രാവിലെ സ്ലീപ്പിങ് ബാഗിൽ നിന്ന് പുറത്തിറങ്ങിയതും പതിവുപോലെ കൈകാലുകൾ തണുത്ത് മരവിച്ചു. 9 മണി വരെ കൻഹാജി റസ്റ്റോറന്റിൻ്റെ വരാന്തയിൽ തീ കാഞ്ഞു; ഹുക്ക വലിച്ചു. 11 മണിക്ക് മഹേന്ദ്രഗഡിനോട് വിട പറഞ്ഞു.
ഇതുവരെയുള്ള യാത്രയിൽ എനിക്ക് ഏറ്റവും ഊഷ്മളമായ സഹകരണം നൽകിയത് കൻഹാജി റസ്റ്റോറൻ്റാണ്. കാരവാൻ അല്ലെങ്കിൽ മോട്ടോർ ഹോം സഞ്ചാരികൾക്ക് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനെപ്പറ്റി ഞാൻ അവരുമായി സംസാരിച്ചു.
തൽക്കാലം വൈദ്യുതി സൗകര്യവും വെള്ളത്തിനുള്ള സൗകര്യവും നൽകുക. കാരവാൻ പാർക്കിംഗ് സൗകര്യമുണ്ടെന്ന് ബോർഡ് വെക്കുക. അത് കണ്ട് കാരവാൻ സഞ്ചാരികൾ വരാൻ തുടങ്ങുമ്പോൾ കൂടുതൽ സൗകര്യങ്ങൾ നൽകിയാൽ മതിയാകും. അടുത്ത സീസണിൽ പഞ്ചാബ്, കാശ്മീർ യാത്രയ്ക്കായി ഈ വഴി ഞാൻ കടന്ന് പോകുമ്പോൾ അത് ചെയ്തിട്ടുണ്ടാകുമെന്ന് അവർ എനിക്ക് ഉറപ്പ് നൽകി. അങ്ങനെയാണെങ്കിൽ അത്തരം സൗകര്യമൊരുക്കുന്ന ഹരിയാനയിലെ ആദ്യത്തെ റസ്റ്റോറന്റ് നിങ്ങളായിരിക്കുമെന്ന് ഞാൻ അവരെ പ്രോത്സാഹിപ്പിച്ചു.
സത്യത്തിൽ ധാബകൾ, ഒരു കാരവൻ പാർക്കിൻ്റെ പ്രാകൃത രൂപമാണ്. അവിടെ വാഹനമിടാനും കുളിക്കാനും വസ്ത്രം കഴുകാനും ഒക്കെയുള്ള സൗകര്യം അവർ നൽകുന്നുണ്ട്. അതിനു പകരം വെള്ളവും വൈദ്യുതിയും മലിനജലം കളയാനുള്ള സൗകര്യവും നൽകിയാൽ മതി. രാജസ്ഥാൻ, ഹരിയാന, ഉത്തർപ്രദേശ് മധ്യപ്രദേശ്, എന്നിങ്ങനെയുള്ള വടക്കൻ സംസ്ഥാനങ്ങളിൽ ഇത് ചെയ്യാൻ ഒരു ബുദ്ധിമുട്ടുമില്ല. അത്രയ്ക്കധികം ധാബകളാണ് ഇവിടെ ഉള്ളത്. മിക്കവാറും ഗ്യാസ് സ്റ്റേഷനുകളുടെ അടുത്ത് ഒരു ധാബയോ റസ്റ്റോറന്റോ ഉണ്ട്. അവിടെ ഒരു ഒന്നോ രണ്ടോ കാരവാനുകൾക്ക് പാർക്ക് ചെയ്യാനുള്ള സൗകര്യം എളുപ്പത്തിൽ ഉണ്ടാക്കാം. ഒരാൾ തുടങ്ങിവെച്ചാൽ പിന്നെ കാട്ടുതീ പോലെ പടർന്ന് പിടിച്ചോളും. അങ്ങനെ ധാരാളം കാരവാനുകൾ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഓടി നടക്കുന്ന കിനാശ്ശേരിയാണ് എൻ്റെ സ്വപ്നം.
