അതിന് കുഞ്ഞിക്ക എവിടന്ന് മരിക്കുന്നു ?!!


44

രുന്ന്, മരുന്നിന് പോലും തികയാത്ത ജീവിതം, ഡോൿടർ അകത്തുണ്ട്, അഗ്നിക്കിനാവുകൾ, സ്മാരകശിലകൾ, നഷ്ടജാതകം, കന്യാവനങ്ങൾ, നീലനിറമുള്ള തോട്ടം, അലിഗഡ് കഥകൾ, എന്നിങ്ങനെ പുസ്തകമായും അല്ലാതെയുമുള്ള രചനകൾ വായിച്ചിട്ട് അതിന്റെയെല്ലാം രചയിതാവിനോട് ഏതൊരു വായനക്കാരനുമുണ്ടായേക്കാവുന്ന ആരാധന എനിക്കുമുണ്ടായിട്ടുണ്ട്. വ്യക്തിപരമായി അടുപ്പമുള്ളവർക്കിടയിൽ കുഞ്ഞിക്കയെന്ന് അറിയപ്പെടുന്ന, സാഹിത്യലോകത്തെ സാക്ഷാൽ പുനത്തിൽ കുഞ്ഞബ്ദുള്ളയുമായി പക്ഷേ, അതിനപ്പുറം അടുപ്പമോ പരിചയമോ എനിക്കുണ്ടായിരുന്നില്ല, നാല് വർഷങ്ങൾക്ക് മുൻപ് വരെ.

അങ്ങനെയിരിക്കുമ്പോൾ ഒരു ദിവസം പ്രീഡിഗ്രി സതീർത്ഥ്യനായ സാബു വിളിക്കുന്നു. സാബുവിന്റെ കോളേജിലെ (കുഞ്ഞിക്കുട്ടൻ തമ്പുരാൻ കോളേജ് കൊടുങ്ങലൂർ) ഒരു പരിപാടിക്ക് പുനത്തിൽ കുഞ്ഞബ്ദ്ദുള്ള വരുന്നു. അദ്ദേഹത്തിന് താമസസൌകര്യമൊരുക്കണം. കടലും കായലും പുഴയും ചേരുന്നിടത്ത് ഒരു കെട്ടിടം കാരണവന്മാർ തന്നിട്ട് പോയതുണ്ട്. താമസസൌകര്യം അവിടെ ഏർപ്പാടാക്കാമെന്ന് ഏറ്റു. വായിച്ചുള്ള ആരാധനയ്ക്കപ്പുറം ഒരു സാഹിത്യകാരന്മാരുമായും നേരിട്ട് പരിചയമോ സൌഹൃദമോ ഇല്ലാത്ത എന്നെപ്പോലൊരാൾക്ക് കിട്ടിയ ജാക്ക്പോട്ടായിരുന്നു അത്. മലമുകളിലെവിടെയോ ഉയരത്തിൽ നിൽക്കുന്ന പുനത്തിൽ കുഞ്ഞബ്ദ്ദുള്ളയെ കുഞ്ഞിക്കയാക്കാൻ കിട്ടുന്ന അസുലഭ അവസരം.

