എന്റെ ചെറുപ്പത്തിൽ കണ്ടിട്ടുള്ള നാല് സിഗരറ്റുകൾ പനാമ, വിൽസ്, സിസ്സേർഴ്സ്, ചാർമിനാർ എന്നിവയാണ്. ഹൈദരാബാദിലെ ചാർമിനാറിന്റെ ചിത്രം ഏറ്റവും കൂടുതൽ കണ്ടിട്ടുള്ളത് സിഗരറ്റ് പാക്കറ്റിന് മുകളിലാണ്. ആ ചാർമിനാർ നേരിട്ട് കാണുന്ന സുദിനമാണിന്ന്. ഹൈദരാബാദിൽ ആദ്യം സന്ദർശിക്കാൻ ഉദ്ദേശിക്കുന്ന ഇടവും സ്മാരകവും ചാർമിനാർ തന്നെ.
പക്ഷേ അതിന് മുൻപ് പ്രഭാതഭക്ഷണം എന്തെങ്കിലും കഴിക്കണം. ആ സമയത്ത് വീട്ടിൽ നിന്ന് മുഴങ്ങോടിക്കാരി വിളിച്ചു. ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ടില്ലെങ്കിൽ തീർച്ചയായും പെസ്‌റട്ട കഴിക്കണമെന്ന് നിർദ്ദേശിച്ചു. ഏത് റസ്റ്റോറന്റിലും പെസ്‌റട്ട കിട്ടുമത്രേ! ഹൈദരാബാദിൽ എത്തുന്ന ഏതൊരു സഞ്ചാരിയേയും കാത്തിരിക്കുന്നത് ഭക്ഷവൈവിദ്ധ്യമാണ്. അതൊട്ടും തന്നെ ഒഴിവാക്കാൻ ഞാൻ നിശ്ചയിച്ചിട്ടില്ല. വാഹനം പാർക്ക് ചെയ്യാൻ സൌകര്യം കിട്ടിയ ആദ്യ റസ്റ്റോറന്റിലേക്ക് കയറി. അവിടെ പെസ്‌റട്ട ലഭ്യമാണ്. പയർ അരച്ച് ചേർത്തുണ്ടാക്കുന്ന ദോശയാണ് പെസ്‌റട്ട. ഇപ്പോളത് മസാലകൾ ചേർത്ത് മസാലദോശയുടെ വകുപ്പിലും ലഭ്യമാണ്. ഗ്രേറ്റ് ഇന്ത്യൻ എക്സ്പെഡീഷനിലെ ആദ്യത്തെ ഭക്ഷ്യവൈവിദ്ധ്യം എന്ന് പെസ്‌റട്ടയെ അടയാളപ്പെടുത്താം.
റസ്റ്റോറന്റിൽ നിന്ന്, ഹൈദരാബാദിന്റെ പ്രതീകമായ ചാർമിനാറിലേക്കുള്ള വഴി നേവിഗേറ്റർ കാണിച്ചു തന്നു. ഏത് നഗരത്തിലേതും പോലെയുള്ള വാഹനങ്ങളുടെ തിരക്കും അലക്ഷ്യമായി വാഹനമോടിക്കുന്നവരുടെ ബാഹുല്യവും ഹൈദരാബാദിലുമുണ്ട്. ഈ പട്ടണത്തിൽ ആദ്യമായി വാഹനമോടിക്കുന്നതുകൊണ്ട് സൂക്ഷിച്ച് നീങ്ങിയില്ലെങ്കിൽ അപകടം ഉറപ്പ്.
