പകലെന്തറിയുന്നു
ഇരുളിൻ്റെ വേദന,
മുകിൽ മറച്ചതെന്തിനോ
വാനിൻ്റെ കാഴ്ച്ചകൾ,
ഒരു മിന്നാമിനുങ്ങും
വരാത്തതെന്തീ വഴി,
പൊടിപടലങ്ങൾ
അണഞ്ഞിടുന്നുണ്ടെങ്ങുമേ.
പകലെന്തറിയുന്നു
ഇരുളിൻ്റെ വേദന
തെരുവിതാ പൊടുന്നനെ
മൂകമായ് ശാന്തമായ്,
ഒരു വിലാപയാത്ര
കഴിഞ്ഞു മറഞ്ഞപോൽ,
നെടുവീർപ്പുകൾ പോലും
പതിഞ്ഞലിഞ്ഞില്ലാതായ്,
തനു മരവിച്ചു വീണിതാ
നരച്ചൊരു കോണിലായ്.
പകലെന്തറിയുന്നു
ഇരുളിൻ്റെ വേദന.
തൊടിയിതാ മെല്ലവേ
ഉണരുന്നു കാന്തിയിൽ
വിടപറയാൻ അരങ്ങൊ-
രുക്കുന്ന പോൽ,
വരുകില്ലൊരു നാളും
ആർപ്പുവിളികളീ വഴി,
പിടയുന്നു ശ്വാസം
അവസാനമേകമായ്.
പകലെന്തറിയുന്നു
ഇരുളിൻ്റെ വേദന,
മുകിൽ മറച്ചതെന്തിനോ
വാനിൻ്റെ കാഴ്ച്ചകൾ,
ഒരു മിന്നാമിനുങ്ങും
വരാത്തതെന്തീ വഴി,
പൊടിപടലങ്ങൾ
അണഞ്ഞിടുന്നുണ്ടെങ്ങുമേ.
പകലെന്തറിയുന്നു
ഇരുളിൻ്റെ വേദന.
ഇത് AI ഗാനമായി കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക.