വളരെ ദൈർഘ്യമുള്ള ഒരു ദിവസമായിരുന്നു ഇന്ന്. രാവിലെ 3 മണിക്ക് എഴുന്നേറ്റ് ശ്രേയയ്ക്കും ടീമിനും ഒപ്പം ഭുജിൽ നിന്ന് കച്ചിലേക്ക് തിരിച്ചു. കച്ചിലെ ഉപ്പ് പാടങ്ങൾക്ക് ഇടയിലൂടെയുള്ള ‘റോഡ് ടു ഹെവൻ’ എന്ന പാതയിൽ വെളിച്ചം വീഴുന്നതിന് മുന്നേ എത്തി.
സൂര്യോദയം ആ വഴിയിൽ നിന്ന് കാണുകയായിരുന്നു ലക്ഷ്യം. പക്ഷേ, ആകാശത്ത് മേഘങ്ങൾ ഉണ്ടായിരുന്നതുകൊണ്ട്, കുറച്ച് ഉയർന്ന് പൊങ്ങിയതിന് ശേഷമാണ് സൂര്യനെ കാണാനായത്.
ആ വഴിയിൽ അഞ്ച് കിലോമീറ്റർ ഇടവിട്ട് പലപല വ്യൂ പോയിന്റുകൾ ഉണ്ട്. വാഹനങ്ങൾ ഇരുവശവും നിർത്തി ജനങ്ങൾ ഉപ്പ് പാടങ്ങളിലേക്ക് ഇറങ്ങി അർമാദിക്കുന്ന ഇടങ്ങളാണ് അത്. തണുപ്പ് കാലത്ത് സമുദ്രജലം കട്ടിപിടിച്ച് വെള്ള നിറത്തിൽ ഉപ്പ് പരലുകളായി പരന്ന് കിടക്കുന്ന വിശാലമായ ഇടങ്ങൾ!
തണുത്ത കാറ്റ് വീശുന്നുണ്ടായിരുന്നു. 11 ഡിഗ്രിയാണ് താപമാനം. പടങ്ങളെടുത്തും പട്ടം പറത്തിയും ഉപ്പ് വാരിയെടുത്ത് രുചിച്ചും ഞങ്ങളവിടെ ഒരുപാട് സമയം ചിലവഴിച്ചു. പട്ടം പറത്തലിൽ മുൻ പരിചയം കുറവായിരുന്നത് കൊണ്ട്, നൂലിൽ തട്ടി എന്റെ കൈ മുറിഞ്ഞു. പക്ഷേ ഒരു കിലോമീറ്ററോളം ഉയരത്തിൽ, എന്നുവെച്ചാൽ കാണാൻ പറ്റാത്ത അത്ര ഉയരത്തിൽ പട്ടം പറന്ന് പൊങ്ങുമ്പോൾ അതിൻെറ നിയന്ത്രണം സ്വന്തം കയ്യിലിരിക്കുന്നതിന്റെ അനുഭൂതി ഒന്ന് വേറെയാണ്.
രണ്ട് ദിവസം മുൻപ് ഹാരപ്പൻ സംസ്കാരത്തിൻ്റെ ശേഷിപ്പുകൾ സംരക്ഷിച്ചിരിക്കുന്ന ലോഥലിൽ പോയിരുന്നത് ഞാൻ കുറിച്ചിരുന്നു. അതിന്റെ പത്തിരട്ടിയധികം വലിപ്പമുള്ള മറ്റൊരു ഹാരപ്പൻ അവശേഷിപ്പായ ധോലാവിരയിലേക്കാണ് പിന്നീട് പോയത്.
* BC 2600 – 1900 കാലഘട്ടത്തിൽ ഏതാണ് ഈ പുരാതന നഗരം.
* അപ്പർ ടൗൺ, മിഡിൽ ലോവർ ടൗൺ, എന്നിങ്ങനെ മൂന്ന് വലിയ സെറ്റിൽമെന്റുകൾ.
* 120 ഏക്കറുകളിലായി സെറ്റിൽമെൻറ് പരന്ന് കിടക്കുന്നു.
* 1967 – 68 കാലഘട്ടത്തിൽ ASI തലവൻ ആയിരുന്ന ഡോ: എ. പി. ജോഷിയാണ് നഗരം ഖനനം ചെയ്ത് കണ്ടെടുത്തത്.
* 16ൽപ്പരം വലിയ ശുദ്ധജല സംഭരണ കേന്ദ്രങ്ങളാണ് ഇതിനകത്ത് ഉള്ളത്.