കെട്ടിടങ്ങൾക്കിടയിലൂടെ ചാർമിനാർ ദൂരെ നിന്ന് കാണാം. അങ്ങോട്ട് എത്തുമ്പോഴേക്കും പൊലീസുകാർ ഗതാഗതം നിയന്ത്രിക്കുന്നുണ്ട്. പെട്ടെന്ന് പ്രായമായ ഒരു മനുഷ്യൻ ഞങ്ങളോട് ഇടത് തിരിഞ്ഞു പോകാൻ വഴി കാണിച്ചു. ഞങ്ങൾ അങ്ങോട്ട് തിരിക്കുന്നതിനു മുന്നേ “ഗൈഡിനെ ആവശ്യമുണ്ടോ ?” എന്ന ചോദ്യവും വന്നു. അദ്ദേഹം ടൂർ ഗൈഡാണ്. പേര് എസ്.എച്ച്.റഹ്‌മാൻ. വാഹനം ശരിയായ രീതിയിൽ പാർക്ക് ചെയ്യാനും ഇത്രയും തിരക്കുള്ള ഒരു സ്ഥലത്ത് കൃത്യമായി മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഒരു ടൂർ ഗൈഡ് ആവശ്യമാണെന്ന് ഞങ്ങൾക്ക് തോന്നി. ഞങ്ങളദ്ദേഹത്തെ കൂടെക്കൂട്ടി. സുരക്ഷിതമായി വാഹനം പാർക്ക് ചെയ്യാൻ ഒരിടം അദ്ദേഹം കാണിച്ചു തന്നു. ശേഷം ഞങ്ങളദ്ദേഹത്തോടൊപ്പം ചാർമിനാറിലേക്ക് നടന്നു. ചാർമിനാറിലേക്കുള്ള പ്രധാന കവാടമെന്ന നിലയ്ക്കുള്ളത് മേവാന കമാനമാണ്.
മൂസി നദിയുടെ കിഴക്കേ കരയിലാണ് ചാർമിനാർ നിലകൊള്ളുന്നത്. നാല് (ഹിന്ദിയിൽ ചാർ) മിനാരങ്ങൾ ഉള്ളതുകൊണ്ടാണ് ചാർമിനാർ എന്ന പേര് ഈ ചരിത്രസ്മാരകത്തിന് വീണത്. കുത്തബ് ഷാഹി രാജവംശത്തിലെ അഞ്ചാമത്തെ ഭരണാധികാരിയായ മുഹമ്മദ് ഖുലി കുത്തബ് ഷാ ആണ് 1591ൽ ചാർമിനാർ പണികഴിപ്പിച്ചത്. അദ്ദേഹത്തിന്റെ രാജ്യതലസ്ഥാനം ഗോൾക്കൊണ്ടയിൽ നിന്ന് ഹൈദരാബാദിലേക്ക് മാറ്റിയ ശേഷമാണ് ചാർമിനാർ നിർമ്മിച്ചത്. 14,000 ടൺ ഗ്രാനൈറ്റും വെള്ളാരംകല്ലും മാർബിളുമൊക്കെ ചാർമിനാറിന്റെ നിർമ്മിതിക്കായി ഉപയോഗിച്ചിരിക്കുന്നു. ചാർമിനാറിന്റെ നിർമ്മിതിയുമായി ബന്ധപ്പെട്ട് പല കഥകളുണ്ട്.
നഗരത്തിൽ കോളറ പടർന്നു പിടിച്ചപ്പോൾ തന്റെ പ്രജകളെ പകർച്ചവ്യാധിയിൽ നിന്ന് രക്ഷിക്കണമെന്ന് ഖുലി കുത്തബ് ഷാ ചാർമിനാർ ഇരിക്കുന്ന സ്ഥലത്തുവന്ന് പ്രാർത്ഥിച്ചു. പിന്നീട് കോളറ തുടച്ചുനീക്കപ്പെട്ടപ്പോൾ ദൈവത്തിനോടുള്ള നന്ദിസൂചകമായി രാജാവ് ഇവിടെ ചാർമിനാർ പണികഴിപ്പിച്ചു എന്നാണ് ഒരു കഥ. തന്റെ രാജ്ഞിയായിരുന്ന ഭാഗ്‌മതിയെ അദ്ദേഹം ആദ്യമായി കണ്ടത് ഇവിടെവച്ചാണ് എന്നാണ് മറ്റൊരു കഥ. ഒരു ഹിന്ദുസ്ത്രീയായിരുന്ന ഭാഗ്‌മതിയെ മതപരിവർത്തനം ചെയ്ത് രാജ്ഞിയാക്കിയശേഷം അവരെ കണ്ടുമുട്ടിയതിന്റെ ഓർമ്മയ്ക്കായി രാജാവ് ഇവിടെ ചാർമിനാർ നിർമ്മിച്ചു എന്നാണ് രണ്ടാമത്തെ കഥ. ചരിത്രകാരന്മാർ പക്ഷേ ഈ കഥകളൊന്നും മുഖവിലക്കെടുക്കുന്നില്ല.