ഹരിയാനയിൽ ഞാൻ ശ്രദ്ധിച്ചാൽ മറ്റൊരു കാര്യം ഇലക്ട്രിക് വാഹന ചാർജിങ് സ്റ്റേഷനുകൾ ഇല്ലേയില്ല എന്നതാണ്. ഇലക്ട്രിക് വാഹനങ്ങളും അതുകൊണ്ടുതന്നെ വളരെ കുറവാണ്. ചുരുക്കം ചില ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾ ഉണ്ട് താനും.
മഹേന്ദ്ര കടലിൽ നിന്ന് ജയ്പൂരിലേക്ക് മൂന്നര മണിക്കൂറോളം യാത്രയുണ്ട്. ആ വഴിക്ക് 30 കിലോമീറ്റർ സഞ്ചരിച്ചാൽ, നർനോൽ എന്ന സ്ഥലത്ത്, റായ് ബാൽ മുകുന്ത് ദാസിന്റെ ഛദ്ദ ഉണ്ട്. അത് കൂടെ കണ്ടിട്ട് യാത്ര തുടരാമെന്ന് കരുതി അങ്ങോട്ട് തിരിച്ചു.
* പതിനേഴാം നൂറ്റാണ്ടിൽ, ഷാജഹാന്റെ ഭരണകാലത്ത് ഉണ്ടാക്കിയ ഒരു വലിയ കൊട്ടാരം ആണിത്.
* അഞ്ച് നിലകളിൽ ആണ് ഇത് നിർമ്മിച്ചിരിക്കുന്നത്.
* ബീർബലിന്റെ ഛദ്ദ എന്നും ഇത് അറിയപ്പെടുന്നു.
* ഇന്ത്യൻ, യൂറോപ്യൻ ചാതുരിയിൽ നിർമ്മിച്ചിരിക്കുന്ന ഈ കൊട്ടാരത്തിൽ, ധാരാളം മുറികളും ഹാളുകളും വരാന്തകളും ഉണ്ട്.
* വേനൽക്കാല വസതിയായി ഉപയോഗിക്കുക എന്ന ഉദ്ദേശം ഉണ്ടായിരുന്നതുകൊണ്ട് ധാരാളം ഫൗണ്ടനുകളും നീർച്ചാലുകളും ഇതിനകത്ത് ഉണ്ട്.
* നവാബ് ആസിഫ് ഖാന്റെ സാമന്തനായിരുന്ന റായ് മുകുന്ദ് ദാസ് ആണ് തൻ്റെ പ്രൗഢി വിളിച്ചറിയിക്കാൻ ഈ ജിദ്ദ അഥവാ ഹവേലി ഉണ്ടാക്കിയത്.
ചില ഭാഗങ്ങളൊക്കെ ഇടിഞ്ഞു വീണ ഛദ്ദയുടെ മിനുക്കു പണികൾ നടന്നുകൊണ്ടിരിക്കുകയാണ് നിലവിൽ. അതുകൊണ്ടുതന്നെ എനിക്ക് അതിനകത്തേക്ക് കയറാനായില്ല. പക്ഷേ, ഞാൻ അതിന് ചുറ്റും നടന്ന് കണ്ട് പടങ്ങൾ എടുത്തു. അങ്ങോട്ട് ഒരു കാറിന് പോലും കടന്ന് ചെല്ലാൻ പറ്റാത്ത തരത്തിൽ കയ്യേറ്റങ്ങൾ നടത്തി ധാരാളം വീടുകളും കെട്ടിടങ്ങളും വന്നിരിക്കുന്നു. പല കോട്ടകളുടെ കാര്യത്തിലും സംഭവിച്ചത് പോലെ തന്നെ.
ഛദ്ദയ്ക്ക് അടിയിലൂടെ ഏകദേശം 100 കിലോമീറ്റർ അപ്പുറത്തുള്ള ജയ്പൂരിലേക്ക് തുരങ്കം ഉണ്ടെന്ന് സ്ഥിരീകരിക്കാത്ത നാട്ടുകഥകളും ഉണ്ട്.
