മിനിയാന്ന് ഉണ്ടായ അത്രയും തണുപ്പ് ഇന്നലെ രാത്രി ഉണ്ടായിരുന്നില്ല. എന്തായാലും ഭാഗിയിൽ ഫാൻ ഇടാതെ കിടക്കാം എന്നായിട്ടുണ്ട്.
രാവിലെ അജ്മീറിലേക്ക് പോകാനായിരുന്നു ആദ്യ തീരുമാനം. എങ്കിലും ആ തീരുമാനം പെട്ടന്ന് മാറ്റി, വിക്കറ്റിൽ നിന്ന് 87 കിലോമീറ്റർ ദൂരെയുള്ള അജീത്ഗഡ് കോട്ടയിലേക്ക് തിരിച്ചു.
അജ്മീറിൽ എനിക്ക് കൂടുതൽ ദിവസങ്ങൾ തങ്ങണമെന്നുണ്ട്. അജീത്ഗഡ് ഒറ്റ ദിവസം കൊണ്ട് തീർത്ത് ജയ്പൂരിലേക്ക് മടങ്ങിയാൽ നാളെ ചോമു പാലസിൽ ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങിൽ പങ്കെടുത്തശേഷം അജ്മീറിലേക്ക് തിരിക്കാം. ഇങ്ങനെയാണ് പദ്ധതി.
അജീത്ഗഡ് സമതലത്തിൽ നിൽക്കുന്ന ഒരു കോട്ടയാണ്. മലയൊന്നും കയറേണ്ടതില്ല എന്നത് ഒരു സൗകര്യം തന്നെ. പക്ഷേ മറ്റൊരു പ്രശ്നമുണ്ട്.
ഞാൻ കോട്ടയ്ക്ക് മുമ്പിൽ ചെല്ലുമ്പോൾ കോട്ട വാതിൽ അടച്ചിട്ടിരിക്കുന്നതാണ് കാണുന്നത്. ഒരു മദ്യപാനി കോട്ട വാതിലിന് കുറുകെ കിടക്കുന്നുണ്ട്.
നാലഞ്ച് ചെറുപ്പക്കാർ കോട്ടയുടെ പരിസരത്തുണ്ട്. അവരോട് കാര്യങ്ങൾ തിരക്കി.
കോട്ടയ്ക്കുള്ളിൽ പല അനാശ്വാസ പ്രവർത്തനങ്ങളും നടന്നതുകൊണ്ട് തഹസിൽദാർ വന്ന് സീൽ വെക്കുകയാണ് ഉണ്ടായത്രേ!
മാലിന്യക്കൂമ്പാരമാണ് കോട്ടയുടെ പരിസരത്ത്. കോട്ടയുടെ ചുറ്റും നടന്ന് പടങ്ങൾ എടുത്തു. അപ്പോഴാണ് കോട്ടയിലേക്കുള്ള കയ്യേറ്റങ്ങൾ ശ്രദ്ധയിൽപ്പെട്ടത്. പല വീടുകളും കോട്ടയുടെ മതിലിനോട് ചേർന്ന് സ്ഥാപിച്ചിരിക്കുന്നു.
അതിൽ ഒരു വീട്ടിൽ നിന്ന് കൃഷ്ണസത്യ എന്ന ഒരു ചെറുപ്പക്കാരൻ ഇറങ്ങിവന്നു. കോട്ടയിൽ കയറണമെങ്കിൽ രണ്ട് സ്ഥലത്ത് നിന്ന് അതിന്റെ താക്കോൽ കിട്ടുമെന്ന് അയാൾ പറഞ്ഞു. ഒന്ന്, പോലീസ് സ്റ്റേഷൻ. രണ്ട്, തൊട്ടടുത്തുള്ള വിക്രം സിങ്ങ് ബക്കാവത്ത് എന്നയാളുടെ ഓഫീസിൽ നിന്ന്. വിക്രം സിങ്ങ് ഗ്രാമമുഖ്യനെപ്പോലെ അധികാരമുള്ള ഒരാളാണ്. ഞാൻ വിക്രം സിങ്ങിന്റെ ഓഫീസ് തിരക്കി തെരുവിലേക്ക് നടന്നു. അത് കണ്ടുപിടിക്കാൻ അത്ര ബുദ്ധിമുട്ടില്ല. ഓഫീസിന്റെ ബോർഡ് വായിച്ചപ്പോൾ അദ്ദേഹം വക്കീലാണ് എന്നാണ് മനസ്സിലാക്കാൻ പറ്റിയത്.