25 രൂപയാണ് നാല് നിലകെട്ടിടത്തിന്റെ ഉയരമുള്ള ചാർമിനാറിൽ കയറാനുള്ള ടിക്കറ്റ് നിരക്ക്. ചാർമിനാറിന്റെ പരിസരത്തെങ്ങും ക്യാമറ ഉപയോഗിക്കാൻ പാടില്ലെന്നാണ് ടിക്കറ്റ് പരിശോധിക്കുന്നവരടക്കം എല്ലാവരും പറയുന്നത്. പക്ഷേ, അങ്ങനെയെന്തെങ്കിലും അവിടെ ഒരിടത്തും എഴുതി വെച്ചിട്ടില്ല. മുകളിലേക്ക് കയറിപ്പോയവരടക്കം എല്ലാവരും പടങ്ങൾ എടുക്കുന്നുമുണ്ട്.
ഹിന്ദു-മുഗൾ വാസ്തുശിൽപ്പ ചാതുര്യം ചാർമിനാറിൽ തെളിഞ്ഞുനിൽക്കുന്നു. ചാർമിനാറിന്റെ ഒരു വശത്തിന്റെ അളവ് 20 മീറ്ററാണ്. മിനാരങ്ങളുടെ ഉയരം 56 മീറ്റർ വീതമാണ്. 1824ൽ തെക്കുപടിഞ്ഞാറെ മിനാരം ഇടിമിന്നലേറ്റ് വീണിട്ടുണ്ട്. മിനാരത്തിന്റെ ഉള്ളിലൂടെയുള്ള പടികളിലൂടെ മേലെത്തട്ടിലേക്ക് കയറിച്ചെല്ലാം. നിലവിൽ ഒരു മിനാരത്തിന്റെ പടിയിലൂടെ മാത്രം കയറി മറ്റൊരു മിനാരത്തിന്റെ പടികളിലൂടെ ഇറങ്ങാനുള്ള സൌകര്യം മാത്രമാണുള്ളത്. മറ്റ് രണ്ട് മിനാരങ്ങളിലെ പടികളും കൊട്ടിയടച്ചിരിക്കുകയാണ്. ഒരു സമയത്ത് കഷ്ടി ഒരാൾക്ക് മാത്രം കയറാനുള്ള വീതിയേ പടികൾക്കുള്ളൂ.
റഹ്‌മാൻ സാഹിബ് മുകളിലേക്ക് കയറിയില്ല. ജോഹറും ഞാനും മുകളിലേക്ക്. ചാർമിനാറിന്റെ നാല് വശങ്ങളിൽ നിന്നും നഗരത്തിന്റെ ചെറിയൊരു ആകാശക്കാഴ്ച്ച ലഭ്യമാണ്. നാല് പാതകൾ ചാർമിനാറിന്റെ നാല് ദിശകളിൽ നിന്നുമാരംഭിച്ച് നഗരത്തിനുള്ളിലേക്ക് കടക്കുന്നു.
മുകളിലും താഴെയുമൊക്കെ ധാരാളം പേർ മൊബൈൽ ഫോണിൽ പടങ്ങളെടുക്കുന്നുണ്ട്. അത്യാവശ്യം പടങ്ങൾ ഞങ്ങളും മൊബൈലിൽ പകർത്തി. ഞങ്ങൾ താഴെയെത്തുമ്പോൾ കരിമ്പൂച്ച സുരക്ഷയിൽ കുറച്ചധികം പേർ മിനാരത്തിന് താഴെയുണ്ട്. അവരും ആവശ്യത്തിന് പടങ്ങളെടുക്കുന്നുണ്ട്. അല്ലെങ്കിലും ചാർമിനാറിൽ ക്യാമറ നിഷിദ്ധമാക്കിയിരിക്കുന്നത് എന്തിനാണെന്ന് ഒരുപിടിയും കിട്ടുന്നില്ല.
