20 മിനിട്ട് ബോട്ടില്‍ യാത്ര ചെയ്യണം എറണാകുളത്തുനിന്ന് വൈപ്പിന്‍ കരയിലെത്താന്‍. ടിക്കറ്റിന് 50 പൈസയാണ് 1980 കളില്‍ യാത്രാക്കൂലി. ദിവസവും തിക്കിത്തിരക്കി ബോട്ടില്‍ക്കയറിയുള്ള യാത്രയില്‍ മുഴുവനും കണ്ടുമടുത്ത കാഴ്ച്ചകള്‍ തന്നെ.
എറണാകുളത്ത് ഹൈക്കോര്‍ട്ടിനരുകിലുള്ള കിന്‍കോ ജട്ടിയില്‍ നിന്ന് ബോട്ട് വിട്ടാല്‍, വലത്ത് വശത്തായി വിദേശികള്‍ കടല്‍താണ്ടി കൊച്ചിയിലെത്തുന്ന ചെറിയ ബോട്ടുകള്‍ നങ്കൂരമിട്ടിരിക്കുന്നത് കാണാം. ചിലതിലെല്ലാം നല്ല ഉയരത്തില്‍ പായകള്‍ ഉണ്ട്. കാറ്റുപയോഗിച്ചും അവയെല്ലാം ഓടിക്കുന്നുണ്ടാവാം. കുറച്ചുകൂടെ മുന്നോട്ട് നീങ്ങുമ്പോള്‍ വലത്തുവശത്തുതന്നെ ബോള്‍ഗാട്ടി ഐലന്റ്. ദ്വീപിനെ മറച്ചുപിടിക്കുന്ന മരങ്ങള്‍ക്കിടയിലൂടെ നോക്കിയാല്‍ കുറച്ചുള്ളിലായി, ഡച്ചുകാരന്‍ സായിപ്പ് ഉണ്ടാക്കിയ ബോള്‍ഗാട്ടി പാലസ്സ് തലയുയര്‍ത്തിപ്പിടിച്ച് നില്‍ക്കുന്നത് കാണാം. ബോള്‍ഗാട്ടി ഐലന്റിലെ ഹണിമൂണ്‍ കോട്ടേജുകള്‍ക്കരികിലൂടെ ബോട്ട് മുന്നോട്ട് നീങ്ങി, ആള്‍ത്താമസമില്ലാത്ത വിമലവനത്തിലെ പച്ചപ്പുകള്‍ മാത്രം കാണിച്ചുതന്ന് വൈപ്പിന്‍കര അടുക്കാറാകുമ്പോള്‍ തുറമുഖത്തെത്തുന്നതുകൊണ്ടാകാം തിരകള്‍ക്ക് കുറച്ച് ശൌര്യം കൂടും. ബോട്ടൊക്കെ ചെറുതായി ആടിയുലയും. ഇടത്തുവശത്തേക്ക് നോക്കിയാല്‍,ഭാഗ്യമുണ്ടെങ്കില്‍ തുറമുഖത്തേക്ക് വന്ന് കയറുന്നതും ഇറങ്ങുന്നതുമായ കപ്പലുകള്‍ കാണാം. വല്ലാര്‍പാടം ഭാഗത്തും, കാളമുക്കിലേക്കുമൊക്കെ കരയ്ക്കണയാന്‍ പോകുന്ന മത്സ്യബന്ധന-യന്ത്രവല്‍കൃത ബോട്ടുകളും, ഔട്ട് ബോര്‍ഡ് എഞ്ചിന്‍ ഘടിപ്പിച്ച ‘പരമ്പരാഗത’ വള്ളങ്ങളും, മട്ടാഞ്ചേരി വാര്‍ഫില്‍ നങ്കൂരമിട്ട് കിടക്കുന്ന കപ്പലുകളും, ഐലന്റുകളില്‍ അങ്ങോളമിങ്ങോളം സര്‍വ്വീസ് നടത്തുന്ന മറ്റ് ബോട്ടുകളും, ടൂറിസ്റ്റുകള്‍ക്കുവേണ്ടി മുകളില്‍ കസേരയൊക്കെയിട്ട് പ്രത്യേകം സജ്ജമാക്കിയ ഉല്ലാസബോട്ടുകളും, ജങ്കാറുകളും, ചീനവലകളും, കായലില്‍ മീന്‍പിടിക്കുന്ന കൊച്ചു കൊച്ചു കൊതുമ്പുവള്ളങ്ങളുമൊക്കെ സ്ഥിരം യാത്രക്കാരായ എന്നെപ്പോലുള്ളവര്‍ക്ക് പുതുമയൊന്നുമില്ലാത്ത കാഴ്ച്ചയാണ്.
ഒരിക്കല്‍ ബോട്ടില്‍ വെച്ച് പരിചയപ്പെട്ട വടക്കേ ഇന്ത്യാക്കാരന്‍ ടൂറിസ്റ്റിന്റെ വക ഒരു കമന്റ്.