വൈകീട്ട് മൂന്ന് മണിയോടെ സംഘാടകർ കുഞ്ഞിക്കയുമായെത്തി. അപ്പൂപ്പൻ താടിപോലെ വെളുത്ത് പാറുന്ന മുടി. കാലുകൾ വേച്ചുപോകുന്നുണ്ട്. അൽ‌പ്പസ്വൽ‌പ്പം മദ്യപിച്ചിട്ടുണ്ടെന്ന് ഉറപ്പ്. നേരെ മുറിയിലേക്ക് കയറി കട്ടിലിലേക്ക് മറിഞ്ഞു. പിന്നെ വെളിയിൽ വന്നത് ഏഴുമണിയോടെ ഇരുട്ട് വീഴാൻ തുടങ്ങിയപ്പോഴാണ്. ഇപ്പോൾ യാത്രാക്ഷീണവും ലഹരിക്ഷീണവുമൊക്കെ മാറി ഉന്മേഷവദനനായിരിക്കുന്നു. കുളികഴിഞ്ഞ് മേൽക്കുപ്പായമിടാതെ മുട്ടിന്റെ കീഴെവരെ എത്തുന്ന ടർക്കി മാത്രം ചുറ്റി നേരെ കായലിലേക്ക് തള്ളി നിൽക്കുന്ന പാലത്തിൽ ചെന്ന് ഒരു കസേരയിൽ ഇരുപ്പുറപ്പിച്ചു. സംഘാടകർ ചിലർ ബാക്കിയുണ്ടായിരുന്നവർ യാത്രപറഞ്ഞ് പിരിഞ്ഞതോടെ അസുരതീർത്ഥം സേവ തുടങ്ങി.

രാത്രി പന്ത്രണ്ട് മണിയിലേറെ സമയം കായലിലേക്ക് നോക്കി അതേ ഇരുപ്പ് തുടർന്നു. ഇതിനിടയ്ക്ക് വർഷങ്ങളോളം പരിചയമുള്ള ഒരാളോടെന്ന പോലെ എന്നോട് സംസാരിച്ചുകൊണ്ടേയിരുന്നു. വരികളായി മാത്രം അറിഞ്ഞിട്ടുള്ള  അലിഗഡ് കഥകളും, എഴുതിയതും എഴുതാത്തതുമായ രതിക്കഥകളും  എഴുത്തുകാരനിൽ നിന്ന് നേരിട്ട് കേൾക്കുന്നത് വല്ലാത്തൊരു ഭാഗ്യം തന്നെയാണ്. സാഹിത്യരംഗത്തെയടക്കം ഒരുപാട് പിന്നാമ്പുറ കഥകൾ വേറെയും.

നിറയെ ലൈറ്റുകൾ കത്തിച്ചുകൊണ്ട് ആ തുറമുഖത്തേക്ക് കയറി വരുന്ന ബോട്ടുകൾ ഞാനെന്നും കാണുന്നതാണ്. പക്ഷേ, ഒരു സാഹിത്യകാരൻ അത് കണ്ടശേഷം പറയുന്നത് കേൾക്കുമ്പോൾ കോരിത്തരിപ്പുണ്ടാകുന്നു. ഒരു നർത്തകി കയറി വരുന്നത് പോലെയാണത്രേ ഓളങ്ങൾ ഉണ്ടാക്കി കരയിലേക്കടുക്കുന്ന മത്സ്യബന്ധന നൌകകൾ !!!!

ഇടയ്ക്കിടയ്ക്ക് ഉന്മത്തനായതുപോലെ “ഞാനിപ്പോൾ ഈ കായലിലേക്ക് എടുത്ത് ചാടും. ഈ ചേറിന്റെ മണം എന്നെ അത്രയ്ക്ക് മോഹിപ്പിക്കുന്നുണ്ട് മനോജേട്ടാ.” എന്ന് പറഞ്ഞപ്പോളൊക്കെ ഞാൻ ഞെട്ടി. അതിന് രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, അദ്ദേഹമെന്നെ മനോജേട്ടാ എന്ന് വിളിക്കുന്നു !! രണ്ട്, അദ്ദേഹമെങ്ങാനും കായലിലേക്ക് ചാടിയാൽ എന്റെ കാര്യം അധോഗതി. മലയാള സാഹിത്യത്തോട് സമാധാനം പറഞ്ഞ് പറഞ്ഞ് ഞാൻ അവശനാകും, അകത്താകും. രണ്ട് പ്രശ്നവും ഞാൻ അദ്ദേഹത്തിന് മുൻപിൽ അവതരിപ്പിച്ചു.

