ഡി.എസ്.എഫ്.


D.S.F. എന്ന് കേട്ടപ്പോള്‍ ദുബായ് ഷോപ്പിങ്ങ് ഫെസ്റ്റിവലിനെക്കുറിച്ച് വല്ലതുമാണെന്ന് കരുതി വന്നവരോടെല്ലാം ആദ്യം തന്നെ മാപ്പ് ചോദിക്കുന്നു. ദുബായീന്റെ മാപ്പല്ല. ക്ഷമിക്ക് സുഹൃത്തുക്കളേ എന്ന്.

ഇവിടെപ്പറയുന്നത് വേറെ D.S.F.നെപ്പറ്റിയാണ്.
കൃത്യമായിപ്പറഞ്ഞാല്‍, Dangerous Situation Feedback.
പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ‘അപകടകരമായ അവസ്ഥയെക്കുറിച്ചുള്ള മുന്നറിപ്പ് ‘ (അതോ പിന്നറിയിപ്പോ ?)

സംഗതി മറ്റൊന്നുമല്ല. നമ്മള്‍ ജോലി ചെയ്യുന്ന ഓഫീസിലോ‍ ഫീല്‍ഡിലോ‍ ഉണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടാകാന്‍ സാദ്ധ്യതയുള്ള അപകടകരമായ പ്രവര്‍ത്തനങ്ങളേയോ, നീക്കങ്ങളെയൊ, സാഹചര്യങ്ങളെയോ ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ എന്ന ഓമനപ്പേരില്‍ വിളിക്കാം. എന്നെപ്പോലുള്ളവര്‍ ജോലി ചെയ്യുന്ന എണ്ണപ്പാടത്ത് അപകടസാദ്ധ്യത കുറെ കൂടുതലുള്ളതായതുകൊണ്ട് ഈ D.S.F. റിപ്പോര്‍ട്ട് കണക്കിലെടുത്ത് അപകടസാദ്ധ്യതകള്‍ മുന്നില്‍ക്കണ്ട്, അതിന് പ്രതിവിധികള്‍ ചെയ്ത് സുരക്ഷിതരായി ജോലി തീര്‍ത്ത്, ജീവനോടെ തിരിച്ച് പൊരേല് മടങ്ങിവരാന്‍ ഒരു പരിധിവരെ സാധിക്കും.

ഇത് ഒരു ഓയല്‍ഫീല്‍ഡ് ജോലി സംബന്ധമായ സംഗതി മാത്രമായിരുന്നിരിക്കാം കുറെനാള്‍ മുന്‍പ് വരെ. പക്ഷെ ആ കളി മാറി. ഇപ്പോ സകല കമ്പനികളിലും, ഫാക്റ്ററികളിലും ഒക്കെ കടന്നുകൂടിയിട്ടുണ്ട്. I.T.രംഗത്ത് വരെ വന്നെന്നാണ് തോന്നുന്നത്.പലയിടത്ത് പല പേരിലാണ് അറിയപ്പെടുന്നതെന്ന് മാത്രം.

ഇതിനുവേണ്ടി പല കമ്പനികളിലും സേഫ്‌റ്റി അല്ലെങ്കില്‍ H.S.E. എന്നൊരു ഡിപ്പാര്‍ട്ട്‌മെന്റ് തന്നെ രൂപപ്പെട്ടിട്ടുണ്ട്. ഒരുപാട് ജനങ്ങള്‍ ഈ വിഭാഗത്തിലിരുന്ന് കാര്യമായ പണിയൊന്നും ചെയ്യാതെ, നല്ല മുട്ടന്‍ ശംബളവും വാങ്ങി ഭേഷാ പുട്ടടിക്കുന്നുണ്ട്. കൂട്ടത്തില്‍ ഇപ്പണി അറിയുന്നവരും, നന്നായി പണിയെടുക്കുന്നവരും ഉണ്ട്. (അവരുടേന്ന് അടി വാങ്ങാതെ നോക്കണമല്ലോ!)

10 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അബുദാബീല് ഒരു I.T.ജോലിക്ക്, ലീവ് വേക്കന്‍സീല് കയറിയപ്പോ, മാനേജര് തമിഴന്‍ പറയണ് എല്ലാ ആഴ്ച്ചയിലും ഓരോ D.S.F. വീതം എഴുതിക്കൊടുക്കണമെന്ന്.

