
കുറച്ച് വർഷങ്ങളായി തീയറ്ററിൽ പോയി സിനിമ കാണുമ്പോഴും കണ്ടതിന് ശേഷവും ശക്തമായി ഉയർന്ന് വരുന്ന ഒരു വികാരവും ചിന്തയുമുണ്ട്. “വേണ്ട.. മതിയായി. തീയറ്ററിൽ പോയി സിനിമ കാണുന്നത് ഇതോടെ അവസാനിപ്പിക്കണം.”
മൊബൈൽ ഫോണുകളുടെ വരവോടെ, പ്രത്യേകിച്ച് സ്മാർട്ട് ഫോണുകളുടെ വരവോടെയാണ് ഈ ചിന്ത അധികരിച്ചിട്ടുള്ളത്.
ലോകത്ത് കിട്ടാവുന്നതിൽ ഏറ്റവും മുന്തിയ സ്മാർട്ട്ഫോൺ ഉപയോഗിക്കും പലരും. പക്ഷേ പൊതുബോധം വട്ടപ്പൂജ്യമാണ്. സിനിമാ തീയറ്ററിലെ ഇരുട്ടിൽ അവിടവിടെയായി മൊബൈൽ ഫോണിലെ വെളിച്ചം ഉണ്ടായാൽ, അത് മറ്റുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാക്കും എന്ന് സ്വയം മനസ്സിലാക്കുന്നില്ല മൊബൈൽ വീരന്മാർ. പറഞ്ഞ് കൊടുത്താലും മനസ്സിലാക്കില്ല. പറഞ്ഞവനെ മെക്കിട്ട് കേറിയെന്ന് വരും. ഇതാണ് അവസ്ഥ.
സിനിമ തുടങ്ങി അതിന്റെ ടൈറ്റിൽ കാണിക്കുമ്പോളോ ആദ്യത്തെ അഞ്ച് മിനിറ്റ് നേരമോ സഹിക്കാം. ചിലർക്ക് സിനിമയുടെ ടൈറ്റിൽ വരുമ്പോളും നായകൻ വരുമ്പോഴും അതിന്റെ പടമെടുത്ത് കൈയോടെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തില്ലെങ്കിൽ ഒരു സമാധാനവുമില്ല. അതും സഹിക്കാം. പക്ഷേ, അവർക്ക് ബോറടിക്കുന്ന രംഗങ്ങളിലെല്ലാം അവർ മൊബൈൽ ഫോണിൽ ഞെക്കിക്കൊണ്ടിരിക്കും.
തൊട്ടടുത്ത സീറ്റുകളിൽ ഇരിക്കുന്നവരാണ് ഇത് ചെയ്യുന്നതെങ്കിൽ എനിക്ക് പിന്നെ സിനിമ കാണാനേ പറ്റാറില്ല. ആദ്യമാദ്യം അവരോട് തുറന്ന് പറയുകയും ഫോൺ ഓഫ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ഒക്കെ പതിവായിരുന്നു. ഇപ്പോൾ പക്ഷേ ഭയമാണ്. ഏതൊക്കെ തരം പൊടിയും പുകയും അടിച്ചവരോടാണ് സംസാരിക്കുന്നതെന്ന് അറിയില്ലല്ലോ. സ്ഥലത്തെ പ്രധാന കൊട്ടേഷൻ സംഘാംഗമോ രാഷ്ട്രീയ ഗുണ്ടയോ ആണ് മറുവശത്തെങ്കിൽ നമ്മുടെ ജീവിതം അതോടെ തീർന്നു. അതിലും ഭേദം തീയറ്ററിൽ പോകാതിരിക്കുക തന്നെ.
മൂന്ന് ദിവസം മുമ്പ് സത്യൻ അന്തിക്കാടിന്റെ ‘ഹൃദയപൂർവ്വം’ എന്ന സിനിമയ്ക്ക് പോയ അനുഭവം പറയാം.