“ ടിക്കറ്റ് ചാര്‍ജ്ജ് തോ, കം സേ കം 5 റുപ്പയാ ബനാനാ മാങ്ക്ത്താ ഹേ. ഇത്തനാ അച്ചാ ബോട്ട് റൈഡ് കേലിയേ 50 പൈസാ ബഹൂത്ത് കം ഹേ.“
(ഇത്രയും നല്ല ബോട്ട് സവാരിക്ക് 50 പൈസ വളരെ കുറവാണ്. കുറഞ്ഞത് 5 രൂപയെങ്കിലുമാക്കി കടത്ത് ചാര്‍ജ്ജ് വര്‍ദ്ധിപ്പിക്കണം പോലും.)
ചതിക്കല്ലേ ചങ്ങാതീ, നിങ്ങള്‍ക്ക് അങ്ങനൊക്കെ പറയാം. വല്ലപ്പോഴും വന്ന് അരമണിക്കൂര്‍ ബോട്ടിലൊക്കെ കറങ്ങിയടിച്ച് നിങ്ങളങ്ങ് പോകും. ഞങ്ങള്‍ക്കീ 50 പൈസ തന്നെ കൊടുക്കാനില്ല. 20 മിനിറ്റ് ഈ ബോട്ടിലിരുന്ന് ബോറടിക്കുന്നുമുണ്ട്.
എറണാകുളത്തിനും, വൈപ്പിനുമിടയിലുള്ള മറ്റൊരു ദ്വീപായ മുളവുകാടില്‍, വീട് പണിത ഒരു സായിപ്പിനെ എനിക്കറിയാം. ഗോശ്രീ പാലം വന്ന് മുളവുകാടിലേക്കുള്ള ബോട്ട് സര്‍വ്വീസെല്ലാം നിലച്ചപ്പോള്‍ സായിപ്പ് പറഞ്ഞു.
“ഇനി എനിക്കാ വീട്ടില്‍ ജീവിക്കാന്‍ താല്‍പ്പര്യമില്ല.“
ബോട്ടിലുള്ള ആ രസികന്‍ യാത്രകളായിരുന്നു, ഐലന്റില്‍ വീട് വെക്കാന്‍ സായിപ്പിനെ പ്രേരിപ്പിച്ചത്. പാലം വന്നതുകാരണം, ഇനി ആ ബോട്ട് യാത്രകള്‍ ഉണ്ടാകില്ലല്ലോ ?
ഇതൊക്കെ കേള്‍ക്കുകയും കാണുകയും ചെയ്തപ്പോള്‍ അന്ന് തോന്നി, ഇവന്മാര്‍ക്കൊക്കെ ഭ്രാന്താണെന്ന്. ബോട്ടില് യാത്ര ചെയ്യാന്‍ വേണ്ടി, 50 പൈസയ്ക്ക് പകരം 5 രൂപാ കൊടുക്കാന്‍ തയ്യാറാണത്രേ ഒരുത്തന്‍!! വേറൊരു വട്ടന്‍, സ്ഥിരമായി ബോട്ട് യാത്ര ആസ്വദിക്കാന്‍ വേണ്ടി, മറുനാട്ടീന്ന് ഇതുവരെ വന്ന് ഈ വെള്ളക്കുഴീല് വീടുണ്ടാക്കിയിരിക്കുന്നു!! വട്ട്, മുഴുവട്ട്, അല്ലാതെന്താ ?
കാലചക്രം കുറേയധികം തിരിഞ്ഞു. ജീവിതസൌകര്യങ്ങളും, പണക്കൊഴുപ്പും കൂട്ടാന്‍ വേണ്ടി നാടുവിട്ട് നാടുതോറും അലയാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഒരുപാടായി. നാട്ടിലേക്കുള്ള ഓരോ യാത്രയും ഒരു അനുഭൂതിയാണിപ്പോള്‍.
ബോറടിപ്പിച്ചിരുന്നെന്ന് പറഞ്ഞ ആ 20 മിനിട്ട് ബോട്ട് യാത്ര ഒന്നുകൂടെ തരപ്പെട്ടിരുന്നെങ്കില്‍, അഞ്ചല്ല അന്‍പത് രൂപയോ അതില്‍ക്കൂടുതലോ കൊടുക്കാന്‍ തയ്യാറാണിപ്പോള്‍.
ഇല്ല. ഇനി ആ യാത്രകള്‍ ഒരിക്കലുമുണ്ടാകില്ല.
നഷ്ടപ്പെട്ടത് എന്താണെന്നും, ആര്‍ക്കാണ് ശരിക്കും ഭ്രാന്തെന്നും ഇപ്പോഴാണ് തിരിച്ചറിവായത്.
————————————————————–
ചിത്രത്തില്‍ കാണുന്നത് എറണാകുളത്തുനിന്നും വൈപ്പിനിലേക്കും, മറ്റ് ദ്വീപുകളിലേക്കും പോകുന്ന കിന്‍കോയുടെ ബോട്ടുകള്‍. ചിത്രം എടുത്തത് എറണാകുളത്തുനിന്നും വൈപ്പിനിലേക്ക് പോകുന്ന ജങ്കാറില്‍ നിന്ന്. പുറകില്‍ കാണുന്നത് എറണാകുളത്തെ അശോകാ അപ്പാര്‍ട്ട്‌മെന്റ്‌സ്.