“അപ്പീസിനകത്ത് എന്തൂട്ട് ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ അണ്ണാച്ചീ…“

“ദാ അങ്കെ നിലത്ത് കൊഞ്ചം തണ്ണി കിടക്കണത് പാത്തിട്ടിയാ? അതില് ചവിട്ടി ആരെങ്കിലും മൂക്കടിച്ച് വീണാലോ ? അപ്പോ അത് വന്ത് ഒരു D.S.F. ശുമ്മാ എഴുതി കൊട് തമ്പീ.“

ആ ആഴ്‌ച്ച അങ്ങിനെ രക്ഷപ്പെട്ടു. ഈ പണ്ടാറം എഴുതിക്കൊടുത്തില്ലെങ്കില്‍ എല്ലാ ആഴ്ച്ചയിലും സേഫ്റ്റി മീറ്റിങ്ങ് കൂടുമ്പോള്‍ പരസ്യമായി പേര് വിളിച്ച് പറഞ്ഞ് നാണം കെടുത്തും, ബഞ്ചിന്റെ മുകളില്‍ കയറ്റി നിറുത്തും, ശംബളവര്‍ദ്ധന പരിഗണിക്കുമ്പോള്‍ മാര്‍ക്ക് കുറയ്ക്കും. അങ്ങിനെ ചുരുക്കിപ്പറഞ്ഞാല്‍, ലോകത്തുള്ള, ദുബായിയെ സ്നേഹിക്കുന്ന സകല മനുഷ്യന്മാരും D.S.F. എന്ന് കേട്ടാല്‍ അഹ്ലാദഭരിതരാകുന്നുവെങ്കില്‍ ഞങ്ങള്‍ കുറെ എണ്ണപ്പാടത്ത് പണിയെടുക്കുന്ന ജീവികള് മാത്രം ഈ D.S.F. പണ്ടാരത്തിനെ വെറുത്ത്, ശപിച്ച് ഒരു വഴിക്കായി.

എന്നാലും, ഒരു ഗുണമുണ്ട് ഈ സംഗതികൊണ്ട്. ഓരോ മാസവും മാനേജര്‍ക്ക് കിട്ടുന്ന എല്ലാ D.S.F.കൂമ്പാരങ്ങളും പരിഗണിച്ച് നല്ല കിടിലന്‍ D.S.F.നോക്കി തിരഞ്ഞെടുത്ത് അതിന് 100 ദിര്‍ഹംസ് (ഇപ്പോഴത്തെ വിനിമയ നിരക്കനുസരിച്ച് 1300 രൂഭാ)ഇനാം നല്‍കും. ഇതൊക്കെപ്പോരാഞ്ഞിട്ട് കൊല്ലാവസാനം ഏറ്റവും നല്ല D.S.F. തിരഞ്ഞെടുത്ത് അതിന്റെ ലേഖകന് അര മാസത്തെ ശംബളവും സമ്മാനമായി കൊടുക്കും.

പക്ഷെ എത്ര നാഷണല്‍ അവാര്‍ഡ് വിന്നിങ്ങ് D.S.F. എഴുതിയാലും 100 ദിര്‍ഹം നമുക്ക് കിട്ടില്ല. അത് മാനേജരെ സോപ്പിട്ട് തേച്ച് കുളിപ്പിച്ച് നടക്കുന്ന അക്ഷരാഭ്യാസമില്ലാത്ത എതെങ്കിലും വിവരംകെട്ട അറബിക്ക് കിട്ടും. എന്നിട്ട് അവനെഴുതിയ ആ കാശിന് കൊള്ളാത്ത D.S.F. നമ്മളെല്ലാവരും കേള്‍ക്കാന്‍വേണ്ടി മാസത്തിലൊരിക്കലുള്ള മീറ്റിങ്ങില്‍ വിളിച്ച് കൂവുകയും ചെയ്യും. ആ വിദ്വാന്റെ പടം കോണ്‍ഫറന്‍സ് റൂമിലെ സ്ക്രീനില്‍ കുറെനേരം സൂപ്പര്‍സ്റ്റാര്‍ മമ്മൂട്ടിയേയോ, മോഹന്‍ലാലിനേയോ പോലെ തെളിഞ്ഞുനില്‍ക്കുകയും ചെയ്യും. അതും പോരാഞ്ഞ് അടുത്തമാസത്തെ D.S.F. സൂപ്പര്‍സ്റ്റാറിനെ പ്രഖ്യാപിക്കുന്നതുവരെ അവന്റെ ഈസ്റ്റ്മാന്‍ കളറ് പടം ഒരെണ്ണം, പിടികിട്ടാപ്പുള്ളികളുടെ ഫോട്ടോ പോലീസ് സ്റ്റേഷനിലെ നോട്ടീസ് ബോര്‍ഡിലെന്നപോലെ കമ്പനിയുടെ നോട്ടീസ് ബോര്‍ഡിലും കിടക്കും.

ചില D.S.F. അവസ്ഥകളൊക്കെ കേട്ടാല്‍ പൊതുജനം ചിരിച്ച് അടപ്പിളകാനും മതി. അതില്‍ ചിലത് ഇങ്ങനെ.

1.സ്റ്റെയര്‍‌കേസിലൂടെ പടികളിറങ്ങുമ്പോള്‍ കൈവരിയില്‍ പിടിച്ചിട്ടില്ലെങ്കില്‍ D.S.F.

2.കമ്പനി ബസ്സില്‍ ചായ (ചൂടുള്ളതായാലും, ഇല്ലാത്തതായാലും, സുലൈമാനിയായാലും)കുടിച്ചാല്‍ D.S.F.

3.ബസ്സില്‍ എല്ലാ സീറ്റിലിരിക്കുന്നവനും സീറ്റ് ബെല്‍ട്ടിട്ടിലെങ്കില്‍ രണ്ട് D.S.F. വേറെയും.

