നൂറ് ദിവസത്തെ സൈക്കിളിങ്ങ് ചാലഞ്ച് കഴിയുമ്പോഴേക്കും Withdrawal Symptoms ഉണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് ഒരു മുന്നറിയിപ്പ്, 100 ദിവസം ഓട്ടം ചാലഞ്ച് നടത്തിയവരിൽ നിന്ന് കിട്ടിയിരുന്നു. പക്ഷേ, ഭാഗ്യവശാൽ എനിക്കങ്ങനെയൊന്നും ഇല്ല. കഴിഞ്ഞ 36 മണിക്കൂറായി സൈക്കിൾ കാലുകൊണ്ട് തൊട്ടിട്ടില്ല. ഒരാഴ്ച്ചക്കാലത്തേക്ക് തൊടാനും ഉദ്ദേശിക്കുന്നില്ല. പക്ഷേ, മറ്റ് ചില പ്രശ്നങ്ങളുണ്ട്…….
സൈക്കിളിങ്ങ് ചാലഞ്ച് കഴിഞ്ഞതോടെ എന്തോ ഒരു വലിയ ശൂന്യത അനുഭവപ്പെടുന്നു. നിത്യവും എന്തെങ്കിലും ഒരു വെല്ലുവിളി ഇല്ലെങ്കിൽ ഒരു സുഖവുമില്ല എന്ന അവസ്ഥ. ഈ അവസ്ഥയേയും Withdrawal Symptoms എന്ന് വിളിക്കാമെങ്കിൽ, അതെ ഇത് Withdrawal Symptoms തന്നെയാണ്. എന്തായാലും അതിൽ നിന്ന് ഒരു മോചനത്തിനുള്ള വഴി ഞാൻ തന്നെ കണ്ടെത്തിയിരിക്കുകയാണ്.
ഡിസംബർ 1 മുതൽ പുതിയൊരു ചാലഞ്ച് ആരംഭിക്കുന്നു. കേൾക്കുമ്പോൾ താരതമ്യേന എളുപ്പമുള്ള ഒരു വെല്ലുവിളി ആണെന്ന് തോന്നിയേക്കാം. സംഭവം ഇപ്രകാരമാണ്. 100 ദിവസം വിവിധ കഥാകൃത്തുകളുടെ, കുറഞ്ഞത് 2 കഥകളെങ്കിലും വായിക്കുന്നു. 20 പേരുടെ കഥകൾ എന്റെ ലൈബ്രറിയിൽ (ചിത്രം) നിന്നുതന്നെ കണ്ടെടുക്കാനായേക്കും. പിന്നെയുള്ള 80 കഥാകൃത്തുക്കളെ കണ്ടെത്തുന്നതും അവരുടെ കഥകൾ സംഘടിപ്പിക്കുന്നതുമാണ് ശരിക്കുള്ള വെല്ലുവിളി.
അതിന് എല്ലാ ഫേസ്ബുക്ക് സുഹൃത്തുക്കളുടേയും സഹകരണം എനിക്കാവശ്യമാണ്. അത് പല തരത്തിലാകാം. കഥാകൃത്തുക്കളുടെ പേരുകളും കഥകളും നിർദ്ദേശിക്കാം. സൌഹൃദവലയത്തിലുള്ള കഥാകൃത്തുക്കളായ സുഹൃത്തുക്കൾക്ക് അവർ എഴുതി അച്ചടിച്ചുവന്ന 2 കഥകളുടെ സ്ക്കാൻ/പീഡീഎഫ് manojravindran@gmail.com എന്ന വിലാസത്തിലേക്ക് അയച്ചുതരാം. എന്തായാലും ഞാൻ ഈ വെല്ലുവിളിയുമായി മുന്നോട്ട് പോകുന്നു.
വായിക്കുന്ന കഥകളെപ്പറ്റിയുള്ള ഒരു ചെറിയ കുറിപ്പ് ഫേസ്ബുക്കിൽ എഴുതിയിടാനും ശ്രമിക്കുന്നതാണ്. സൈക്കിളിങ്ങിനും ഓട്ടത്തിനും ജി.എസ്.ടി.ക്കുമൊക്കെ ഇടയിൽപ്പെട്ട് ചതഞ്ഞരഞ്ഞുപോയ എന്റെ വായനയും എഴുത്തും പൊക്കിയെടുക്കാള്ള ഒരു മാർഗ്ഗം കൂടെയാണിതെനിക്ക്. 2017 ലെ ഇതുവരെയുള്ള വായനാലിസ്റ്റ് വളരെ ശുഷ്ക്കമാണ്. ഇങ്ങനെയെങ്കിലും കുറച്ച് വായിച്ചില്ലെങ്കിൽ നാൾക്കുനാൾ എന്റെ നിരക്ഷരത്വം കൂടിക്കൂടി വരുകയേ ഉള്ളൂ
ഒപ്പം ചേരാൻ താൽപ്പര്യമുള്ളവർക്ക് ഡിസംബർ ഒന്ന് മുതൽ ഈ വെല്ലുവിളി ഏറ്റെടുക്കാം. ഒരു ദിവസം അരമണിക്കൂറിൽത്താഴെ സമയം മാത്രമേ ആവശ്യമുള്ളൂ. 100 ദിവസം കഴിയുമ്പോഴേക്കും 2 കഥകൾ അല്ലെങ്കിൽ 10 പേജെങ്കിലും വായിച്ചില്ലെങ്കിൽ ശരിയാകില്ല എന്ന നിലയ്ക്ക് ഒരു Withdrawal Symptom വന്നുകിട്ടിയാൽ രക്ഷപ്പെട്ടില്ലേ ? അപ്പോൾ മുതൽ ജീവിതം തന്നെ മാറിമറിഞ്ഞെന്നിരിക്കും.
2018 മാർച്ച് 10ന് (ശനിയാഴ്ച്ച) ചാലഞ്ച് അവസാനിക്കും. ചാലഞ്ചിൽ ചേരുന്നവർക്കെല്ലാവർക്കും നൂറാം ദിവസം എറണാകുളത്ത് എവിടെയെങ്കിലും ഒത്തുകൂടാം. ഒരു കട്ടൻ ചായയും പഴമ്പൊരിയും തിന്നുകൊണ്ട് ആ ദിവസത്തെ കഥകൾ ഒരുമിച്ച് ഉറക്കെ വായിക്കാം. എന്തുപറയുന്നു ? കൂടുന്നോ ?
#100_Days_Story_Reading_Challenge_2017_18