ഇന്ന് ലക്ഷ്യമിട്ടിരുന്നത് ദേസുരി കോട്ട ആയിരുന്നു. കുംബൽഗഡിൽ നിന്ന് 34 കിലോമീറ്റർ ദൂരം കാണിക്കുന്നുണ്ട് ദേസുരിയിലേക്ക്. പക്ഷേ, സമയം ഒരു മണിക്കൂർ. അതിനർത്ഥം റോഡ് നല്ലതല്ല എന്നാണ്. പക്ഷേ, ഇന്നലത്തേത് പോലെ ഭയപ്പെടുത്തുന്ന ഹെയർപിന്നുകൾ ഇല്ല എന്ന് ഉറപ്പുവരുത്തി. ആരവല്ലി മലകൾക്ക് അപ്പുറം അതായത് മാർവാഡ് ഭാഗത്താണ് ദേസുരി കോട്ട നിലകൊള്ളുന്നത്.
പുറപ്പെടുന്നതിന് മുൻപ്, ഇന്നലെ ചട്ടം കെട്ടി വെച്ചിരുന്നത് പ്രകാരം ഭാഗിയെ കൊണ്ടുപോയി കുളിപ്പിച്ച് സുന്ദരിയാക്കി. പക്ഷേ കാർ വാഷിങ്ങ് കേന്ദ്രത്തിൽ ഇതൊരു മോട്ടോർഹോം ആണെന്ന് അവർക്ക് പിടികിട്ടി. അവർക്കത് ശരിക്കും കാണണം. കണ്ടവരിൽ ഒരാൾ മറ്റൊരാളെ ഫോൺ ചെയ്ത് പറഞ്ഞു. അയാൾ മോട്ടോർ ഹോം ഉണ്ടാക്കാൻ പദ്ധതിയിട്ട് നടക്കുന്ന കക്ഷിയാണ്. അയാൾ വരുന്നത് വരെ കാത്തുനിൽക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. അയാൾ പെട്ടെന്ന് തന്നെ വന്നു. അയാളടക്കം വീണ്ടും കുറേപ്പേർ ഭാഗിയുടെ സെറ്റപ്പിൽ സന്തോഷം പ്രകടിപ്പിച്ചു.
എല്ലാം കഴിഞ്ഞ് ദേസുരിയിൽ എത്തിയപ്പോൾ സൂര്യൻ ഉച്ചിയിൽ എത്തിക്കഴിഞ്ഞു. പക്ഷേ, ദേസുരി കോട്ടയ്ക്ക് വേണ്ടി അധികസമയം ചിലവഴിക്കേണ്ടി വന്നില്ല. കാരണം, ദേസുരി കോട്ടയിലേക്ക് കയറാൻ പറ്റിയില്ല എന്നത് തന്നെ.
400 അടിയെങ്കിലും ഉയരത്തിലുള്ള വലിയൊരു മലയുടെ മുകളിൽ കോട്ട ദൂരേന്ന് തന്നെ കാണാമെങ്കിലും, കോട്ട ഉപേക്ഷിക്കപ്പെട്ട നിലയിലാണ്. ആ തെരുവിലുള്ള മെഡിക്കൽ ഷോപ്പിൽ തിരക്കിയപ്പോൾ, തൊട്ടപ്പുറത്തെ കെട്ടിടത്തിൽ ഇരിക്കുന്ന ഗ്രാമമുഖ്യൻ കണക്കെയുള്ള ഒരു എൺപതുകാരൻ്റെ അടുത്തേക്ക് പറഞ്ഞുവിട്ടു. അയാൾക്കൊപ്പം ഒരു അറുപതുകാരനും ഇരിപ്പുണ്ട്. ജോഥ്പൂർ രാജവംശത്തിൻ്റെ കീഴിലാണ് കോട്ട. അങ്ങോട്ട് എഴുതി അനുവാദം വാങ്ങിയാലേ കോട്ടയിലേക്ക് കയറാൻ പറ്റൂ എന്ന് കാർന്നോർ. കൂടെയുള്ള ആൾ അത്രയ്ക്ക് ബലം പിടുത്തക്കാരനല്ല എന്ന് തോന്നിയതുകൊണ്ട് അദ്ദേഹം പുറത്ത് വന്നപ്പോൾ ഞാൻ ആ മാന്യദേഹത്തിനെ ചാക്കിലാക്കാനുള്ള സംസാരം തുടങ്ങി.
