പുസ്തകം

കേരളചരിത്രത്തിലെ 10 കള്ളക്കഥകൾ


yy

ബോധപൂർവ്വം ചരിത്രം പഠിക്കാൻ ഇറങ്ങിത്തിരിച്ച ആളൊന്നുമല്ല ഞാൻ. സ്ക്കൂൾ കാലഘട്ടം മുതൽ ചരിത്രത്തിൽ അത്ര താൽ‌പ്പര്യമുള്ളയാളും ആയിരുന്നില്ല. ചില യാത്രകൾ, അത് കൊണ്ടെത്തിച്ച ചരിത്രപ്രാധാന്യമുള്ള ഇടങ്ങൾ, അതിന്റെ പിന്നാമ്പുറത്തെ കഥകൾ, ഒരു കഥയെ വെല്ലുന്നതും തള്ളിപ്പറയുന്നതുമായ മറ്റ് കഥകൾ, ചരിത്രകാരന്മാർ തമ്മിലുള്ള തർക്കങ്ങൾ അങ്ങനെയെങ്ങനെ ഞാൻ പോലുമറിയാതെ ചരിത്രം എന്നിലേക്ക് ഇടിച്ചുകയറുകയായിരുന്നു.

എന്നിട്ടിപ്പോൾ ഒരുപാട് ചരിത്രം പഠിച്ചെന്നല്ല പറഞ്ഞുവരുന്നത്. ഞാൻ ചെന്നുപെട്ട സ്ഥലങ്ങളുടെ ചരിത്രവും അത് ചികയുന്ന കൂട്ടത്തിൽ കിട്ടിയ അൽ‌പ്പം ചില ചരിത്രധാരണകളും മാത്രമേ എനിക്കുള്ളൂ. പക്ഷേ, ചരിത്രം ഞാൻ വല്ലാതെ ആസ്വദിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനായി. ചില ചരിത്രകാരന്മാരെ നേരിൽ കാണാൻ അവസരമുണ്ടായി. അവർ പറയുന്നത് കേട്ട് തരിച്ചിരുന്നു. അവരോട് ഒരു ചർച്ചയ്ക്കോ തർക്കത്തിനോ പോന്ന ചരിത്രവസ്തുതകൾ പോലും എനിക്കറിയില്ലെന്നും ഒരു യു.കെ.ജി.ചരിത്രവിദ്യാർത്ഥിയുടെ വിവരം പോലും എനിക്കില്ലെന്നും വ്യക്തമായി ഗ്രഹിച്ചു.

അത്തരത്തിൽ പരിചയപ്പെട്ട് കുറേയേറെ സമയം ഒരുമിച്ച് ചിലവഴിച്ച ഒരു ചരിത്രകാരനാണ് ശ്രീ.എം.ജി.എസ്.നാരായണൻ. എവിടെയൊക്കെ അദ്ദേഹം പ്രസംഗിക്കുന്നുണ്ടോ അവിടെയെല്ലാം എത്തിപ്പെടാൻ ശ്രമിച്ചു. വാർദ്ധക്യസഹജമായ പ്രശ്നങ്ങൾ കാരണം അദ്ദേഹം യാത്രകൾ കുറച്ചിരിക്കുന്ന സാഹചര്യത്തിൽ ഒരിക്കൽ കോഴിക്കോട് അദ്ദേഹത്തിന്റെ വീട്ടിൽ ചെന്നുകണ്ടു. ‘മുസ്‌രീസിലൂടെ’ എന്ന എന്റെ യാത്രാവിവരണപുസ്തകവുമായി മുന്നോട്ട് പോകുമ്പോൾ അദ്ദേഹത്തിന്റെ ഒരുപാട് പഠനങ്ങളും പുസ്തകങ്ങളും ലേഖനങ്ങളും എനിക്ക് സഹായകമായിട്ടുണ്ട്.

