ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25


71806654

പോയത് തമിഴ് സിനിമ കൈദി കാണാനാണ്. പക്ഷെ ടിക്കറ്റ് കിട്ടാത്തതുകൊണ്ട് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ കണ്ട് മടങ്ങി. സന്തോഷത്തോടെ തന്നെ.

സാങ്കേതികത്വവും നർമ്മവും സെന്റിമെന്റ്സും ചേരും പടി ചേർക്കുന്നതിൽ സിനിമ വിജയിച്ചിരിക്കുന്നു. 30 കൊല്ലമായി കണ്ടുകൊണ്ടേയിരിക്കുന്ന മുഖങ്ങളിൽ നിന്ന് മാറി പുതുമുഖങ്ങളെ സ്ക്രീനിൽ കാണുന്നത് തന്നെ ഒരു ഉണർവ്വാണിപ്പോൾ. അവർ പെർഫോമേർസ് കൂടെ ആണെങ്കിൽ ഫലം ഇരട്ടിമധുരമാകുന്നു. സുരാജും സൌബിനും സൈജു കുറുപ്പും മാല പാർവ്വതിയും ഒഴിച്ചാൽ ബാക്കിയുള്ള ഏറെക്കുറെ അഭിനേതാക്കളും പുതുമുഖങ്ങൾ തന്നെ. അഭിനേതാക്കളൊന്നുമല്ലാത്ത നാട്ടുകാരും ധാരാളം മുഖം കാണിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കാൻ. സുരാജും സൌബിനും നല്ല പ്രകടനമാണ് കാഴ്ച്ച വെച്ചിരിക്കുന്നത്. അരുണാചലുകാരിയാ നായിക കെൻഡി സിർദോയും തുടക്കക്കാരിയേക്കാൾ ഉയർന്ന നിലവാരമാണ് പുലർത്തുന്നത്.

നർമ്മം എന്ന് പറയുമ്പോൾ ഏച്ച് കെട്ടിയ ഒരു സാധനമല്ല ഇതിലുള്ളത്. കഥാപാത്രങ്ങളുടെ നോട്ടത്തിലും ചലനത്തിനും പതിഞ്ഞ സംസാരത്തിലുമൊക്കെ കടന്നുവരുന്ന സ്വാഭാവിക നർമ്മത്തിന്റെ ഗണത്തിലാണ് അത് പെടുത്തേണ്ടത്. സിനിമയിലുടനീളം തീയറ്ററിൽ അവിടവിടെയായി അമർത്തിപ്പിടിച്ച നിലയ്ക്ക് കേൾക്കുന്ന ചിരികൾ തന്നെ അതിന്റെ തെളിവ്. കുട്ടികൾക്ക് ഈ ചിത്രം ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമേ വേണ്ട.

പയ്യന്നൂർ എന്ന ഗ്രാമത്തിന്റെ ഭാഷ ചിത്രത്തിൽ ഉണ്ടെങ്കിലും അത് പെരുപ്പിച്ച് പറഞ്ഞ് വൃത്തികേടാക്കിയിട്ടുമില്ല.

അവസാനഭാഗങ്ങളിൽ സാങ്കേതികത്വം വിശദമാക്കുന്നതിൽ അൽ‌പ്പം വ്യക്തതക്കുറവ് സംഭവിച്ചിട്ടുണ്ടെന്നതൊഴിച്ചാൽ മറ്റ് കുറ്റങ്ങളൊന്നും ഒരു ശരാശരി സിനിമാ ആസ്വാദകനും ശരാശരിയേക്കാൾ ഉയർന്ന കുറ്റം കണ്ടുപിടിക്കലുകാരനുമായ എനിക്ക് കണ്ടെത്താൻ ആയിട്ടില്ല. എന്തായാലും രതീഷ് ബാലകൃഷ്ണൻ എന്ന പുതുമുഖ സംവിധായകനിൽ മലയാള സിനിമയ്ക്ക് ഇനിയും ഏറെ പ്രതീക്ഷയർപ്പിക്കാം എന്ന് ഈ ചിത്രം സാക്ഷ്യപ്പെടുത്തുന്നു.

ചുരുക്കിപ്പറഞ്ഞാൽ എനിക്കിഷ്ടമായി ഈ സിനിമ. 5 ൽ 3.5 മാർക്ക് മാത്രം കൊടുക്കുന്നത്, ഈ വാക കാര്യങ്ങളിൽ ഞാൻ പിശുക്കനായതുകൊണ്ടാണ്. ലോകോത്തര സിനിമയാണെങ്കിലും 4.5 മാർക്കേ ഞാൻ നൽകൂ. അര മാർക്ക് എപ്പോഴും ഇപ്രൂവ്‌മെന്റിന്റെ പേരിൽ വെറുതെ പിടിച്ച് വെക്കും.

വാൽക്കഷണം:- ഇതൊരു സമ്പൂർണ്ണ സിനിമാ നിരൂപണമല്ല. അതുകൊണ്ടുതന്നെ, ക്യാമറ, സംഗീതം, എന്നിങ്ങനെ എല്ലാ തലങ്ങളും ഉള്ളിൽ സ്പർശിച്ചതല്ലാതെ ഈ കുറിപ്പിൽ സ്പർശിച്ചിട്ടില്ല.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>