ഉദയ്പൂർ സിറ്റി പാലസിൽ ആയിരുന്നു ഇന്ന് മുഴുവൻ ദിവസവും. സിറ്റി പാലസിനെപ്പറ്റി ഉപന്യസിക്കാൻ ഉദ്ദേശിക്കുന്നില്ല. എന്നാലും അത്യാവശ്യം ചില കാര്യങ്ങൾ പറഞ്ഞ് പോകാം.
* 24 മേവാർ രാജാക്കന്മാർ 400 വർഷമെടുത്ത് പലപ്പോഴായി ഉണ്ടാക്കിയ കൊട്ടാരം.
* 1553 കൊട്ടാര നിർമ്മാണം ആരംഭിച്ചു.
* ഇന്നും മേവാർ രാജവംശം കൈവശം വെച്ചിരിക്കുന്ന കൊട്ടാരം.
* 80 വയസ്സ് കഴിഞ്ഞ നിലവിലെ രാജാവ് കൊട്ടാരത്തിൻ്റെ ഒരു ഭാഗത്ത് താമസമുണ്ട്.
* മറ്റൊരു ഭാഗം പഞ്ചനക്ഷത്ര ഹോട്ടലായി പ്രവർത്തിക്കുന്നു.
* പല ഭാഗങ്ങളും അടച്ചിട്ടിരിക്കുന്നു.
* കൊട്ടാരത്തിൻ്റെ മറുഭാഗത്തെ ജനാലകളിലൂടെ നോക്കിയാൽ ഉദയ്പൂർ നഗരം മുഴുവൻ കാണാം.
* കൊട്ടാരത്തിൻ്റെ ഒരു ഭാഗത്ത് തടാകം. അതിൽ ‘ലേക്ക് പാലസ്‘ കാണാം. ആ കൊട്ടാരത്തിലേക്ക് അഥവാ ഹോട്ടലിലേക്ക് ഗസ്റ്റിന് മാത്രമേ ബോട്ട് വഴി പോകാനാകൂ.
രാജസ്ഥാൻ കൊട്ടാരങ്ങളിൽ ഒഴിവാക്കാൻ പറ്റാത്ത ഒന്നാണ് ഉദയ്പൂർ സിറ്റി പാലസ്. ഉദയ്പൂർ വരുന്ന സഞ്ചാരികൾ സിറ്റി പാലസ് കാണാതെ പോകുന്നുണ്ടെങ്കിൽ പ്രവേശന ഫീസായി 400 രൂപ എടുക്കാൻ ഇല്ലാത്തവർ മാത്രമായിരിക്കും. അതെ, പ്രവേശന ഫീസ് അൽപ്പം കടുപ്പം തന്നെയാണ്. വേണ്ടവർ കയറിയാൽ മതി ഹേ, എന്ന് രാജവംശം തീരുമാനിച്ചു. അത്ര തന്നെ.
500 രൂപ കൊടുത്ത് ഗൈഡിൻ്റെ സേവനം ഞാൻ എടുത്തിരുന്നു. ഇതുവരെയുള്ള എൻ്റെ അനുഭവത്തിൽ, ഗൈഡിനെ എടുത്താൽ ഒരു ഗുണവും ഒരു ദോഷവും ഉണ്ട്.
ഗുണം:- അവർ നമ്മളെ കൊണ്ടുപോകുന്ന ഇടങ്ങളിൽ നമ്മൾ ശ്രദ്ധിക്കാത്ത കാര്യങ്ങളും ചരിത്രവുമൊക്കെ പറഞ്ഞുതരും. പലരും അത് കാണാപ്പാഠം പഠിച്ചത് പോലെ പറയുകയാണ് പതിവ്. സിലബസ്സിന് വെളിയിൽ എന്തെങ്കിലും അങ്ങോട്ട് തിരികെ ചോദിച്ചാൽ പലരും ബ്ബ ബ്ബ ബ്ബ അടിക്കും. എന്നാലും അത്യാവശ്യത്തിലും അധികം കാര്യങ്ങൾ അവരിൽ നിന്ന് മനസ്സിലാക്കാൻ പറ്റും.
ദോഷം:- അവർക്ക് നിശ്ചിത സമയത്തിനുള്ളിൽ നമ്മളെ എന്തെങ്കിലുമൊക്കെ കുറേ കാണിച്ച് തന്ന് ഒഴിവാക്കിയ ശേഷം അടുത്ത കസ്റ്റമറെ പിടിക്കാനുള്ളതുകൊണ്ട്, പലയിടത്തും നമ്മളെ കൊണ്ടുപോകാതെ നൈസായിട്ട് അവരങ്ങ് ഒഴിവാക്കും. അതാകട്ടെ നമുക്ക് ഏറ്റവും താൽപ്പര്യമുള്ള ഇടങ്ങളുമാകും.
ഇത് അനുഭവമുള്ളതുകൊണ്ട് തന്നെ ആദ്യം ഗൈഡിനൊപ്പവും പിന്നീട് ഗൈഡ് ഇല്ലാതെയും ഒരേയിടത്ത് കറങ്ങുന്നത് എൻ്റെയൊരു പതിവാണ്. അതുകൊണ്ട് തന്നെ ഇരട്ടിയിലധികം സമയം എടുക്കും ഒരിടം കണ്ട് തീർക്കാൻ.
