
നിലവിലെ ഇന്ത്യയിൽ, ജനാധിപത്യം കഴുത്തറുത്ത് കൊല്ലപ്പെട്ട അവസ്ഥയിൽ കാണപ്പെടുമ്പോൾ, ആ ചോദ്യത്തിന് ഒരുപാട് പ്രസക്തിയുണ്ട്.
‘ആ കസേര ആരുടേതാണ്?’
പല ജനപ്രതിനിധികളും ഇന്ന് ഇരിക്കുന്ന കസേരകൾ, അവർക്ക് ശരിയായ രീതിയിൽ വോട്ട് കിട്ടി ജയിച്ച് നേടിയതാണോ?
അവിടെയാണ് സഞ്ചാരിയും പത്രപ്രവർത്തകയും ആയ ബീനച്ചേച്ചിയുടെ (കെ. എ. ബീന- KA Beena ) ഈ പുസ്തകത്തിലെ ഓരോ അദ്ധ്യായങ്ങൾക്കും ഉള്ള പ്രസക്തി. വർഷങ്ങൾക്കു മുൻപ് താൻ കടന്നുപോയ ഗ്രാമങ്ങളിലൂടെയും അവിടങ്ങളിലെ പഞ്ചായത്തുകളിലൂടെയും വീണ്ടും ഒരിക്കൽ കൂടെ പോവുകയാണ്, അഥവാ വായനക്കാരെ കൊണ്ടുപോവുകയാണ് ലേഖിക.
വോട്ടിൽ കൃത്രിമത്വം നടന്നിട്ടുണ്ട് അഥവാ ‘വോട്ട് ചോരി’ ഉണ്ടായിട്ടുണ്ട് എന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി തെളിവുമായി വന്നിട്ട് ഒരു മാസമേ ആകുന്നുള്ളൂ. പക്ഷേ ഡിസംബർ 2024ന് പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിൽ, വോട്ട് നേടി ജയിച്ചവനെ ആ കസേരയിൽ ഇരിക്കാൻ സമ്മതിക്കാതെ, കൈയൂക്കുള്ളവരും പിടിപാടുള്ളവരും ഭരിക്കുന്ന നെറികെട്ട കാഴ്ച്ചകളാണ് നിരത്തിയിരിക്കുന്നത്. ഒന്നുകിൽ ജയിച്ച് വരുന്നവനെക്കൊണ്ട് ഒരാഴ്ചക്കുള്ളിൽ രാജിവെപ്പിക്കും. അല്ലെങ്കിൽ ജയിച്ചവൻ വെറും റബ്ബർ സ്റ്റാമ്പ് മാത്രമായി തുടരും. കയ്യൂക്കുള്ളവർ പറയുന്ന ഇടങ്ങളിൽ മഷി പതിപ്പിച്ച വിരലടയാളം ജനങ്ങളുടെ വോട്ട് നേടി വന്ന പ്രതിനിധി പതിപ്പിച്ചു കൊണ്ടിരിക്കും. ഇതാണ് ജനാധിപത്യത്തിന്റെ അവസ്ഥ.
ചെന്നൈയിൽ നിന്ന് 30 കിലോമീറ്റർ മാറിയുള്ള പുത്തൂർ പഞ്ചായത്തിലെ സുജാത രമേഷ് 10 വർഷം മുമ്പ് അവിടത്തെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്നു. മരിച്ചുപോയ അവരുടെ ഭർത്താവ് രമേശ് ആയിരുന്നു മുൻ പഞ്ചായത്ത് പ്രസിഡന്റ്. പഞ്ചായത്തിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിക്കും എന്ന് ഭർത്താവിന് കൊടുത്ത വാക്കിന്റെ പുറത്താണ് അവർ പഞ്ചായത്തിലേക്ക് മത്സരിക്കുന്നതും പ്രസിഡന്റ് ആകുന്നതും. ഒരു ദളിത് സ്ത്രീ പഞ്ചായത്ത് പ്രസിഡണ്ട് ആകുന്നത് സഹിക്കാൻ പോലും പറ്റാത്ത മനുഷ്യർ നമ്മുടെ തൊട്ടടുത്ത് തന്നെയുണ്ടെന്നുള്ളത് ഞെട്ടിക്കുന്ന ഒരു അറിവാണ്. 2024ൽ സുജാതയെ തേടി ലേഖിക വീണ്ടും ചെല്ലുമ്പോൾ അവർ പഞ്ചായത്ത് പ്രസിഡണ്ട് അല്ല. പല കുതന്ത്രങ്ങളും പയറ്റി റെഡ്ഡിയാർമാർ സുജാതയെ പഞ്ചായത്തിൽ നിന്നും ഇറക്കി. പക്ഷേ ഭർത്താവിന് കൊടുത്ത വാക്ക് പാലിച്ചുകൊണ്ട് സുജാത ഇപ്പോഴും പൊതു സേവനം നടത്തുന്നു. ജനങ്ങളെ സേവിക്കാൻ അധികാരം ആവശ്യമേയില്ല എന്ന് അടിവരയിട്ടു കൊണ്ട് തന്നെ. എപ്പോൾ വേണമെങ്കിലും കൊല്ലപ്പെടാം എന്ന ആശങ്കയോടുകൂടി തന്നെ.
