ദ്വാരകയിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിൽ നിന്ന് 24 കിലോമീറ്റർ ഓളം മാറി നാഗേശ്വർ എന്ന പേരിൽ ഒരു ശിവക്ഷേത്രമുണ്ട്. ദ്വാരക എന്നാൽ ശ്രീകൃഷ്ണൻ ആണല്ലോ. അവിടെ ഒരു ശിവക്ഷേത്രം വന്നത് ശൈവരുടെ കുത്തിത്തിരുപ്പാണ് എന്നാണ് ഞാൻ കരുതുന്നത്. എന്തായാലും ഇപ്പോൾ വൈഷ്ണവരും ശൈവരും എല്ലാം ഹിന്ദുക്കൾ ആയതുകൊണ്ട് എല്ലാവരും ഈ രണ്ട് ഇടങ്ങളിലും പോകുന്നു.
രാവിലെ, ഗ്യാസ് സ്റ്റേഷന് തൊട്ടടുത്തുള്ള ഗൗതം റസ്റ്റോറന്റിൽ നിന്ന് ആലു പൊറോട്ട കഴിച്ചശേഷം നേരെ നാഗേശ്വർ ക്ഷേത്രത്തിലേക്ക് വിട്ടു. കർണ്ണാടകയിലെ മുരുദ്വേശ്വറിലേത് പോലെ, ഇരിക്കുന്ന ശിവന്റെ വലിയൊരു പ്രതിമ ക്ഷേത്രത്തിന് പുറത്തുണ്ട്. മുരുദ്വേശ്വർ പ്രതിമയുടെ പകുതി പോലെ വലിപ്പം ഉണ്ടാകില്ല.
ഗ്യാസ് സ്റ്റേഷന്റെ എതിർവശത്ത് നിർമ്മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന ജൈന ക്ഷേത്രത്തിലും കയറി. അതിന്റെ പുറംഭാഗം എല്ലാം മാർബിളിലാണ് തീർക്കുന്നത്. പക്ഷേ അകത്ത് പ്ലാസ്റ്റർ ഓഫ് പാരീസ് വെച്ച് ചില ഉടായിപ്പ് പണികൾ ചെയ്യുന്നുണ്ട്.
ജൈനക്ഷേത്രത്തിൽ നിന്ന് ഇറങ്ങി പോർബന്തറിലേക്ക് തിരിച്ചു. നാലുവരി പുതിയ പാതയാണ് അത്. പക്ഷേ അത്രയും ദൂരത്തിൽ ഒരിടത്തും ഒരു തണൽമരം പോലുമില്ല. മരങ്ങൾ നട്ടിട്ടുണ്ട് അത് വളർന്നു വന്നിട്ട് വേണം. അല്പം വെള്ളം കുടിക്കാനായി ഏതെങ്കിലും മരത്തണലിൽ നിർത്താമെന്ന് കരുതിയപ്പോൾ ആണ് ഇക്കാര്യം ഞാൻ ശ്രദ്ധിച്ചത്.
പോർബന്തറിൽ പ്രധാനമായും ഗാന്ധിജി ജനിച്ച ഭവനവും കസ്തൂർബായുടെ വീടുമാണ് കാണാനുള്ളത്. ഗാന്ധിജിയുടെ വീടിനോട് ചേർന്ന് ഫോട്ടോ ഗാലറിയും മ്യൂസിയവും എല്ലാം ചേർത്ത് കീർത്തി പവൻ എന്ന് ഒരു പുതിയ കെട്ടിടം വന്നിട്ടുണ്ട്. പുതിയത് എന്ന് ഉദ്ദേശിച്ചത് ഗാന്ധിജിയുടെ വീടിനേക്കാൾ പുതിയത്. 1950 സർദാർ വല്ലഭായി പട്ടേലാണ് ഈ കെട്ടിടം ഉദ്ഘാടനം ചെയ്തത്.
* മൂന്ന് നിലകളിലായാണ് ഗാന്ധിജിയുടെ ഭവനം.
* രണ്ടും മൂന്നും നിലകളിലേക്കുള്ള കോണിപ്പടികൾ കുത്തനെയുള്ളതാണ്. കയറിൽ പിടിച്ച് വേണം മുകളിലെ നിലകളിലേക്ക് കയറാനും ഇറങ്ങാനും.
* ഗാന്ധിജി പിറന്ന് വീണ സ്ഥലം സ്വസ്തിക് ചിഹ്നത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നു.
* ധാരാളം മുറികളുള്ള സാമാന്യം ഭേദപ്പെട്ട ഒരു വീടാണ് അത്.
* ഗാന്ധിജിയുടെ വീട്ടിന്റെ പിന്നാമ്പുറത്തെ വാതിലിലൂടെ ഇറങ്ങി പുറകിലുള്ള രണ്ട് വീടുകൾ കടന്നുചെന്നാൽ കസ്തൂർബയുടെ വീട്ടിലെത്താം.
* ഗാന്ധിജിയുടെ വീട്ടിൽ ഫോട്ടോഗ്രഫി അനുവദനീയമാണ്. പക്ഷേ കസ്തൂർബയുടെ വീട്ടിൽ അനുവദിക്കുന്നില്ല.