4.മുന്‍‌വശം പൊതിഞ്ഞുകെട്ടിയിട്ടില്ലാത്ത വള്ളിച്ചെരുപ്പ് പോലുള്ള പാദരക്ഷകള്‍‍ ഇട്ടാല്‍ D.S.F.

5.സൂര്യാസ്ഥമയത്തിനുശേഷം വാഹനം ഓടിച്ചാല്‍ D.S.F.

6.നിലത്ത് നിന്ന് എന്തെങ്കിലും എടുക്കുമ്പോള്‍ മുട്ടുകാല്‍ മടക്കാതെ, നടുവളച്ചാല്‍ D.S.F.

7.ഉറങ്ങുമ്പോള്‍ കൂര്‍ക്കം വലിച്ചാല്‍ സഹമുറിയന്റെ വക D.S.F.

മനുഷ്യന് മനസ്സമാധാനമായിട്ട് കൂര്‍ക്കം വലിച്ച് ഉറങ്ങാനും പറ്റില്ലെന്ന് വച്ചാല്‍ ഇത്തിരി കഷ്ടാണേ….!!
ഇതൊക്കെ സഹിക്കാം. ഇപ്പോ ദാ ഈ D.S.F. ചേട്ടന്മാര് ഒരു പുതിയ കണ്ടുപിടുത്തവുമായി വന്നിരിക്കുന്നു. ഗ്യാസ് ഉപയോഗിച്ചുള്ള പാചകം ഒരു ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ ആണുപോലും !!

അതുകാരണം കുറച്ചുനാള്‍ മുന്‍പ് ഞങ്ങളുടെ കമ്പനിവക താമസസ്ഥലത്ത് അടുക്കളയില്‍ തീ പുകഞ്ഞില്ല. ഹോട്ടല്‍ ശാപ്പാട് സ്ഥിരമായി കഴിച്ചുകഴിച്ച് പലരുടേയും വയറ് തകരാറിലായി. അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ. അപ്പോപ്പിന്നെ അബുദാബീല് ജീവിക്കുന്ന, ഈ നാശം പിടിച്ച D.S.F.കാര് മുഴുവനും, പറമ്പീന്ന് പെറുക്കിക്കൊണ്ടുവരുന്ന ചൂട്ടും, മടലും, ഒണക്കോലേം, കൊതുമ്പും, ഒക്കെ കത്തിച്ചോ മറ്റോ ആണോ പച്ചരി വേവിക്കുന്നത് ?

എം‌പ്ലോയീസ് മുഴുവന്‍ പട്ടിണി കിടന്നും വയറിളകിയും ചാകുന്നത് ഒരു ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ ആണെന്ന് പറഞ്ഞ് ഒരു D.S.F. എഴുതിയാലോന്നാണ് ആലോചിച്ചുകൊണ്ടിരിക്കുമ്പോഴേക്കും എന്തായാലും ഗ്യാസില്‍ പാചകം ചെയ്യാന്‍ വീണ്ടും അനുവാദം കിട്ടിയതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി.

ഇനിയിപ്പോള്‍ ഈ ആഴ്ച്ചയില്‍ ഡി.എസ്.എഫ്.എന്തെഴുതിക്കൊടുക്കുമെന്നുള്ള ചിന്തയിലാണ് ഞാന്‍.

Comments

comments

28 thoughts on “ ഡി.എസ്.എഫ്.

 1. D.S.F. എന്ന പേര്‌ പറ്റിച്ചു. പിന്നെ ഒരു മാപ്പ്‌ ഓഫര്‍ ഉണ്ടായിരുന്നതുകൊണ്ട്‌.. സാരല്യാ.
  ജോലിയ്ക്കിടയിലെ രസങ്ങളും, രസക്കേടുകളും… രസിച്ചു വായിച്ചു.
  പക്ഷേ… ഓഫീസുസമയത്ത്‌ ബ്ലോഗും വായിച്ചോണ്ടിരുന്നാല്‍… ഒരു Dangerous Situation Feedback ന്‌ ഉള്ള സാധ്യത തള്ളിക്കളയാന്‍ വയ്യ.

 2. പോസ്റ്റ് കലക്കി മാഷേ…. D.S.F ഇല്‍ ചേര്‍ക്കാമോ എന്നറിയില്ല …എന്നാലും…പറയാം..

  നൈറ്റ് ഷിഫ്റ്റില്‍ ജോലി ചെയ്യുകയായിരുന്നു, അപ്പോള്‍ എന്റെ ഡെസ്കില്‍ മൌസിനടുത്തായി ചെറിയോരനക്കം…നോക്കിയപ്പോള്‍ ‘ഒറിജിനല്‍ മൌസ്’ …എന്നെ നോക്കികൊണ്ടിരുക്കുന്നു….അലറി വിളിച്ചു ഞാന്‍ അടുത്ത ക്യുബിക്കിളിലേക്ക് ഓടി രക്ഷപെട്ടു…എലി എലിയുടെ ജീവനും കൊണ്ട് ഓടി.

