രാവിലെ 10 മണിയോടെ കുംഭൽഗഡിനോട് വിടപറഞ്ഞ് വീണ്ടും ഉദയ്പൂരിലേക്ക് പുറപ്പെട്ടു. അതിന് മുന്നേ റസ്റ്റോറൻ്റ് ഉടമ ആകാശിനോട് സംസാരിക്കാൻ തോന്നിയത് എത്ര നന്നായി. പോകുന്ന വഴിയിൽ ചെറിയ ഒരു വ്യതിയാനം വരുത്തിയാൽ ഗോഗുണ്ട കോട്ട (കോട്ടൽ) കാണാമത്രേ! ഉദയ്പൂരിൽ എത്തിയ ശേഷം അടുത്ത സ്ഥലത്തെപ്പറ്റി ആലോചിക്കാം എന്ന് കരുതിയിരുന്ന എനിക്കത് വലിയ സമയലാഭമായി.
56 കിലോമീറ്ററിൽ 40 കിലോമീറ്ററോളം നാലുവരി ദേശീയപാതയിലൂടെയാണ് സഞ്ചാരം. പക്ഷേ ഗോഗുണ്ടയിൽ എത്തിയ ശേഷം കോട്ട കണ്ടുപിടിക്കാൻ സാധാരണത്തേത് പോലുള്ള ബുദ്ധിമുട്ടുകൾ നേരിട്ടു. പക്ഷേ, ഇതിനെയൊക്കെ ബുദ്ധിമുട്ട് എന്ന് പറയുന്നത് അനീതിയാകും. ഇക്കണ്ട കോട്ടകൾ ഉണ്ടാക്കുന്ന കണക്ക് വെച്ച് നോക്കിയാൽ, GPS സംവിധാനമൊക്കെ ഉണ്ടായിട്ടും അതിലേക്ക് എത്താൻ പറ്റുന്നില്ല എന്ന് പറയുന്നത് തീരെ ശരിയല്ല.
ഇടുങ്ങിയ വഴികളിലൂടെ ഭാഗിയെ കൊണ്ടുപോയിപ്പോയി അവസാനം അങ്ങോട്ട് ഇനിയൊരിഞ്ച് പോകില്ല എന്ന അവസ്ഥയിലുള്ള ഒരു റോഡിൽ, മുന്നിൽ നിന്നും പുറകിൽ നിന്നും ഇരുചക്രവാഹനങ്ങൾ യാതൊരു പൊതുബോധവും ഇല്ലാതെ കുത്തിക്കയറ്റി വന്നപ്പോൾ, 200 മീറ്റർ ആ ഇടുങ്ങിയ വഴിയിലൂടെ ഭാഗിക്ക് പിന്നോട്ട് നീങ്ങേണ്ടി വന്നു. പിന്നെ വീണ്ടും ദേശീയപാതയിൽ ചെന്ന് മറ്റൊരു വഴി നാട്ടുകാരോട് ചോദിച്ച് മനസ്സിലാക്കിയാണ് അവൾ ലക്ഷ്യത്തിൽ എത്തിയത്.
കോട്ടയ്ക്ക് സമാനമായ വാതിൽ. അതിൽത്തട്ടി ശബ്ദം ഉണ്ടാക്കിയപ്പോൾ കിളിവാതിൽ തുറന്ന് പാറാവുകാരൻ തലപുറത്തേക്കിട്ടു. ഫൈഫ് സ്റ്റാർ ഹോട്ടലാണ്, കുറഞ്ഞ പക്ഷം എന്തെങ്കിലും അവിടത്തെ റസ്റ്റോറൻ്റിൽ നിന്ന് കഴിക്കുന്നുണ്ടെങ്കിൽ മാത്രമേ പ്രവേശനം അനുവദിക്കൂ എന്നാണ് കക്ഷിയുടെ നിലപാട്. മാനേജരോട് സംസാരിക്കണമെന്നായി ഞാൻ. മാനേജർ വന്നപ്പോൾ, പട പേടിച്ച് പന്തളത്ത് ചെന്നപ്പോൾ അവിടൊരു പ്രശ്നവുമില്ല എന്ന അവസ്ഥ.