“ നിങ്ങളെ മനോജേട്ടാ എന്ന് വിളിച്ചാൽ എനിക്കത്രയും പ്രായം കുറയില്ലേ ? അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്. സംഘാടകരിൽ ചിലരും നിങ്ങളെ അങ്ങനെ വിളിക്കുന്നുണ്ടല്ലോ ? പിന്നെ ചേറിന്റെ മണത്തിന്റെ കാര്യം. ഒരു സ്ത്രീയുടെ വിയർപ്പിന്റേത് പോലെ മത്തുപിടിപ്പിക്കുന്ന ഗന്ധമാണത്.“

അദ്ദേഹം മെല്ലെ രതിക്കഥകളിലേക്ക് കടക്കാൻ തുടങ്ങുകയാണെന്ന് എനിക്കുറപ്പായി. കഥകൾ കെട്ടുപൊട്ടിച്ച് ആ പാലത്തിലെമ്പാടും മദഗന്ധത്തിനും ലഹരിയുടെ ഉന്മത്താവസ്ഥയ്ക്കുമിടയിൽ തങ്ങിനിന്നു. പുനത്തിൽ കുഞ്ഞബ്ദ്ദുള്ള എന്ന ആ വലിയ സാഹിത്യകാരൻ ഞാനാഗ്രഹിച്ചിരുന്നത് പോലെ അടുപ്പമുള്ളവർക്കെന്ന പോലെ എനിക്കും കുഞ്ഞിക്കയായി മാറിക്കഴിഞ്ഞിരിക്കുന്നു. ഒരു ഒളിവും മറയുമില്ല. ലജ്ജയും നാട്യവും ജാഡകളുമില്ല. ഉള്ളിലുള്ളത് അതുപോലെ വിളിച്ചുപറഞ്ഞ് എന്തുചെയ്യണമെന്ന് തോന്നിയോ അത് ചെയ്ത് ജീവിതം ആഘോഷമാക്കി നിൽക്കുന്ന ഒരു പച്ചമനുഷ്യൻ.

“ ഈ നരയൊന്നും ഒരിക്കലും ഡൈ ചെയ്യരുത് “ എന്നെനിക്കൊരു ഉപദേശം അതിനിടയ്ക്ക്.

“ എന്നിട്ട് ഈയടുത്തകാലം വരെ കുഞ്ഞിക്ക ഡൈ ചെയ്ത് നടന്നിരുന്നതോ ? “

“ അത് പിന്നെ ഞാനൊരു ഡോൿടറല്ലേ ? വയസ്സൻ ഡോൿടറെ ചെറുപ്പക്കാരികൾക്ക് വേണ്ട. അതുകൊണ്ടാ.“ മേമ്പൊടിക്കൊരു കണ്ണിറുക്കലും.

മദ്യത്തെപ്പറ്റി പറയാൻ തുടങ്ങിയാൽ അന്തമില്ലാതെ പറഞ്ഞുപോകാൻ അദ്ദേഹത്തിനാകുമെന്നെനിക്ക് തോന്നി.

“സ്ക്കോച്ച് നമ്മുടെ കാലാവസ്ഥയ്ക്ക് ചേരില്ല മനോജേട്ടാ. ബ്രാൻഡിയാണ് നമുക്ക് ചേരുന്ന ലഹരി.” ഒരു ഡോൿടറുടെ ജ്ഞാനത്തോടെ അതേപ്പറ്റിയായി കുറേ നേരം.

“ എന്നിട്ട് കുഞ്ഞിക്ക സ്ക്കോച്ച് കഴിക്കുന്നതോ ? “

“ അതുപിന്നെ സ്കോട്ട്‌ലാന്റിൽ ജനിച്ച് കടൽ കടന്ന് ഇവിടെയെത്തുന്ന ഒരാളെ അപമാനിക്കുന്നത് ശരിയല്ല. അതുകൊണ്ടാ.“ എന്ന് കള്ളച്ചിരി.