* സിറ്റാഡൽ, തൊഴിലാളികളുടെ കോർട്ടേഴ്സ്, മുത്തുകൾ ഉണ്ടാക്കുന്ന കെട്ടിട ഭാഗങ്ങൾ, സ്റ്റേഡിയം എന്നിങ്ങനെ ലോഥലിനേത് സമാനമായ കാര്യങ്ങൾ എല്ലാം അവിടത്തതിനേക്കാൾ വലിയ തോതിൽ ധോലവിരയിൽ ഉണ്ട്.
ഞങ്ങൾ ലോകനാഥ് എന്ന ഗൈഡിന്റെ സേവനം എടുത്തു. 3 മണിക്കൂറിലധികം സമയം ഞങ്ങളെ അവിടെ കറക്കി കാണിക്കാൻ 800 രൂപയാണ് അയാൾ ആവശ്യപ്പെട്ടത്. ആദ്യം അതൊരു വലിയ തുകയായി തോന്നിയെങ്കിലും, ആ സ്ഥലത്തിന്റെ വ്യാപ്തിയും ലോക്നാഥ് ക്ഷമയോടെ ചെയ്ത സേവനവും കണക്കിലെടുത്ത് നോക്കുമ്പോൾ അത് അത്ര വലിയ തുകയായി കണക്കാക്കാൻ ആവില്ല.
പ്രാണീശ്വരൻ വിജയകുമാർ ബ്ലാത്തൂരിൻ്റെ Vijayakumar Blathur അനന്തിരവനേയും നല്ലപാതിയേയും അവിടെ വെച്ച് പരിചയപ്പെട്ടു. എന്തൊരു ചെറിയ ലോകം.
ആ ക്യാമ്പസിൽത്തന്നെ അവിടന്ന് ഖനനം ചെയ്ത് കണ്ടെടുത്ത വസ്തുക്കൾ പ്രദർശിപ്പിക്കുന്ന മ്യൂസിയം ഉണ്ട്. അത് കൂടെ കണ്ട് കഴിഞ്ഞപ്പോഴേക്കും ഉച്ചഭക്ഷണത്തിന് സമയമായി. വൈകീട്ട്, ഫോസിൽ ഗാർഡൻ സന്ദർശനം. വലിയ മരങ്ങളുടെ ഫോസിലുകൾ പ്രദർശിപ്പിച്ചിരുന്ന കടലോരത്ത് എത്തണമെങ്കിൽ, തദ്ദേശവാസികളുടെ ട്രക്കുകളിലോ ട്രാക്ടറിലോ പിക്കപ്പിലോ പോകണം. ആളൊന്നുക്ക് നൂറ് രൂപ വീതം അവർ അതിനായി ഇടാക്കുന്നു.
രാത്രി എല്ലാവരും തങ്ങുന്നത് ധോലവീര ടൂറിസം റിസോർട്ടിൻ്റെ ടെൻ്റിൽ ആണ്. ഇത്തരം നിരവധി ടെൻ്റ് ഹോട്ടലുകൾ ധോലവിരയിൽ ഉണ്ട്. റൺ ഓഫ് കച്ച് സീസൺ സമയത്ത് ഈ ടെൻ്റുകൾ എല്ലാം വലിയ നിരക്കിൽ ചിലവാകുന്നു.
രാത്രി ഭക്ഷണത്തിന് ശേഷം, പൂർണ്ണചന്ദ്രൻ്റെ നിലാവിൽ പുതഞ്ഞ് നിൽക്കുന്ന ഉപ്പ് പാടങ്ങൾ കാണാൻ വീണ്ടും ‘സ്വർഗ്ഗത്തിലേക്കുള്ള പാത’യിലേക്ക് എല്ലാവരും പുറപ്പെട്ടു. ആകാശവും ഭൂമിയും വെള്ളപുതച്ച് നിൽക്കുന്ന മനോഹരമായ കാഴ്ച്ചയാണ് അത്.
ശുദ്ധജലത്തിന് നല്ല ക്ഷാമമുണ്ട് ഇവിടെ. ഇന്റർനെറ്റ് സിഗ്നലും കമ്മിയാണ്.
സംഘാംഗങ്ങളിൽ ഒരാളായ രഞ്ജിനിയുടെ ഫോണിൽ നിന്ന് പകുത്തെടുത്ത ഇന്റർനെറ്റ് സൗകര്യം ഉപയോഗിച്ചാണ് ഇത് എഴുതുന്നത്. 123 ദിവസങ്ങളിൽ ആദ്യമായി ഇൻറർനെറ്റ് കിട്ടാതിരിക്കുന്നത് ഇവിടെ മാത്രമാണ്.
ശ്രേയയും സംഘവും നാളെ രാവിലെ 3 മണിക്ക് അഹമ്മദാബാദിത്തിലേക്ക് തിരിക്കും. ഞാൻ അൽപ്പ സമയം കൂടെ ടെന്റിൽ കിടന്നുറങ്ങിയ ശേഷം യാത്ര തുടരും.
ശുഭരാത്രി.