ചില തനത് ഗുജറാത്തി പലഹാരങ്ങൾ കഴിക്കാൻ ബാക്കി വെച്ചിരുന്നു. ആഷയ്ക്കൊപ്പം തൊട്ടടുത്തുള്ള റസ്റ്റോറന്റിൽ പോയി പ്രാതലായി അതെല്ലാം കഴിച്ചു.
ശേഷം കെട്ടിടത്തിലെ സെക്യൂരിറ്റി ഗാർഡിനെ മണിയടിച്ച് ഭാഗിയുടെ ടാങ്കിൽ വെള്ളം നിറച്ചു.
11:00 മണിയോടെ സൂറത്തിനോട് വിട പറഞ്ഞു. കഴിഞ്ഞ 8 ദിവസങ്ങളായി സ്വന്തം വീട്ടിൽ എന്നപോലെ സ്വാതന്ത്ര്യത്തിൽ ആയിരുന്നു മാക്കോത്ത് കുടുംബത്തിനൊപ്പം കഴിഞ്ഞിരുന്നത്. ഈ യാത്രയിൽ തെലുങ്കാനയിലും സൂറത്തിലും മാക്കോത്ത് കുടുംബം ചെയ്തു തന്നിട്ടുള്ള സഹായങ്ങൾ ചില്ലറയല്ല. പല ദിവസങ്ങൾ ആഷയും സതീഷും എനിക്കൊപ്പം യാത്ര ചെയ്തിട്ടുമുണ്ട്. ആലപ്പുഴയിൽ ദയാൽ സാറിന്റെ അടുത്ത് എന്നെ ആദ്യം കൊണ്ടുപോയതും ആഷയാണ്.
ഇന്ന് മുതൽ ഞാൻ വീണ്ടും തെരുവിന്റെ സന്തതിയാണ്.
സൂറത്തിൽ നിന്നും രണ്ടര മണിക്കൂർ യാത്ര ചെയ്ത് അർജ്ജുൻഗഡ് എന്ന കോട്ടയിലേക്കാണ് ആദ്യം ചെന്ന് കയറിയത്. ഒരു ചെറിയ കുന്നിൻ മുകളിലാണ് കോട്ട നിലകൊള്ളുന്നത്. അതിന്റെ കീഴ്ഭാഗം വരെ ഭാഗി ചെന്നു. തുടർന്ന് 250 പടികളോളം മുകളിലേക്ക് കയറി ചെന്നെത്തുന്നത് കോട്ടയിലേക്കാണ്. കഷ്ടി രണ്ടേക്കളോളം സ്ഥലമാണ് കുന്നിൻ മുകളിൽ ഉള്ളത്. അത് മുഴുവൻ കല്ല്കെട്ടി കോട്ടയാക്കി എടുത്തിരിക്കുന്നു.
* ബഗ്വാഡ കോട്ട എന്നും അർജുൻഗഡിന് പേരുണ്ട്.
* പേഷ്വാഹി കാലഘട്ടത്തിൽ ചിമാജിയപ്പ ആണ് അർജുൻഗഡ് കോട്ട ഉണ്ടാക്കിയത്.
* കോട്ടയുടെ നാല് കൊത്തളങ്ങളിൽ മൂന്നും തകർന്ന അവസ്ഥയിലാണ്.
* കോട്ടയുടെ താഴ്വരയിൽ ഒരു വശത്ത്കൂടി കൊല്ലക് നദി ഒഴുകുന്നു.
* കോട്ടയ്ക്കുള്ളിൽ ഒരു ക്ഷേത്രം ഉള്ളത് നല്ല നിലയിൽ നടന്ന് പോകുന്നുണ്ട്. അങ്ങോട്ട് സഞ്ചാരികൾ വരുന്നുമുണ്ട്.
* ചതുരാകൃതിയിലുള്ള ഒരു കുളവും കോട്ടയുടെ ഉള്ളിൽ ക്ഷേത്രത്തിനോട് ചേർന്ന് ഉണ്ട്.
കോട്ടയുടെ കൂടുതൽ ചരിത്രമൊന്നും ലഭ്യമല്ല.
താഴേക്ക് ഇറങ്ങി വന്നപ്പോൾ ഭാഗിയുടെ പരിസരത്ത് ഒരു നാട്ടുകാരൻ നിൽക്കുന്നു. “കേരളത്തിൽ നിന്നാണല്ലേ?” എന്ന് അദ്ദേഹം എന്നോട് ചോദിച്ചു. രജിസ്ട്രേഷൻ നമ്പർ കണ്ട് വണ്ടിക്കാരൻ്റെ നാട് തിരിച്ചറിയുന്നത് വളരെ ചുരുക്കം ആൾക്കാരാണ്. അത്രയ്ക്ക് വിജ്ഞാനമൊന്നും നല്ലൊരു ശതമാനം ജനത്തിനും ഇല്ല.
