
ആഗസ്റ്റ് 29ന് സജിത മഠത്തിലിൻ്റെ ഓർമ്മക്കുറിപ്പുകളുടെ സമാഹാരമെന്നോ ആത്മകഥാപരം എന്നോ വിശേഷിക്കാവുന്ന ‘വെള്ളിവെളിച്ചവും വെയിൽനാളങ്ങളും’ എന്ന പുസ്തകത്തിന്റെ പ്രകാശനം ചങ്ങമ്പുഴ പാർക്കിൽ വെച്ച് നടന്നു.
ബഹുമാനപ്പെട്ട കൊച്ചി മേയർ അഡ്വക്കേറ്റ് അനിൽകുമാർ, നടിയും നർത്തകിയുമായ ശ്രീമതി റീമ കല്ലിങ്കലിന് പുസ്തകം നൽകിക്കൊണ്ടാണ് പ്രകാശനം നിർവഹിച്ചത്. സംവിധായകൻ ശ്രീ.കമൽ മുഖ്യപ്രഭാഷണം നടത്തി. ഡോ:പീയൂഷ് ആന്റണി പുസ്തക പരിചയം നടത്താൻ വേണ്ടി മാത്രം ലക്നൗവിൽ നിന്ന് എത്തി എന്നത് എന്നെ ശരിക്കും അതിശയിപ്പിച്ചു. സംവിധായിക ശ്രീമതി വിധു വിൻസെന്റ് സ്വാഗതം ആശംസിച്ചു . ഡോ:സംഗീത ജനചന്ദ്രൻ, ഡോ:മുത്തുമണി, എന്നിവർ ആശംസകൾ നേർന്നു. ശ്രീമതി അന്നപൂർണ്ണ മൊത്തം പരിപാടിയെ മനോഹരമായി നിയന്ത്രിച്ചു. നന്ദി പറയാൻ അവസരം കിട്ടിയത് എനിക്കാണ്.
IE മലയാളം ഓൺലൈനിൽ ഖണ്ഡശ്ശ പ്രസിദ്ധീകരിച്ച ഈ കുറിപ്പുകൾ, പുസ്തകമാക്കുന്നതിൻ്റെ ഭാഗമായി അതിൽ ചില തിരുത്തുകളുമായി ഇടപെടാൻ എനിക്ക് അവസരം ലഭിച്ചിരുന്നു. അതുകൊണ്ടുതന്നെ വള്ളി പുള്ളി വിടാതെ പുസ്തകം നേരത്തെ വായിക്കാനും സാധിച്ചിരുന്നു.
3 വയസ്സിൽ അച്ഛൻ മരിച്ചുപോയ ഒരു പെൺകുട്ടി, നാടകം, സിനിമ, ശാസ്ത്രസാഹിത്യ പരിഷത്ത്, കലാരൂപങ്ങളുടെ ഡോക്യുമെന്റേഷൻ, ക്യൂറേഷനുകൾ, പഠനങ്ങൾ, അദ്ധ്യാപനം, സാമൂഹികമായ ഇടപെടലുകൾ എന്നിങ്ങനെ പല തരത്തിൽ മുന്നേറി ഡോക്ടറേറ്റ് വരെ എത്തിപ്പിടിച്ച ഒരു സ്ത്രീ ആയി മാറിയ കൗതുകകരവും അതേ സമയം അമ്പരപ്പിക്കുന്നതുമായ ഒരു വഴിത്താര ഈ പുസ്തകത്തിൽ തെളിഞ്ഞ് നിൽക്കുന്നു. പറയാനുള്ളതെന്ന് ഗ്രന്ഥകാരിക്ക് ഉറച്ച ബോദ്ധ്യമുള്ള കാര്യങ്ങൾ പരത്തിപ്പറയുകയും തള്ളിപ്പറയേണ്ട കാര്യങ്ങളെ ഒഴിവാക്കിയുമാണ് രചന നിർവ്വഹിച്ചിരിക്കുന്നത്. “സജിതയുടെ ജീവിതാനുഭവങ്ങൾ വെച്ച് നോക്കിയാൽ മറ്റൊരു വലിയ ആത്മകഥയ്ക്ക് തന്നെ ഇനിയും ഇടമുണ്ട് “എന്ന, സംവിധായകൻ കമലിന്റെ അഭിപ്രായം ശരിയാണെന്ന്, ഗ്രന്ഥകാരിയെ നേരിട്ട് പരിചയമുള്ള ആർക്കും തോന്നുന്നത് സ്വാഭാവികം.
പുസ്തകത്തിലെ മനോഹരവും രസകരവുമായ വരകൾ സംവിധായിക വിധു വിൻസെന്റിന്റേത് ആണ്. വിധു, അതിനെ കുത്തിവരകൾ എന്ന് സ്വയം വിശേഷിപ്പിക്കുന്നു. കുത്തിവരകൾക്ക് ഇത്രയും ഭംഗിയോ എന്ന് ഞാൻ വീണ്ടും അത്ഭുതം കൂറുന്നു. നാല് സ്ത്രീകൾ, ഒരാൾക്ക് പിന്നിൽ ഒരാളായി ഇരുന്ന് തലയിലെ പേൻ നോക്കുന്ന ചിത്രമാണ് എനിക്കതിൽ ഏറ്റവും ഇഷ്ടമായത്.
പ്രകാശന ദിവസം ആയപ്പോഴേക്കും മൂന്ന് പതിപ്പുകൾ വിറ്റു കഴിഞ്ഞ പുസ്തകം, ഇനിയും ഏറെ സഞ്ചരിക്കുകയും വായിക്കപ്പെടുകയും ചെയ്യുമെന്ന് ഉറപ്പ്. സജിതയ്ക്കും ഡി.സി. ബുക്സിനും ആശംസകൾ!
വാൽക്കഷണം:- ഞാൻ വളരെ ഗൗരവത്തിൽ സംസാരിക്കുമ്പോൾ എല്ലാവരും ചിരിക്കുന്നത് (ചിത്രം 2) എന്തിനാണെന്ന് എത്ര ആലോചിച്ചിട്ടും പിടി കിട്ടുന്നില്ല. എവിടെ പരിപാടി അവതരിപ്പിച്ചാലും ഇതു തന്നെയാണല്ലോ എന്റെ അവസ്ഥ