daythree-014

ആ ചിരിയുടെ രഹസ്യം ??


2003 ജൂണിലാണ്‌ ആദ്യമായി ഇംഗ്ലണ്ടിലേക്ക് പോകുന്നത് . ഉദ്യോഗസംബന്ധമായിട്ടായിരുന്നതുകൊണ്ട് കൂടെ സഹപ്രവര്‍ത്തകനും , സുഹൃത്തുമായ ചങ്കരന്‍കുളത്തുകാരന്‍ നിഷാദും ഉണ്ടായിരുന്നു. വിചാരിച്ച അത്രയും ബുദ്ധിമുട്ടില്ലാതെ അബുദാബിയിലെ യു.കെ.എംബസിയില്‍ നിന്നും 6 മാസത്തേക്കുള്ള വിസ അടിച്ചുകിട്ടി. ഗള്‍ഫ് എയറിലായിരുന്നു യാത്ര. അബുദാബി എയര്‍പോര്‍ട്ടില്‍ ചെന്നപ്പോള്‍ ഫ്ലയ്‌റ്റ് ഓവര്‍ ബുക്കിങ്ങ് ആയിരിക്കുന്നു. പോകാന്‍ പറ്റുമെന്ന് ഒരു ഉറപ്പുമില്ല. അവസാനം 3 മണിക്കൂര്‍ വൈകിയിട്ടാണെങ്കിലും ഒരുവിധത്തില്‍ യാത്ര ആരംഭിച്ചു.

Sondex എന്ന കമ്പനി നല്‍ക്കുന്ന ട്രെയിനിങ്ങാണ്‌ യാത്രയുടെ ലക്ഷ്യം . റെഡ്ഡിങ്ങിലെ ഒരു ഹോട്ടലിന്റെ കോണ്‍ഫറന്‍സ് ഹാളില്‍ വച്ചായിരുന്നു ട്രെയിനിങ്ങ്‌. താമസം ഹോളിഡേ ഇന്നില്‍ . രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണി വരെ പരിശീലനം തന്നെ. ട്രെയിനിങ്ങിനിടയ്ക്ക് , ചിലപ്പോള്‍ പരിശീലകന്‍ നിക്ക് റിയാന്റെ വക ഒരു ചോദ്യമുണ്ട്.
” It’s so hot here. Anybody joining me for a beer ?”
ആരോടാണ്‌ ചോദിക്കുന്നത് ? കേള്‍ക്കേണ്ട താമസം ഞാന്‍ റെഡി.
11 പേരുള്ള ക്ലാസ്സില്‍നിന്ന് ഞാനടക്കം മൂന്നാലുപേര്‍ നിക്ക് റിയാനു്‌ കമ്പനി കൊടുക്കും . തെരുവിന്റെ മറുവശത്തുള്ള പബ്ബില്‍ നിന്ന് വയറുനിറയെ ബിയറും കുടിച്ച് വീണ്ടും ഹാളില്‍ വന്നിരിക്കും , പഠിക്കാന്‍ . നിഷാദിന്‌ ബിയര്‍ ഹറാമായതുകൊണ്ട് അവനിത് നോക്കിനില്‍ക്കും , പടമെടുക്കും , . അത്രതന്നെ. ദാ ഒരു പടം കണ്ടോളൂ.

ഒരാഴ്ചനീണ്ടുനിന്ന പരിശീലനത്തിന്റെ അവസാനദിവസം , Sondex ന്റെ ചിലവില്‍ ലണ്ടന്‍ മുഴുവന്‍ കൊണ്ടുപോയി കാണിച്ചു നിക്ക് റിയാന്‍ . ബിഗ്ഗ് ബെന്‍ , പാര്‍ലിമെന്റ് ഹൌസ് , വെസ്റ്റ് മിനിസ്റ്റര്‍ അബ്ബെ , ബക്കിങ്ങ്ഹാം പാലസ്, ട്രഫാള്‍ഗര്‍ സ്ക്വയര്‍ , പ്രസിഡന്റിന്റെ വീടിനു മുന്നില്‍, അങ്ങിനെ എല്ലായിടത്തും കറങ്ങിനടന്നു. ചില ചിത്രങ്ങള്‍ കണ്ടോളൂ.

