കേള്‍ക്കുന്നത് തന്നെ ഈയടുത്തായിരുന്നു. പക്ഷെ അതിനു ശേഷം പുസ്തകം കാണുകയുണ്ടായെങ്കിലും വായിക്കുവാന്‍ കഴിഞ്ഞിട്ടില്ല. എം.ടി എന്ന അനുഗ്രഹീത എഴുത്തുകാരന്‍ എന്നും എനിക്ക് വിസ്മയമാണ്. സച്ചിന്റെ ബാറ്റില്‍ എന്തോ മന്ത്രവാദമുണ്ടെന്ന് പറയാറുള്ളത് പോലെ എം.ടിയുടെ വിരലുകള്‍ക്ക് അതേ മാന്ത്രീകതയുണ്ട്. സാഹിത്യത്തിന്റെ ഏത് ശാഖയിലും എം.ടി തൊട്ടതെല്ലാം പൊന്നാക്കിയിട്ടുമുണ്ട്. ഈ പുസ്തകവും മനോഹരമായിരിക്കും എന്ന് റിവ്യൂവിലൂടെ തോന്നുന്നു.

  3. Good one. മലയാളത്തെ അറിയാത്തവരും അറിയാന്‍ താല്‍പ്പര്യം ഇല്ലാത്തവരുമായ മലയാളികള്‍ … കിഴക്ക്‌ ഒരു അണ പൊട്ടിയാല്‍ എനിക്കെന്ത് ചേതം എന്ന് പറയുന്ന കേരളീയര്‍ … നമ്മുടെ പുതിയ യുഗത്തിലേക്ക് സ്വാഗതം. (പുസ്തക പരിചയത്തിനു നന്ദി.)

  4. എം.ടിക്ക്‌ ചലച്ചിത്രവുമായി എന്ത് ബന്ധമാണ് എന്ന് ചോദിച്ച ആ വ്യക്തിയോട് അത് അയാളുടെ അജ്ഞതയാണെന്ന്‍ മനസ്സിലാക്കി നമുക്ക്‌ തല്‍ക്കാലം ക്ഷമിക്കാം. സദയം, ഓപ്പോള്‍, പരിണയം, അനുബന്ധം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍ , പെരുംതച്ചന്‍, സുകൃതം, വാനപ്രസ്ഥം, ഓളവും തീരവും, നീലത്താമര, എന്നി ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകും എന്ന് കരുതുന്നില്ല. ദേശീയ, സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ എം. ടിയുടെ ചില ചിത്രങ്ങള്‍ മാത്രമാണ്. അന്‍പതിലധികം ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതി ഏഴ് ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട് എം.ടി. പഴശ്ശിരാജാ ക്ക് ശേഷം രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ഈ ചിത്രങ്ങള്‍ മുഴുവന്‍ കണ്ടിട് എം.ടിക്ക്‌ ചലചിത്ര രംഗവുമായി വല്ല ബന്ധമുണ്ടോ എന്ന് ആ വ്യെക്തി സ്വയം മനസ്സിലാക്കേണ്ടതാണ്. എം.ടി എന്നാ മഹാപ്രതിഭയെക്കുറിച്ച് എഴുതിയതിനു നിരക്ഷരന് അഭിനന്ദനങ്ങള്‍

  5. വായിക്കേണ്ട പുസ്തകങ്ങളുടെ പട്ടികയിൽ ഒരെണ്ണം കൂടി… പുസ്തക പരിചയത്തിന് നന്ദി

  6. എം.ടിക്ക്‌ ചലച്ചിത്രവുമായി എന്ത് ബന്ധമാണ് എന്ന് ചോദിച്ച ആ വ്യക്തിയോട് അത് അയാളുടെ അജ്ഞതയാണെന്ന്‍ മനസ്സിലാക്കി നമുക്ക്‌ തല്‍ക്കാലം ക്ഷമിക്കാം. സദയം, ഓപ്പോള്‍, പരിണയം, അനുബന്ധം, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍ , പെരുംതച്ചന്‍, സുകൃതം, വാനപ്രസ്ഥം, ഓളവും തീരവും, നീലത്താമര, എന്നി ചിത്രങ്ങള്‍ കണ്ടിട്ടില്ലാത്ത മലയാളികള്‍ ഉണ്ടാകും എന്ന് കരുതുന്നില്ല. ദേശീയ, സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ്‌ നേടിയ എം. ടിയുടെ ചില ചിത്രങ്ങള്‍ മാത്രമാണ്. അന്‍പതിലധികം ചിത്രങ്ങള്‍ക്ക്‌ തിരക്കഥ എഴുതി ഏഴ് ചിത്രങ്ങള്‍ സംവിധാനവും ചെയ്തിട്ടുണ്ട് എം.ടി. പഴശ്ശിരാജാ ക്ക് ശേഷം രണ്ടാമൂഴം ചലച്ചിത്രമാക്കുന്നതിന്റെ തിരക്കിലാണ് അദ്ദേഹം. ഈ ചിത്രങ്ങള്‍ മുഴുവന്‍ കണ്ടിട് എം.ടിക്ക്‌ ചലചിത്ര രംഗവുമായി വല്ല ബന്ധമുണ്ടോ എന്ന് ആ വ്യെക്തി സ്വയം മനസ്സിലാക്കേണ്ടതാണ്. എം.ടി എന്നാ മഹാപ്രതിഭയെക്കുറിച്ച് എഴുതിയതിനു നിരക്ഷരന് അഭിനന്ദനങ്ങള്‍ .

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>