  MNC യില്‍ വര്ക്ക് ചെയ്യുന്ന എലിയെ പിടിക്കാന്‍ ഒരു എലിക്കെണിയും സ്ഥാപിക്കപ്പെട്ടു !

 3. D.S.F എന്ന് പറഞ്ഞ് കൊതിപ്പിച്ച് പറ്റിച്ചതും പോരാ പിന്നെ, മാപ്പും വേണമെന്നോ?!

  എന്തായാലും ചിരിച്ച് അടപ്പിളകി മാഷേ.. താങ്കൂ.. :)

 4. ഇതാ അടുത്ത 2 D S F.
  1.കുറേ നേരം ഒരേ ഇരിപ്പിലിരുന്ന് ജോലിചെയ്ത മനോജ് രവീന്ദ്രനെ തൊട്ടാല്‍ D S F.
  2. ദീര്‍ഘദൂരം കാര്‍ ഡ്രൈവ് ചെയ്തു വന്ന മനോജ് രവീന്ദ്രന് ഷേക് ഹാന്‍ഡ് കൊടുത്താല്‍ D S F.

  എന്തായാലും നീരു ചിരിപ്പിച്ച് കൊന്നു…….

 5. ഇന്നാ പിടിച്ചോ എന്‍റെ വഹ കുറച്ചു ഡി എസ് എഫ്. 100 ദിര്‍ഹംസ് കിട്ടുമ്പോള്‍ മറക്കരുത്.

  1. ഓഫീസിലിരുന്നു പോസ്റ്റ് എഴുതുന്നത് ഡി എസ് എഫ്.
  2. ഓഫീസിലിരുന്നു പോസ്റ്റ് വായിക്കുന്നത് ഡി എസ് എഫ്.
  3. ഓഫീസിലിരുന്നു അനോണി കമന്റ് എഴുതുന്നത് ഡി എസ് എഫ്.

 6. D. S. F ശരിക്കും ചിരിപ്പിച്ചു. പുലി വരുന്നേ പുലിവരുന്നെ എന്നു വിളിച്ചുകൂവിയിട്ടു അവസാനം സാക്ഷാൽ പുലി വരുമ്പോൾ ആരും മൈന്റു ചെയ്യാത്ത അവസ്ഥയാവും ഇങ്ങനെപൊയാൽ. അതാ ഇത്തരം നിർബന്ധിത റിപ്പോർട്ടുകളുടെ ഒരു ദൂഷ്യം.

 7. ദുബായി ഷോപ്പിങ്ങ് ഫെസ്റിവല്‍ ആയിരിക്കും എന്നോര്‍ത്ത് ഓടി വന്നതാണ് .ഇവിടെ വന്നപ്പോള്‍ ഇങ്ങനെ .

  ചിരിച്ചില്ല .

  :)

  ആശ്രമത്തില്‍ നാടകം എഴുതുന്നത്‌ ഈ മാസത്തെ DSF ആയി പരിഗണിക്കണം .കറന്റ് നീരു DSF .

 8. ചന്ദ്രകാന്തം – നന്ദി :)

  പാമരന്‍ – ഇതിനേം കോമഡീന്ന് പറയ്യോ ? :)

  നിലാവ് – ഓഫീസിനകത്ത് എലി വന്നാല്‍ അത് 2 ഡി.എസ്.എഫ്.നുള്ള വകുപ്പുണ്ട് :)

  പൊറാടത്ത് – പട്ടാളത്തിലും ഉണ്ടായിക്കാണില്ലേ ഇത്തരം ഇടപാടുകള്‍. ഇതു വായിച്ച് ചിരിച്ചെങ്കില്‍ പൊറാടത്ത് ഒരു ചിരിക്കുടുക്കയാണെന്ന് ഞാന്‍ പറയും :)

  ഗീതേച്ചീ – ചേച്ചി പറഞ്ഞ ആദ്യത്തെ കാര്യം ഞാന്‍ ഡി.എസ്.എഫ്. ആയി എഴുതിയിട്ടുണ്ട് ഒരിക്കല്‍. ഓഫീസ് കസേരയില്‍ കുറച്ച് നേരം ഇരുന്ന് എഴുന്നേറ്റാല്‍ എന്റെ ശരീരത്തിലുണ്ടാകുന്ന സ്റ്റാറ്റിക്ക് എനര്‍ജി എന്റെ ജോലിയെ വളരെ നെഗറ്റീവായി ബാധിക്കുന്ന ഒന്നാണ്. ഈ എനര്‍ജിയും വെച്ചുകൊണ്ട് ഞാന്‍ ഏതെങ്കിലും ഇലക്‍ട്രോണിക്സ് ഉപകരണങ്ങളുടെ സര്‍ക്യൂട്ട് ബോര്‍ഡിലോ മറ്റോ തൊട്ടാല്‍ അതൊക്കെ ചിലപ്പോള്‍ അടിച്ച് പോകാനും മതി. അതുകൊണ്ട് ഉരഞ്ഞ് കറണ്ട് ഉണ്ടാക്കുന്ന തരത്തിലുള്ള മെറ്റീരിയല്‍ കൊണ്ട് അപ്‌ഹോള്‍സ്റ്ററി ചെയ്ത കസേരകളൊക്കെ മാറ്റണമെന്ന് പറഞ്ഞ് ഞാനൊരു ഡി.എസ്.എഫ്. എഴുതിയിരുന്നു. കസേരയൊന്നും മാറ്റിയില്ലെന്നുമാത്രമല്ല, പുതിയതായി വാങ്ങിയതും അതേ കസേരകള്‍ തന്നെ ആയിരുന്നു. ഞാനാദ്യമേ പോസ്റ്റില്‍ പറഞ്ഞതുപോലെ ഇത് കുറച്ച് പേര്‍ക്ക് ഭേഷായിട്ട് പുട്ടടിക്കാനുള്ള ഒരു വകുപ്പ് മാത്രമാണ്. പിന്നെ എണ്ണപ്പാടത്തെ ജോലിക്ക് പോകുമ്പോള്‍ ഞങ്ങളെ സ്വയം എങ്ങനെ രക്ഷിക്കണമെന്ന് ഞങ്ങള്‍ക്ക് ഇതിനകം ഒരു ധാരണയൊക്കെയുണ്ട്. അതിന് ഇവന്മാരുടെ ഓശാരമൊന്നും ആവശ്യമില്ല. നമ്മുടെ ജീവനും ജീവിതവും രക്ഷിക്കേണ്ടത് നമ്മള്‍ തന്നെയാണല്ലോ ?