(ഈ വലിയ ക്ലോക്ക് ടവറിനെയാണ്‌ ബിഗ്ഗ് ബെന്‍ എന്നുവിളിക്കുന്നത്. )

(ഈ ജൈന്റ് വീല്‍ -ലണ്ടണ്‍ ഐ – കറങ്ങുന്നത് പതുക്കെയാണെങ്കിലും, എനിക്ക് ഇത്തരം സാധനങ്ങളില്‍ കയറുന്നത് പേടിയായതുകൊണ്ട്, അതൊഴിവാക്കി.)

(ടോണി ബ്ലയറിന്റെ വീടിനുമുന്നിലെ ഒരു പ്രതിഷേധക്കാരന്റെകൂടെ ഞങ്ങളും കൂടി.)

(ട്രഫാള്‍ഗര്‍ സ്ക്വയറിലെ ഫൌണ്ടന്‍ )

കാഴ്ച്ചകള്‍ കണ്ടുനടക്കുന്നതിനിടയ്ക്ക് , പുറത്ത് ചൂട് കൂടുതലാണെന്ന് പറഞ്ഞ് ബിയറും വാങ്ങിത്തന്നു നല്ലവരില്‍ നല്ലവനായ നിക്ക് റിയാന്‍ . ബക്കിങ്ങ്ഹാം പാലസിന്റെ വെളിയിലെ ‘ചേന്‍ച് ഓഫ് ഗാര്‍ഡ് ‘കാണേണ്ട ഒരു കാഴ്ചതന്നെയായിരുന്നു. ഒന്നുരണ്ട് ഫോട്ടോകള്‍ കണ്ടോളൂ.

പാലസിന്റെ മുന്‍പില്‍ നിന്നപ്പോള്‍ ആലോചിച്ചതിങ്ങനെയാണ്‌. ഈ കെട്ടിടം കേന്ദ്രമാക്കി എത്ര എത്ര രാജ്യങ്ങളാണ്‌ ഭരിക്കപ്പെട്ടിരുന്നത് ??!
രാത്രി ഭക്ഷണം ഒരു ചൈനീസ് റസ്റ്റോറന്റില്‍ നിന്നായിരുന്നു. അവിടെയും യഥേഷ്ടം ബിയര്‍ വാങ്ങിത്തന്നു നിക്ക് റിയാന്‍ .
ഒരാഴ്ചത്തെ പരിശീലനം കഴിഞ്ഞ് ചില സുഹൃത്തുക്കളുടെ വീടുകളൊക്കെ സന്ദര്‍ശിച്ചു. സഹപാഠിയും സഹമുറിയനുമായിരുന്ന ജോഷിയുടെ വീടിന്റെ പിന്നാമ്പുറത്ത് മറ്റൊരു സഹപാഠിയായ ശ്രീകുമാറിന്റെയും , കോളേജിലെ ഒരു കായിക താരമായിരുന്ന രാജീവന്‍ രാമത്തിന്റേയും ഒക്കെ ഒരുമിച്ച് ആഘോഷിച്ച ബാര്‍ബക്യൂ പാര്‍ട്ടി ഇന്നും മനസ്സില്‍ പച്ചപിടിച്ചുനില്‍ക്കുന്നു.
നാട്ടുകാരനായ നാരായണന്‍ എന്ന നാരപ്പന്റെ ഹമല്‍ ഹമസ്റ്റഡിലിള്ള വീട്ടിലും ഒരു ദിവസം തങ്ങി. ‘കൊച്ചിന്‍ ‘ എന്നുപേരുള്ള രണ്ട് ഇന്ത്യന്‍ റസ്റ്റോറന്റിസിന്റെ ഉടമസ്ഥനാണ്‌ നാരപ്പന്‍ . റസ്റ്റോറന്റിന്റെ ഉള്‍വശം കണ്ടോളൂ.

