ഇന്നത്തെ ഈ പത്രവാർത്ത ശ്രദ്ധിക്കാത്തവരുണ്ടെങ്കിൽ, അവരറിഞ്ഞിരിക്കാൻ വേണ്ടി ചില കാര്യങ്ങൾ പറയട്ടെ. ഹൈക്കോടതി ന്യായാധിപന്മാർ അടക്കമുള്ളവർ ഉപയോഗിച്ചശേഷം വിറ്റഴിച്ച ആഢംബര വാഹനങ്ങൾ ലേലത്തിൽ വാങ്ങിയവർ പെട്ടിരിക്കുന്നതായാണ് വാർത്ത സൂചിപ്പിക്കുന്നത്.
അമിതവേഗം, ട്രാഫിക്ക് സിഗ്നൽ ലംഘനം മുതലായ ഒന്നിലധികം കുറ്റങ്ങൾക്ക് പിഴയടക്കേണ്ട കോടതിയുടെ 28 വാഹനങ്ങൾ ആ പിഴയൊന്നും അടക്കാഞ്ഞതുകൊണ്ട് ധർമ്മസങ്കടത്തിലായിരിക്കുന്നത് വാഹനം വാങ്ങിയവരാണ്. പിഴയടയ്ക്കാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ മാറ്റാൻ സമ്മതിക്കില്ല എന്ന നിലപാടാണ് മോട്ടോർ വാഹന വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. നിയമം ലംഘിച്ചവർ പിഴയൊടുക്കട്ടെ എന്ന നിലപാട് വാഹനം വാങ്ങിയവർ സ്വീകരിച്ചിട്ടുണ്ടെങ്കിലും മുട്ട് മടക്കാൻ പോകുന്നത് അവർ തന്നെയാണെന്ന കാര്യത്തിൽ ആർക്കും തർക്കമുണ്ടാകുമെന്ന് തോന്നുന്നില്ല. കളി കോടതിയോടാണെന്ന കാര്യം മറക്കരുത്.
പിഴ അടക്കണമെങ്കിൽ മോട്ടോർ വാഹന വകുപ്പ് നിയമപരമായി നോട്ടീസ് അയക്കമെന്നാണ് ഹൈക്കോടതി രജിസ്ട്രാർ പറയുന്നത്. പ്രതി സ്ഥാനത്ത് സാധാരണക്കാരായ ജനമാണെങ്കിൽ നോട്ടീസ് അയക്കാൻ അമാന്തമൊന്നും ഉണ്ടാകാറില്ല. പക്ഷേ, കോടതിക്കെതിരെ അവർ നോട്ടീസ് അയക്കില്ല. സ്വന്തം പണി കളഞ്ഞുകുളിക്കാനും കോടതിയുടെ കണ്ണിലെ കരടാകാനും ആർക്കും താൽപ്പര്യമുണ്ടാകില്ല.
ഇതൊക്കെ നന്നായിട്ട് അറിയാവുന്നവരാണ് കോടതി വാഹനങ്ങളുടെ വളയം പിടിക്കുന്ന ഡ്രൈവർമാർ. അതവർ പൂർണ്ണമായും പ്രയോജനപ്പെടുത്തും. തലങ്ങും വിലങ്ങും ട്രാഫിക്ക് നിയമലംഘനങ്ങൾ നടത്തും. ആരുമുണ്ടാകില്ല ചോദിക്കാനും പറയാനും.
ഭരിക്കുന്നവരും ഉദ്യോഗസ്ഥരും പാർട്ടിക്കാരും മറ്റ് നിയമസംവിധാനങ്ങളുമൊക്കെ തോന്നിയ പോലെ മുന്നോട്ട് നീങ്ങുന്ന അവസ്ഥ സംജാതമാകുമ്പോൾ നിയമസംവിധാനത്തിൽ മാത്രമാണ് ജനങ്ങൾ അവസാന പ്രതീക്ഷയർപ്പിക്കാറ്. ഇവരെയൊക്കെ വല്ലപ്പോഴുമെങ്കിലും ശാസിച്ച് നിലയ്ക്ക് നിർത്തുന്നതും കോടതികൾ തന്നെയാണ്. പക്ഷേ, ആ കോടതികൾ തന്നെ നിയമലംഘനം നടത്തുകയും പിഴയൊടുക്കാതെയും വരുന്നത് വലിയ നിരാശ തന്നെ ജനങ്ങളിലുണ്ടാക്കുമെന്ന് പറയാതെ വയ്യ.
ആയതിനാൽ ഈ പത്രവാർത്ത കോടതി അബദ്ധവശാലെങ്കിലും കണ്ടിട്ടുണ്ടെങ്കിൽ, ഇത്രയും കോടതി വാഹനങ്ങൾ നടത്തിയ നിയമലംഘനത്തിന് പിഴയൊടുക്കാൻ സ്വമേധയാ ഉത്തരവുണ്ടായി ജനങ്ങൾക്ക് മാതൃകയാകണമെന്ന് അപേക്ഷിക്കുന്നു. മാത്രമല്ല, സിഗ്നൽ ലംഘനം അടക്കമുള്ള ഇത്തരം നിയമലംഘനങ്ങൾ നടത്തപ്പെടുമ്പോൾ വാഹനത്തിലുണ്ടെങ്കിൽ ഡ്രൈവർമാരെ ശാസിച്ച് നിലയ്ക്ക് നിർത്താൻ കനിവുണ്ടാകണമെന്നും അപേക്ഷിക്കുന്നു. ജനങ്ങളുടെ അവസാനത്തെ ആശ്രയമാണ് നീതിപീഠങ്ങൾ. അതിലുള്ള വിശ്വാസം കൂടെ നഷ്ടപ്പെടുത്തരുത്.
വാൽക്കഷണം:- സംസ്ഥാനത്തെ ഫ്ലക്സ് സംബന്ധിയായ നിയമലംഘനങ്ങൾ പഠിച്ച് നടപടിയെടുക്കാൻ അമിക്കസ് ക്യൂറിയെ നിയമിച്ചിരിക്കുന്നത് അറിഞ്ഞ് സന്തോഷിക്കുന്നു. കൂട്ടത്തിൽ കോടതിവാഹനങ്ങളുടെ നിയമലംഘനങ്ങളും പഠിച്ച് തീർപ്പാക്കാൻ ഒരു അമിക്കസ് ക്യൂറിയെക്കൂടെ നിയമിക്കാൻ സാധിക്കുമെങ്കിൽ അതും ചെയ്യണം.