സിനിമ തുടങ്ങി അൽപനേരം കഴിഞ്ഞാണ് ഇടതുവശത്തെ സീറ്റുകളിൽ രണ്ടുപേർ വന്നിരുന്നത്. രണ്ടാളേയും മദ്യത്തിന്റെ രൂക്ഷഗന്ധം. പത്തര മണിയുടെ ഷോ ആണ്. വന്നിരുന്ന ഉടനെ തീയറ്ററിൽ ഉള്ള “എല്ലാവർക്കും ഉറക്കം വരാതെ ഇത് കാണാനുള്ള അവസരം ഉണ്ടാകട്ടെ” എന്ന് മദ്യപാനികളിൽ ഒരുത്തന്റെ ഉച്ചത്തിലുള്ള ആശംസ. സിനിമയെ പറ്റിയുള്ള അഭിപ്രായം കൃത്യമായും മനസ്സിലാക്കി വന്നിരിക്കുന്നവരാണ് രണ്ടാളും എന്ന് വൈകാതെ വ്യക്തമായി. ഓരോ ഡയലോഗിലും ചിരിയോട് ചിരി. പിന്നെ പരസ്പരം അതിന്റെ വ്യാഖ്യാനങ്ങളും വിലയിരുത്തലുകളും. അതിനടുത്ത ഡയലോഗ് അവരും കേൾക്കുന്നില്ല ഞാനും കേൾക്കുന്നില്ല.
ഇനി വലതുവശത്ത് ഭാര്യാസമേതം ഇരിക്കുന്ന മഹാന്റെ കാര്യം പറയാം. ഓരോ രണ്ട് മിനിറ്റിലും അയാൾക്ക് മെസ്സേജ് വരുന്നു. അയാൾ അതെടുത്ത് നോക്കുന്നു; മറുപടി അയക്കുന്നു. അതിനുശേഷം പലപ്പോഴും ഫോൺ തിരിച്ച് പിടിക്കുന്നത് എന്റെ മുഖത്തേക്ക്.
ഇടവേള ആയപ്പോഴേക്കും,….“ദയവ് ചെയ്ത് സിനിമ തീരുന്നതുവരെ ഈ ഫോൺ ഒന്ന് പോക്കറ്റിൽ വെക്കാമോ? എനിക്കതിന്റെ വെളിച്ചം വല്ലാതെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്.” എന്ന് ഞാൻ അയാളോട് അഭ്യർത്ഥിച്ചു.
“അത്യാവശ്യം ഒരു മെസ്സേജിന് മറുപടി അയക്കേണ്ടി വന്നു. അതുകൊണ്ടാണ്.”… എന്ന് മറുപടി.
“അത്യാവശ്യം മെസ്സേജ് അല്ലല്ലോ സുഹൃത്തേ. വന്നിരുന്നപ്പോൾ മുതൽ ഇത് തന്നെയല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. ഫോൺ ഒരെണ്ണം എന്റെ പോക്കറ്റിലും ഉണ്ട്. എനിക്കുമുണ്ട് അത്യാവശ്യങ്ങൾ. രണ്ടര മണിക്കൂർ ആ അത്യാവശ്യങ്ങളെല്ലാം മാറ്റി വെച്ചിട്ടാണ് ഞാനും സിനിമ കാണാൻ വന്നിരിക്കുന്നത്.”
പിന്നീട് ആയാൾ മറുത്തൊന്നും പറഞ്ഞില്ല. ഭാര്യയോട് എന്തോ പിറുപിടുത്തശേഷം ഫോൺ കമഴ്ത്തി പിടിച്ചു. എന്റെ മുഖത്ത് ലൈറ്റ് വീഴാത്ത വിധത്തിൽ ഫോൺ തിരിച്ച് പിടിച്ച് കലാപരിപാടി അവസാനം വരെ തുടരുകയും ചെയ്തു. അത്രയ്ക്കെങ്കിലും ആശ്വാസം.
ഇനി ഇടതുവശത്തെ മദ്യപാനികളിലേക്ക് തിരികെ വരാം. ഉറങ്ങാതെ കടിച്ചുപിടിച്ചിരുന്ന് സിനിമ കാണാൻ എല്ലാവർക്കും ആശംസകൾ നേർന്ന മഹാൻ ഇതിനകം കൂർക്കം വലിച്ച് ഉറക്കമായി. മദ്യപിച്ച് ഉറങ്ങുന്നവരുടെ കൂർക്കം വലിക്ക് 10 ഡെസിബെൽ കൂടുതലാണെന്ന് മദ്യപാനികളുമായി സമ്പർക്കമുള്ളവർക്ക് ബോദ്ധ്യമുണ്ടാകും. മുന്നിലെ സീറ്റിൽ ഇരിക്കുന്നവർ തിരിഞ്ഞ് നോക്കി അസഹിഷ്ണുത പ്രകടിപ്പിക്കുന്നുണ്ട്. അതുകൊണ്ട് എന്ത് കാര്യം?! കൂടെ വന്നവൻ, ഞാനൊന്നും അറിഞ്ഞില്ലേ എന്ന മട്ടിൽ സിനിമയിൽ മുഴുകിയിരിക്കുന്നു. ലഹരി ഇറങ്ങിയത് കൊണ്ടായിരിക്കാം അയാളുടെ ചിരിയും അട്ടഹാസവും എല്ലാം ഒതുങ്ങിയിട്ടുണ്ട്. മറ്റേയാൾ, കൂർക്കം വലിയോടെ തന്നെ കുംഭകർണ്ണ സേവ പൂർവ്വാധികം ഭംഗിയായി സിനിമ തീരുന്നത് വരെ തുടർന്നു.