കക്ഷിയുടെ വീട് തൊട്ടപ്പുറത്തെ റോഡിലാണ്. വീടിൻ്റെ മുന്നിൽ നിന്ന് കോട്ടയിലേക്ക് കയറാനുള്ള വഴിയും ഉണ്ട്. കാർന്നോരെ ഭയന്നിട്ടാണെന്ന് തോന്നുന്നു, എന്നോട് അവിടെ വെച്ച് സഹകരിക്കാതിരുന്നത്. പിന്നീട് സംഭവിച്ചത് അതിശയിപ്പിക്കുന്ന കാര്യങ്ങളാണ്.
ഉമാ ശങ്കർ ദാവേ അതാണ് കക്ഷിയുടെ പേര്. അദ്ദേഹം എനിക്കും ഭാഗിക്കും ഒപ്പം കൂടുന്നു. കക്ഷിയുടെ വീടിൻ്റെ ഭാഗത്തേക്ക് ഭാഗിയെ നയിക്കുന്നു. സ്വന്തം വീടിൻ്റെ മുന്നിലൂടെ കോട്ടയുടെ മുകളിലേക്ക് കയറാനുള്ള പാറ തുടങ്ങുന്നത് വരെ കൊണ്ടുപോകുന്നു. പക്ഷേ പിന്നീട് അദ്ദേഹം പറഞ്ഞ കാര്യങ്ങൾ എനിക്ക് നിരാശയുണ്ടാക്കി. ഈ ഭാഗത്ത് നിന്നൊന്നുമല്ല കോട്ടയിലേക്കുള്ള കയറ്റം. അത് അറിയുന്നവർ ആരൊക്കെ ഉണ്ടെന്നും അദ്ദേഹത്തിന് അറിയില്ല. അവിടെ ജനിച്ച് വളർന്ന ആളായിട്ടും അദ്ദേഹം ഇതുവരെ കോട്ട കാണാൻ ആ പാറയ്ക്ക് മുകളിൽ കയറിയിട്ടില്ല.
“ നിങ്ങൾക്ക് വേണമെങ്കിൽ ഇവിടന്ന് കയറിപ്പോകാം. പക്ഷേ ശരിയായ പാത കണ്ടുപിടിക്കാൻ പറ്റിയില്ലെങ്കിൽ മുകളിൽ എത്തണമെന്നില്ല. മാത്രമല്ല, പട്ടണവാസിയായ നിങ്ങൾക്ക് ഈ പാറയൊക്കെ കയറാൻ പറ്റുമോ? അതിന് ശ്രമിച്ച് അപകടം വല്ലതും ഉണ്ടായാലോ?. കൂടാതെ, ഫോറസ്റ്റിൻ്റെ കണക്ക് പ്രകാരം ഇതിന് മുകളിൽ രണ്ട് പുള്ളിപ്പുലികൾ ഉണ്ട്. ഗ്രാമത്തിൽ അവരെ കണ്ടവരും ഉണ്ട്.“
അവിടെ ഞാൻ അടിയറവ് പറഞ്ഞു. വന്യമൃഗങ്ങളോട് ഏറ്റുമുട്ടി കോട്ടകളുടെ സൗന്ദര്യം ആസ്വദിച്ചോളാമെന്ന് ഞാൻ പ്രതിജ്ഞയൊന്നും എടുത്തിട്ടില്ല. രണ്ടാമതൊരു സംസാരമില്ലാതെ പരിപാടി അവിടെ ഉപേക്ഷിക്കപ്പെട്ടു.