മടങ്ങുന്നതിനുമുന്‍പൊരു ദിവസംകൂടെ ലണ്ടനില്‍ കറങ്ങി. കണ്ടിട്ടും കണ്ടിട്ടും തീരാത്ത നഗരക്കാഴ്ചകള്‍ നന്നായി ചുറ്റിനടന്ന് കണ്ടു. ടവര്‍ ബ്രിഡ്ജിന്റെ മുന്‍പില്‍ പോയിനിന്ന് പടമെടുത്തു.

മാഡം ടുസ്സോട്ടിന്റെ വാക്സ് മ്യൂസിയത്തില്‍ കുറെയധികം സമയം ചിലവഴിച്ചു. ഇന്ദിരാഗാന്ധി , ഫിഡല്‍ കാസ്ടോ, അഡോള്‍ഫ് ഹിറ്റ്ലര്‍ , മറിലിന്‍ മണ്‍റോ, അമിതാഭ് ബച്ചന്‍ , ആര്‍നോള്‍ഡ് ” ശിവശങ്കരന്‍ ” , ജനിഫര്‍ ലോപ്പസ് , തുടങ്ങി ജീവിച്ചിരിക്കുന്നതും , മരിച്ചുപോയതുമായ സകല മഹാത്മാക്കളുടേയുംകൂടെ നിന്ന് ക്യാമറയിലെ ബാറ്ററി തീരുന്നതുവരെ ഫോട്ടോകളെടുത്തു.

മടക്കയാത്രയില്‍ ബേക്കര്‍ സ്ടീറ്റില്‍ എന്തിനോവേണ്ടി ഇറങ്ങിയപ്പോള്‍ കൌതുകം ജനിപ്പിക്കുന്ന ആ കാഴ്ച്ച കണ്ടു. ഷെര്‍ലാക്ക് ഹോമ്സിനെപ്പോലെ വേഷം കേട്ടിയ ഒരു കക്ഷിയതാ ജനങ്ങളുടെയിടയിലൂടെയെല്ലാം കറങ്ങിനടക്കുന്നു. ദേ പിടിച്ചോ അതിയാന്റെ പടം .