കീരപ്പട്ടിയിലെ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ബാലുച്ചാമിയുടെ കഥയും സമാനമാണ്. പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്നപ്പോൾ അയാൾക്ക് പോലീസ് സംരക്ഷണം നൽകിയിട്ടുണ്ടായിരുന്നു. പോലീസുകാർക്ക് താമസിക്കാൻ വേണ്ടി ബാലുച്ചാമി ഉണ്ടാക്കിയ കെട്ടിടത്തിന്റെ കടവും കടത്തിൻമേൽ കടവും ഒക്കെയായി ദുരിതാവസ്ഥയിലാണ് അധികാരം നഷ്ടപ്പെട്ട ബാലുച്ചാമി ഇപ്പോൾ. നിലവിലെ പഞ്ചായത്ത് പ്രസിഡന്റ് മൊക്കക്കാള, ജനാധിപത്യ ധ്വംസകരായ കള്ളർമാരുടെ റബ്ബർ സ്റ്റാമ്പ് മാത്രമാണ്.
പാപ്പാപെട്ടിയിലെ പെരിയ കറുപ്പൻ ഇതേ ശ്രേണിയിൽ വരുന്ന മറ്റൊരു ജനപ്രതിനിധി ആണ്. കറുത്ത നേന്തൽ ഗ്രാമത്തിലെ രാജസെൽവി ഇത്തരത്തിലെ മറ്റൊരു പഞ്ചായത്ത് പ്രസിഡണ്ടാണ്. ഏറ്റവും നല്ല പഞ്ചായത്തിനുള്ള രാഷ്ട്രീയ ഗൗരവ് ഗ്രാമസഭ അവാർഡ് ന്യൂഡൽഹിയിൽ പോയി വാങ്ങിയിട്ടുള്ള പഞ്ചായത്ത് പ്രസിഡന്റ്.
നാട്ടാമംഗലത്തെ ഗണേശൻ, തൊട്ടി കവല പഞ്ചായത്തിലെ സഹായ മേരി, അങ്ങനെയങ്ങനെ ഈ പുസ്തകത്തിലെ ഓരോ മനുഷ്യരും രാജ്യത്ത് നടക്കുന്ന അനീതികളോട് പൊരുതി നിൽക്കുന്നവരാണ്. ചിലർ അമ്പെ പരാജയപ്പെട്ടു. ചിലർ അനുഭവങ്ങൾ മുതൽക്കൂട്ടാക്കി പിടിച്ചു കയറി.
പരത്തിപ്പറയാൻ പോയാൽ ഈ പുസ്തകത്തിലെ 20 അദ്ധ്യായങ്ങളിലെ പോരാളികൾക്കുമായി പല പുറങ്ങൾ തികയാതെ വരും.
സഞ്ചാരികൾ അധികം ചെല്ലാത്ത ഗ്രാമങ്ങളിലേക്ക് കടന്നു ചെല്ലുക, അവിടെ കണ്ടതും അറിഞ്ഞതും അനുഭവിച്ചതുമായ ഇത്തരം വ്യത്യസ്ത മനുഷ്യജീവിതങ്ങളെ അടയാളപ്പെടുത്തുക. ഒരുപാട് വർഷങ്ങൾക്കുശേഷം വീണ്ടും അതേ മനുഷ്യരെ അന്വേഷിച്ച് ഇറങ്ങുക. അവരുടെ നിലവിലെ അവസ്ഥ മനസ്സിലാക്കുക. അവർ ജയിച്ചോ, തോറ്റോ, മാറ്റങ്ങൾ ഉണ്ടാക്കാൻ അവരെക്കൊണ്ട് സാധിച്ചോ എന്നെല്ലാം പഠിക്കുക. ഒരു സാധാരണ സഞ്ചാരിക്ക് ഒരിക്കലും കഴിയാത്ത ശ്രമകരമായ ഒരു ജോലിയാണ് അത്. ഒരു പരിധിവരെ ലേഖികയെ അവരുടെ ജോലി ഇക്കാര്യത്തിൽ സഹായിച്ചിട്ടുണ്ടാകാം. പക്ഷേ ആ പരിധിക്കും അപ്പുറം കടന്നുകൊണ്ട് ഒരു രാജ്യത്തിന്റെ അവസ്ഥയെ ആ രാജ്യത്തുള്ള കീഴ്ജാതിക്കാർ എന്ന് വിളിക്കപ്പെടുന്നവരുടെ ജീവിതങ്ങളെ കൃത്യമായി വരച്ചു കാണിക്കുകയാണ് ഗ്രന്ഥകാരി ഈ പുസ്തകത്തിലൂടെ ചെയ്യുന്നത്.
