ചില യാത്രകൾ, ചില ചിത്രങ്ങൾ, നിരക്ഷരൻ, Niraksharan’s Travelogues എന്നിങ്ങനെ നാല് ബ്ലോഗുകളാണ് 2007 മുതൽ 2014 വരെ എനിക്കുണ്ടായിരുന്നത്. 2014 ജൂലായ് 23 ന് മേൽപ്പറഞ്ഞ ബ്ലോഗുകളിൽ ഉണ്ടായിരുന്ന എല്ലാ പോസ്റ്റുകളും ചേർത്ത് നിരക്ഷരൻ എന്ന ഈയൊരു വെബ് സൈറ്റ് ആരംഭിച്ചു. അതിനേയും ബ്ലോഗ് എന്ന് തന്നെ വിളിക്കുന്നതിൽ തെറ്റില്ലെന്നാണ് എന്റെ പക്ഷം. Web + Logging = Blogging എന്ന സമവാക്യം അനുസരിച്ച് വെബ്ബിൽ അഥവാ ഇന്റർനെറ്റിൽ എഴുതിയിടുന്ന എല്ലാം ബ്ലോഗുകൾ തന്നെയാണ്.
ബ്ലോഗ്‌സ്പോട്ടിൽ ആയിരുന്നപ്പോളും ഇപ്പോൾ നിരക്ഷരൻ സൈറ്റിലേക്ക് മാറിയപ്പോഴും ലേഖനങ്ങളുടെ കോപ്പി റൈറ്റ് എനിക്ക് മാത്രമാണെന്ന് കൃത്യമായി ഈ സ്ഥലങ്ങളിൽ അടയാളപ്പെടുത്തിയിരുന്നു.
എന്നിട്ടും ലേഖനങ്ങൾ പലപ്പോഴും പലയിടങ്ങളിലേക്കും കോപ്പിയടിക്കപ്പെട്ടുപോന്നു. ഓൺലൈനിൽ നിന്ന് ഓൺലൈനിലേക്ക് കോപ്പിയടിക്കുന്നവരുടെ പിന്നാലെ പോയിപ്പോയി മടുത്തു ഒരുഘട്ടത്തിൽ. അവരതുകൊണ്ട് പ്രത്യേകിച്ച് വരുമാനം ഒന്നുമുണ്ടാക്കുന്നില്ല എന്നതുകൊണ്ട് അതൊന്നും കാര്യമാക്കാതെ വിട്ടുകളയാനും തുടങ്ങി.
2017 ഡിസംബർ 28ന് പക്ഷേ കാര്യങ്ങൾ ഗുരുതരമായി. ബ്ലോഗിലുള്ള എന്റെ സ്പെയിൻ യാത്രാവിവരണങ്ങളും ഫ്രാൻസ് യാത്രാവിവരണങ്ങളും ലണ്ടനിൽ സ്ഥിരതാമസക്കാരനും കാരൂർ സോമൻ എന്ന തൂലികാനാമത്തിൽ എഴുത്തുകാരനാണെന്ന് സ്വയം അവകാശപ്പെടുന്ന ചാരുമ്മൂടുകാരനായ ഡാനിയൽ സാമുവൽ എന്ന വ്യക്തി കോപ്പിയടിച്ച് മാതൃഭൂമി ബുക്ക്സ് വഴി ‘സ്പെയിൻ-കാളപ്പോരിന്റെ നാട്’ എന്ന പേരിൽ പ്രസിദ്ധീകരിക്കുകയും അതിന്റെ രണ്ടാമത്തെ എഡിഷൻ വരെ വിൽപ്പനയിൽ എത്തുകയും ചെയ്തു. എന്റെ ഭാര്യയുടേയും മകളുടേയും പേരുകൾ വരെ അതേപടി കോപ്പിയടിച്ചാന് ഈ പുസ്തകം ഇറക്കിയിട്ടുള്ളത്. 200 പേജുള്ള പുസ്തകത്തിൽ 58 പേജുകൾ എന്റേതും 56 പേജുകൾ സ്പെയിനിൽ സ്ഥിരതാമസക്കാരനായ സജി തോമസിന്റേതും 6 പേജുകൾ ഷാർജ പ്രവാസിയായ വിനീത് എടത്തിലിന്റേതും 4 പേജുകൾ കാനഡ പ്രവാസിയായ സുരേഷ് നെല്ലിക്കോടിന്റേതുമാണ്. മൊത്തം 120 പേജുകൾ കോപ്പിയടിയാണ് ആ പുസ്തകത്തിൽ. ബാക്കിയുള്ളതും കോപ്പിയടിച്ചതാകാമെങ്കിലും അത് തെളിവടക്കം കണ്ടെത്താനായിട്ടില്ല.