അദ്ദേഹം ഹോട്ടലിന് അകം മുഴുവൻ നടന്ന് കാണാനും പടമെടുക്കാനുമുള്ള അനുവാദം തന്നു. എല്ലാം കണ്ട് കഴിഞ്ഞ് തിരികെ റിസപ്ഷനിൽ വരുമ്പോൾ കോട്ടയുടെ ചരിത്രം പ്രിൻ്റ് ചെയ്തത് തരാമെന്നും പറഞ്ഞു. ഒറ്റ നിബന്ധന മാത്രം. മൊബൈൽ ഫോണിൽ മാത്രമേ പടങ്ങളും വീഡിയോയും എടുക്കാൻ പാടുള്ളൂ. ഞാൻ വീഡിയോയും പടങ്ങളും എടുക്കുന്നത് വൺ+10ൻ്റെ ഒരു മൊബൈൽ ഫോണിലാണ്. വലിയ ലെൻസുള്ള ക്യാമറകൾക്ക് പലയിടത്തും നിരോധനമുള്ളപ്പോൾ ഈ യാത്രയിൽ മൊബൈൽ ക്യാമറ തന്നെയാണ് ഉചിതം. 4K യിൽ കാര്യം സാധിക്കാൻ പോന്ന ഇത്തരം ക്യാമറകൾ പോക്കറ്റിൽ ഒതുങ്ങി കിടക്കുകയും ചെയ്യും. പോരാത്തതിന് ഞാനത്ര വലിയ ക്യാമറാ മനുഷ്യനുമല്ല.
1567ൽ നിർമ്മിച്ചതാണ് കോട്ട. മഹാറാണ പ്രതാപും മുഗൾ ചക്രവർത്തി അക്ബറും ഈ കോട്ടയിൽ വെച്ച് പോരാടിയിട്ടുണ്ട്.
ഒരിക്കൽ മേവാറിൻ്റെ താൽക്കാലിക തലസ്ഥാനമായിരുന്നു ഗോഗുണ്ട. അക്ബർ ചിറ്റോർഗഡ് കീഴടക്കിയപ്പോൾ മഹാറാണ ഉദയ്സിങ്ങിനും കുടുംബത്തിനും പലായനം ചെയ്ത് അൽപ്പകാലം മാറി നിൽക്കേണ്ടി വന്നു. അക്കാലത്ത് രാജകുടുംബം ഗോഗുണ്ട കോട്ടയും അതിനകത്തെ കൊട്ടാരവുമാണ് ഉപയോഗിച്ചത്. ഉദയ്സിങ്ങിൻ്റെ മകനായ പ്രതാപ്സിങ്ങ് ജനിച്ചത് കുംബൽഗഡ് കോട്ടയിലാണെന്ന് മുൻപ് പറഞ്ഞിരുന്നല്ലോ? (ആ മുറിയുടെ ചിത്രവും പങ്കുവെച്ചിരുന്നു.) മഹാറാണ പ്രതാപിൻ്റെ സ്ഥാനാരോഹണ ചടങ്ങ് നടന്ന സ്ഥലം കോട്ടയിൽ നിന്ന് അധികം ദൂരത്തല്ല.