ആമുഖം ഇത്തിരി കടന്നുപോയെന്നും വ്യക്തിപരമായിപ്പോയെന്നും അറിയാം. ക്ഷമിക്കുക. ഡീസി പ്രസിദ്ധീകരിച്ച കേരള ചരിത്രത്തിലെ 10 കള്ളക്കഥകൾ (തിരുത്തിയെഴുതിയ കേരളചരിത്രം) എന്ന എം.ജി.എസ്.ന്റെ പുസ്തകം വായിച്ചതുകൊണ്ടാണ് ഇത് പറയേണ്ടിവരുന്നത്.

പുസ്തകത്തിന്റെ പേരിൽ സൂചിപ്പിക്കുന്ന ചില കള്ളക്കഥകൾ അദ്ദേഹത്തിന്റെ മുഖദാവിൽ നിന്ന് കേൾക്കാനുള്ള ഭാഗ്യം ഉണ്ടായിരുന്നതുകൊണ്ട് ഈ പുസ്തകത്തിന്റെ പരസ്യം കാണാൻ തുടങ്ങിയ നാൾ മുതൽ എനിക്കാകാംക്ഷയുണ്ടായിരുന്നു.  ഇനി, കള്ളക്കഥകളാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്ന കഥകൾ എണ്ണമിട്ട് തന്നെ നിരത്താം.

1. പരശുരാമൻ കേരളം സൃഷ്ടിച്ച കഥ
2. സെന്റ് തോമസ് (തോമാസ്ലീഹ) കേരളത്തിൽ വന്ന കഥ.
3. മഹാബലി കേരളം ഭരിച്ച കഥ.
4. ചേരമാൻ പെരുമാൾ നബിയെ കണ്ട കഥ.
5. വാസ്ക്കോഡഗാമ കാപ്പാട് കപ്പലിറങ്ങിയ കഥ.
6. ടിപ്പുസുൽത്താന്റെ സ്വാതന്ത്ര്യപ്പോരാട്ട കഥ.
7. പഴശ്ശിരാജ വൈരം വിഴുങ്ങിയ കഥ.
8. ഒരു കാർഷിക സമരത്തിന്റെ കഥ.
9. വികസനത്തിലെ കേരളമാതൃകയുടെ കഥ.
10. പട്ടണം മുസ്‌രീസായ കഥ.

ഒരു ചരിത്രകാരൻ പറയുമ്പോൾ അതിന് ആധികാരികത വേണമല്ലോ ? തെളിവുകൾ വേണമല്ലോ ? ഒട്ടുമിക്ക വാദമുഖങ്ങളിലും അദ്ദേഹത്തിന് ആ വ്യക്തതയുണ്ടെന്ന് തന്നെയാണ് എനിക്കഭിപ്രായമുള്ളത്. മറിച്ചഭിപ്രായമുള്ളയിടത്ത് അദ്ദേഹവുമായി സംവാദത്തിനുള്ള ചരിത്രബോധമോ അവഗാഹമോ എനിക്കില്ലെന്ന് ആദ്യമേ സൂചിപ്പിച്ചല്ലോ ? അക്കാരണം കൊണ്ടുതന്നെയാണ് ഇതൊന്ന് എഴുതാമെന്ന് കരുതിയത്. അദ്ദേഹത്തെപ്പോലെ തന്നെ എണ്ണം പറഞ്ഞ ചരിത്രകാരന്മാർ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടല്ലോ. എം.ജി.എസ്.ന്റെ കാഴ്ച്ചപ്പാടിനോട് അവർക്കുള്ള അഭിപ്രായം എന്താണെന്ന് കൌതുകം തോന്നിയിട്ടുണ്ട്. എനിക്കുള്ള എതിരഭിപ്രായങ്ങൾ അവർക്കുമില്ലേ ? ഉണ്ടെങ്കിൽ അവരെന്തുകൊണ്ട് അത് ചോദ്യം ചെയ്യുന്നില്ല !