ഈ കോപ്പിയടി കണ്ടുപിടിച്ച് ഫേസ്ബുക്കിൽ ഒരു ലൈവ് വീഡിയോ വഴി ഡിസംബർ 28ന് തന്നെ ഞാൻ പുറത്തറിയിക്കുകയുണ്ടായി. അതിവിടെ കാണാം. അത് കണ്ട് ബോധിച്ച മാതൃഭൂമി ബുക്ക്സ്, കാരൂർ സോമനോട് വിശദീകരണം തേടുകയും ‘DTP ക്കാർക്ക് പറ്റിയ അബദ്ധമാണ്’ എന്നുള്ള അദ്ദേഹത്തിന്റെ വിശദീകരണം ബോദ്ധ്യപ്പെടാത്തതുകൊണ്ട് പുസ്തകം മാർക്കറ്റിൽ നിന്ന് പിൻവലിക്കുകയും കാരൂർ സോമനെതിരെ നിയമനടപടികൾ സ്വീകരിക്കുന്നതായി എനിക്ക് കത്തയക്കുകയും ചെയ്തു. കത്തിന്റെ കോപ്പി താഴെ ചേർക്കുന്നു.
51 പുസ്തകങ്ങൾ എഴുതിയിട്ടുണ്ടെന്ന് അവകാശപ്പെടുന്ന കാരൂർ സോമന്റെ മറ്റ് പുസ്തകങ്ങളിലും കോപ്പിയടികൾ ഉണ്ടാകാം എന്ന ഉറച്ച വിശ്വാസത്തിൽ ആ പുസ്തകങ്ങൾ കണ്ടെത്താനും വായിക്കാനുമുള്ള ശ്രമങ്ങളായി പിന്നീട്. മാതൃഭൂമി പ്രസിദ്ധീകരിച്ച അദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ ‘ചന്ദ്രയാൻ‘ പൂർണ്ണമായും വിക്കിപ്പീഡിയ അതേപടി പകർത്തിയെഴുതിയതാണെന്ന് കണ്ടെത്താനായി.
വിക്കിപ്പീഡിയയിൽ നിന്ന് പകർത്തി എഴുതുന്നതിൽ തെറ്റില്ല. പക്ഷേ വിക്കിപ്പീഡിയയ്ക്ക് കടപ്പാട് രേഖപ്പെടുത്തണമെന്നും മറ്റാർക്കും ഇതേപോലെ ഈ പുസ്തകത്തിൽ നിന്ന് പകർത്തിയെഴുതാമെന്നുമുള്ള നിബന്ധനങ്ങൾ പക്ഷേ സോമനും മാതൃഭൂമിയും ലംഘിച്ചിരിക്കുകയാണ്. കടപ്പാട് രേഖപ്പെടുത്തിയിട്ടില്ലെന്ന് മാത്രമല്ല പുസ്തത്തിന്റെ കോപ്പി റൈറ്റ് മാതൃഭൂമിക്ക് അവകാശപ്പെട്ടതാണെന്നാണ് പറയുന്നത്. മെട്രോ വാർത്തയിൽ ജേർണ്ണലിസ്റ്റായ വി.കെ.സഞ്ജുവിന്റെ മെട്രോ വാർത്ത പത്രത്തിൽ അച്ചടിച്ചുവന്ന ഒരു ലേഖനവും ഈ പുസ്തകത്തിൽ കോപ്പിയടിച്ചിട്ടുണ്ടായിരുന്നു. ഈ വിഷയത്തിൽ ഞാൻ പുറത്തുവിട്ട രണ്ടാമത്തെ വീഡിയോ ഇവിടെ കാണാം.