കൃഷ്ണ എന്നാണ് അദ്ദേഹത്തിൻ്റെ പേര്. കേരളത്തിലും തമിഴ്നാട്ടിലും കർണാടകയിലും അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. “എന്തായിരുന്നു ജോലി” എന്ന് ചോദിച്ചപ്പോൾ കിട്ടിയ മറുപടി “പവൻചക്കി കമ്പനിയിൽ” എന്നാണ്. തെല്ലൊന്ന് ആലോചിച്ച ശേഷമാണ് പവൻചക്കി എന്താണെന്ന് എനിക്ക് മനസ്സിലായത്. നമ്മുടെ സ്വന്തം കാറ്റാടിയന്ത്രം അഥവാ വിൻഡ്മിൽ!
ഞാൻ കുറച്ചുനേരം അദ്ദേഹവുമായി സംസാരിച്ചു നിന്നു. അദ്ദേഹത്തിന്റെ പേരക്കുട്ടികൾക്ക് ചോക്ലേറ്റ് നൽകി. അവർ സന്തോഷത്തോടെ ചാടിത്തുള്ളി വീട്ടിലേക്ക് ഓടി.
അർജുൻ ഗഡ് കോട്ടയിൽ നിന്ന് ഒന്നരമണിക്കൂർ യാത്രയുണ്ട് പിൻഡ്വൽ കോട്ടയിലേക്ക്. സാമാന്യം വലിയ ഒരു മലമുകളിലാണ് അത് നിലകൊള്ളുന്നത്. അവസാനത്തെ പത്ത് കിലോമീറ്റർ ദൂരം ഹെയർപിന്നുകൾ കയറി മുകളിലേക്ക് പോകണം. റോഡ് വളരെ നല്ലതായത് കൊണ്ട് ഞാൻ പെട്ടെന്ന് മുകളിൽ എത്തി. പക്ഷേ, സമ്മർദ്ദ വ്യതിയാനം കാരണം ചെവി അടഞ്ഞു പോയി.
ഗൂഗിൾ മാപ്പ് മുകളിൽ കൊണ്ടെത്തിച്ച സ്ഥലത്ത് അങ്ങനെയൊരു കോട്ടയോ അതിന്റെ ലക്ഷണമോ ഇല്ല. ഞാനാ പരിസരത്തുള്ള ഇടറോഡുകളിൽ എല്ലാം കയറിയിറങ്ങി. ഒരു വഴി ചെന്നെത്തുന്നത് രാൺവേരി എന്ന ആദിവാസി ഗ്രാമത്തിലാണ്. കൊള്ളാവുന്ന ഒരു സ്കൂളും അവിടെയുണ്ട്.
വഴിവക്കിൽ ഉണ്ടായിരുന്ന ചെറുപ്പക്കാർ പറഞ്ഞത് പ്രകാരം, അവിടെ ഗൂഗിൾ മാപ്പിന് എന്തോ പ്രശ്നമുണ്ട്. മുൻപും ഇതേ കോട്ട അന്വേഷിച്ച് ചിലർ ഇവിടെ വന്നിരുന്നു പക്ഷേ അങ്ങനെയൊരു കോട്ട അവിടെയില്ല.
അഞ്ച് കിലോമീറ്റർ കൂടെ മുന്നോട്ട് പോയാൽ വില്യം ഹിൽ എന്നൊരു കുന്നുണ്ട്. അതല്ലാതെ മറ്റൊന്നും ഇവിടെ ഇല്ല എന്ന് ചെറുപ്പക്കാർ പറഞ്ഞതനുസരിച്ച് ഞാൻ വില്ല്യം ഹില്ലിലേക്ക് പുറപ്പെട്ടു. പക്ഷേ സിഗ്നൽ ഇല്ലാത്തതുകൊണ്ട് മാപ്പ് ഇടാൻ നിവൃത്തിയില്ല. ചോദിച്ചു ചോദിച്ചാണ് പോയത്.
വില്യം ഒരു ചെറിയ കുന്നാണ്. അവിടെ കാറ്റ് കൊള്ളാനും ഫോട്ടോകൾ എടുക്കാനുമായി ആൾക്കാർ വരുന്നുണ്ട്. വാഹനം പാർക്ക് ചെയ്യാൻ 30 രൂപ അവിടെ ഉള്ളവർ ഈടാക്കുന്നു.