ചാർമിനാറിന്റെ നാല് വശങ്ങളിലുമായി കൃത്യസമയം കാണിക്കുന്ന ക്ലോക്കുകളുണ്ട്. ഇത് നിർമ്മാണകാലത്ത് ഉണ്ടായിരുന്നതല്ല. ആറാമത്തെ നിസ്സാമായിരുന്ന മിർ മെഹബൂബ് അലി ഖാന്റെ കാലത്ത്(1889) ഇംഗ്ലണ്ടിൽ നിന്ന് കൊണ്ടുവന്നതാണ് അത്. ഒരു വശത്ത് മാത്രമാണ് ക്ലോക്ക് ഉദ്ദേശിച്ചിരുന്നതെങ്കിലും, മിനാരങ്ങളുടെ പൊരുത്തം നഷ്ടപ്പെടാതിരിക്കാനായി നാല് ഭാഗങ്ങളിലും ക്ലോക്ക് സ്ഥാപിക്കുകയായിരുന്നു. നിസ്സാമിന്റെ കാലത്ത് വാച്ചുകളും ക്ലോക്കുകളും റിപ്പയർ ചെയ്തിരുന്നവരുടെ മൂന്നാമത്തെ തലമുറയാണ് ഇപ്പോഴും ആ ക്ലോക്കുകൾ പരിപാളിക്കുന്നത്.
ചാർമിനാറിന്റെ ഒരു മിനാരത്തിനോട് ചേർന്ന് ഒരു കെട്ടിടത്തിന്റെ ഉയരത്തിൽ ഭാഗ്യലക്ഷ്മി ക്ഷേത്രം നിലകൊള്ളുന്നു. എങ്ങനെ എന്ന് അത്തരത്തിൽ ഒരു ക്ഷേത്രം അവിടെ വന്നുവെന്നത് കൌതുകമുണർത്തുന്ന കാര്യമാണ്. എന്തായാലും ചാർമിനാറിന്റെ നിർമ്മാണസമയത്ത് അതവിടെ ഉണ്ടായിരുന്നില്ലെന്ന് സ്പഷ്ടമാണ്. ചില പത്രങ്ങൾ അക്കാര്യം ഫോട്ടോ തെളിവുകളടക്കം സമർത്ഥിച്ചിട്ടുമുണ്ട്. ആശങ്കകളും വിവാദങ്ങളും ഒഴിവാക്കാനായി ഈ ക്ഷേത്രത്തിന്റെ വിപുലീകരണ പ്രവർത്തനങ്ങൾ കോടതി നിരോധിച്ചിട്ടുമുണ്ട്. ആർക്കിയോളജി സർവ്വെ ഓഫ് ഇന്ത്യ ഈ ക്ഷേത്രത്തെ അനധികൃത നിർമ്മിതിയായാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്തായാലും ഈ നിർമ്മിതിയുടെ പേരിൽ അത്യാവശ്യം പ്രശ്നങ്ങൾ ചാർമിനാറിൽ ഉണ്ടായിട്ടുമുണ്ട്.
ചാർമിനാറിന്റെ തൊട്ടടുത്ത് തന്നെയാണ് 2007 ബോംബ് സ്ഫോടനം ഉണ്ടായ മക്ക മസ്‌ജിദ്. അക്കാരണം കൊണ്ടുതന്നെ ക്യാമറ അടക്കമുള്ള ഒന്നും അതിനകത്തേക്ക് പ്രവേശിപ്പിക്കില്ലെന്ന് മാത്രമല്ല, കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുമുണ്ട്. ക്യാമറയും സാമഗ്രികളുമൊക്കെ പിടിച്ച് ജോഹർ പുറത്ത് നിന്നു. റഹ്‌മാൻ സാഹിബ്ബും ഞാനും മസ്ജിദിന് ഉള്ളിലേക്ക് കടന്നു. അദ്ദേഹം എനിക്ക് മസ്ജിദിന്റെ പ്രാധാന്യം വിവരിച്ചു തന്നു.