മറ്റുചില നഗരക്കാഴ്ച്ചകളും കൂടെ കണ്ടോളൂ.
(സിനിമാ തീയറ്ററിനുമുന്‍പിലെ തിരക്ക് )
(ഭിക്ഷക്കാര്‍ എല്ലാ രാജ്യത്തുമുണ്ട് . ഭിക്ഷാപാത്രം മുന്‍പില്‍ വച്ച് റേഡിയോയില്‍ സംഗീതവും കേട്ടുറങ്ങുന്ന ഒരു സ്റ്റൈലന്‍ ഭിക്ഷാംദേഹി.)
(ഒരു തെരുക്കൂത്തുകാരന്‍ )
ദിവസങ്ങള്‍ കഴിഞ്ഞുപോയതറിയില്ല. മടക്കയാത്രയ്ക്കുള്ള സമയമായിരിക്കുന്നു. കാഴ്ച്ചകള്‍ മുഴുവനുമൊന്നും കണ്ടിട്ടില്ലെന്നറിയാം . ഔദ്യോഗിക സന്ദര്‍ശനത്തിനിടയില്‍ ഇത്രയുമൊക്കെ കറങ്ങാന്‍ പറ്റിയതുതന്നെ ഭാഗ്യം . പിന്നീടൊരിക്കല്‍ വീണ്ടും വരണം . കുറെക്കൂടെ വിശാലമായി കറങ്ങണം.
ഇതിനിടയില്‍ ഒരു കാര്യം പറയാന്‍ മറന്നുപോയി.
നിഷാദുമായി ഒരിക്കല്‍ തെരുവിലൂടെ നടക്കുമ്പോള്‍ ജനങ്ങളുമുഴുവന്‍ ഞങ്ങളെത്തന്നെ ശ്രദ്ധിക്കുന്നു. ചിലര്‍ നോക്കിച്ചിരിക്കുന്നുമുണ്ട് . അതെ കളിയാക്കിച്ചിരി തന്നെ. അതാ ചില കുട്ടികള്‍ കൈചൂണ്ടിക്കാണിക്കുന്നു. അയ്യേ!! ഇവരെന്താ ഇങ്ങിനെ? സാധാരണ സായിപ്പിങ്ങിനെയൊന്നുമല്ലല്ലോ?!
മറ്റുള്ളവരെയൊന്നും ശ്രദ്ധിക്കുകപോലുമില്ലല്ലോ!! കൈ ചൂണ്ടിക്കാണിക്കുകയെന്നാല്‍ വല്ല്യ അപരാധമല്ലെ സായിപ്പിന്റെ നാട്ടില്‍ . എന്നിട്ടിപ്പോളെന്താ ഇങ്ങനെ? ഞങ്ങളാകെ അങ്കലാപ്പിലായി.
“ടേയ് നിഷാദേ, നമ്മളെങ്ങാനും പാന്റിന്റെ സിപ്പിടാന്‍ മറന്നോ?! ശരിക്കൊന്ന് നോക്കിക്കേ”
പിന്നേ……ഇവിടെ നേരെ ചൊവ്വേ തുണിപോലും
ഉടുക്കാതെ എത്രയെണ്ണമാണ്‌ റോഡുമുഴുവന്‍ അഴിഞ്ഞാടി നടക്കുന്നത് . അതിനിടയില്‍ നമ്മളിപ്പോ ഒരു സിപ്പിട്ടില്ലെങ്കിലെന്താ എന്ന ഭാവത്തിലാണ്‌ നിഷാദ്.
എന്തായാലും അധികനേരം പിടിച്ചുനില്‍ക്കാന്‍ ഞങ്ങള്‍ക്ക് പറ്റിയില്ല. വേഗം ഹോട്ടല്‍ മുറിയില്‍ക്കയറി വാതിലടച്ചേക്കാം . ഒരു കുഴപ്പമുണ്ടെന്ന് ഞങ്ങള്‍ക്ക് സ്വയം തോന്നിയത് ഞങ്ങളുടെ വേഷമായിരുന്നു. രണ്ടുപേരും നീല ജീന്‍സ് , വെളുത്ത ടി-ഷര്‍ട്ട്, അതിമുകളില്‍ ഒരു കൈയില്ലാത്ത ഓറന്ചു നിറത്തിലുള്ള മേല്‍ക്കുപ്പായം . ഇംഗ്ലീഷുകാര്‍ക്ക് ചൂടുകാലമാണെങ്കിലും , വൈകുന്നേരമാകുമ്പോളേക്ക് ഞങ്ങള്‍ക്ക് ചെറിയ തണുപ്പ് തോന്നിയതുകൊണ്ടാണ്‌ മേല്‍ക്കുപ്പായം വലിച്ചിട്ടത് . അല്ലെങ്കില്‍ , അതിനി വല്ല സ്വവര്‍ഗ്ഗപ്രേമികളുടേയും ഡ്രസ്സ് കോഡോ മറ്റോ ആണോ?!
ആണെങ്കിലെന്താ? ഇവരുടെ നാട്ടില്‍ സ്വവര്‍ഗ്ഗാനുരാഗവും , അവറ്റകളുടെ കല്യാണവും വരെ ഒരു പാപമൊന്നുമല്ലല്ലോ?!. അതിനെന്താ ഇത്ര നോക്കിച്ചിരിക്കാന്‍ ?
എതിരെവന്ന ഒരു സായിപ്പിനെ തടഞ്ഞുനിര്‍ത്തി ഞങ്ങളുടെ ഒരു ഫോട്ടൊ എടുപ്പിച്ചു. ഫോട്ടൊ എടുക്കുമ്പോള്‍ , അങ്ങോരും ചിരിക്കുന്നുണ്ടോ എന്ന് ശ്രദ്ധിച്ചുനോക്കി. ഏയ് അതിയാന്‍ ചിരിക്കുന്നൊന്നുമില്ല. ചിലപ്പോള്‍ ഞങ്ങള്‌ സ്ഥലംവിട്ടതിനുശേഷം അറഞ്ഞുചിരിച്ച് കുടല്‌ വെളിയില്‍ വന്നുകാണും!!
എന്തായാലും ശരി, ആ ചിരികളുടെ പൊരുള്‍ ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നു.ഇനി നിങ്ങളുതന്നെ കണ്ടിട്ടു പറ. എന്തെങ്കിലും കുഴപ്പമുണ്ടോ ??
ഫോട്ടൊ ദാണ്ടെ താഴെ ഇട്ടിരിക്കുന്നു.