ചരിത്രകാരന്മാരുടെ കാര്യം വിടാം. മതവിശ്വാസികളുടെ അടിയുറച്ച വിശ്വാസത്തെ തകിടം മറിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണ് 1,2,3,4 എന്നീ കള്ളക്കഥകൾ. വിശ്വാസികൾ എല്ലാവരുമോ അല്ലെങ്കിൽ ചിലർ പോലുമോ ഈ പുസ്തകം വായിച്ചിട്ടുണ്ടാകുമെന്നും പ്രകോപിതരാകുമെന്നും കരുതാനോ കരുതാതിരിക്കാനോ വയ്യ. പക്ഷെ, ദിനപ്പത്രങ്ങൾ നല്ലൊരു ശതമാനം മലയാളികളും വായിക്കുന്നതാണല്ലോ ? 2, 4 എന്നീ കള്ളക്കഥകളെപ്പറ്റി അദ്ദേഹം പറഞ്ഞത് മാതൃഭൂമി പത്രത്തിന്റെ ഒന്നാം പേജിൽ വാർത്തയായി വായിച്ചിട്ടുണ്ട് ഞാൻ. അന്നത് കണ്ട് വിശ്വാസികൾ ആരും അതിനെ ചോദ്യം ചെയ്തില്ലെന്നതും ബഹളമുണ്ടാക്കിയില്ലെന്നതും ആശ്ചര്യപ്പെടുത്തിയിട്ടുണ്ട്.

ഞാനൊരു മതസ്പർദ്ധയ്ക്ക് ശ്രമിക്കുകയാണെന്ന് തെറ്റിദ്ധരിക്കരുത്. എന്റെ ഉദ്ദേശം ഇതുമാത്രമാണ്. കള്ളക്കഥകൾ എന്നദ്ദേഹം പറയുന്ന ‘ചരിത്ര‘സംഭവങ്ങളെപ്പറ്റി എന്തെങ്കിലും ചോദിക്കാനും പറയാനുമുണ്ടെങ്കിൽ, എന്തെങ്കിലും എതിരഭിപ്രായമുണ്ടെങ്കിൽ, അത് അദ്ദേഹം ജീവിച്ചിരിക്കുമ്പോൾത്തന്നെ വേണം. ഒരാൾ കാലയവനികയ്ക്കുള്ളിൽ മറഞ്ഞതിന് ശേഷം അയാളുടെ പഠനങ്ങളും നിഗമനങ്ങളും വെളിപ്പെടുത്തലുകളും തെറ്റായിരുന്നെന്ന് പറയുന്നത് ഭോഷ്ക്കായിപ്പോകും.

മുസ്‌രീസ് കാണാൻ കോട്ടയത്തുനിന്ന് വന്ന ചില വിശ്വാസികൾക്കൊപ്പം നടക്കുന്ന സമയത്ത് തോമാശ്ലീഹ കേരളത്തിൽ വന്നിട്ടില്ലെന്ന് എം.ജി.എസ്. പറയുന്നതിനെപ്പറ്റി ഞാനൊന്ന് സൂചിപ്പിച്ചപ്പോഴേക്കും വന്നിട്ടുണ്ടെന്നുള്ളതിന് പല പല തെളിവുകളുമുണ്ടെന്ന് പറഞ്ഞ്, അതിൽ ചിലത് എടുത്ത് പറഞ്ഞ് ഒരു വൈദികൻ എനിക്കു നേരെ തിരിഞ്ഞു. ആദ്ദേഹത്തോട് തർക്കിക്കാനും മറുപടി പറയാനുമുള്ള സാക്ഷരത എനിക്കെവിടുന്നുണ്ടാകാൻ?! അല്ലെങ്കിലും എം.ജി.എസ്.പറഞ്ഞ കാര്യത്തിന് തർക്കിക്കേണ്ടത് അദ്ദേഹത്തിനോടാണ്; എന്നോടല്ല. എന്നും പറയുന്നത് പോലെ ഞാനൊരു സഞ്ചാരി മാത്രമാണ്. അതിനിടയ്ക്ക് അറിയാനിടയാകുന്ന ചരിത്രപരമായ വിഷയങ്ങളുടെ സമസ്യയിൽ‌പ്പെട്ട് ഉഴലുന്ന, അതിന്റെ സത്യാവസ്ഥ മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഒരാൾ മാത്രമാണ്.