“ കിടക്കണ്ടേ ? രാവിലെ മീറ്റിങ്ങിന് ചെല്ലാൻ വൈകിയാൽ എനിക്കാകും പഴി.”

“ കിടന്നേക്കാം അല്ലേ ? കിടക്കുന്നതിന് മുന്നേ ഒന്ന് ഈ ചേറിൽ ചാടിയാലോ ? “

“ ചതിക്കല്ലേ കുഞ്ഞിക്കാ. നാലാൾ താഴ്ച്ചയുണ്ട്. പോരാത്തതിന് ചുഴിയും. വാ പോയിക്കിടക്കാം.”

“ കിടക്കാം. പക്ഷേ എന്റെ മുറിയുടെ വാതിൽ അടക്കാൻ പാടില്ല. വാതിലടച്ചാൽ ശവപ്പെട്ടിയിൽ കിടക്കുന്ന പോലാണ് എനിക്ക്.”

ഞാൻ വീണ്ടും ആശങ്കയിലായി. ഇടയ്ക്ക് കായൽ നീന്തിക്കടന്ന് തെരുവുനായ്ക്കൾ വന്ന് തമ്പടിക്കുന്ന സ്ഥലമാണ്. രാത്രിയെങ്ങാനും അവറ്റകൾ വന്നാൽ… ?!!!

കുഞ്ഞിക്ക കിടന്നു. അടുത്ത മുറിയിൽ കുഞ്ഞിക്കയുടെ സഹായിയും ഡ്രൈവറുമായ മനുഷ്യൻ നേരത്തേ തന്നെ നിദ്ര പൂകിക്കഴിഞ്ഞിരിക്കുന്നു. ഒരു കിടക്കയിട്ട് ഞാൻ കുഞ്ഞിക്കയുടെ മുറിയുടെ തുറന്ന വാതിലിന് കുറുകെ കിടന്നു. എന്നെക്കടന്നല്ലാതെ ഒരു നായ്ക്കൾക്കും അകത്ത് കടക്കാൻ പറ്റില്ലെന്ന വിധത്തിൽ.

രാവിലെ പ്രാതലൊന്നും കഴിക്കാറില്ലത്രേ ! എന്നാലും ഞാൻ ഓം‌ലെറ്റ് ഉണ്ടാക്കുന്നത് കണ്ടപ്പോൾ അതൊരെണ്ണം ആകാമെന്നായി. ഓം‌ലെറ്റ് മുറിയിൽ കൊണ്ടുചെന്ന് കൊടുത്തപ്പോളതാ ഗ്ലാസിൽ ആദ്യത്തെ പെഗ്ഗ് ഒഴിച്ചുകഴിഞ്ഞിരിക്കുന്നു.

“ പരിപാടിക്ക് പോകാനുള്ളതല്ലേ കുഞ്ഞിക്കാ ? കഴിച്ചിട്ട് പോയാൽ പ്രശ്നമാകില്ലേ ? “

“ കഴിക്കാതെ പോയാലാണ് പ്രശ്നം. വർഷങ്ങളായുള്ള ശീലങ്ങൾ പെട്ടെന്നൊരു ദിവസം മാറ്റാൻ നിന്നാൽ പണികിട്ടും.”

എന്നാലും അതിത്തിരി കടന്ന കൈ ആയിപ്പോയില്ലേ എന്നുതന്നെയായിരുന്നു എനിക്ക്.

സാബുവിന്റെ കോളേജിലെത്തി പ്രസംഗിക്കുന്നതിനിടയിൽ തലേന്ന് താമസിച്ച ഇടത്തെപ്പറ്റി പരാമർശിക്കുമ്പോൾപ്പോലും മനോജേട്ടൻ എന്നാണ് എന്നെ സൂചിപ്പിക്കുന്നത്. നീയായിരുന്നോ അങ്ങേര് പറഞ്ഞ മനോജേട്ടൻ എന്ന് ഒരു സുഹൃത്ത് എന്നോട് ചിരി പങ്കിടുകയും ചെയ്തു.