ഇന്നും അങ്ങനെ തന്നെ സംഭവിച്ചു. ഗൈഡ് ഒഴിവാക്കി വിട്ട സ്ഥലങ്ങൾ ഒരുപാടുണ്ടായിരുന്നു. ഒരേ ടിക്കറ്റ് വെച്ച് ഒരു ദിവസം ഒന്നിലധികം പ്രാവശ്യം കൊട്ടാരത്തിൽ കയറാമെന്നതുകൊണ്ട് രക്ഷപ്പെട്ടു. അല്ലെങ്കിൽ പ്രവേശന ഫീസ് മാത്രം വലിയ തുക നൽകേണ്ടി വരുമായിരുന്നു. ടിക്കറ്റ് രണ്ടാമത് സ്ക്കാൻ ചെയ്തപ്പോൾ Invalid എന്ന് കാണിച്ചെങ്കിലും നരച്ച് കൊരച്ച ഒരു വയസ്സൻ ഒന്നോ രണ്ടോ പ്രാവശ്യം കൊട്ടാരം കണ്ടോട്ടേ എന്ന് കരുതിയാവണം, കൂടുതൽ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ എന്നെയവർ കടത്തി വിട്ടു.
കൊട്ടാരത്തെപ്പറ്റി കൂടുതൽ വർണ്ണനയ്ക്കൊന്നും ഞാനില്ല. ഇന്ത്യയിലെ പ്രബലമായ ഒരു രാജവംശമായിരുന്നു മേവാർ. അവരുടെ കൊട്ടാരം എങ്ങനുണ്ടാകുമെന്ന് ആർക്കും ഊഹിക്കാവുന്നതേയുള്ളൂ.
അഞ്ചര മണിയോടെ അവിടത്തെ സെക്യൂരിറ്റി സ്റ്റാഫിൻ്റെ വക ഒരു ബാൻഡ് മേളമുണ്ട്. ആ സമയത്ത് പോയാൽ മാത്രമേ അത് കാണാൻ പറ്റൂ. ദിവസം മുഴുവൻ കൊട്ടാരത്തിൽ ചുറ്റിത്തിരിഞ്ഞതുകൊണ്ട് എനിക്കാ മേളം തരായി.
കൊട്ടാരത്തിൽ നിന്നിറങ്ങി, വലിയ അപകടമാണ് കാണിക്കുന്നത് എന്നറിഞ്ഞുകൊണ്ട് തന്നെ, തൊട്ടടുത്ത തെരുവിൽ വിൻഡോ ഷോപ്പിങ്ങ് നടത്താൻ ഇറങ്ങി. ആക്രികൾ ധാരാളമുള്ള സ്ഥലമാണ്. തുടങ്ങുന്നത് വിൻഡോ ഷോപ്പിങ്ങായിട്ടാണെങ്കിലും ഞാൻ പലതും വാങ്ങിക്കൂട്ടും എന്നതാണ് അപകടം. 1919 ലെ ഒരു വെള്ളിനാണയം ലോക്കറ്റാക്കിയത് ആ അപകടമായി സംഭവിക്കുകയും ചെയ്തു.
തെരുവിൽ നിന്ന് തന്നെ പലതരം ഭക്ഷണം കഴിക്കാനുള്ള ദിവസങ്ങളാണിത്. ഒരു പഞ്ചാബി റസ്റ്റോറൻ്റിൽ നിന്ന് ആലു പൊറോട്ട കഴിച്ചശേഷം ഓട്ടോ പിടിച്ച് കജ്രി ഹോട്ടലിൽ ഭാഗിക്ക് അടുത്തേക്ക് മടങ്ങി. ഉദയ് പൂരിൽ പലയിടത്തും പാർക്കിങ്ങ് ബുദ്ധിമുട്ടാണ്. അതുകൊണ്ട് തന്നെ, ഭാഗിക്ക് വിശ്രമം കിട്ടും ഇനിയുള്ള പല ദിവങ്ങളിലും.
നാളെ വീണ്ടും സിറ്റി പാലസിൻ്റെ അകത്തേക്ക് തന്നെയാണ് പോകുന്നത്. അതിൻ്റെ വളപ്പിൽ കയറി മറ്റൊരു 600 രൂപ ടിക്കറ്റെടുത്ത് വേണം ജഗ് മന്ദിർ ഐലൻ്റ് പാലസിലേക്ക് പോകാൻ. അതേ വളപ്പിലുള്ള ഫത്തേഹ് പ്രകാശ് കൊട്ടാരത്തിനകത്ത് ക്രിസ്റ്റൽ ഗാലറിയടക്കം പല പ്രദർശനങ്ങളുണ്ട്. അവിടെ കയറാനും 400 രൂപയ്ക്ക് മുകളിൽ ടിക്കറ്റെടുക്കണം. ഞാൻ ആദ്യമേ സൂചിപ്പിച്ചല്ലോ, ഉദയ്പൂരിൽ വന്നിട്ട് പല കാഴ്ച്ചകളും ആരെങ്കിലുമൊക്കെ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ അത് കനത്ത പ്രവേശന ഫീസ് കാരണമായിരിക്കും.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#boleroxlmotorhome
#fortsofrajasthan
#motorhomelife