ആയിരത്തിത്തൊള്ളായിരത്തി തൊണ്ണൂറുകളില്‍ കുറച്ചുകാലം മുംബൈ മഹാനഗരത്തില്‍ ജോലിചെയ്തിട്ടുണ്ടു്. വിക്‌ട്ടോറിയാ ടെര്‍മിനസ്സിലും, ചര്‍ച്ചു്‌ഗേറ്റിലും, ജുഹു ബീച്ചിലും, നരിമാന്‍ പോയന്റിലും, ഗേറ്റ്വേ ഓഫ് ഇന്ത്യാ പരിസരത്തും, കൊളാബയിലും, കഫ് പരേഡിലുമെല്ലാം അക്കാലത്തു് അലഞ്ഞുതിരിഞ്ഞിട്ടുള്ളതിനു് കൈയ്യും കണക്കുമില്ല.
ജഹാംഗീര്‍ ആര്‍ട്ടു് ഗാലറിയുടെ മുന്‍പില്‍ പലപ്പോഴും, ഇത്തരം ചിത്രങ്ങള്‍ തുച്ചമായ പ്രതിഫലത്തിനു് വരച്ചുകൊടുക്കുന്ന കലാകാരന്മാരെ കാണാന്‍ സാധിക്കും. പെയിന്റുകൊണ്ടും, പെന്‍സില്‍കൊണ്ടും, ചിത്രങ്ങളും, കാരിക്കേച്ചറുകളും, നിമിഷനേരംകൊണ്ടു് വരച്ചുതള്ളുന്ന മിടുക്കന്മാരെ അസൂയയോടെയാണെന്നും നോക്കിനിന്നിട്ടുള്ളതു്.
ഒരിക്കല്‍ വിനോദു് ബി.പി. എന്നൊരു സുഹൃത്തുമായി കറങ്ങിനടക്കുന്നതിനിടയില്‍, ആര്‍ട്ട്‌ഗാലറിക്കുമുന്‍പില്‍ കുറെയധികം കലാകാരന്മാര്‍ ഒരുമിച്ചിരുന്നു് ഇത്തരം ചിത്രങ്ങള്‍ ഒരു മല്‍സരം എന്നപോലെ വരച്ചുകൊടുക്കുന്നതുകണ്ടു. കൂട്ടത്തിലൊരുകലാകാരന്‍ ഫ്രീയായപ്പോള്‍ ഞാനയാള്‍ക്കുമുന്‍പിലിരുന്നു. കുറച്ചു്‌പുറകോട്ടു് മാറിനിന്നു് മൊത്തത്തിലുള്ള രംഗം വീക്ഷിക്കുകയാണു് വിനോദു്. അതിനിടയില്‍ കക്ഷിയുടെ മുഖത്തൊരു പുഞ്ചിരി. കൂടാതെ, പറഞ്ഞറിയിക്കാന്‍ പറ്റാത്ത തരത്തിലുള്ള പലതരം ഭാവങ്ങള്‍ മുഖത്തു് മിന്നിമറയുന്നുമുണ്ടു്. ഇതിനകം എന്റെ സുന്ദരകോമളവദനത്തിന്റെ ഒരു പെന്‍സില്‍ സ്കെച്ചു് തയ്യാറായിക്കഴിഞ്ഞിരുന്നു.
അടുത്തയാള്‍ക്കുവേണ്ടി കസേരയൊഴിഞ്ഞുകൊടുക്കുമ്പോളേക്കും വിനോദടുത്തുവന്നു് പുഞ്ചിരിച്ചുനിന്നതിന്റെ കാരണം പറഞ്ഞു. എന്റെ പടം വരയ്ക്കുന്നതിനെ കേന്ത്രബിന്ദുവാക്കി, ചുറ്റുമുള്ള, നോക്കിനില്‍ക്കുന്നതും, വരയ്ക്കപ്പെടുന്ന മറ്റെല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ടു് മറ്റൊരുകലാകാരന്‍, രസകരമായി മറ്റൊരു ചിത്രം വരയ്ക്കുന്നുണ്ടായിരുന്നു. അയാള്‍ക്കുപുറകില്‍ നിന്നു് അക്കാഴ്ച്ച കണ്ടിട്ടാണു് വിനോദിന്റെ മുഖത്തു് ഭാവങ്ങള്‍ മിന്നിമറഞ്ഞിരുന്നതു്.
കേട്ടപ്പോള്‍ എനിക്കും ആകാംക്ഷ സഹിക്കാനായില്ല. എങ്കില്‍ ആ ചിത്രം ഒന്നു കാണണമല്ലോ!? പറ്റിയാല്‍ അതുകൂടെ വിലകൊടുത്തു് വാങ്ങിയേക്കാം. തിരിഞ്ഞുനോക്കിയപ്പോള്‍ ഇപ്പറഞ്ഞ കലാകാരന്‍ ഇരുന്നിരുന്ന കസേര കാലി. അക്കൂട്ടത്തില്‍ മുഴുവനും അയാള്‍ക്കുവേണ്ടി പരതി. പക്ഷെ ഫലമുണ്ടായില്ല. അയാള്‍ അപ്രത്യക്ഷനായിക്കഴിഞ്ഞിരിക്കുന്നു. വല്ലാത്ത നിരാശ തോന്നി. ഇന്നും, ഇത്തരം ചിത്രങ്ങള്‍ വരയ്ക്കുന്നിടത്തുചെന്നുപെട്ടാല്‍ ആദ്യം മനസ്സിലോടിയെത്തുന്നതു് ജഹാംഗീര്‍ ആര്‍ട്ട് ഗാലറിയുടെ മുന്‍പിലെ ആ പഴയ രംഗമാണു്.
ആ നഷ്ടചിത്രത്തിന്റെ ഓര്‍മ്മയ്ക്കായി, അന്ധേരി വെസ്റ്റിലുള്ള, പേരോര്‍മ്മയില്ലാത്ത ഒരു ഷോപ്പിങ്ങ് കോംപ്ലക്‌സില്‍ വെച്ചു്, ശ്രീനിവാസനെന്ന മറാഠി കലാകാരന്‍ വരച്ച ഈ കാരിക്കേച്ചര്‍ ഞാനീ ബ്ലോഗിലിടുന്നു. കാരിക്കേച്ചറില്‍ കൂടെയുള്ളതു് മറ്റാരുമല്ല. എന്റെ വാമഭാഗം, മുഴങ്ങോടിക്കാരി ഗീത തന്നെ.