സ്വാതന്ത്ര്യം ലഭിച്ച് 78 വർഷങ്ങളായിട്ടും നമ്മുടെ രാജ്യം എവിടെ എത്തിനിൽക്കുന്നു എന്നതിന്റെ നേർ അടയാളമാണ് ഈ പുസ്തകം.
“ഞങ്ങൾക്ക് ജയിക്കണമെന്ന് ആഗ്രഹമുള്ള മണ്ഡലങ്ങളിൽ കാശ്മീരിൽ നിന്ന് വരെ ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ജയിച്ചിരിക്കും.” എന്ന് പരസ്യമായി പാർട്ടിക്കാർ പറയുന്ന അവസ്ഥ കേരളത്തിലും ഉണ്ടായി വന്നിരിക്കുന്ന കാലഘട്ടത്തിൽ, ആ കസേര ആരുടേതാണ് എന്ന ചോദ്യം പ്രസക്തവും ഈ പുസ്തകം ഒഴിവാക്കാനാവാത്ത ഒരു വായനയുമാണ്.
നമ്മൾ മൂന്നടി മുന്നോട്ട് വെച്ചതായി തോന്നാമെങ്കിലും ആറടി പുറകിലേക്ക് തന്നെയാണ് നിൽക്കുന്നത് എന്ന് കൃത്യമായി ഈ പുസ്തകം അടയാളപ്പെടുത്തുന്നു. വെറുതെ ഒരു വായന എന്നതിനപ്പുറം കലാലയങ്ങളിൽ പാഠ്യ വിഷയമാക്കേണ്ടതാണ് ഇതിലെ അദ്ധ്യായങ്ങൾ എന്നെനിക്ക് അഭിപ്രായമുണ്ട്.
ഇതിനെ വെറുമൊരു യാത്രാവിവരണ പുസ്തകമായി കാണാൻ എനിക്കാവില്ല. ജാതിയിൽ താഴ്ന്നവരെന്ന് കരുതപ്പെടുന്നവരോട് കാണിച്ചുപോരുന്ന അനീതി, അക്രമം, ജനാധിപത്യത്തെ അട്ടിമറിക്കുന്ന നിരന്തരമായ പ്രവർത്തനങ്ങൾ, അതിനൊക്കെ എതിരെ ജീവൻ ബലി കഴിച്ചു കൊണ്ട് നടത്തുന്ന മുന്നേറ്റങ്ങൾ, ഇതൊക്കെ എങ്ങനെ ഒരു യാത്രാവിവരണം എന്ന ലേബലിൽ ഒതുക്കാൻ ആവും?
വാൽക്കഷണം:- ഇതിലെ ഏറ്റവും ഇഷ്ടപ്പെട്ട അദ്ധ്യായം ഏതാണെന്ന് ചോദിച്ചാൽ, ‘ സൈക്കിൾ ചവിട്ടി വീടിന് പുറത്തെത്തിയ പുതുക്കോട്ടയിലെ പെണ്ണുങ്ങൾ’ എന്ന് രണ്ടാമതൊന്നാലോചിക്കാതെ ഞാൻ പറയും. സൈക്കിൾ ചവിട്ടാൻ പഠിക്കുന്നത് ഇത്ര വലിയ ഒരു കാര്യമാണെന്നോ, അത് ഒരു ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിക്കളയാൻ പോന്ന ഒന്നാണെന്നോ, സ്ത്രീകളുടെ സാമൂഹികമായ അവസ്ഥയും സ്വാതന്ത്ര്യവുമൊക്കെ അട്ടിമറിക്കാൻ പോന്ന ഒരു പ്രവർത്തിയാണെന്നോ നമ്മൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
Chintha Publishers.
Price ₹280, Pages – 176