Comments

comments

21 thoughts on “ ആ ചിരിയുടെ രഹസ്യം ??

 1. നന്ദി…

  ഫോട്ടോകളില്‍ ക്ലിക്കുമ്പോള്‍ വലിയ ചിത്രം കിട്ടുന്നില്ല. അപ്‌ലോഡ് ചെയ്തശേഷം ഫോട്ടോകള്‍ മൌസ് ഉപയോഗിച്ച് വലിച്ച് ഉദ്ദേശിച്ച സ്ഥലത്ത് കൊണ്ട് ഇട്ടാല്‍ പിന്നെ ഫോട്ടോകളില്‍ ക്ലിക്ക് ചെയ്താല്‍ വലിയ ഫോട്ടോ കിട്ടില്ല. എഡിറ്റ് html എന്നതില്‍ പോയി ലിങ്ക് കട്ട് പേസ്റ്റ് ചെയ്യുകയോ അല്ലെങ്കില്‍ ലോഡ് ചെയ്യുന്നതിനു മുന്‍പു തന്നെ ഫോട്ടോകളുടെ ഓര്‍ഡ്ര് തീരുമാനിച്ച ശേഷം റിവേഴ്സ് ഓര്‍ഡറില്‍ അപ്‌ലോഡ് ചെയ്തശേഷം ടെക്സ്റ്റ് ആവശ്യമുള്ള സ്ഥലത്ത് ടൈപ്പ് ചെയ്യുകയോ ആണ് ഞാന്‍ ചെയ്യുന്നത്. എനിക്കും ഇത് പറ്റിയിട്ടുണ്ട്. ഇതല്ലാതെ നല്ല വഴികള്‍ ഉണ്ടെങ്കില്‍ ആരെങ്കിലും പറഞ്ഞു തരുമല്ലോ…

 2. നന്ദി ഞാനല്ലേ പറയേണ്ടത് മൂര്‍ത്തീ, ഇത്രയും വിലപിടിച്ച നിര്‍ദ്ദേശങ്ങള്‍ തന്നതിന്‌. ഉടനെതന്നെ ഈ തന്ന നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ഫോട്ടോ വലുതാക്കാനുള്ള നീക്കങ്ങള്‍ നടത്താം .

 3. ഇതു പകുതി ബിയറടി പുരാണമായിരുന്നല്ലോ.
  :))
  ആ ചിരിയുടെ രഹസ്യം- ദേണ്ടടാ മണ്ടന്മാര്‍ ലണ്ടനില്‍ എന്നാവും ചിലപ്പോ സായിപ്പുമാര്‍ പറഞ്ഞത്
  രണ്ടിനേം അതില്‍ കണ്ടിട്ട് യൂണിഫോമിട്ട് സ്ക്കൂളില്‍ പോവാന്‍ നിക്കണ പോലുണ്ട്.
  അയ്യോ എന്നെ തല്ലല്ലേ.
  ഞാന്‍ ഓടി…

  പിന്നെ പടത്തിന്റെ സ്ഥാനം മാറ്റേണ്ടി വരുമ്പോ എഡിറ്റ് html ല്‍ ഇട്ട് കോഡ് വേണ്ട സ്ഥലത്തു കട്ട് പേസ്റ്റു ചെയ്താ മതി. അപ്പോ പടം ക്ലിക്കിയാല്‍ വലുതാക്കി കാണാന്‍ സാധിക്കും.

  ഇവിടെ മുന്‍പ് ലണ്ടന്‍ ഐയില്‍ കയറിയ ഒരു മഹാന്‍ ഫോട്ടോ പോസ്റ്റിട്ടിരുന്നു ഇവിടെ നോക്കിയാ കാണാം.