മുഹമ്മദ് ഖുലി കുത്തബ് ഷാ തന്നെയാണ് ഈ നിർമ്മിതിക്ക് പിന്നിലുമുള്ള പ്രധാന വ്യക്തി. സൌദിയിലെ മക്കയിൽ നിന്നും കൊണ്ടുവന്ന മണ്ണ് ഉപയോഗിച്ച് കട്ടകൾ ഉണ്ടാക്കാനുള്ള തുടക്കം കുറിച്ചത് അദ്ദേഹമാണ്. ആയതുകൊണ്ടുതന്നെ മക്ക മസ്ജിദ് എന്ന് പള്ളിക്ക് പേര് വരുകയും ചെയ്തു. 17 അടിയോളം ഉയരമുള്ള ഒറ്റക്കല്ലിൽ തീർത്ത തൂണുകളും വിദേശ തറയോടുകളും കൂറ്റൻ തൂക്കുവിളക്കുകളുമൊക്കെ മക്ക മസ്ജിദിന്റെ പ്രൌഢി വിളിച്ചോതുന്നു. മസ്ജിദിന്റെ ഒരു വശത്ത് നീളത്തിൽ കാണുന്ന ഖബർസ്ഥാനിൽ 14 രാജകുടുംബാംഗങ്ങളുടെ ഖബറുകളാണുള്ളത്. 2 മുതൽ 6 വരെയുള്ള നിസ്സാം ഖബറുകളും അതിൽപ്പെടുന്നു. അതിലൊരു ഖബർ മാത്രം പച്ചത്തുണി വിരിച്ച് പൂക്കൾ ചാർത്തി പ്രാർത്ഥനയും പ്രത്യേകശ്രദ്ധയുമൊക്കെ ഉള്ള ശവകുടീരമായി നിലകൊള്ളുന്നു.
2007 മെയ് 18ലെ ബോംബ് സ്ഫോടനത്തിൽ 13 പേരാണ് ഇവിടെ കൊല്ലപ്പെട്ടത്. മോസ്ക്കിന്റെ പുറത്തുള്ള മാർബിൾ ബെഞ്ചുകൾക്ക് കീഴെ ചോറുപാത്രത്തിന്റെ രൂപത്തിലാണ് ബോംബുകൾ സ്ഥാപിച്ചത്. വെള്ളിയാഴ്ച്ച നമസ്ക്കാര സമയത്താണ് സ്ഫോടനമുണ്ടായത്. പൊട്ടിത്തെറിയിൽ തകർന്നുപോയ മാർബിൾ ബഞ്ചുകൾക്ക് പകരം പുതിയ ബഞ്ചുകൾ സ്ഥാപിക്കുകയും ഒരു സ്മാരകമെന്നവണ്ണം തകർന്ന ബഞ്ചുകൾ തൊട്ടടുത്ത് മാറ്റി സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.
മക്ക മസ്ജിദിന് നേരെ എതിർവശത്തായി കാണുന്നത് ഒരു സർക്കാർ ആശുപത്രിയാണ്. 1929 ൽ ഒരു യുനാനി ആശുപത്രിയായി അത് സ്ഥാപിച്ചത് അവസാനത്തെ ഹൈദരാബാദ് നിസ്സാമായിരുന്ന ഒസാമ അലി ഖാൻ ആണ്. യുനാനി ഷിഫാഖാന എന്ന് പേരിൽ സ്ഥാപിച്ച ഈ ആസുപത്രിയിൽ ഇന്ന് യുനാനിയും ഇംഗ്ലീഷ് മരുന്നും ഒരുപോലെയുള്ള ചികിത്സാ രീതികളാണ്.