പാർക്കിങ്ങിന്റെ ടിക്കറ്റ് കീറുന്ന ഒമ്പതാം ക്ലാസുകാരൻ കർമലിനോട് ഞാൻ കോട്ടയെപ്പറ്റി ചോദിച്ചു. “വരൂ കാണിച്ചു തരാം” എന്ന് പറഞ്ഞ് അവൻ മുന്നിൽ നടന്നു. വലിയ വേഗതയാണ് അവന്റെ നടത്തത്തിന്. 300 പടികൾക്ക് കണക്കായ ഇറക്കത്തിലേക്ക് അവൻ എന്നെ കൊണ്ടുപോയി. ഒന്നര കിലോമീറ്റർ ദൂരമെങ്കിലും പൊയ്ക്കാണും. പെട്ടെന്ന് സിനിമാ സ്റ്റൈലിൽ കൈകൾ രണ്ടും വിടർത്തി ഉയർത്തി അവൻ നിന്നു.
താഴേക്ക് താഴ്വാരത്തിന്റെ മനോഹരമായ കാഴ്ചയാണ്. നന്നായി കാറ്റും വീശി അടിക്കുന്നുണ്ട്. ആ കാഴ്ച കാണാനാണ് അവൻ എന്നെ കൊണ്ടുവന്നത്. അല്ലാതെ അവിടെ കോട്ടയൊന്നും ഒന്നുമില്ല. അവിടെ വരുന്ന സഞ്ചാരികളെ അവൻ അത്തരത്തിൽ കൊണ്ടുപോകുന്നുണ്ടാകാം. ഞാൻ ശരിക്കും നിരാശനായി. പക്ഷേ തൻ്റെ ജോലിക്ക് ഇടയിൽ നിന്ന് അവൻ വന്നത് ചെറിയ കാര്യമല്ലല്ലോ. കുറച്ചു പൈസ അവന് കൊടുത്തപ്പോൾ ആ കണ്ണുകളിൽ തിളക്കം.
നല്ല ഒന്നാന്തരം കാടാണ് അത്. വന്യമൃഗങ്ങൾ ഉണ്ടാകാം. ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കടന്നാണ് ഞാൻ വന്നത്.
“ഇവിടെ വന്യമൃഗങ്ങൾ ഉണ്ടോ?”
“ചീറ്റപ്പുലി ഉണ്ട്.”
“നീ കണ്ടിട്ടുണ്ടോ?”
“ഞാൻ ഇരിക്കുന്ന ഗേറ്റിന്റെ അപ്പുറത്തുള്ള മൊബൈൽ ടവറിന് കീഴെ വരാറുണ്ട്.”
“മനുഷ്യരെ ഉപദ്രവിച്ചിട്ടുണ്ടോ?”
“ഇല്ല. നായ്ക്കളെ പിടിച്ചുകൊണ്ട് പോയിട്ടുണ്ട്. അത്രതന്നെ.”
വന്യമൃഗങ്ങളുള്ള കാട്ടിലാണ് കോട്ട തിരക്കി രണ്ടു ദിവസമായി കയറിയിറങ്ങുന്നത്. “നിനക്ക് തിരുപ്പതി ആയില്ലേ നിരക്ഷരാ?” കുറച്ചുദിവസമായി നിർത്തിവെച്ചിരുന്ന കളിയാക്കൽ അന്തരംഗം വീണ്ടും തുടങ്ങി.
കാണാൻ പറ്റാത്തത് കൊണ്ട് പിൻഡ്വൽ കോട്ട എണ്ണത്തിൽ ചേർക്കുന്നില്ല. സമയം അഞ്ചര മണി. ഇരുള് വീഴുന്നതിന് മുൻപ് ഈ കാട്ടിൽ നിന്ന് പുറത്ത് കടക്കുന്നതാവും ബുദ്ധി. ഇനി പോകാനുള്ളത് ഡമൻ ദ്വീപിന്റെ വശത്തേക്കാണ്. ഒന്നരമണിക്കൂർ യാത്രയുണ്ട്. പക്ഷേ, സിഗ്നൽ ഇല്ലാത്തതുകൊണ്ട് മാപ്പ് കിട്ടുന്നില്ല. ഓർമ്മവെച്ച് ഓടിച്ച് കാട്ടിൽ നിന്ന് പുറത്ത് കടന്നു.
ഡമനിൽ എത്തിയപ്പോഴേക്കും ഇരുള് വീണിരുന്നു. അവസാനത്തെ നാലഞ്ച് കിലോമീറ്റർ വളരെ മോശം റോഡ്. ഒരു ഗ്യാസ് സ്റ്റേഷനിൽ കിടക്കാനുള്ള സൗകര്യം തരപ്പെടുത്തി. ഗജാനൻ റസ്റ്റോറന്റിൽ നിന്ന് അത്താഴവും കഴിച്ചു.
നാളെ രണ്ട് ഡമൻ, ശിവജി പർനേറ എന്നീ കോട്ടകളും ഡമൻ ദ്വീപും കാണാനുണ്ട്. മറ്റന്നാൾ കേരളത്തിലേക്കുള്ള മടക്കയാത്ര ആരംഭിക്കാൻ പറ്റുമെന്ന് കരുതുന്നു.
ശുഭരാത്രി.