ഇതേത്തുടർന്ന് ശാസ്ത്രലേഖനങ്ങളും പുസ്തകവുമൊക്കെ എഴുതാനുള്ള ഒരു കഴിവും പശ്ചാത്തലവും സോമന് ഇല്ലെന്ന് ബോദ്ധ്യമായപ്പോൾ, പ്രഭാത് ബുക്ക് ഹൌസ് പ്രസിദ്ധീകരിച്ച ഇദ്ദേഹത്തിന്റെ മറ്റൊരു പുസ്തകമായ ‘മംഗൾയാൻ’ വില കൊടുത്ത് വാങ്ങി വായിച്ച്, കോപ്പിയടിച്ചതാണെന്ന് കണ്ടെത്തുകയും അത് വിശദമാക്കിക്കൊണ്ട് മൂന്നാമത് ഒരു വീഡിയോ ഞാൻ ഇടുകയും ചെയ്തു. എട്ടോളം പത്രസ്ഥാപനങ്ങളുടേയും പന്ത്രണ്ടോളം വ്യക്തികളുടേയും ലേഖനങ്ങളാണ് ആ പുസ്തകത്തിൽ കോപ്പിയടിച്ചിട്ടുള്ളത്. പ്രമുഖ സാഹിത്യകാരനായ സി.രാധാകൃഷ്ണന്റെ, മാധ്യമം പത്രത്തിൽ വന്ന ഒരു ലേഖനമടക്കം ഈ കോപ്പിയടിയിൽപ്പെടുന്നു.
സോമൻ യാത്രാവിവരണങ്ങൾ എഴുതിയിട്ടുണ്ടെങ്കിൽ അത് കോപ്പിയടിച്ചല്ലാതെ ആകില്ലെന്ന് നല്ല ബോദ്ധ്യമുള്ളതുകൊണ്ട് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പുറത്തിറക്കിയ ‘ഫ്രാൻസ് – കാൽപ്പനികതയുടെ കവാടം’ എന്ന പുസ്തകം വായിച്ച് പരിശോധിച്ചപ്പോൾ അതും കോപ്പിയടിച്ചതാണെന്ന് ബോദ്ധ്യപ്പെട്ടു. ആ പുസ്തകം പക്ഷേ ചരിത്രഗ്രന്ഥമായിട്ടാണ് കോപ്പിയടിച്ചിട്ടുള്ളത്. എന്റെ 3 ഫ്രാൻസ് യാത്രാവിവരങ്ങൾ അതിൽ കോപ്പിയടിച്ച് ചേർത്തിട്ടുണ്ട്.രസകരമായ സംഭവം എന്താണെന്ന് വെച്ചാൽ ഇതേ അദ്ധ്യായങ്ങൾ തന്നെ സ്പെയിൻ യാത്രാവിവരണത്തിലും സോമൻ കോപ്പി ചെയ്തിട്ടുണ്ട്. എന്നെക്കൂടാതെ എന്റെ സുഹൃത്തുക്കളായ സുരേഷ് നെല്ലിക്കോട്, സിജോ ജോർജ്ജ് എന്നിവരുടെ ലേഖനങ്ങളും ഇതിൽ കോപ്പിയടിച്ചിട്ടുണ്ട്. സുരേഷിന്റെ ഭാര്യയുടെ പേര് പോലും ഈ ‘ചരിത്ര’പുസ്തകത്തിൽ കോപ്പിയടിച്ചിരിക്കുന്നു സോമൻ. ഈ വിഷയത്തിൽ ഞാൻ പോസ്റ്റ് ചെയ്ത നാലാമത്തെ വീഡിയോ ഇവിടെ കാണാം.