ഇത്രയുമൊക്കെ ആയ സ്ഥിതിക്ക് ‘ഹൃദയപൂർവ്വം’ സിനിമയെപ്പറ്റി എന്തെങ്കിലും അഭിപ്രായം പറയണമല്ലോ.
നേരെ ചൊവ്വേ കാണാനോ കേൾക്കാനോ ആസ്വദിക്കാനോ പറ്റിയില്ല. പിന്നെന്തോന്ന് പറയാൻ? മോഹൻലാലിന്റെ ഒപ്പം പല സീനുകളിലും നിറഞ്ഞ് നിന്ന സംഗീത് പ്രതാപ്, ജഗതിക്ക് പകരം വെക്കാൻ പോന്ന മുതലാണ് എന്ന് മദ്യപാനികൾ തീയറ്റർ മുഴങ്ങുന്ന ശബ്ദത്തിൽ പറയുന്നത് കേട്ടിരുന്നു. അവരാണല്ലോ ശരിക്കും സിനിമ ആസ്വദിച്ചത്. അതുകൊണ്ട് അവർ പറഞ്ഞത് ശരിയായിരിക്കാം.
എനിക്ക് പറയാനുള്ളത് സിനിമാ തീയറ്ററുകളിൽ മൊബൈൽ ജാമറുകൾ സ്ഥാപിക്കണം എന്നാണ്. അല്ലെങ്കിൽ എന്നെപ്പോലുള്ള ന്യൂനപക്ഷങ്ങളെങ്കിലും സിനിമാ തീയറ്ററുകളിൽ നിന്ന് അകന്ന് പോകും. പോപ്ക്കോണും പാർക്കിംഗ് ഫീസും ടിക്കറ്റും ഒക്കെയായി കുറഞ്ഞത് 500 രൂപയെങ്കിലും മുടക്കിയാണ് ഒരാൾ ഇക്കാലത്ത് സിനിമ കാണുന്നത്. എന്നിട്ട് വന്ന കാര്യം നേരെ ചൊവ്വേ നടക്കുന്നില്ലെങ്കിൽ പിന്നെന്ത് കാര്യം?
ഹൃദയപൂർവ്വം, തീയറ്ററുകളോട് വിട പറയാനുള്ള സമയം ആയിരിക്കുന്നു. തീയറ്റർ എക്സ്പീരിയൻസ് തന്നെ കിട്ടണം എന്നുള്ള ചുരുക്കം ചില സിനിമകൾ ഇനിയും തീയറ്ററിൽ തന്നെ പോയി കണ്ടെന്നിരിക്കും. അല്ലാതെയുള്ള സിനിമകൾ എത്ര മഹത്തരം ആണെന്ന് പറഞ്ഞാലും OTT യിൽ വരുമ്പോൾ കണ്ടോളാം. അല്ലെങ്കിൽ പിന്നെ ആളൊഴിഞ്ഞ തിയറ്ററുകളിലെ സിനിമയ്ക്ക് മാത്രം കയറാം. അരനാഴിക നേരം മാത്രം ബാക്കിയുള്ളപ്പോൾ ഇനി എത്ര സിനിമകൾ കൂടെ കാണുമെന്നാണ്?!
വാൽക്കഷണം:- നാളെ ഒരു ‘തീയറ്റർ എക്സ്പീരിയൻസിന് ‘ കൂടെ തല വെക്കുന്നുണ്ട്. മേൽപ്പറഞ്ഞതിൽ നിന്ന് മറിച്ചൊരു അനുഭവം പ്രതീക്ഷിക്കുന്നതേയില്ല. “നന്നായിട്ട് വെറുപ്പിക്കണം” എന്നേ മൊബൈൽ വീരന്മാരോട് പറയാനുള്ളൂ. എന്നാലേ എന്റെ തീരുമാനത്തിന് ആക്കം കൂടൂ.