രാജസ്ഥാനിലെ അവസാനത്തെ ദിവസമാണ് ഇന്ന്. രാവിലെ തന്നെ കുളിച്ച് തയ്യാറായി റെയിൽവേ ഗസ്റ്റ് ഹൗസിൽ നിന്ന് ഇറങ്ങി. തൽക്ഷണം മഞ്ജുവിന്റെ ഫോൺ വന്നു. “ബ്രേക്ക്ഫാസ്റ്റ് പൊതിഞ്ഞ് വെച്ചിട്ടുണ്ട് വഴിയിൽ, കഴിക്കാൻ പാകത്തിന് “.
ക്വാർട്ടേഴ്സിൽ ചെന്ന് ആ ഭക്ഷണം കൈപ്പറ്റി മഞ്ജുവിനോടും നിധേഷിനോടും യാത്ര പറഞ്ഞ് ജയ്പൂർ നഗരം വിട്ടു.
ഈ യാത്രയിൽ ജയ്പൂരിലും രാജസ്ഥാനിൽ മൊത്തത്തിലുമായി മഞ്ജുവും നിധേഷും എനിക്ക് ചെയ്ത് തന്ന സഹായങ്ങൾ ചില്ലറയല്ല. ഒരുപാട് നന്ദി മജ്ഞു സിസ്റ്റർ. രണ്ട് അർത്ഥത്തിലാണ് സിസ്റ്റർ എന്ന് പറഞ്ഞത്. ആശുപത്രിയിലെ സിസ്റ്റർ എന്ന അർത്ഥത്തിലും സഹോദരി എന്ന അർത്ഥത്തിലും.
400 കിലോമീറ്ററോളം ദൂരവും 7 മണിക്കൂറോളം യാത്രയുമുണ്ട്, ജയ്പൂരിൽ നിന്ന് ഉദയ്പൂരിലേക്ക്. ഒരുപാട് ദിവസത്തിന് ശേഷമാണ് ഇത്രയും ദൈർഘ്യമുള്ള യാത്ര. പക്ഷേ, വഴിയിൽ പലയിടങ്ങളിൽ നിർത്തി, 10 മണിക്കൂർ തികച്ചെടുക്കും ഞാൻ. ഇരുട്ട് വീഴുന്നതിന് മുൻപ് ഉദയ്പൂരിൽ സുരക്ഷിതമായി തങ്ങാനുള്ള ഒരു സ്ഥലത്തെത്തണം. അത്രേയുള്ളൂ.
ഭാഗിയുടെ പൊല്യൂഷൻ സർട്ടിഫിക്കറ്റ് 2025 ജനുവരി ആദ്യവാരത്തിൽ തീരുകയാണ്. ആ സമയത്ത് ഞാൻ അത് ഓർക്കണമെന്നില്ല. ദേശീയപാതയിൽ ഒരു ചെറിയ വാനിൽ പി. യു.സി. ടെസ്റ്റ് നടത്തി സർട്ടിഫിക്കറ്റ് കൊടുക്കുന്നത് കണ്ടു. ജനുവരിയിൽ ഇക്കാര്യം ഓർത്താലും, ടെസ്റ്റ് നടത്തുന്ന സ്ഥലം അന്വേഷിച്ച് നടക്കുന്നതിലും ഭേദം ഒരാഴ്ച്ച മുൻപേ സർട്ടിഫിക്കറ്റ് പുതുക്കുന്നതാണല്ലോ. ഞാൻ ഭാഗിയെ ആ വാനിന് അടുത്തേക്ക് ചേർത്ത് നിർത്തി. ഇനിയാണ് തമാശ.
ഭാഗിയുടെ ശരീരത്തിൽ ഏതെങ്കിലും ഉപകരണം വെച്ച് സ്പർശിച്ച് പോലും നോക്കാതെ നോക്കാതെ 10 മിനിറ്റിനകം പൊല്യൂഷൻ സർട്ടിഫിക്കറ്റ് റെഡി. ചിലവ് 150 രൂപ. വടക്കേ ഇന്ത്യയിൽ പലയിടത്തും കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണ്. നിയമം അതിന്റെ വഴിക്ക് പോകും. പൊതുജനം വേറെ വഴിക്കും. അതുകൊണ്ട് എന്താണ് ഉണ്ടാവുക? നിരത്തിൽ ഓടുന്ന എത്രയോ വാഹനങ്ങൾക്ക് പൊല്യൂഷൻ ഫിറ്റ്നസ് ഉണ്ടാകണമെന്നില്ല. വെറുതെ ഒരു ചടങ്ങും സർട്ടിഫിക്കറ്റും. അതിനപ്പുറം, പരിസ്ഥിതിക്ക് ഒരു പ്രയോജനവുമില്ല.