ദാവേയ്ക്ക് എൻ്റെ നിരാശ മനസ്സിലായി. അതൽപ്പം കുറയ്ക്കാൻ അദ്ദേഹം എന്നെ തൊട്ടടുത്തുള്ള പുരയിടത്തിലേക്ക് നയിച്ചു. അത് തഹസ്സീൽദാരുടെ ഓഫീസായി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ്. അതിനടുത്ത് തന്നെ കച്ചേരി കെട്ടിടവും ജയിലുമുണ്ട്. പക്ഷേ ഉണ്ടാക്കിയത് രാജഭരണകാലത്താണ്. 200 വർഷത്തോളം പഴക്കമുണ്ട് അതിന്. അന്ന് ഈ ഭാഗത്ത് ടാക്കൂർമാർ വഴിയല്ല ഭരണം, ജോഥ്പൂർ രാജാവ് നേരിട്ടാണ്. പുതിയ കേട്ടിടങ്ങളിലേക്ക് ഈ ഭരണക്കസേരകൾ മാറ്റിയപ്പോൾ ഈ കെട്ടിടങ്ങൾ അനാഥമായി, കാട് കയറി നശിച്ചു. നല്ല നല്ല വാതിലുകളും കൊത്തുപണികളും നാട്ടുകാർ ഇളക്കിക്കൊണ്ട് പോയി. എനിക്കാ കെട്ടിടങ്ങൾ പോലും വലിയ സന്തോഷക്കാഴ്ച്ചകളായിരുന്നു.
ഞങ്ങൾ തമ്മിൽ കണ്ടുമുട്ടിയ തെരുവിലേക്ക് ദാവേ പിന്നീടെന്നെ കൊണ്ടുപോയി. അവിടന്ന് ഒരു വഴി ചെന്നവസാനിക്കുന്നത് വലിയൊരു പഴയ കെട്ടിടത്തിൻ്റെ മുന്നിലാണ്. അതൊരു കൊട്ടാരമാണ്. ഉടമസ്ഥർ ജോഥ്പൂരിൽ നിന്നുള്ള രാജവംശമാണ്. അവരുടെ തന്നെ ഉടമസ്ഥതയിലാണ് കോട്ട ഇരിക്കുന്ന പ്രദേശവും. അവർക്ക് കത്തെഴുതണമെന്നാണ് ‘മുഖ്യൻ‘ ആദ്യം എന്നോട് പറഞ്ഞത്.
പരിപാലനമൊന്നും ഇല്ലാതെ കൊട്ടാരം ശോചനാവസ്ഥയിലാണ്. അതിൻ്റെ പിന്നിൽ പുതിയൊരു കെട്ടിടം ഉണ്ടാക്കി 200ൽപ്പരം പെൺകുട്ടികൾക്ക് താമസിക്കാനുള്ള ഹോസ്റ്റൽ നടത്തുകയാണ് നിലവിൽ. അൽപ്പം മുൻപ്, റിപ്പബ്ലിക്ക് ആഘോഷം കഴിഞ്ഞ് കുട്ടികൾ വരിവരിയായി അങ്ങോട്ട് പോകുന്നത് ഞാൻ ശ്രദ്ധിച്ചിരുന്നു.
കോട്ടാരത്തിൻ്റെ ഗേറ്റ് തുറന്ന് അകത്ത് കടന്നു. ഓഫീസിൽ ഇരിക്കുന്ന 70കാരനോട് കാര്യങ്ങൾ പറഞ്ഞപ്പോൾ, അവിടെ നിന്നുകൊണ്ട് കോട്ടയുടേയോ കൊട്ടാരത്തിൻ്റേയോ പടങ്ങളെടുക്കുന്നതിന് വിരോധമില്ല എന്ന് പറഞ്ഞു. കൊട്ടാരത്തിൻ്റെ ഇപ്പോഴത്തെ അവകാശികളെ ചിത്രങ്ങളിൽ പരിചയപ്പെടുത്തുകയും ചെയ്തു.
മാർവാഡ് രാജവംശത്തിലെ ഗജ്സിങ്ങ് രാജാവാണ് നിലവിൽ ഇതിൻ്റെ ഉടമ. അദ്ദേഹത്തിൻ്റെ മകൻ ശിവരാജ് സിങ്ങാണ് നിലവിലെ യുവരാജാവ്. ഞാൻ കൊട്ടാരത്തിൻ്റേയും പിൻഭാഗത്ത് കാണുന്ന കോട്ടയുടേയും ചിത്രങ്ങൾ പറ്റുന്നത് പോലൊക്കെ എടുത്തൊപ്പിച്ചു.