 4. എനിക്കും കിട്ടണം ബിയര്‍;)
  ഫോട്ടൊയും വിവരണവും നന്നയിട്ടുണ്ട്..ചിരിയുടെ രഹസ്യം പുറത്തു വിടാതെ ഇപ്പോഴും സസ്പെന്‍സ് നിലനിര്‍ത്തിയിരിക്കുന്നു :)

 5. പടം കണ്ടിട്ട് വലിയ കുഴപ്പം ഒന്നും ഇല്ല . വല്ല ഇടിവെട്ട് മോതലുകളുടെ uniform അരിക്കും . അല്ലെങ്ങില്‍ നിങ്ങളെ പറ്റികാന്‍ ചിരിച്ചതാ ..
  എന്തായാലും പോസ്റ്റ് ഉഷാര്‍

 6. നിരക്ഷരാ, ഹ ഹ ധൈര്യമായി ലണ്ടന്‍ ഐയില്‍ കയറിക്കോളൂ, പേടിയുണ്ടെങ്കില്‍ എന്നെ മനസ്സിലോര്‍ത്താല്‍ മതി, ഒക്കെ ശരിയാവും
  പിന്നെ നിങ്ങളുടെ ഫോട്ടോ കണ്ടിട്ട് ഒന്നും പറയാന്‍ കഴിയുന്നില്ല പക്ഷേ നിങ്ങള്‍ കൈകള്‍ കോര്‍ത്താണോ അല്ലെങ്കില്‍ തോളില്‍ കൈയിട്ടാണോ നടന്നത് എങ്കില്‍ കാര്യം പോക്കാം സാധാരണ അവിടെ ഗേയ്സ് മാത്രമേ അങ്ങനെയൊക്കെ ചെയ്യൂ,
  ഫോട്ടോസും വിവരണങ്ങളും കലക്കീട്ടുണ്ട്:)

 7. മൂര്‍ത്തി:-)

  ചിത്രകാരന്‍ :-)

  കുഞ്ഞായി:-)

  പ്രിയ ഉണ്ണികൃഷ്ണന്‍:-)

  ആഷേ – ബിയര്‍ തരാത്തതുകൊണ്ടല്ലേ, മണ്ടന്മാര്‍ എന്ന് വിളിച്ചത് ? എന്നാലും എനിക്ക് പിണക്കമൊന്നുമില്ല കേട്ടോ. കാരണം ആഷയാണല്ലോ സാജന്റെ ലണ്ടന്‍ ഐയ് പോസ്റ്റ് കാണിച്ചുതന്നത് . നന്ദീട്ടോ.

  വേണൂ – ചിരിയുടെ രഹസ്യം ഇപ്പോഴും പിടികിട്ടിയിട്ടില്ല :-)

  മയൂര – അങ്ങനിപ്പൊ ഓസിന്‌ ബിയര്‍ കുടിക്കേണ്ട. നന്ദീട്ടോ :-)

  ജി.മനു – നന്ദീട്ടോ:-)

  നവരുചിയാ – അവര്‍ പറ്റിക്കാന്‍ ചിരിച്ചതൊന്നുമല്ല.ശരിക്കും ചിരിച്ചതാ :-)

  സാജന്‍ – കൈകോര്‍ത്തും , തോളില്‍ക്കൈയിട്ടും നടക്കുന്നത് സ്വവര്‍ഗ്ഗക്കാരാണെന്ന് നേരത്തെ അറിയാമായിരുന്നു. അങ്ങിനൊന്നും ഉണ്ടായിട്ടില്ല മാഷേ .ഇനിയിപ്പോ അങ്ങിനാണെങ്കില്‍ത്തന്നെ ആവക കാര്യങ്ങളൊന്നും അവര്‍ക്ക് വല്ല്യ പ്രശ്നമല്ലല്ലോ? പിന്നെന്തിനാ ചിരിക്കുന്നത് ?