* ഗാന്ധിജിയുടെ വീട് കേന്ദ്രസർക്കാരിന്റെ കീഴിലും കസ്തൂർബയുടെ വീട് സംസ്ഥാന സർക്കാരിൻറെ കീഴിലുമാണ്.
* കസ്തൂർബയുടെ വീടും മൂന്ന് നിലകളിലായാണ് ഉള്ളത്.
* ഫോട്ടോ ഗാലറിയിൽ നമ്മൾ ഇതുവരെ കണ്ട ഗാന്ധിജിയുടെ ചിത്രങ്ങൾക്കൊപ്പം തീരെ കാണാത്ത ചില ചിത്രങ്ങളും ഉണ്ട്.
സൊവനീർ ഷോപ്പിൽ നന്ന് ഒരു ചർക്കയാണ് ഞാൻ വാങ്ങിയത്. ആ മഹാത്മാവിന്റെ വീട്ടിൽനിന്ന് ചർക്കയല്ലാതെ മറ്റെന്ത് വാങ്ങാൻ?!
പകൽ തീരാൻ ഇനിയും ഒരുപാട് സമയമുണ്ട്. മത്സ്യബന്ധന തുറമുഖത്തിനോട് ചേർന്ന് കിടക്കുന്ന സ്ഥലം ആയതുകൊണ്ട് ഈ തെരുവിൽ വന്നപ്പോൾ മുതൽ വല്ലാർപാടത്ത് ചെന്നത് പോലയാണ് എനിക്ക് തോന്നിയത്.
പോർബന്തറിൽ ഇനിയെന്താണ് കാണാനുള്ളത് എന്ന് പരിശോധിച്ചപ്പോൾ, 15 കിലോമീറ്റർ മാറി ജാംബവാന്റെ ഗുഹ ഉണ്ടെന്ന് കണ്ടു. അരമണിക്കൂറിനുള്ളിൽ അവിടെയെത്തി.
* ഭൂമിക്കടിയിലേക്ക് രണ്ട് കെട്ടിടത്തിന്റെ ആഴത്തിൽ താഴെയാണ് ഈ ഗുഹ.
* താഴേക്ക് ഇറങ്ങാൻ പുതുതായി കല്ലിൽ തീർത്ത പിരിയൻ പടികൾ ഉണ്ട്.
* ഗുഹയിൽ വൈദ്യുത വിളക്കുകൾ ഉള്ളതുകൊണ്ട് ഭയപ്പാടൊന്നും തോന്നില്ല.
* ധാരാളം ശിവലിംഗങ്ങൾ ഗുഹയിൽ ഉണ്ട്.
* രാമന്റേയും സീതയുടേയും ജാംബവാന്റേയും ഫ്ലക്സും സ്ഥാപിച്ചിട്ടുണ്ട്.
* കോവണി ഇറങ്ങിച്ചെല്ലുന്ന ദ്വാരം കൂടാതെ ഗുഹയിൽ നിന്ന് മുകളിലേക്ക് രണ്ടു ദ്വാരങ്ങൾ കൂടെയുണ്ട്.
ഞാൻ ചെല്ലുമ്പോൾ ഒരു കർണ്ണാടക കുടുംബം ഗുഹയിൽ ഉണ്ട്. സമയം നാലുമണിയേ ആയിട്ടുള്ളൂ. സൗരാഷ്ട്രയിൽ എനിക്ക് ഇനി പോകാനുള്ളത് ഉപ്ലേട്ട കോട്ടയിലേക്ക് ആണ്. ഞാൻ ഭാഗിയെ അങ്ങോട്ട് നയിച്ചു.
നായ്ക്കളുടെ ശല്യം കാരണം കോട്ടയുടെ ഭാഗത്തേക്ക് അടുക്കാൻ പറ്റുന്നില്ല.
* മോജ് നദിക്കരയിലാണ് ഉപ്ലേട്ട കോട്ട നിലകൊള്ളുന്നത്.
* കോട്ടമതിൽ പൊളിച്ചു കയ്യേറിയാണ് ചുറ്റുമുള്ളവർ വീട് വെച്ചിരിക്കുന്നത്.
* കോട്ടയുടെ പ്രധാന കവാടവും രണ്ട് കൊത്തളങ്ങളും കോട്ടയ്ക്കകത്തുള്ള കൊട്ടാര ഭാഗവും മാത്രം വെറുതെ വിട്ടു.
* പതിനാലാം നൂറ്റാണ്ടിൽ ചുതസാമ രജപുത്രരാണ് ഈ കോട്ട നിർമ്മിച്ചത്.
200ൽപ്പരം കിലോമീറ്റർ ആണ് ഇന്ന് സഞ്ചരിച്ചത്. പകലിന് ചൂട് കൂടി തുടങ്ങിയിരിക്കുന്നു. ഉപ്ലേട്ട നഗരത്തിന് വെളിയിൽ ഒരു ഗ്യാസ് സ്റ്റേഷനിൽ ഭാഗിക്ക് കിടക്കാനുള്ള സ്ഥലം കിട്ടി. ഉച്ചക്ക് സാമാന്യം നന്നായി ഭക്ഷണം കഴിച്ചിരുന്നത് കൊണ്ട് രാത്രി ഒരു ക്രോയ്സൻ്റിൽ അത്താഴം ഒതുക്കി.
ശുഭരാത്രി.