ഈ പരിസരത്തെല്ലാം മുത്തുമാലയും വളയുമൊക്കെ വിൽക്കുന്ന വഴിവാണിഭക്കാരുടെ തിരക്കാണ്. ഞങ്ങൾക്ക് മടങ്ങാനുള്ള സമയമാകുന്നു. പക്ഷേ, അതിന് മുൻപ് ഒരു കാര്യം കൂടെ ചെയ്യാനുണ്ട്. ചാർമിനാറിന്റെ പരിസരത്ത് നല്ല ഇറാനി ചായ കിട്ടുമെന്ന് കേട്ടിട്ടുണ്ട്. ഹൈദരാബാദിൽ നിന്ന് കഴിക്കേണ്ടതും കുടിക്കേണ്ടതുമായ പട്ടികയിലെ ഒരിനമാണ് ഇറാനി ചായ. ചില പ്രത്യേകതകളും ചരിത്രപ്രാധാന്യവുമുണ്ട് ഇറാനി ചായയ്ക്ക്. ഏകദേശം 1300 വർഷങ്ങൾക്ക് മുൻപ് ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് വന്ന പേർഷ്യൻ പ്രവാസികൾ വഴിയാണ് ഇറാനി ചായ ഇന്ത്യയിലെത്തുന്നത്. ചായപ്പത്തികൾ ഇറാനിൽ നിന്ന് കൊണ്ടുവരുകയായിരുന്നു. ഇന്നും ഇറാനിൽ നിന്ന് ചായപ്പത്തികൾ ഇവിടെ എത്തുന്നുണ്ട്. ഇന്ത്യയിൽ ചായയിൽ നിന്ന് വിഭിന്നമാണ് ഇതിന്റെ രുചിയും നിർമ്മാണവും. ചായപ്പത്തികളും പാലും വേറെ വേറെയാണ് തിളപ്പിക്കുക. ചായ കുടിക്കാൻ സമയമാകുമ്പോൾ മാത്രമാണ് കപ്പിലുള്ള പാലിലേക്ക് ചായപ്പത്തി തിളച്ചുണ്ടായ ദ്രവം കലർത്തുന്നത്.
ചായയുടെ കാര്യം പറഞ്ഞതും റഹ്‌മാൻ സാഹിബ് തൊട്ടടുത്തുള്ള മർവ ബേക്കറിയിലേക്ക് കയറി. ഞങ്ങൾ അൽപ്പം പുറകിലാണ്. ഞങ്ങൾ അകത്തേക്ക് കടന്നതും കടയുടമ അബൂദ് ബിൽ അസ്‌ലം ഹാർദ്ദമായി സ്വാഗതം ചെയ്തു. കപ്പിലെ ചായ മുന്നോട്ട് നീട്ടി. കൂടെ തിന്നാനുള്ള ടീ ബിസ്ക്കറ്റും റെഡി. ഞാൻ സത്യത്തിൽ സന്തോഷവും അത്ഭുതവുമൊക്കെ കലർന്ന അവസ്ഥയിലായിരുന്നു. ടീ ബിസ്ക്കറ്റും ഭക്ഷണസാധനങ്ങളുടെ ലിസ്റ്റിൽ ഉണ്ടായിരുന്നെങ്കിലും അത് പറയാതെ തന്നെ, ഇത്ര പെട്ടെന്ന് നടക്കുമെന്ന് നിനച്ചിരുന്നില്ല. എനിക്ക് പക്ഷേ ആ ബിസ്ക്കറ്റ് കഴിക്കേണ്ട രീതി അറിയില്ലായിരുന്നു. ഇന്നുവരെ ബിസ്ക്കറ്റ് കഴിച്ചിട്ടുള്ളത് ഒരറ്റം കടിച്ച്, പിന്നെ വീണ്ടും കടിച്ച്, പലവട്ടം കടിച്ച് ബിസ്ക്കറ്റിന്റെ പരമാവധി വേദനിപ്പിച്ചുകൊണ്ട് തന്നെയാണ്. ആ വേല ഹൈദരബാദി റ്റീ ബിസ്ക്കറ്റിനോട് പറ്റില്ല. ഒന്നായി വായിലേക്ക് വെക്കണം. കടിക്കാൻ പോയാൽ തവിടുപൊടിയായിപ്പോകും. അതുതന്നെ സംഭവിച്ചു. ബിസ്ക്കറ്റ് മുഴുവൻ തറയിൽ വീണ് ചിതറി. രണ്ടാമതും ബിസ്ക്കറ്റെടുത്ത് തന്നപ്പോൾ അതെങ്ങനെ കഴിക്കണമെന്ന് കൂടെ അസ്‌ലം പറഞ്ഞുതന്നു. വായിൽ അലിഞ്ഞില്ലാതാകും ടീ ബിസ്ക്കറ്റ്. 50 വർഷത്തിനിടയ്ക്ക് അങ്ങനൊരു ബിസ്ക്കറ്റ് കഴിച്ചിട്ടില്ല. പൊതുവെ ബിസ്ക്കറ്റിനോടും കുക്കീസിനോടും വലിയ താൽപ്പര്യമില്ലാത്ത ഞാൻ നിന്നനിൽപ്പിൽ ബിസ്ക്കറ്റ് പ്രേമിയായി മാറി. ഒന്നിന് പുറമെ ഒന്നൊന്നായി നാല് ബിസ്ക്കറ്റുകൾ കൂടെ അസ്‌ലം പ്ലേറ്റിൽ നിരത്തി. ഈത്തപ്പഴം കൊണ്ടും തേങ്ങകൊണ്ടുമൊക്കെ ഉണ്ടാക്കിയ ബിസ്ക്കറ്റുകളെല്ലാം ഞാൻ തന്നെ തിന്നുതീർത്തു. കഴിഞ്ഞില്ല അസ്‌ലത്തിന്റെ അതിഥി സൽക്കാരം. ജോഹറിനും എനിക്കും ഓരോ ബോക്സ് വീതം ടീ ബിസ്ക്കറ്റുകൾ നൽകിയാണ് അദ്ദേഹം സൽക്കാരമവസാനിപ്പിച്ചത്.