പരിപാടിയൊക്കെ കഴിഞ്ഞ് കുഞ്ഞിക്ക കോഴിക്കോട്ടേക്കാണ്. “ആ വഴി വരുമ്പോൾ എന്റെ തീപ്പെട്ടിക്കൂടിലേക്ക് (മകന്റെ ഫ്ലാറ്റ്) വരൂ“ എന്ന് ക്ഷണവും തന്നാണ് പിരിഞ്ഞത്. പക്ഷെ, പോകാനായില്ല. പോകേണ്ടതില്ല എന്ന് മനപ്പൂർവ്വം തീരുമാനിച്ചതാണ്. മദ്യത്തിൽ നിന്നെല്ലാം വേർപെടുത്തി മക്കൾ സംരക്ഷിക്കുന്നു, ചികിത്സിക്കുന്നു എന്നൊക്കെ വായിച്ചറിഞ്ഞതുകൊണ്ട് അങ്ങനെ മതിയെന്ന് തോന്നി. അങ്ങോട്ട് ചെല്ലുന്നവർ പഴയ മദ്യപാന സദസ്സുകാ‍രാണെന്ന് തെറ്റിദ്ധരിക്കപ്പെടാൻ സാദ്ധ്യതയുണ്ട്. മദ്യമില്ലാത്ത ലോകം മറ്റൊരു രസകരമായ അനുഭവമാണെന്നും അതിനുള്ളിൽ നിന്ന് അതുൾക്കൊണ്ടുകൊണ്ട് മറ്റൊരു നോവലിന്റെ പണിപ്പുരയിലാണെന്നും വായിച്ചിരുന്നു. എങ്കിൽ‌പ്പിന്നെ അതിന് വിഘ്നമുണ്ടാകരുത്. നിറയെ എഴുതട്ടെ. നമുക്ക് വിലപ്പെട്ടത് ആ എഴുത്തുകളാണല്ലോ. രണ്ട് ദിവസം ഏതാനും മണിക്കൂർ മാത്രം പരിചയമുള്ള ഒരാളെന്ന നിലയ്ക്ക് അപഹരിക്കാൻ പാടുള്ളതല്ല അദ്ദേഹത്തിന്റെ വിലപ്പെട്ട സമയം. നമ്മളെ ഓർത്തെടുക്കാൻ പറ്റിയില്ലെങ്കിൽ അത് നമുക്കൊരു വിഷമമാകാനും പാടില്ല.

പിന്നൊരിക്കൽക്കൂടെ കണ്ടിരുന്നു. മുന്നൂറാൻ എന്ന സാദിക്കിന്റെ മൊയ്തീൻ കാഞ്ചനമാല എന്ന പുസ്തകപ്രകാശനത്തിന് വന്നപ്പോൾ പാലാരിവട്ടത്തെ കഫേ പപ്പായിൽ വെച്ച്. ചെന്ന് പരിചയപ്പെടുത്തിയപ്പോൾ, പാലവും ചെളിമണമുള്ള കായലും അന്ന് രാത്രി മുഴുവൻ കൂട്ടിരുന്ന ആളേയും കക്ഷിക്ക് നല്ല ഓർമ്മയുണ്ട്.