 8. നിരക്ഷരാ നിങ്ങള്‍ പോയത് ജൂണിലാണെന്നല്ലേ എഴുതിയത്,
  ഒന്നുകില്‍ സമ്മറില്‍ അത്തരം സ്വെറ്റര്‍ ഇട്ടുകൊണ്ട് രണ്ട് പേര് യൂണിഫോമില്‍ പോയതിനാവും ചിരിച്ചത് !
  ഏയ് ഗേയ്സിനെ കണ്ടാല്‍ മറ്റുള്ളവര്‍ അവര്‍ കാണാതെ ചിരിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട് മറ്റൊരു കാര്യം മേല്‍മീശ സാധാരണ അവിടെ വെയ്ക്കുന്നത് ??ഗേയ്സ് ആണെന്ന് ‘കേട്ടിട്ടുണ്ട്’

 9. മേല്‍മീശയുടെ കാര്യം ഒരു പുതിയ അറിവാണ്‌ സാജന്‍ .
  സമ്മറില്‍ സ്വെറ്റര്‍ ഇട്ടുകൊണ്ട് രണ്ട് പേര് യൂണിഫോമില്‍ പോയത് ഒരു നല്ല കാരണമായിരിക്കാം . എന്തായാലും ഇനി ആരെങ്കിലും മറ്റു വല്ല കാരണങ്ങളുമായി വരുന്നുണ്ടോ എന്നു നോക്കാം .

 10. നല്ല വിവരണം, നല്ല ഫോട്ടോസ്, സാജന്റെ കമന്റുകളും ഇഷ്ടമായി.

  ഞാന്‍ ഒരു പോസ്റ്റ് പബ്ലിഷ് ചെയ്യുന്നതിനുമുമ്പ് Compose ല്‍ പോകാറേയില്ല. ടൈപ്പുചെയ്യുന്നതും, ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതുമെല്ലാം Edit HTML വഴിതന്നെ. ഒരിക്കലും ക്ലിക്കിയാല്‍ വലുതാകാത്ത ഫോട്ടോകള്‍ കിട്ടിയിട്ടില്ല.

 11. ച്ഛേ! ഇതു കാണാന്‍‌ വൈകിപ്പോയല്ലൊ.

  കിടിലന്‍‌ ചിത്രങ്ങളും വിവരണങ്ങളും ചേട്ടാ.

  വാക്സ് മ്യൂസിയത്തിലെ ഹിറ്റ്ലറേയും അഭിനവ ഹോംസിനേയും കൂടുതലിഷ്ടപ്പെട്ടു.
  :)

  [അവിടേയ്ക്കൊന്നും പോകാതിരുന്നത് ഭാഗ്യമായീന്ന് സാജന്‍‌ ചേട്ടന്റെ കമന്റു കണ്ടപ്പോ തോന്നുന്നു ;).

  പിന്നേ, അല്ലെങ്കില്‍‌ ഇപ്പൊ ഞാന്‍‌ നാളെ തന്നെ അങ്ങോട്ട് ടിക്കറ്റെടുത്തേനെ എന്നല്ലേ നിങ്ങളെല്ലാവരും ചിന്തിച്ചത്? ഡോണ്ടൂ ഡോണ്ടൂ...]

 12. ഒരു ഒന്നൊന്നര പോട്ടം പിടുത്തമാണ് കെട്ടൊ മാഷെ..
  അതിനൊത്ത വിവരണവും നന്നായിരിക്കുന്നു മാഷെ.
  പുതുവത്സരാശംസകള്‍‌,

 13. all the snaps r fantastic.especially u with a short hair.people might have laughed just coz they saw 2 gays together, joining hands,wearing uniform.(just kidding, don’t take seriously.)

 14. ആ മേല്‍ക്കുപ്പായത്തിന്‍ ഒരു പിങ്ക് ടച്ച് ഉണ്ടല്ലൊ… അത് തന്നെ കാരണം.. ഈ നിറം “മറ്റവര്‍ക്ക്” വേണ്ടി മാറ്റി വെച്ചിരിക്കുന്നതാണ്..

  http://en.wikipedia.org/wiki/Pink_triangle

  എന്റെ ഒരു കൂട്ടുകാ‍രന്‍ ഈ നിറത്തിലുള്ള കുപ്പായമണിഞ്ഞ് മാനം പോയതാണ്‍‍

 15. Hi, good one buddy… The only things which was bad in that was Nishad’s few photos… :-) Just kidding. My name is Brijesh and I am a friend of Nishad. ( njangal avaney vilikkunna peru vereya…Let it be a suspense. )

  Thanks..
  Brijesh

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>