അവസാനത്തെ ചേരമാൻ പെരുമാൾ മക്കത്ത് പോയി മതം മാറിയിട്ടുണ്ടെന്ന് എം.ജി.എസ്.തറപ്പിച്ച് പറയുന്നു. പക്ഷേ അത് നബിയുടെ കാലഘട്ടത്തിൽ ആയിരുന്നില്ലെന്ന് നല്ല വെടിപ്പായിട്ട് കണക്കുകളും അദ്ദേഹം നിരത്തുന്നുണ്ട്. അത് ശരിയാണെങ്കിൽ ചേരമാൻ പള്ളിയിൽ എ.ഡി.629 ൽ സ്ഥാപിതം എന്നെഴുതി വെച്ചിട്ടുള്ള മാ‍ർബിൾ ഫലകം ഒരു കള്ളഫലകമാണ്. പക്ഷേ എന്തുകൊണ്ട് ആരുമിത് എം.ജി.എസ്.നോട് തർക്കിക്കുന്നില്ല. ചേരമാൻ പള്ളിക്കമ്മറ്റിയിലുള്ള ഒരു വ്യക്തി (പേര് മറന്നു) ഡോൿടറേറ്റുള്ളയാളാണ്. ടീവിയിൽ അദ്ദേഹം പറയുന്നതായി ഞാൻ കണ്ടത്, നബിയും പെരുമാളും ഒരുമിച്ചുണ്ടായിരുന്നു എന്ന് ന്യായീകരിക്കുന്നതായിട്ടാണ്. ഇവരിങ്ങനെ രണ്ടിടങ്ങളിൽ ഇരുന്ന് വ്യത്യസ്തമായ കാര്യങ്ങൾ പറഞ്ഞാലെങ്ങനെ ശരിയാകും ?

ഒരു കാർഷിക സമരത്തിന്റെ കള്ളക്കഥ എന്ന് എം.ജി.എസ്.പറയുന്നത് മാപ്പിള ലഹള അഥവാ മലബാർ കലാപത്തെപ്പറ്റിയാണ്. ആ ‘വർഗ്ഗീയ ലഹള‘ തുടങ്ങിയത് കാർഷിക ലഹളയായിട്ടായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റുകൾ പറയുന്നത്. ഇ.എം.എസ്. നെയാണ് ഈ വിഷയത്തിൽ എം.ജി.എസ്. പ്രതിസ്ഥാനത്ത് നിർത്തിയിരിക്കുന്നത്. നിലവിലുള്ള കമ്മ്യൂണിസ്റ്റുകാർ ആരും എം.ജി.എസ്. ന്റെ ഈ പുസ്തകം കണ്ടിട്ടില്ലെന്ന് എനിക്ക് തോന്നുന്നില്ല. കണ്ടിട്ടില്ലെങ്കിൽ കാണണം, വായിക്കണം. മേലെ ഞാൻ സൂചിപ്പിച്ച മതവിശ്വാസികൾക്ക് തർക്കിക്കാൻ പറ്റാത്തിനപ്പുറം എം.ജി.എസ്.നോട് തർക്കിക്കാൻ കമ്മ്യൂണിസ്റ്റുകൾക്കാവുമെന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. തർക്കിച്ചും വാദിച്ചും ഒരു സമന്വയത്തിൽ എത്തണം. അതിനുശേഷം വിക്കിപീഡിയയിൽ അടക്കം തിരുത്തുകൾ ആവശ്യമാണെങ്കിൽ അത് ചെയ്യണം.