അഞ്ച് മണിയോടെ ഞാൻ ജയ്പൂരിൽ എത്തി. മഞ്ജുവിന്റെ കോർട്ടേഴ്സിന്റെ ഗൂഗിൾ മാപ്പ് ഞാൻ സേവ് ചെയ്തിരുന്നത് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അഞ്ച് മണിക്കൂർ എതിർദിശയിലുള്ള മറ്റൊരു സ്ഥലമാണ് അത് കാണിക്കുന്നത്. ഞാൻ സേവ് ചെയ്തിരിക്കുന്ന പല മാപ്പുകളും അങ്ങനെ തന്നെ കാണിക്കുന്നു. അടുത്ത വർഷം ഈ വഴിക്കുള്ള എൻ്റെ യാത്രയെ അത് സാരമായി ബാധിക്കും. ഇങ്ങനെയൊരു കാര്യം ശ്രദ്ധിച്ചിട്ടുണ്ടോ എന്ന് സാങ്കേതിക പരിജ്ഞാനം ഉള്ളവർ ആരെങ്കിലും പറഞ്ഞ് തന്നാൽ വലിയ ഉപകാരം.
മഞ്ജുവിന്റെ കോർട്ടേഴ്സ് ജയ്പൂരിൽ എത്തുന്ന സുഹൃത്തുക്കളുടെ ഒരു വലിയ ഹബ്ബ് ആണ്. ഇന്ന് അവിടെ മറ്റ് സുഹൃത്തുക്കളുടെ തിരക്കുള്ളതുകൊണ്ട് മഞ്ജു എനിക്ക് റെയിൽവേ ഗസ്റ്റ് ഹൗസിൽ മുറിയെടുത്ത് തന്നു. ജയ്പൂരിൽ വരുമ്പോൾ ഭാഗിക്കുള്ളിൽ കിടക്കാൻ എന്നെ മഞ്ജു അനുവദിക്കുന്ന പ്രശ്നമില്ല. ഗസ്റ്റ് ഹൗസിന് പ്രത്യേകം പണം നൽകേണ്ടതില്ല എന്നാണ് മഞ്ജു പറയുന്നത്.
ജയ്പൂരിൽ തണുപ്പ് മിതമാണ്. വൈകിട്ട് 18 ഡിഗ്രി. നാളെ വെളുപ്പിന് 12 ഡിഗ്രി. നല്ല രസികൻ കാലാവസ്ഥ.
ഞാൻ മെട്രോ സ്റ്റേഷൻ റോഡിലൂടെ ഒരു റൗണ്ട് നടന്നു. സലൂണിൽ കയറി താടിയുടെ ഭാരം കുറച്ചു; തട്ടുകടയിൽ നിന്ന് മുട്ട റോൾ കഴിച്ചു.
“കുറച്ച് ദിവസമായല്ലോ കണ്ടിട്ട് ബാബുജി?” എന്ന് പഴക്കടക്കാരൻ ലോഹ്യം പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. നാലഞ്ച് പ്രാവശ്യം ഞാനവിടെ നിന്നും പഴവും ഓറഞ്ചും വാങ്ങിയിട്ടുണ്ടെന്നത് ശരിയാണ്. എങ്കിലും അയാൾ എന്നെ ഓർത്തിരിക്കുന്നു! ഞാൻ ഈ നഗരത്തിൽ എത്രയോ നാളായി ജീവിക്കുന്ന ഒരാൾ ആണെന്ന തോന്നൽ എനിക്കും വന്നതുപോലെ.
അടുത്ത മൂന്ന് ദിവസത്തെ പരിപാടികൾ ഒന്നും പദ്ധതി ഇട്ടിട്ടില്ല. അതെന്തായാലും, ഈ യാത്രയുടെ നൂറാം ദിവസം ആഘോഷിക്കുന്നത് ജയ്പൂരിൽ തന്നെ ആയിരിക്കുമെന്ന് ഏറെക്കുറെ ഉറപ്പാണ്.
വാൽക്കഷണം:- സാമൂഹിക മര്യാദയ്ക്ക് നിരക്കാത്തത് കൊണ്ടാകാം, ഇന്നലെ ഞാൻ പോസ്റ്റ് ചെയ്ത ഹുക്ക വലിക്കുന്ന റീൽ, ഫേസ്ബുക്ക് നീക്കം ചെയ്തു. അത് കാണണമെന്നുള്ളവർക്ക് ഇൻസ്റ്റഗ്രാമിൽ കാണാം.
ശുഭരാത്രി.