ചുരുക്കിപ്പറഞ്ഞാൽ ഒരുപാട് ചരിത്രപ്രാധാന്യമുള്ള കോട്ടയാണ് ഗോഗുണ്ട. ഇതിൽ എനിക്ക് പ്രവേശനം കിട്ടിയിരുന്നില്ലെങ്കിൽ വലിയ നഷ്ടമാകുമായിരുന്നു. ഹോട്ടലിന് കൂടെ പ്രയോജനമുണ്ടാകുന്ന തരത്തിൽ ആരെങ്കിലും കോട്ടയെന്നോ കൊട്ടാരമെന്നോ പറഞ്ഞ് കാണാൻ വന്നാൽ എതിർപ്പൊന്നും കാണിക്കാതെ ചുറ്റിനടന്ന് കാണാൻ അനുവദിക്കണമെന്ന്, നിലവിൽ ഈ ഹോട്ടലിൻ്റെ ഉടമസ്ഥർ തീരുമാനമെടുത്തിട്ടുണ്ടാകാം. ഗുജറാത്ത് സ്വദേശികളാണെങ്കിലും മുംബൈയിൽ സ്ഥിരതാമസക്കാരും കർണ്ണാടകയിൽ ഖനന വ്യവസായം ചെയ്യുന്നവരുമായ പായൽ ഗാന്ധിയും സഹോദരി മേയൽ ഗാന്ധിയുമാണ് ഹോട്ടലിൻ്റെ ഉടമസ്ഥർ. അവരോടാണാണ് ഇന്ന് നന്ദി അറിയിക്കാനുള്ളത്. അവരുടെ മെയിൽ ഐഡി വഴി ഞാനത് വൈകാതെ അറിയിക്കുകയും ചെയ്യും.
കോട്ടയുടെ മുകളിൽ ചില ഭാഗങ്ങളിൽ മിനുക്കുപണികൾ നടക്കുന്നുണ്ട്. 30 സൂട്ട് റൂമുകൾ അടക്കം 40 മുറികളാണ് ഈ പഞ്ചനക്ഷത്ര ഹോട്ടലിനുള്ളത്. സ്പാ, നീന്തൽക്കുളം, ക്ഷേത്രം, റസ്റ്റോറൻ്റ്, ബാർ, എന്നിങ്ങനെ പഞ്ചനക്ഷത്ര ഹോട്ടലിന് വേണ്ട എല്ലാ സൗകര്യങ്ങളുമുള്ള കോട്ട.
വിൻഡേജ് കാറുകൾ, കൈവണ്ടികൾ, ചെറുതും വലുതുമായ പീരങ്കികൾ, രാജകീയ ഉരുപ്പിടികൾ, അതിശയിപ്പിക്കുന്ന കൊത്തുപണികളുള്ള വാതിലുകൾ, കല്ലിൽ കൊത്തിയ ജനലുകൾ എന്നിങ്ങനെ രാജകീയമാണ് കോട്ടയ്ക്കുള്ളിലെ കാഴ്ച്ചകൾ. ഞാൻ ആവശ്യത്തിലേറെ പടങ്ങളെടുത്തു. ആരും എന്നെ ശല്യപ്പെടുത്തുകയോ ഞാൻ ആരെന്ന് ചോദിക്കുകയോ ചെയ്തില്ല. ചുരുക്കിപ്പറഞ്ഞാൽ, ഹോട്ടലാക്കി മാറ്റിയ കോട്ട ഒരെണ്ണത്തിൽ മതിവരുവോളം കറങ്ങി നടക്കുന്നതും പടങ്ങളെടുക്കുന്നതും ഇന്നാദ്യമായി ഗോഗുണ്ട കോട്ടയിലാണ്. ഈ ആദ്യാനുഭവം തന്നതിനാൽ നിൻ്റെ പേര് പ്രത്യേകമായി ഞാൻ സ്മരിക്കുന്നതായിരിക്കും.