  ആചാര്യന്‍ – ഇല്ല മാഷേ റിസെഷന്‍ ഈ കൂട്ടത്തില്‍ പെടില്ല :)

  ശ്രീവല്ലഭന്‍ – ബൂലോകം മൊത്തം പൂട്ടിപ്പോകും മാഷേ ഇതു മൂന്നും ഡി.എസ്.എഫ്. ആയി പരിഗണിച്ചാല്‍ :) :)

  അപ്പൂ – യൂ ടൂ… :) :)

  ബിന്ദു ഉണ്ണി – നന്ദി :)

  മണികണ്ഠന്‍ – മണി പറഞ്ഞത് 100 % ശരിയാണ്. നിര്‍ബന്ധിച്ച് എഴുതിപ്പിക്കുന്നതില്‍ കാര്യമില്ല. ആവശ്യമുള്ള സമയത്ത് ഒന്നോ രണ്ടോ മനസ്സറിഞ്ഞ് തന്നെ എഴുതിക്കൊടുക്കാറുണ്ട് ഞങ്ങള്‍.

  ചാണക്യന്‍ – ഈയുള്ളവന്റെ ബ്ലോഗ് പൂട്ടിക്കല്ലേ മാഷേ … :) :)

  തിരുവല്ലഭന്‍ – ഇരിക്കുന്ന കൊമ്പ് മുറിക്കരുത് കേട്ടോ :) :)

  കുറ്റ്യാടിക്കാരാ – അതിനെ ഞങ്ങള്‍ വേറെ ഒരു വിഭാഗത്തില്‍ ആണ് കൂട്ടിയിരിക്കുന്നത്. അതിന് വേറേ റിപ്പോര്‍ട്ടും ഉണ്ട്. നിയര്‍ മിസ്സ് എന്നാണതിന്റെ പേര്. എന്നുവെച്ചാല്‍, നടുവൊടിഞ്ഞ് തട്ടിപ്പോകാതെ രക്ഷപ്പെട്ടവര്‍ക്കുള്ള റിപ്പോര്‍ട്ട്. എത്ര പ്രാവശ്യം ട്രൈ ചെയ്തിട്ടുണ്ട് ഈ അഭ്യാസം :):)

  കാപ്പിലാന്‍ – ഉള്ളത് ഉള്ളതുപോലെ മറയൊന്നും ഇല്ലാതെ പറയുന്നതിനാണ് കാപ്പിലാന്‍ കൈയ്യടിയും, തെറിവിളിയും കേള്‍ക്കുന്നത്. അത് മനസ്സിലാക്കിയിട്ടുള്ള ഒരാളാണ് ഞാന്‍.

  കഴിഞ്ഞ വര്‍ഷം ദുബായ് ഫെസ്റ്റിവല്‍ കഴിഞ്ഞ സമയത്ത് എഴുതിവെച്ച പോസ്റ്റാണിത്. ഷെഡ്യൂള്‍ ചെയ്തപ്പോള്‍ ഇക്കൊല്ലത്തെ ഫെസ്റ്റിവലിന്റെ സമയം കൊടുത്തിരുന്നു. എന്നാലല്ലേ കുറച്ച് പേരെയെങ്കിലും പറ്റിക്കാന്‍ പറ്റൂ.