കാത്തിരുന്ന കന്യക, കാരൂർ കൊച്ചുകുഞ്ഞ്, കന്മദപ്പൂക്കൾ എന്നിങ്ങനെ ‘മ‘ സാഹിത്യത്തേക്കാളും നിലവാരം കുറഞ്ഞ ‘ക’ സൃഷ്ടികൾ മാത്രമേ സോമനെക്കൊണ്ട് സാധിക്കൂ എന്ന് നല്ല ബോദ്ധ്യം വന്നതുകൊണ്ട് അദ്ദേഹത്തിന്റെ ‘സിനിമ – ഇന്നലെ ഇന്ന് നാളെ’ എന്ന പുസ്തകം ഓൺലൈനിൽ പണമടച്ച് വരുത്തി വായിച്ച് പരിശോധിച്ചപ്പോൾ അതും മോഷണമാണെന്ന് ബോദ്ധ്യപ്പെട്ടു. അതേപ്പറ്റി ഞാൻ തയ്യാറാക്കി യൂ-റ്റ്യൂബിൽ പോസ്റ്റ് ചെയ്ത അഞ്ചാമത്തെ വീഡിയോ ഇവിടെ കാണാം.
അങ്ങനെ മൊത്തത്തിൽ ഇതുവരെ സോമനാൽ കോപ്പിയടിക്കപ്പെട്ടവരുടെ മുഴുവൻ ലിസ്റ്റ് താഴെ കൊടുക്കുന്നു.
വ്യക്തി # 1 – നിരക്ഷരൻ Manoj Ravindran Niraksharan
വ്യക്തി # 2 – സജി തോമസ് Saji Thomas
വ്യക്തി # 3 – വിനീത് എടത്തിൽ Vineeth Edathil
വ്യക്തി # 4 – വി.കെ.സഞ്ജു VK Sanju
വ്യക്തി # 5 – മൈത്രേയി ശ്രീലത Maithreyi Sriletha
വ്യക്തി # 6 – പ്രവീൺ Praveen Meenakshikutty
വ്യക്തി # 7 – സാൽജോ ജോസഫ് Saljo Joseph
വ്യക്തി # 8 – അനുപമ Anupama Mohan
വ്യക്തി # 9 – ജോസഫ് ആന്റണി Joseph Antony
വ്യക്തി # 10 – ബിമിനിത് Bs Biminith
വ്യക്തി # 10 – ജയേഷ് ജയു Jayesh Jayu
വ്യക്തി # 12 – ജസ്റ്റിൻ ജോസഫ് – Justin Joseph
വ്യക്തി # 13 – ദിലീപ് – Dileep Mampallil
വ്യക്തി # 14 – കെ.പാപ്പൂട്ടി – Pappootty Koodalil K
വ്യക്തി # 15 – സി.രാധാകൃഷ്ണൻ (പ്രശസ്തസാഹിത്യകാരൻ സി.തന്നെ)
വ്യക്തി # 16 – അരുൺ അശോകൻ
വ്യക്തി # 17 – എം. ചന്ദ്രദത്തൻ
വ്യക്തി # 18 – കെ.എസ്.വിപിനചന്ദ്രൻ
വ്യക്തി # 19 – സുരേഷ് നെല്ലിക്കോട് Suresh Nellikode
വ്യക്തി # 20 – സിജോ ജോർജ്ജ് Sijo George
വ്യക്തി # 21 – ചന്ദു നായർ – Chandu Nair
വ്യക്തി # 22 – ജയേഷ്കുമാർ ജെ – Jayeshkumar J
ബ്ലോഗ് കൂട്ടായ്മ # 23 – Kundara News
ബ്ലോഗ് കൂട്ടായ്മ # 24 – മലയാളം സമീക്ഷ - malayalasameekshaz
