രണ്ട് ദിവസമായി ഒരു കാര്യം പറയാൻ മറന്നു. ഭാഗിയിൽ വല്ലാത്ത എലി ശല്ല്യമാണ്. പലപ്പോഴായി 3 എലികളെ പിടിച്ചിട്ടാണ് ഈ അവസ്ഥ. അകത്ത് വെച്ചിരിക്കുന്ന ചെടിയുടെ മണ്ണ് എലി ഇളക്കുന്നത് കാരണം, ഞാൻ അത് ചെറിയ കല്ലുകൾ ഇട്ട് മൂടിയിരുന്നു. ആ കല്ലുകളും വലിച്ച് വെളിയിൽ ഇടാൻ തുടങ്ങി. രാത്രി ഓടി നടക്കുന്നതിന്റേയും കരണ്ട് തിന്നുന്നതിന്റേയും ശബ്ദം എനിക്ക് കേൾക്കാം. വല്ല അസുഖവും വന്നാലോ എന്നതാണ് കൂടുതൽ ഭയം.
തണുപ്പ് നന്നായി കൂടിയത് കൊണ്ട് ഇനിയുള്ള ദിവസങ്ങളിൽ തെർമൽ
വസ്ത്രങ്ങൾ കൂടെ ഇട്ട് ഉറങ്ങേണ്ടി വരും. അത് എടുക്കാൻ വേണ്ടി കിടക്കയുടെ താഴെയുള്ള പെട്ടി തുറന്നപ്പോൾ അതിനകത്തുള്ള സകല സാധനങ്ങളും കരണ്ട് തിന്നിരിക്കുന്നു.
മൂന്നാമത്തെ എലിയെ പിടിക്കുന്ന ദിവസം വരെ ഇങ്ങനെ ഒരു കരണ്ട് തിന്നൽ ഞാൻ കണ്ടിട്ടില്ല. ചില ബാഗുകൾക്ക് ദ്വാരം വീണു. ഗോതമ്പ് പാക്കറ്റും പൊടിയരിയും എല്ലാം കരണ്ടു. ഭാഗ്യത്തിനാണ് കോട്ട സാരികൾ രക്ഷപ്പെട്ടത്. ന്യൂസ് പേപ്പറിൽ പൊതിഞ്ഞു വെച്ചിരുന്ന സാധനങ്ങളെല്ലാം കരണ്ടു.
എനിക്ക് വല്ലാത്ത സങ്കടവും വാശിയും കയറി. ഇന്ന് പ്രത്യേകിച്ച് കെണിയൊന്നും വെക്കാതെ തന്നെ എലിയെ വണ്ടിയിൽ നിന്നും തല്ലി ഓടിക്കാൻ ഞാൻ തീരുമാനിച്ചു.
ഭാഗിയിലുള്ള മുഴുവൻ സാധനങ്ങൾ പുറത്തെടുത്ത് വെച്ചു. അപ്പോൾ ഞാൻ എലിയെ നേരിട്ട് കണ്ടു. പെട്ടികൾക്കിടയിൽ അതിന് അങ്ങോട്ടും ഇങ്ങോട്ടും ഓടാനുള്ള ചെറിയ ദ്വാരങ്ങൾ ഉണ്ട്. അതിലൂടെ നൂണ്ട്, ബാറ്ററിയും ഇൻവെർട്ടറും വെച്ചിരിക്കുന്ന കമ്പാർട്ട്മെന്റിൽ കയറി അവിടെയാണ് ഒളിച്ചിരിക്കുന്നത്. ഞാൻ ആ ദ്വാരങ്ങൾ എല്ലാം അടച്ച് സെർവർ റൂമിൽ ആക്രമണം അഴിച്ചുവിട്ടു. എവിടെയോ ഒരു ചെറിയ മറവിൽ അവൻ ഒളിച്ചിരിക്കുന്നുണ്ട്. എനിക്ക് കാണാനാവുന്നില്ല. ഞാൻ പശയുള്ള ട്രാപ്പ് എടുത്ത് അവിടെ തറയിൽ വെച്ചശേഷം ആ കമ്പാർട്ട്മെൻറ് അടച്ചു.
അൽപ്പനേരത്തിന് ശേഷം പെട്ടെന്ന് അത് തുറപ്പോളുണ്ട് അവൻ ദാ കൺമുമ്പിൽ നിൽക്കുന്നു. എന്നെ കണ്ടതും എതിർവശത്തേക്ക് ഒറ്റച്ചാട്ടം. ചാടി വീണത് പശയിൽ. കർണ്ണി മാത പശയിൽ പ്രതിഷ്ഠയായി.
ഹോട്ടലുടമയുടെ ഭാര്യക്ക് സങ്കടമായി. അവർ അതിനെ പശയിൽ നിന്ന് വേർപെടുത്തി ദൂരെ വെളിയിൽ കൊണ്ടുപോയി കളഞ്ഞു. നാളെ രാവിലെ അവർ എനിക്ക് ബെഡ് കോഫി തരാൻ സാദ്ധ്യതയില്ല. കർണ്ണി മാതയെ പശ വെച്ച് പിടിച്ച കണ്ണിൽ ചോരയില്ലാത്ത സാല മദിരാശി ആണല്ലോ ഞാൻ.