  നന്ദി പ്രകാശനം അവസാനിപ്പിക്കുന്നതിന് മുന്‍പ് ഒരു കാര്യം കൂടെ പറയണമെന്നുണ്ട്. ഈയിടെ പൊങ്ങുമ്മൂടന്റെ പുതിയ പോസ്റ്റില്‍ കമന്റുകള്‍ക്ക് അദ്ദേഹം മറുപടി നല്‍കിയപ്പോള്‍, കമന്റുകള്‍ക്ക് വ്യക്തിപരമായി ഓരോരുത്തര്‍ക്കും നന്ദി പ്രകാശിപ്പിക്കുന്നത് വിലകുറഞ്ഞ ഏര്‍പ്പാടാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കള്‍ അദ്ദേഹത്തെ ഉപദേശിച്ചതായി പറയുന്നുണ്ട്. എന്നെ തല്‍ക്കാലം ആരും അങ്ങനെ ഉപദേശിച്ചിട്ടില്ല. ഇനി അധവാ ആരെങ്കിലും അങ്ങനെ ഉപദേശിച്ചാലും ഇതൊരു വിലകുറഞ്ഞ ഏര്‍പ്പാടായി എനിക്ക് തോന്നാത്തിടത്തോളം കാലം ഞാനിത് തുടരും. സമയം കിട്ടുമ്പോള്‍ ഇതുപോലെ വിശദമായ നന്ദിപ്രകടണങ്ങളും, സമയമില്ലാത്തപ്പോള്‍ എല്ലാവര്‍ക്കും ചേര്‍ന്ന് ഒറ്റവരിയില്‍ നന്ദിപ്രകടനവും ഇനിയുമുണ്ടാകുമെന്ന് സാരം.(പൊങ്ങൂ,…ജ്ജ് ബെഷമിക്കണ്ടാട്ടോ ഞമ്മള് ഞമ്മടെ ഒരു കാഴ്ച്ചപ്പാട് പറഞ്ഞെന്ന് മാത്രം. പൊങ്ങൂന് ശരിയെന്ന് തോന്നുന്നത്ത് പൊങ്ങു ചെയ്യണം.ഞാനിങ്ങനെ പറഞ്ഞെന്ന് കരുതി എന്നോട് വിഷമമൊന്നും തോന്നരുത്.)

  ബ്ലോഗേഴ്സ് എന്ത് ചെയ്യണം, എന്ത് ചെയ്യരുത്, എങ്ങിനെ കമന്റടിക്കണം, എങ്ങിനെ പോസ്റ്റുകള്‍ വായിക്കണം, എങ്ങിനെ അത് വിലയിരുത്തണം എന്നൊക്കെപ്പോലും പഠിപ്പിക്കുന്ന ചില പോസ്റ്റുകള്‍ സ്ഥിരമായെഴുതുന്ന ഒരു ബ്ലോഗര്‍ ഈ നന്ദിപ്രകടനം എന്ന പരിപാടിയെ വളരെ അവജ്ഞയോടെ പറഞ്ഞ്തള്ളിപ്പോകുന്ന ചില വരികളും കുറച്ച് മുന്‍പേ വായിക്കാനിടയായിട്ടുണ്ട്. അതൊക്കെ ഓരോരുത്തരുടേയും ഇഷ്ടവും സൌകര്യം. അവരവര്‍ക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുക. അതൊക്കെ പഠിപ്പിക്കാനും വേണ്ടി മാത്രം പോസ്റ്റിടുന്നത് ആശയദാരിദ്യം കൊണ്ടോ മറ്റോ ആണെന്ന് കരുതി ഒഴിവാക്കുക എന്നതാണ് ഞാന്‍ സ്വീകരിച്ച മാര്‍ഗ്ഗം. എന്റെ ശരിയാണ് എനിക്ക് വലുത്. അത് ഇത്രയും വര്‍ഷം കൊണ്ട് എനിക്കുള്ള അനുഭവങ്ങളില്‍ നിന്നുള്ള ശരിയാണ്. അത് ഒറ്റദിവസം കൊണ്ടൊന്നും മാറില്ല. എനിക്ക് നല്ല ബോദ്ധ്യം വരുന്ന കാലത്ത് പുതിയ ശരികളെ ഞാന്‍ ഉള്‍ക്കൊള്ളുന്നതും പ്രാവര്‍ത്തികമാക്കുന്നതുമായിരിക്കും.

  ‘ഞാന്‍’ ചെയ്യുന്നതുപോലെയും ചിന്തിക്കുന്നതുപോലെയും മറ്റുള്ളവരും ചെയ്യണമെന്ന് കരുതി ബ്ലോഗില്‍ പോസ്റ്റിടുന്നവര്‍….അവരെപ്പറ്റി ഇതില്‍ക്കൂടുതല്‍ എന്തുപറയാന്‍ ? (പൊങ്ങൂ, ഇതും പൊങ്ങൂനെപ്പറ്റിയല്ല ഞാന്‍ പറയുന്നത്. തെറ്റിദ്ധരിക്കരുത്.പൊങ്ങു പറഞ്ഞത് പൊങ്ങുവിന്റെ കാര്യം മാത്രമായിരുന്നല്ലോ? ഇതങ്ങനെയല്ല. മറ്റുള്ളവര്‍ എന്തുചെയ്യണമെന്ന് സ്റ്റഡി ക്ലാസ്സ് പോസ്റ്റുകള്‍. ബാക്കിയുള്ളവര്‍ ചെയ്യുന്നതിനോടൊക്കെ പരമപുച്ഛം. ഇനിയിപ്പോള്‍ എന്റെ ഈ കമന്റ് മാത്രം വിഷയമാക്കി ചിലപ്പോള്‍ അതിന്റെ പേരില്‍ ‘നിരക്ഷരന്റെ കമന്റിന് ഒരു മറുപടി’എന്ന ടൈറ്റിലില്‍ ഒരു പോസ്റ്റിറക്കാനും മതി.)