പിന്നെ കണ്ടിട്ടില്ല. ഇനി കാണാൻ പറ്റുകയുമില്ലെന്നറിയാം. പക്ഷേ കുറഞ്ഞ മണിക്കൂറുകൾ കൊണ്ട് കുഞ്ഞിക്ക കാണിച്ച അടുപ്പവും സ്നേഹവും നാട്യമൊന്നുമില്ലാത്ത പെരുമാറ്റവും എന്നും നെഞ്ചിൻകൂടിനുള്ളിലുണ്ടാകും. അസൂയപ്പെടുത്തുന്ന തരത്തിൽ ജീവിതം വലിയ ആഘോഷമാക്കിത്തന്നെയാണ് കുഞ്ഞിക്ക പോകുന്നത്. ആഗ്രഹിച്ചിരുന്ന തരത്തിൽത്തന്നെ ആകുമോ അദ്ദേഹത്തിന്റെ ശവസംസ്ക്കാരം? ദഹിപ്പിക്കണമെന്ന് പറഞ്ഞത് കുടുംബത്തിലും സമൂഹത്തിലും പ്രശ്നങ്ങളുണ്ടാക്കിയതായി കേട്ടിട്ടുണ്ട്. പരേതന്റെ വാക്കിന് വില കൽ‌പ്പിക്കപ്പെടട്ടെ എന്ന് മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.

22894681_10214736644755034_410204865_n

അതിന് കുഞ്ഞിക്ക എവിടന്ന് മരിക്കുന്നു ? സാഹിത്യകാരന്മാർക്കും കലാകാരന്മാർക്കുമൊക്കെ മരണമുണ്ടോ ? ഇത്രയധികം കൃതികളിവിടെ ബാക്കിനിൽക്കുമ്പോൾ അവർക്കെങ്ങനെ മരിക്കാനാവും ? അനുവാചകഹൃദയങ്ങളിൽ അവരെന്നും നിറഞ്ഞു നിൽക്കില്ലേ ?

കുഞ്ഞിക്ക മരിച്ചിട്ടില്ലെന്ന് സ്വയം സാന്ത്വനപ്പെടുത്താൻ, അവസാനമായി വായിച്ച അദ്ദേഹത്തിന്റെ കഥകളിലൊന്ന് വീണ്ടുമെടുത്ത് വായിക്കുകയാണ് ഞാൻ. രതിക്കഥ തന്നെ. ഒരു അപ്പോത്തിക്കിരി എന്ന നിലയ്ക്കുള്ള തന്റെ അറിവുകൂടെ ചേർത്ത് രതിയുടെ മന്ദാരങ്ങൾ (വിവിധ എഴുത്തുകാരുടെ) എന്ന സമാഹാരത്തിൽ അദ്ദേഹമെഴുതിയ അനാട്ടമി എന്ന കഥ. അതിന്റെ അവസാനഭാഗത്തെ വരികൾ ഇങ്ങനെയാണ്.

“ ഫിസ്യോളജി അനാട്ടമി പോലെ ഡ്രൈയല്ല. ആദ്യമാദ്യം അല്ലറചില്ലറ വിഷമങ്ങളൊക്കെയുണ്ടാകും. മൊത്തത്തിൽ ഫിസിയോളജി ബഹുരസമായിരിക്കും.” ശ്യാമളൻ പറഞ്ഞു.

ആട്ടുകട്ടിൽ കരയാൻ തുടങ്ങി. അത് കരയുക തന്നെയാണ്. കരയുന്നതിനിടയിൽ അത് ചിരിക്കുന്നുമുണ്ട്.

“ അയ്യോ ശ്യാമളേട്ടാ, നിങ്ങൾ എവിടെക്കൊണ്ടെത്തിച്ചു.” രമണി ശ്വാസം മുട്ടുമ്പോലെ പറഞ്ഞു.

“ ഇതാണ് ഗർഭപാത്രത്തിന്റെ തുടക്കം. അനാട്ടമിയിൽ സെർവിൿസ്. ഫിസ്യോളജിയിൽ മാതൃത്വം.” ശ്യാമളൻ കിതപ്പിനിടയിൽ കുടുങ്ങിനിന്നു.

ജനൽ പെട്ടെന്ന് തുറക്കപ്പെട്ടു.
പുറത്ത് കാറ്റ് വീശിയടിക്കുകയാണ്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>