തുടർന്നദ്ദേഹം ഞങ്ങളെ അടുക്കളയിലേക്ക് കൊണ്ടുപോയി. ഒരേപോലുള്ള വലിയ പാത്രങ്ങളിൽ തേയിലവെള്ളം തിളച്ചുകൊണ്ടേയിരിക്കുന്നു. അതിലൊരു അടുപ്പിന്റെ ഇന്ധനം ഡീസലാണ്. തന്തൂരി മാതൃകയിലാണ് ആ അടുപ്പ്. ബിസ്ക്കറ്റ് ചുട്ടെടുക്കുന്നതും ചുടാനുള്ള ബിസ്ക്കറ്റ് മിശ്രിതം തയ്യാറാക്കി വെച്ചിരിക്കുന്നതുമൊക്കെ കാണിച്ചുതന്നെങ്കിലും, ഒരു ദിവസം ആ ബേക്കറിയിൽ എത്ര ബിസ്ക്കറ്റ് ഉണ്ടാക്കുമെന്നോ എത്ര ചായയുണ്ടാക്കുമെന്നോ ചായയുടെ കുറിപ്പടി വെളിപ്പടുത്താനോ അസ്‌ലം തയ്യാറായില്ല. അതെല്ലാം ഫാമിലി സീക്രട്ടാണ് എന്നാണദ്ദേഹം പറഞ്ഞത്. കടയിൽ വന്ന് ആതിഥ്യം സ്വീകരിച്ച് പോയിട്ടുള്ള സഞ്ചാരിയായ ആന്റണി ബോർഡൺ (Antony Bourdain) അടക്കമുള്ള മഹാരഥന്മാരുടെ പേരുകൾ അസ്‌ലം നിരത്തി. അങ്ങനെയൊരു ലിസ്റ്റിൽ കടക്കാനുള്ള യോഗ്യതയില്ലെങ്കിലും അവർക്ക് കിട്ടിയ ആതിഥ്യം എനിക്കും കിട്ടിയിരിക്കുന്നു. കിടക്കട്ടെ അക്കൂട്ടത്തിൽ നിരക്ഷരനായ ഒരു സഞ്ചാരിയും. ഞാനാകെ സന്തോഷത്തിമിർപ്പിലായിരുന്നു.
താമസം ഏർപ്പാടാക്കിയിരിക്കുന്നത് അബിദ്സിലുള്ള ജയ ഇന്റർനാഷണൽ ഹോട്ടലിലാണ്. ചൂടി (വള) ബസാർ അടക്കമുള്ള കാഴ്ച്ചകൾ കാണാനായി ഇനിയും ഇങ്ങോട്ട് വരേണ്ടതുണ്ട്. തൽക്കാലം ചാർമിനാറിന് വിട.
Following
Is the GIE still on? No news for a long imte?
കുടുംബത്തോടെ ബാംഗ്ലൂർക്ക് സ്ഥലം മാറ്റം കിട്ടി. ഇനി അതിന്റെ ചില നൂലാമാലകൾ ഒന്നവസാനിപ്പിക്കാതെ യാത്ര തുടങ്ങാനാവില്ല. തൽക്കാലം നിർത്തി വെച്ചിരിക്കുകയാണ്.