ഉദയ്പൂരിൽ (രാജസ്ഥാൻ) സാമാന്യം നല്ല തണുപ്പുണ്ട്. അത് പ്രതീക്ഷിച്ചിരുന്നതുകൊണ്ട് കമ്പിളി ഉടുപ്പുകളും ജാക്കറ്റും ഷാളുകളുമൊക്കെ കൂടെ കരുതിയിട്ടുണ്ട്.
തണുപ്പുകാലത്ത് ഏതെങ്കിലും ഒരു മുറിയിൽ ഉറങ്ങുന്നത് പോലെയല്ല, മോട്ടോർ ഹോമിലെ (ഭാഗി) ഉറക്കം. അന്തരീക്ഷത്തിലെ തണുപ്പ് മുറിക്കുള്ളിൽ എത്തുന്നതിനേക്കാൾ അധികം വാഹനത്തിനുള്ളിൽ കിട്ടും. ആയതിനാൽ, മിനിയാന്ന് രാത്രി മുതൽ സ്ലീപ്പിങ്ങ് ബാഗിലാണ് ഉറക്കം.
പക്ഷേ ഇന്ന് രാവിലെ 5 മണിക്ക്, ഒന്നാം ക്ലാസ്സിൽ പോകാനായി സ്ലിപ്പ് ഇങ്ങ് ബാഗിൽ നിന്ന് പുറത്ത് കടന്നതും തണുപ്പിന്റെ രൂക്ഷത ശരിക്കും അറിഞ്ഞു. തിടുക്കത്തിൽ വീണ്ടും സ്ലീപ്പിങ്ങ് ബാഗിലേക്ക് ഇടിച്ചു കയറി. നെറ്റിൽ താപമാനം നോക്കിയപ്പോൾ 10° C.
നേരം വെളുത്ത് സൂര്യപ്രകാശം വീണ് കഴിഞ്ഞാൽ തണുപ്പ് ഭേദപ്പെടുന്നുണ്ട്. മഴ കഴിഞ്ഞാൽ കുട ഭാരമാകുന്നത് പോലെ, പിന്നീട് ജാക്കറ്റുകൾ ഒരു ഏച്ചുകെട്ടാണ്.
ആ സമയത്ത് ഒരു ചെറിയ ഷാൾ പുതുക്കുന്നത് എന്ത് രസമാണെന്നോ! അതിനിടയിലൂടെ തണുപ്പ് അൽപ്പമെങ്കിലും അരിച്ച് കയറുമ്പോളാണ് തണുപ്പിന്റെ സുഖം ആസ്വദിക്കാൻ പറ്റുന്നത്. ഷാൾ മടക്കി ബാഗിൽ വെക്കാനും സൗകര്യമാണ്.
കൊച്ചിയിൽ നിന്ന് പുറപ്പെടുന്നതിന് മുൻപ് തൊണ്ടയിൽ ഉണ്ടായിരുന്ന കിച്ച് കിച്ച്, തണുപ്പത്ത് വന്നതോടെ പമ്പ കടന്നു. എങ്കിലും ഫ്ലാസ്ക്കിൽ ചൂടുവെള്ളം നിറച്ച് ബാഗിൽ വെച്ചിട്ടുണ്ട്. ഒരുതരത്തിലും അസുഖങ്ങൾക്ക് പിടി കൊടുക്കാൻ ഉദ്ദേശമില്ല. 750 കോട്ടകളാണ് ഇന്ത്യയൊട്ടാകെ കാത്തിരിക്കുന്നത്. വല്ല അസുഖവും പിടിച്ചാൽ, കൂട്ടിന് ഭാഗി ഉണ്ടെങ്കിലും അവൾക്കെന്നെ ശുശ്രൂഷിക്കാനൊന്നും കഴിയില്ലല്ലോ.
രാവിലെ കജ്രി ഹോട്ടലുകാർ ചൂടുവെള്ളം വരുന്ന ഒരു ബാത്ത് റൂം തന്നതുകൊണ്ട് കുളിയും അലക്കും മറ്റ് കർമ്മങ്ങളും ഭംഗിയായി നടന്നു. ഉദയ്പൂരിൽ തങ്ങുന്ന അത്രയും ദിവസം പാർക്കിങ്ങ്, കുളി, അലക്ക്, തേവാരം എന്നീ കാര്യങ്ങളിൽ ബേജാറാകേണ്ടതില്ല എന്നുറപ്പായി.
സിറ്റി പാലസിൽ നിന്ന് ഉദയ്പൂർ ചുറ്റിക്കറക്കം തുടങ്ങുകയാണ്. ലേയ്ക്ക് പാലസിൽ വഴിപോക്കർക്കും തെണ്ടികൾക്കും കയറാനാവില്ല പോലും! പഞ്ചനക്ഷത്ര മുറി എടുത്താലേ പോകാൻ പറ്റൂ.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#boleroxlmotorhome
#gie_rajasthan
#motorhomelife
#fortsofrajasthan