  ഇത്രയൊക്കെ എന്റെ ഒരു പോസ്റ്റിന്റെ കമന്റിലൂടെയെങ്കിലും പറയാന്‍ എനിക്കവകാശമുണ്ടെന്ന് തോന്നിയതുകൊണ്ടാണ് ഇതൊക്കെ ഇവിടെ എഴുതിയത്. ഇതിനപ്പുറത്തേക്ക് ഈ വിഷയവുമായി കടക്കാന്‍ എനിക്ക് താല്‍പ്പര്യം ഇല്ല. അത്രയ്ക്ക് പ്രാധാന്യവും ഈ വിഷയത്തിനില്ല.

  ഡി.എസ്.എഫ്. വായിക്കാനെത്തിയ എല്ലാവര്‍ക്കും നന്ദി.

 9. അവിടെ DFS ആണെങ്കിൽ ഇവിടെ IIF ആണ് (Incident and Injury Free). അതിനുതന്നൊരു ഏജൻസിയുണ്ട്. കൂടെ HSE യും. ഇതൊന്നും പോരാഞ്ഞ് TSTO, TSTI എന്നീ കുന്തങ്ങൾ വേറെയും. ഈ ശല്യം കാരണം ഇരിക്കപ്പൊറുതിയില്ല. ഇടത്തോട്ടും വലത്തോട്ടും തിരിയാൻ മേലാ,.ദിവസവും കാണുന്ന Unsafe ആക്ടിവിറ്റീസ് കാർഡിൽ എഴുതണം. അതു മാനേശരേമ്മാനു കൊടുക്കണം, കൊടുത്താൽ മാത്രം പോരാ അതിനുള്ള മിറ്റിഗേഷൻ കൂടി നിർദ്ദേശിക്കണം; ചുരുക്കിപ്പറഞ്ഞാൽ ചെയ്യുന്ന പണി തന്നെ സമയത്തു തീരാത്തപ്പോൾ ഇതും കൂടിയാകുമ്പൊഴേക്കും നാശം, ഇട്ടേച്ചുപോയാലെന്താണെന്നു തോന്നും. വെളിയിലേക്കിറങ്ങിയാൽ തൊപ്പി, കാലുറ, കണ്ണട, ചെവിക്കുന്തം തുടങ്ങി സർവ്വ സന്നാഹങ്ങളുമായി വേണം പോകാൻ. കയ്യുറ വരെ ഇടണം. ഇട്ടില്ലെങ്കിൽ കയ്യേൽക്കൂടി വല്ല വണ്ടിയും കേറിയാലോ! 200 മീറ്റർ ദൂരെ 20 കി.മി. സ്പീഡിൽ പോകാൻ സീറ്റുബൽറ്റിട്ടില്ലെങ്കിൽ വണ്ടി അനങ്ങില്ല. ഓഫീസിന്റെ കതകു തുറക്കും മുൻപു വെളിയിലാരെങ്കിലും ഉണ്ടോ എന്നറിയാൻ മുട്ടിയ ശേഷമേ തുറക്കാവൂ (ഇവിടെ അകത്തോട്ടു കേറാൻ മുട്ടിയില്ലേലും, പുറത്തോട്ടിറങ്ങാൻ മുട്ടണം!). ഫയർഡ്രില്ലു മണിയടിയടിച്ചാൽ ഇറങ്ങിയോടണം (ആദ്യം മസ്റ്റർ പോയിന്റിലെത്തുവനു ഒന്നാം സ്ഥാനം!). മിലിറ്റന്റ് ത്രെട് അലാം കേട്ടാൽ ഓൾ ക്ലിയർ സയറൻ മുഴങ്ങും വരെ കതകുപൂട്ടി അകത്തിരിക്കണം (വെളിയിലോട്ടെത്തിനോക്കിയാൽ പണിപോകും!). സ്റ്റൂളിൽ കേറി നിക്കുകയാണെങ്കിലും സേഫ്റ്റി ബൽറ്റു നിർബന്ധം (ഇല്ലേൽ ഇണ്ടാസു കയ്യിലടിച്ചു തരും) തുടങ്ങി എഴുതാൻ തുടങ്ങിയാൽ പോസ്റ്റിനേക്കാളും നീളം വരും! ഇവരൊക്കെ നാട്ടിൽ പത്തും ഇരുപതും നിലയുള്ള കെട്ടിടത്തിനു പുറത്തു മുളകെട്ടി പണിചെയ്യുന്നവരേയും തെങ്ങിൽ കയറുന്നവരേയും കെ.എസ്.ആർ.ടി.സിയുടെ ഫുട്ബോർഡിൽ തൂങ്ങിക്കിടക്കുന്നവരേയും കണ്ടാൽ അപ്പോൾ കറങ്ങി വീഴും!