പതിമൂന്നാം നൂറ്റാണ്ടിൽ ചാലൂക്യന്മാരാണ് കോട്ട ഉണ്ടാക്കിയതെന്ന് കരുതപ്പെടുന്നു. പിന്നീടത് മാർവാഡ് രാജവംശത്തിൻ്റെ കൈവശം എത്തപ്പെട്ടു. കൂടുതൽ ചരിത്രമൊന്നും ലഭ്യമല്ല. വലിയ യുദ്ധങ്ങളോ പിടിച്ചടക്കലുകളോ നടന്നതായും വിവരമില്ല.
താഴെ നിന്ന് കാണുന്ന കോട്ടയുടെ അവസ്ഥ പ്രകാരം, ഗംഭീരമായ കൊത്തളങ്ങൾ ഉണ്ട് അതിന്. കൊത്തളങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കോട്ടമതിലുണ്ട്. മലയുടെ പിൻഭാഗത്ത് പകുതി ഉയരത്തിൽ, കൽത്തൂണുകളുള്ള ഒരു മണ്ഡപവും കാണാം. നവീകരിച്ചെടുത്താൽ ടൂറിസം പൊലിപ്പിക്കാനുള്ള അത്യാവശ്യം എല്ലാക്കാര്യങ്ങളും ദേസുരി കോട്ടയിലുണ്ട്.
“ ഈ വഴിയെല്ലാം താണ്ടി ഞാൻ വന്നു. താഴെ നിന്നാണെങ്കിലും നിനക്കൊപ്പം നിന്ന് പടപെടുത്തിട്ടുണ്ട്. കണ്ടിട്ടും അകത്തേക്ക് കയറാൻ പറ്റാതെ പോയ, അടുത്ത് നിന്ന് ഒരു പടം പോലും എടുക്കാൻ സാധിക്കാതെ പോയ ആദ്യ കോട്ടയായി, നിരാശയോടെ നിന്നെ അടയാളപ്പെടുത്തുന്നു.“
ദാവേ, വണ്ടിയിൽ നിന്ന് ഇറങ്ങാൻ ഉദ്ദേശമില്ല. അദ്ദേഹത്തിന് ഭാഗിയെ നന്നായി ഇഷ്ടപ്പെട്ടിട്ടുണ്ട്. അടുത്ത ഡെസ്റ്റിനേഷൻ വരെ അദ്ദേഹം കൂടെ വരുന്നതിന് എനിക്ക് ബുദ്ധിമുട്ടുണ്ടോ എന്നായി ചോദ്യം. പകരം, എൻ്റെ ലിസ്റ്റിലില്ലാത്ത ഒരു സ്ഥലത്ത് കൊണ്ടുപോകാനും കക്ഷി തയ്യാറാണ്.
വൈദ്യനും, രോഗിയും കോട്ടതന്നെ ആഗ്രഹിക്കുന്ന അവസ്ഥ. സത്യത്തിൽ, എവിടെച്ചെന്നാലും ഞാനാഗ്രഹിക്കുന്നത് അന്നാട്ടിലെ ഒരാൾ ഗൈഡായി കൂടെ വന്നിരുന്നെങ്കിൽ എന്നാണ്. ദാസുരിയിൽ ദാവേ ആ റോൾ സ്വയം ഏറ്റെടുത്തിരിക്കുന്നു.
ലിസ്റ്റിൽ ഇല്ലാത്ത ഇടത്തേക്ക് പോകാൻ ഒരു പ്രത്യേക രസമാണ്. ഗൂഗിൾ മാപ്പിൻ്റെ സഹായമില്ലാതെ ദാവേ പറയുന്ന ഇടത്തും വലത്തും മാത്രം ശ്രദ്ധിച്ച് ഭാഗി നീങ്ങിത്തുടങ്ങി.
(തുടർന്ന് വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക…)
#greatindianexpedition
#gie_by_niraksharan
#gie_rajasthan
#fortsofrajasthan
#fortsofindia
#boleroxlmotorhome
#motorhomelife