കഴിഞ്ഞ പ്രാവശ്യം രാജസ്ഥാനിൽ വന്നപ്പോൾ, മാർബിളിൽ തീർത്ത Bird feeder പാത്രം ഒരെണ്ണം ആദായ വിലക്ക് വാങ്ങിയിരുന്നു. പല സുഹൃത്തുക്കൾക്കും അത് ആവശ്യമുണ്ട്. പക്ഷേ ഇത്രയും ദിവസം രാജസ്ഥാനിൽ കറങ്ങിയിട്ട്, മാർബിളിന്റെ കേന്ദ്രമായ മക്രാണയിൽ നിന്നുപോലും എനിക്ക് ആ പാത്രം കിട്ടിയില്ല.
ഇന്ന് പക്ഷേ, രാജ്സമന്ത് എന്ന സ്ഥലത്ത് എത്തിയപ്പോൾ, മാർബിളിന്റെ ഷോറൂമുകൾ ദേശീയപാതയുടെ വശങ്ങളിലുണ്ട്. അവിടെ ഒരു കടയിൽ നിന്ന് വൈവിദ്ധ്യമാർന്ന bird feeder പാത്രങ്ങൾ കിട്ടി.
വേനൽക്കാലത്ത് പക്ഷികൾക്ക് വെള്ളം വെക്കേണ്ടതില്ല, എന്ന് ഒരു മറുവശവും തർക്കവും ഉണ്ട് ഇപ്പോൾ. എതിർപക്ഷക്കാരുടെ ന്യായീകരണങ്ങളെ ഖണ്ഡിക്കാനുള്ളത് എന്റെ കയ്യിലും ഉണ്ട്. പക്ഷേ തൽക്കാലം അതിലേക്ക് കടക്കുന്നില്ല. വെള്ളം വെച്ചതുകൊണ്ട് അപകടം ഒന്നുമില്ലെങ്കിൽ വെള്ളം വെച്ചാലും കുഴപ്പമില്ല എന്ന പക്ഷക്കാരനാണ് ഞാൻ. തൽക്കാലം ആ ഒറ്റ വാചകത്തിൽ ചുരുക്കുന്നു.
ഞാൻ പക്ഷേ, ഇത്തരം മാർബിൾ കടകളിൽ കയറുന്നത് ഒരു ഗൂഢലക്ഷൃം കൂടെ വെച്ചുകൊണ്ടാണ്. പാക്കിസ്ഥാനിൽ മാത്രം കണ്ടുവരുന്ന ഓനക്സ് എന്ന പ്രത്യേകതരം കല്ലുകൊണ്ട് ഉണ്ടാക്കുന്ന പാത്രങ്ങളും കപ്പുകളും ഗ്ലാസ്സുകളും ഒക്കെ എൻ്റെ ദൗർബല്യമാണ്. ഓനക്സ് കല്ലിൽ ഉണ്ടാക്കിയ പല പാത്രങ്ങളും പലപ്പോഴായി ഞാൻ ശേഖരിച്ചിട്ടുണ്ട്. അതിപ്പോഴും തുടരുന്നു.
ഇന്ത്യാ പാകിസ്ഥാൻ ബന്ധം വഷളായതുകൊണ്ട് ഇപ്പോൾ ഓനക്സിൽ നിർമ്മിക്കുന്ന പാത്രങ്ങൾ ഇന്ത്യയിലേക്ക് നേരാം വഴിക്ക് വരുന്നില്ല. ആഗ്ര വഴിയും ജെയ്സാൽമീർ ബോർഡർ വഴിയും കള്ളക്കടത്ത് നടത്തിയാണ് വരുന്നത്. ദുബായ് വഴിയും വരുന്നുണ്ട് എന്ന് കേൾക്കുന്നു. അതുകൊണ്ടുതന്നെ ഈ സാധനങ്ങളുടെ വില ഇരട്ടിയിൽ അധികമായിരിക്കുന്നു.
ഒരു സെറ്റ് ഓനക്സ് പാത്രങ്ങളും ചെറിയ ഒരു പൂപാത്രവും ഈ കടയിൽ നിന്ന് വാങ്ങി യാത്ര തുടർന്നു.
ഉദയ്പൂരിലേക്ക് 12 കിലോമീറ്റർ ബാക്കിയുള്ളപ്പോൾ സിർവ എന്ന സ്ഥലത്ത് സാമാന്യം ഭേദപ്പെട്ട ഒരു റസ്റ്റോറൻറ് (अपना टिकाना) കണ്ടു. അതിൻ്റെ മുറ്റത്താണ് ഭാഗിയും ഞാനും ഇന്ന് രാത്രി ഉറങ്ങുന്നത്. ഇരുവശവും മലകൾ ആയതുകൊണ്ട് ഇവിടെ തണുപ്പ് നഗരത്തിനേക്കാൾ അല്പം കൂടുതലാണ്. 2 ഡിഗ്രിയിൽ നിന്ന് വരുന്നതുകൊണ്ട് അത് എനിക്ക് വിഷയമാകുകയില്ല.
നാല് ദിവസത്തിന് ശേഷമാണ് ഭാഗിയിൽ ഉറങ്ങാൻ പോകുന്നത്. അതും പുതിയ പരവതാനി വിരിച്ച്.
ശുഭരാത്രി.