അതിനിടയ്ക്ക് റോഡിന് എതിർവശത്തുള്ള ടയർ കടക്കാരൻ വന്ന് ഭാഗിയുടെ പഞ്ചർ ശരിയാക്കി. ആണി കയറി ട്യൂബ് മുഴുവൻ തുള വീണിരുന്നു. ട്യൂബ് മാറ്റേണ്ടി വന്നു.
അപ്പോഴേക്കും 11 മണി ആയിട്ടുണ്ടായിരുന്നു. 33 കിലോമീറ്റർ ദൂരെയുള്ള രാജ്ഗഡിലേക്കാണ് ഇന്ന് പോകാൻ ഉദ്ദേശിച്ചിരുന്നത്. റസ്റ്റോറന്റിൽ നൈറ്റ് ഷിഫ്റ്റ് ജോലി ചെയ്യുന്ന കുക്ക് രാംലാൽ എൻ്റെ കൂടെ വരാമെന്ന് പറഞ്ഞിരുന്നു. പക്ഷേ വെളുപ്പിന് 4 മണിക്ക് ഡ്യൂട്ടി കഴിഞ്ഞ് അയാൾ ഉച്ചയ്ക്ക് 12 മണി വരെ ഉറങ്ങും. അതുകൊണ്ട് അയാളെ കാത്തുനിൽക്കാതെ ഞാൻ രാജ്ഗഡിലേക്ക് തിരിച്ചു.
രാജ്ഗഡ് പട്ടണത്തിന് നടുവിലുള്ള ഗളികൾക്കിടയിലേക്ക് കടക്കുമ്പോൾ തന്നെ മല മുകളിൽ കോട്ട കാണാം. ഉപേക്ഷിക്കപ്പെട്ട നിലയിലുള്ള കോട്ടയാണ്. കഴിഞ്ഞ ദിവസത്തെ പോലെ, കാട് പിടിച്ചിരിക്കുന്ന കിടക്കുന്ന കുന്ന് കയറണമെന്ന് ഉറപ്പ്.
ഗളികളിലേക്ക് കടന്ന് കോട്ടയിലേക്കുള്ള വഴി ഒരു സ്ത്രീയോട് ചോദിച്ചു. ഉൾനാടൻ പട്ടണങ്ങളിലേക്കും ഗ്രാമങ്ങളിലേക്കും വന്നതിനുശേഷം ഒന്നാന്തരം രാജസ്ഥാനിയാണ് സംസാര ഭാഷ. തട്ടിയും മുട്ടിയും ചിലത് എനിക്ക് മനസ്സിലാകും. ഞാൻ ഹിന്ദിയിൽ ചോദിക്കുന്നത് അവർക്കും പിടികിട്ടുന്നില്ല.
എന്തായാലും കോട്ടയുടെ അടിവാരം വരെ ആ സ്ത്രീ എന്നെ കൊണ്ടുപോയി. അവിടുന്ന് മറ്റൊരു സ്ത്രീയെ പരിചയപ്പെടുത്തിത്തന്നു. ആ സ്ത്രീ അവർ മേച്ചു കൊണ്ടിരുന്ന എരുമകളെ കെട്ടിയിട്ട് മലകയറാൻ തുടങ്ങി. കുത്തനെയുള്ള കയറ്റമാണ്. ഇളകുന്ന മണ്ണും പാറകളും. ഒരു ഭാഗത്ത് ഒന്ന് രണ്ട് വഴികൾ തിരിയുന്നുണ്ട്. അവിടെവച്ച് എനിക്കുള്ള വഴി ചൂണ്ടിക്കാണിച്ച് തന്ന് അവർ തിരിച്ചിറങ്ങി. അവിടം വരെ അവർ എത്തിച്ചില്ലായിരുന്നെങ്കിൽ ഞാൻ മൂന്ന് വഴിയിലും തെറ്റി കറങ്ങുമായിരുന്നു.
അവിടന്നങ്ങോട്ട് ഞാൻ പെട്ടെന്ന് കോട്ട വാതിൽ വരെ കയറിച്ചെന്നു. അകത്ത് മുഴുവൻ കാട് പിടിച്ചു കിടക്കുകയാണ്. എന്നാലും ആടുകൾ കയറിയിറങ്ങുന്നുണ്ടെന്ന് വഴിനീളെ ആട്ടിൻകാട്ടം കണ്ടപ്പോൾ മനസ്സിലായി.
സംഗതി ശരിയാണ്. അകത്ത് കയറി ചെന്നപ്പോൾ മേയുന്ന ആടുകളെ കണ്ടു. അവരുടെ ഉടമസ്ഥനും കൂടെയുണ്ട്. അയാൾ ആടുകളുമായി കോട്ടയിൽ വരും, തുണി അലക്കി ഉണങ്ങാനിടും. അത് ഉണങ്ങിയ ശേഷം എടുത്തണിഞ്ഞ് ആടുകളുമായി കോട്ടയിറങ്ങും. അത് സ്ഥിരം പരിപാടിയാണത്രേ!