മടങ്ങുന്നതിന് റിസപ്ഷനിൽ ചെന്ന് മാനേജരെ കണ്ട് നന്ദി അറിയിച്ചു. അദ്ദേഹം കോട്ടയുടെ ചരിത്രവും പ്രാദേശിക ചരിത്രകാരന്മാർ കോട്ടയെപ്പറ്റി എഴുതിയ എല്ലാ കഥകളുമടങ്ങുന്ന രേഖകൾ എനിക്ക് നൽകി. അതിലുള്ള മുഴുവൻ കാര്യങ്ങൾ ഉടനെ തന്നെ ഈ കുറിപ്പിൽ പങ്കുവെക്കാൻ എനിക്കാവില്ല. കാരണം അത് മുഴുവൻ ഹിന്ദിയിലാണ്. അക്ഷരാഭ്യാസം ഇല്ലെങ്കിലും ഹിന്ദി വായിക്കാൻ എനിക്കറിയാം. പക്ഷേ ഉടനെ അത് വായിച്ച് നെല്ലും പതിരും തിരിച്ചെടുത്ത് ഇവിടെ പറയാൻ സമയക്കുറവുണ്ട്. പോക്ക് കണ്ടിട്ട് രാജസ്ഥാനിലെ കോട്ടകൾ എന്നൊരു പുസ്തകത്തിനുള്ള സാദ്ധ്യത തെളിഞ്ഞ് വരുന്നുണ്ട്. നിങ്ങൾക്ക് ഭാഗ്യമുണ്ടെങ്കിൽ എൻ്റെ പേരിൽ അത് പബ്ലിഷ് ചെയ്ത് വരുന്നതിന് മുന്നേ പുസ്തക രൂപത്തിൽ വേറെ ചില സ്ഥലങ്ങളിൽ നിന്ന് അത് കിട്ടിയെന്നും വരാം.
കോട്ടകളിലേക്ക് കയറിച്ചെന്നാൽ പിന്നെയെനിക്ക് വിശപ്പില്ല. ഉച്ചയ്ക്ക് ഒന്നും കഴിച്ചിട്ടില്ല. മൂന്നര മണി കഴിഞ്ഞത് അറിഞ്ഞതുമില്ല. വീണ്ടും 35 കിലോമീറ്ററോളം ദൂരമുണ്ട് ഉദയ്പൂരിലേക്ക്. ഇന്നിനി അത്താഴം മാത്രമേയുള്ളൂ.
ഉദയ്പൂരിൽ എത്തിയപ്പോൾ കജ്രി ഹോട്ടലിൻ്റെ ജനറൽ മാനേജർ സുനിൽ സ്ഥലത്തുണ്ട്. നാളെ ഞാൻ പോകുന്നത് ചിറ്റോറിലേക്കാണെന്ന് ഇന്നലെത്തന്നെ അദ്ദേഹത്തെ അറിയിച്ചിരുന്നു. ചിറ്റോർഗഡ് കോട്ടയിൽ രാജസ്ഥാൻ ടൂറിസത്തിൻ്റെ റസ്റ്റോറൻ്റുണ്ട്. അതിൻ്റെ പരിസരത്ത് കോട്ടയിൽത്തന്നെ ഭാഗിക്ക് തങ്ങണമെങ്കിൽ അങ്ങനെ, അല്ലെങ്കിൽ അവരുടെ ഹോട്ടലിൻ്റെ കാമ്പസിൽ തങ്ങണമെങ്കിൽ അങ്ങനെ. എങ്ങനെ വേണമെങ്കിലും ആകാനുള്ള കാര്യങ്ങൾ, അവിടത്തെ മാനേജർ രവി ചതുർവേദിയെ വിളിച്ച് പറഞ്ഞ് ഏർപ്പാടാക്കി കഴിഞ്ഞിരിക്കുന്നു സുനിൽ.
എനിക്ക് ബലമായ സംശയമുണ്ടിപ്പോൾ. ആൽക്കെമിസ്റ്റ് പറഞ്ഞ ഗൂഢാലോചന പ്രപഞ്ചമാകെ നടത്തിക്കൊണ്ടിരിക്കുകയാണെന്ന് തോന്നുന്നു, കോട്ടകൾ കാണാൻ വേണ്ടിയുള്ള എൻ്റെ ഈ യാത്രയ്ക്ക് അനുകൂലമായി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofindia
#fortsofrajasthan
#boleroxlmotorhome
#motorhomelife