ബ്ലോഗ് കൂട്ടായ്മ # 25 – മലയാളം സിനിമാ ക്ലാസ്സിൿ – malayalacinemaclassics
വെബ് പോർട്ടൽ # 26 – അഴിമുഖം Azhimukham
വെബ് പോർട്ടൽ # 27 – മലയാളം ഫിൽമി ബീറ്റ് – malayalam.filmibeat.com
വെബ് പോർട്ടൽ # 28 – വായനാമുറി – vayanamuri.com
വെബ് പോർട്ടൽ # 29 – ഉത്തരകാലം – utharakalam.com
വെബ് പോർട്ടൽ # 30 – ഓക്ക് ടൈംസ് – oaktimes.com
സ്ഥാപനം # 31 – മലയാളം വിക്കിപ്പീഡിയ
സ്ഥാപനം # 32 – മാതൃഭൂമി
സ്ഥാപനം # 33 – കേരളകൌമുദി
സ്ഥാപനം # 34 – ദേശാഭിമാനി
സ്ഥാപനം # 35 – മംഗളം
സ്ഥാപനം # 36 – മെട്രോ വാർത്ത
സ്ഥാപനം # 37 – ഏഷ്യാനെറ്റ് ഓൺലൈൻ
സ്ഥാപനം # 38 – മറുനാടൻ മലയാളി – Marunadan Malayali
മലയാളഭാഷയുടെ ചരിത്രത്തിൽ ഇത്രയും വലിയ ഒരു കോപ്പിയടിയും കോപ്പിയടിക്കാരനും ഉണ്ടായിട്ടുണ്ടാകുമെന്ന് തോന്നുന്നില്ല. കോപ്പിയടിയുടെ പേരിൽ ഒരു പ്രസാധകൻ പുസ്തകം പിൻവലിക്കുന്നതും മലയാളത്തിൽ ആദ്യമായാണെന്ന് തോന്നുന്നു. സോമന്റെ മറ്റ് പുസ്തകങ്ങളും കണ്ടെത്തി വായിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സമയാസമയം അതിന്റെ വിവരങ്ങൾ പുറത്തുവിടുന്നതാണ്. ഇത് ‘സോമനടി’യുടെ ഇതുവരെയുള്ള രത്നച്ചുരുക്കം മാത്രം
സോമനെപ്പോലുള്ള കോപ്പിയടിക്കാർ നിരവധി പേർ മറഞ്ഞിരുന്ന് ഈ കർമ്മം ചെയ്തിട്ടുണ്ടാകാം. പിടിക്കപ്പെട്ടത് സോമനാണെന്ന് മാത്രം. ബാക്കിയുള്ളവരും ഇന്നല്ലെങ്കിൽ നാളെ പിടിക്കപ്പെടും.
സോമനും സോമന്റെ കോപ്പിയടി പ്രസിദ്ധീകരിച്ചവർക്കുമുള്ള മാതൃകാപരമായ ശിക്ഷ വാങ്ങിക്കൊടുക്കാനുള്ള നടപടികൾ ആരംഭിച്ച് കഴിഞ്ഞു. കോപ്പിയടിക്കാർക്കും, അത്തരം പുസ്തകങ്ങൾ ഒരാവർത്തി പോലും വായിച്ച് നോക്കാതെ അച്ചടിക്കുന്ന പ്രസാധകർക്കും ഒരു പാഠമാകുന്ന രീതിയിലും ഭാഷയിൽ ഒരു നാഴികക്കല്ലാക്കി മാറുന്ന രീതിയിലുമായിരിക്കും നിയമനടപടികൾ. അതിനുള്ള നീക്കങ്ങൾ ആരംഭിച്ചുകഴിഞ്ഞു.