കോട്ടയിൽ സാമാന്യം വലിയ ഒരു ജലസംഭരണിയുണ്ട്. അതിൽ നിറയെ വെള്ളവും ഉണ്ട്. ആ വെള്ളമെടുത്താണ് ഇദ്ദേഹം തുണി അലക്കുന്നത്.
പുല്ലുകൾക്കിടയിൽ പാമ്പ് ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ ജലസംഭരണിയിലെ വെള്ളത്തിലുണ്ട് എന്നായിരുന്നു മറുപടി.
* ആൽവാർ സ്റ്റേറ്റിന്റെ സ്ഥാപകനായ രാജാ പ്രതാപ് സിംഗ് നരൂക്ക ആണ് രാജ്ഗഡ് കോട്ട ഉണ്ടാക്കിയത്.
* 1771ൽ പഴയ ആൽവാർ സ്റ്റേറ്റിന്റെ തലസ്ഥാനമായിരുന്നു രാജ്ഗഡ് കോട്ട.
* പിന്നീട്, നിലവിലെ ആൽവാർ കോട്ട എന്ന ബാല കോട്ടയിലേക്ക് തലസ്ഥാനം മാറ്റി.
* ചെറിയൊരു കോട്ടയാണ് രാജ്ഗഡ്. കോട്ടയുടെ മുകളിൽ നിന്നാൽ നഗരം മുഴുവൻ കാണാം.
* തൊട്ടടുത്തുള്ള രണ്ട് മലനിരകളിലേക്കും കൂടെ കോട്ടയുടെ മതിലുകൾ നീളുന്നുണ്ട്. അതിലൊരു മലയിൽ ഗണപതി ക്ഷേത്രമാണ്.
* മറ്റൊരു കുന്നിൻ മുകളിൽ ‘സാത്ത് ചൗക്കി കി ഹവേലി’ എന്ന പ്രേതബാധയുള്ള ഹവേലിയും കാണാം. കോട്ടയിൽ നിന്ന് അങ്ങോട്ട് നേരിട്ട് വഴിയൊന്നുമില്ല. നഗരത്തിൽ ചെന്ന് വഴി അന്വേഷിച്ച് കണ്ടുപിടിച്ചു പോകണം. പക്ഷേ അത് അടഞ്ഞ് കിടക്കുകയാണ്. കയറാൻ മാർഗ്ഗമില്ല എന്നാണ് മനസ്സിലാക്കാനായത്.
എന്തായാലും ആ രണ്ട് സ്ത്രീകൾ വഴി കാണിക്കാൻ വന്നില്ലായിരുന്നെങ്കിൽ, ഇന്ന് ഞാൻ മലമുകളിൽ കയറി ഈ കോട്ട കാണില്ലായിരുന്നു. ഒറ്റക്ക് കയറിയാൽ വഴി തെറ്റുമെന്ന് ഉറപ്പാണ്. വഴി തുടങ്ങുന്നത് എവിടെയെന്നും കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. നാലഞ്ച് സ്ത്രീകൾ വെടിവട്ടം പറഞ്ഞിരിക്കുന്ന സ്ഥലത്ത് നിന്നാണ് ഒരു സ്ത്രീ എനിക്കൊപ്പം വന്നതെന്ന് ഓർക്കണം. തിരിച്ചിറങ്ങുമ്പോൾ അവരോട് രണ്ടുപേരോടും ഒരിക്കൽക്കൂടി നന്ദി പറയണമെന്നുണ്ടായിരുന്നു. പക്ഷേ രണ്ടാളും അവിടെ ഉണ്ടായിരുന്നില്ല.
രാജ്ഗഡ് നഗരത്തിലെ വഴികളിലൂടെ ഒന്ന് ചുറ്റിയടിച്ച ശേഷം ഞാൻ ആൽവാറിർ എത്തി ഒരു ഗ്രോസറി ഷോപ്പ് കണ്ടുപിടിച്ച് അത്യാവശ്യ സാധനങ്ങൾ വാങ്ങി. രാജസ്ഥാനിൽ വന്നിട്ട് ഇന്ന് ആദ്യമായിട്ടാണ് ഒരു കടയിൽ ഞാൻ ബ്രഡ് കാണുന്നത്. ബ്രഡ് രാജസ്ഥാനികളുടെ ഭക്ഷണ സംസ്കാരത്തിൽ ഇല്ലേയില്ല എന്നാണ് ഞാൻ കരുതിയിരുന്നത്. ജയ്പൂരിൽ പോലും ഒരിടത്തും ഞാൻ ബ്രഡ് കണ്ടിട്ടില്ല. ഇവിടത്തെ ഭക്ഷണ സംസ്കാരത്തെപ്പറ്റി വേറൊരു കുറിപ്പ് വിശദമായി പിന്നീട് എഴുതുന്നുണ്ട്.
തൽക്കാലം രാത്രി ഭക്ഷണത്തിന് നവരത്നയിൽ എന്ത് കിട്ടുമെന്ന് നോക്കട്ടെ.
ശുഭരാത്രി.