പത്താമത്തെ കള്ളക്കഥ അതായത് പട്ടണം മുസ്‌രീസ് ആയ കഥ എന്നെ നല്ല തോതിൽ ബാധിക്കുന്ന കഥ തന്നെയാണ്. എം.ജി.എസ്.ന്റെ വാദങ്ങളിൽ വിശ്വസിക്കുന്ന ഒരാൾക്ക് എന്റെ യാത്രാവിവരണപുസ്തകമായ ‘മുസ്‌രീസിലൂടെ‘ കത്തിച്ച് ചാമ്പലാക്കാൻ വേറൊരു കാരണവും ആവശ്യമില്ല. പക്ഷേ, ഞാനത് എഴുതുന്ന കാലത്ത് ഭാഗ്യവശാൽ കൃത്യമായിട്ട് തന്നെ, എം.ജി.എസും. വി.ഡി.സതീശൻ എം.എൽ.എ.യും  മുസ്‌രീസുമായി ബന്ധപ്പെട്ട മറ്റ് പലരും ഇതേപ്പറ്റിയുള്ള തർക്കങ്ങളിൽ ഏർപ്പെട്ടു. സംഭവം കൊഴുത്തു.  മാതൃഭൂമി ആഴ്ച്ചപ്പതിപ്പിൽ ആ തർക്കലേഖനങ്ങൾ ഒന്നിന് പുറകെ ഒന്നായി വന്നുകൊണ്ടിരുന്നു. അതൊന്നുപോലും വിടാതെ വായിച്ച് സ്വയം സമന്വയത്തിൽ എത്താൻ ഞാൻ ശ്രമിച്ചുകൊണ്ടിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പലപ്പോഴും, മെന്റർ മാഗസിന്റെ പ്രസ്സിലേക്ക് പോയ എന്റെ ലേഖനങ്ങൾ തിരികെ വാങ്ങി തിരുത്തേണ്ട നിലപാട് പോലും സ്വീകരിക്കേണ്ടി വന്നു. ആ ലേഖനങ്ങളെല്ലാം ചേർത്ത് പിന്നീട് പുസ്തകമാക്കിയപ്പോൾ കണ്ടതും കേട്ടതുമെല്ലാം പക്ഷം പിടിക്കാതെ പറയുകയും ചരിത്രകാരന്മാർക്കിടയിൽ സമന്വയം ഉണ്ടാകണമെന്നും പറഞ്ഞ് എന്റെ അൽ‌പ്പായുസ്സ് ഞാൻ രക്ഷിച്ചെടുത്തു.

നൂറിൽത്താഴെ വർഷങ്ങൾക്ക് മുൻപ് കഴിഞ്ഞുപോയ എത്രയോ ചരിത്രസംഭവങ്ങൾ പോലും ഒരു പുകമറ പോലെയാണ് നമുക്ക് മുന്നിലിന്നുള്ളത്. അതൊക്കെ അന്ന് എഴുത്തും വായനയും ഉള്ളവർ കുറവായതിന്റേയും ഉള്ളവർ തന്നെ അതൊക്കെ രേഖപ്പെടുത്താതെ മാറി നിന്നതിന്റേയും അവർക്കതിനുള്ള മാദ്ധ്യമങ്ങൾ ഇല്ലാതിരുന്നതിന്റേയും ഫലമാണെന്ന് കരുതാം. പക്ഷെ, ഇന്നതല്ലല്ലോ സ്ഥിതി. ഇത് ഡിജിറ്റൽ യുഗമാണ്. പല കാഴ്ച്ചപ്പാടുള്ള ചരിത്രകാരന്മാർ ഒരുപാടുപേർ ജീവനോടെ ഇരിക്കുന്നുമുണ്ട്. ഇത്തരം പുസ്തകങ്ങളെ ആധാരമാക്കിയെങ്കിലും ഒരു ചർച്ച വെച്ചുകൂടെ, ഒരു സംവാദം സംഘടിപ്പിച്ചുകൂടെ, വ്യത്യസ്ത കാഴ്ച്ചപ്പാടുകൾക്ക് ചെവികൊടുത്തുകൂടെ ? സാഹിത്യ അക്കാഡമി പോലുള്ള സർക്കാർ സംവിധാനങ്ങൾക്കാകുന്നില്ലെങ്കിൽ സ്വതന്ത്ര സാഹിത്യ കൂട്ടായ്മകൾക്ക് ആയിക്കൂടെ? ചത്ത കൊച്ചിന്റെ ജാതകം വായിക്കുന്നതിലും ഭേദം അതല്ലേ ?