  എങ്കിലും കഞ്ഞികുടി മുട്ടേണ്ടാന്നു കരുതി എല്ലാം ഫോളോ ചെയ്തു പോകുന്നു. നാട്ടിൽ ചെല്ലുമ്പോഴാണു പ്രശ്നം, എന്തോ കണ്ടാലും അറിയാതെ IIF, IIF എന്നു പറഞ്ഞു പോകുന്നു…. ഒരു ദിവസം രാവിലെ സഹധർമ്മിണി ചോദിച്ചു, “സത്യം പറ, ഏതവളാ ഈ അയ്യഫ് “ എന്ന്! ഇപ്പോൾ സ്വപ്നത്തിൽ പോലും അതാണ്.

  രവീ, നല്ല പോസ്റ്റ്… തുടരുക…

  ആശംസകൾ…

  സ്നേഹപൂർവ്വം

  ചെറിയനാടൻ
  നൈജീരിയ

 10. പിരിക്കുട്ടീ – നന്ദി :)

  അന്നാമ്മ – എന്റെ കമന്റ് ആരും കാണഞ്ഞതുകൊണ്ട് ഡി.എസ്.എഫ്. ഒന്നും ഉണ്ടായില്ല. രക്ഷപ്പെട്ടു :) നന്ദി മാഷേ.

  ജിതേന്ദ്രകുമാര്‍ – ചിരിക്കുന്നതിന് ഇതുവരെ ഡി.എസ്.എഫ് ഒന്നും ഇല്ല മാഷേ. നന്ദി :)

  ചെറിയനാടന്‍ – നൈജീരിയന്‍ ഐ.ഐ.എഫ്.അനുഭവങ്ങള്‍ പങ്കുവെച്ചതിന് നന്ദി മാഷേ. ഇത് എല്ലായിടത്തും ഒരു കുരിശ് തന്നെയാണല്ലേ ?

  ഡി.എസ്.എഫ്. വായിക്കാനെത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ച എല്ലാവര്‍ക്കും നന്ദി.

 11. സാമ്പത്തികതയും പ്രകൃതിയും ഇങ്ങനെ തണുത്തു വിറയ്ക്കുമ്പോള്‍ DSF ന്‌(ദുബായ്‌ ഷോപ്പിംഗ്‌ ഫെസ്റ്റിവല്‍)പോകുന്നതും ഒരു DSF തന്നെ…

 12. punjab 4 fighting
  bangal 4 writing
  kashmir 4 beauty
  rajasthan 4 history
  maharashtra 4 victory
  karnataka 4 silk
  haryana 4 milk
  kerala 4 brains
  UP for grains
  india 4 integrity
  so, proud to be an indian.
  60th republic day wishes

 13. അഭിവാദനങ്ങള്‍
  D.S.F ഒന്ന് കൈകാര്യം ചെയ്തിട്ട് വരുന്ന വരവാണേ, അടുപ്പില്‍ ഇരുന്ന ബീഫ് അടിക്ക് പിടിച്ചു D.S.F തന്നെ. തീ പിടിച്ചില്ല.
  എല്ലാ D.S.F അനുസരിക്കൂ
  ആഴ്ചയില്‍ ഒന്നല്ല രണ്ടെണ്ണം വീതമാവട്ടെ! ചിരിക്കണൊ കരയണോ അറിയില്ല..

  ഭാരത് മാതാ കീ ജയ്!
  റിപ്പബ്ലിക്ക് ദിനാശംസകള്‍ !!

 14. എം‌പ്ലോയീസ് മുഴുവന്‍ പട്ടിണി കിടന്നും വയറിളകിയും ചാകുന്നത് ഒരു ഡേന്‍‌ഞ്ചറസ് സിറ്റ്‌വേഷന്‍‍ ആണെന്ന് പറഞ്ഞ് ഒരു D.S.F.
  :):):)

 15. “എന്തായാലും ഗ്യാസില്‍ പാചകം ചെയ്യാന്‍ വീണ്ടും അനുവാദം കിട്ടിയതുകൊണ്ട് ഭക്ഷണത്തിന്റെ കാര്യത്തില്‍ ഒരു തീരുമാനമായി”

  - ഈ d. s. f. കൊള്ളാമല്ലോ? “മിസിസ്. ഗീതാ നിരക്ഷരന്റെ” പാചകത്തിന്റെ വില “നിരക്ഷരന്” മനസ്സില്ലാക്കി കൊടുത്തില്ലേ?

 16. മനോജേട്ടാ ഇങ്ങനെ ഉള്ള കാര്യങ്ങള്‍ പങ്കു വയ്ക്കുന്നതിനു നന്ദി., എന്നെ പോലെ പുറം ലോകത്തുള്ള കുറേ അദികം പേര്‍ക്കും ഈ ജോലികളുടെ റിസ്ക്‌ അറിയില്ല., ആകാംഷയുടെ മുള്‍മുനയില്‍ ഇരുന്നാണ് ഞാന്‍ ഓരോ പോസ്റ്റും വായിക്കുന്നത്,

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>