പുസ്തകത്തിൽ നിന്ന് പുസ്തകത്തിലേക്ക് കോപ്പിയടിച്ചാൽ മാത്രമല്ലേ കോപ്പി റൈറ്റ് നിയമലംഘനമാകൂ എന്ന് ചില തലമുതിർന്ന സാഹിത്യകാരന്മാർ ഇതുമായി ബന്ധപ്പെട്ട് അഭിപ്രായം പറഞ്ഞതായി കേൾക്കാനിടയായി. അങ്ങനെ ആർക്കെങ്കിലുമൊക്കെ സംശയമുണ്ടെങ്കിൽ അതുകൂടെ ഈ കേസ് തീരുന്നതോടെ ദുരീകരിച്ച് കൊടുക്കാൻ ശ്രമിക്കുന്നതായിരിക്കും. നിങ്ങൾ മുഖ്യധാരാ മാദ്ധ്യമങ്ങളിലെ പ്രമുഖ സാഹിത്യകാരന്മാരെപ്പോലെ തന്നെ സമയവും ഊർജ്ജവും പാഴാക്കിത്തന്നെയാണ് ഓൺലൈനിൽ കാണുന്ന ഓരോ സർഗ്ഗസൃഷ്ടികളും ജനിക്കുന്നത്. അല്ലാതെ അവയൊക്കെ കമ്പ്യൂട്ടറിന്റെ നിർമ്മിതിയൊന്നുമല്ല. ആയതിനാൽ നിങ്ങളുടെ രചനങ്ങളോട് ജനങ്ങളും വായനക്കാരും മറ്റ് എഴുത്തുകാരും കാണിക്കുന്ന അതേ മര്യാദയും ആദരവും തന്നെ ഓൺലൈനിൽ കിടക്കുന്ന ലേഖനങ്ങളോട് നിങ്ങളും കാണിച്ചേ പറ്റൂ.
നിയമനടിപടികൾ തീരാനും ശിക്ഷ ഉറപ്പാക്കാനും കാലങ്ങളെടുത്തെന്ന് വരാം. അതിനകം ചെയ്ത തെറ്റിന്റെ കാഠിന്യം മനസ്സിലാക്കാതെ ഇപ്പോഴും അതിനെ ന്യായീകരിച്ചുകൊണ്ടിരിക്കുന്ന (DTPക്കാർക്ക് പറ്റിയ അബദ്ധമാണത്രേ!) സോമനെപ്പോലുള്ള കോപ്പിയടിക്കാർ അഥവാ ‘സോമനടി‘ക്കാർ അവരുടെ വിക്രിയ നിർബാധം തുടർന്നെന്ന് വരും. ആയതിനാൽ ഇത്തരക്കാരെ പൊതുസമൂഹത്തിനും സാഹിത്യലോകത്തിനും പ്രസാധകർക്കും മുന്നിൽ തുറന്നുകാണിക്കാനുള്ള എല്ലാ പ്രയത്നവും തുടർന്നുകൊണ്ടുപോകാനാണ് ഞാനടക്കമുള്ള കോപ്പിയടിക്കപ്പെട്ട സുഹൃത്തുക്കളുടെ പലരുടേയും തീരുമാനം.
അതാത് സമയത്ത് വിവരങ്ങളും വിശേഷങ്ങളും എല്ലാവരേയും അറിയിച്ചുകൊണ്ടിരിക്കുന്നതാണ്. ഇതുവരെയുള്ള സഹകരണത്തിനും ഞങ്ങളിലുള്ള വിശ്വാസത്തിനും ഒരുപാടൊരുപാട് നന്ദി.
—————————————–
ഈ വിഷയത്തിൽ ഇതുവരെ വന്ന വാർത്തകളും പ്രമുഖ പത്രങ്ങളുടേയും ഓൺലൈൻ പത്രങ്ങളുടേയും വാർത്താ ലിങ്കുകളും താഴെ ചേർക്കുന്നു.
1. മലയാളം യു.കെ. – 1
2. മലയാളം യു.കെ. – 2
2. UUKMAL News
3. The News Minute
4. അഴിമുഖം – 1
5. കേരള ഓൺലൈൻ ന്യൂസ്
6. സൌത്ത് ലൈവ് – 1
7. മാധ്യമം ഓൺലൈൻ
8. വൺ ഇന്ത്യ മലയാളം – 1
9. മറുനാടൻ മലയാളി – 1
10. മറുനാടൻ മലയാളി – 2
11. സൌത്ത് ലൈവ് – 2
12. ഈ-മലയാളി
13. ദേശാഭിമാനി ഓൺലൈൻ
14. യു.കെ.മലയാളി
15. വൺ ഇന്ത്യ മലയാളം – 2
17. സമകാലിക മലയാളം ഓൺലൈൻ
18. അഴിമുഖം
19. കേരളകൌമുദി