ഞാനിതുവരെ പറഞ്ഞുവന്നതിന്റെ പൊരുൾ പിടികിട്ടിക്കാണുമെന്ന് കരുതുന്നു. എം.ജി.എസ്.ന്റെ പുസ്തകത്തെ ആധാ‍രമാക്കി ഈ ലേഖനത്തിൽ ചൂണ്ടിക്കാണിച്ച ചില കാര്യങ്ങളുടെ അഥവാ ‘കള്ളക്കഥകളുടെ‘ പേരിൽ എന്നെ ക്രൂശിക്കരുത്. എനിക്കിതേപ്പറ്റി തർക്കിക്കാനുള്ള ജ്ഞാനമൊന്നുമില്ല. ഈ പുസ്തകം, വിഷയത്തിൽ തൽ‌പ്പരരായിട്ടുള്ളവർ വായിക്കുക. സംശയങ്ങളും തർക്കങ്ങളും ഗ്രന്ഥകർത്താവായ എം.ജി.എസ്.നോട് ഉന്നയിക്കുക. ബഹുമാനപ്പെട്ട എം.ജി.എസ്. ഞാനങ്ങയ്ക്കെതിരെ പടയിളക്കിവിടാനുള്ള ശകുനിപ്പണി ചെയ്യുകയാണെന്ന് ഒരുകാരണവശാലും തെറ്റിദ്ധരിക്കരുത്. ശരിയായ ചരിത്രം രേഖപ്പെടുത്തണമെന്നുള്ള ഒരൊറ്റ ലക്ഷ്യം മാത്രമേ എനിക്കുള്ളൂ. ഞാൻ നിരപരാധിയാണ്, നിരക്ഷരനാണ്.

വാൽക്കഷണം:- ഇന്ന് ഈ ഡിജിറ്റൽ യുഗത്തിൽ നമ്മുടേയും നമ്മുടെ തൊട്ടുമുൻപുള്ള തലമുറയുടേയും കൺ‌മുന്നിൽ നടന്ന സംഭവങ്ങൾ പോലും തൽ‌പ്പര കക്ഷികൾ വളച്ചൊടിക്കുന്ന വേദനാജനകമായ കാഴ്ച്ചയാണുള്ളത്. അങ്ങനെയുള്ള ചില കള്ളക്കഥകളുടെ ശരിയായ കഥ, ചരിത്രകാരനൊന്നുമല്ലെങ്കിലും ഞാനും എഴുതി വെച്ചിട്ടുണ്ട്. പക്ഷേ, ഞാൻ ഈ ഭൂമിയിൽ ലയിച്ചില്ലാതായ ശേഷമേ അതൊക്കെ പുറത്ത് വരൂ. അല്ലെങ്കിൽ മേൽ‌പ്പറഞ്ഞ തൽ‌പ്പര കക്ഷികൾ എന്നെ വളരെ നേരത്തേ തന്നെ ഭൂമിയിൽ ലയിപ്പിച്ചെന്ന് വരും.