ആ ഓഫീസിലെ ജീവനക്കാരനോട് സംസാരിച്ചു. അദ്ദേഹം ഫോണിൽ വിക്രം സിങ്ങുമായി ബന്ധപ്പെട്ട്, എനിക്ക് സംസാരിക്കാനുള്ള അവസരവും തന്നു. ഒരു മണിക്കൂറിനുള്ളിൽ വിക്രം സിങ്ങ് ഓഫീസിൽ എത്തും. അതിന് ശേഷം കോട്ട തുറന്നുകാണിക്കാം എന്ന് അറിയിച്ചു.
അതുപ്രകാരം ഞാൻ ആ ഓഫീസിൽ കാത്തിരുന്നു. ഒരു മണിക്കൂർ കഴിഞ്ഞു. രണ്ടുമണിക്കൂർ കഴിഞ്ഞു. മൂന്ന് മണിക്കൂർ ആയി. വിക്രം സിങ്ങ് വന്നില്ലെന്ന് മാത്രമല്ല, ഓഫീസിലെ ജീവനക്കാരനും പ്രത്യക്ഷമായിരിക്കുന്നു.
ഇനി എന്ത് ചെയ്യാൻ? ഞാൻ കോട്ടയ്ക്ക് ചുറ്റും ഒരു പ്രാവശ്യം കൂടി നടന്നശേഷം സ്ഥലം കാലിയാക്കാൻ തീരുമാനിച്ചു.
കോട്ട തുറന്ന് കിട്ടിയാലും അതിനകത്ത് കയറി സഞ്ചരിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. കോട്ട കാടുപിടിച്ച് കിടക്കുന്നത് വാതിലിലൂടെ കാണാൻ കഴിയുന്നുണ്ട്. അകത്ത് ഇഴജന്തുക്കൾ ഉണ്ട് എന്ന് നാട്ടുകാരുടെ റിപ്പോർട്ടും കിട്ടി.
കോട്ടയുടെ ആകാശ വീക്ഷണത്തിൽ നിന്ന് കഷ്ടി 2000 ചതുരശ്ര അടിയുള്ള ഒരു ചെറിയ കോട്ടയാണ് അതെന്ന് മനസ്സിലാക്കാനായി. ജുൻജുനു രജപുത്താന സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന അജിത് സിംഗ് ആണ് 1759ൽ ഈ കോട്ട നിർമ്മിച്ചത്.
അദ്ദേഹത്തിൻ്റെ സാമ്രാജ്യത്തിന്റെ തലസ്ഥാനവും ശക്തി ദുർഗ്ഗവും ഈ കോട്ട ആയിരുന്നു. ബ്രിട്ടീഷുകാരുടെ കാലത്ത് അതായത് 1818 മുതൽ 1947 വരെ അവരുടെ പട്ടാള താവളമായും കാര്യാലയമായും അജീത്ഗഡ് കോട്ടയെ ഉപയോഗിച്ചിട്ടുണ്ട്.
കോട്ടയുടെ അകത്ത് കടന്ന് കൂടുതൽ ചിത്രങ്ങൾ എടുക്കാൻ പറ്റിയില്ല എന്നതൊഴിച്ചാൽ ഇതൊരു കോട്ട സന്ദർശനമായി തന്നെ കണക്കാക്കേണ്ടി വരും. ഇന്നലെ പാഠൺ കോട്ടയെ 76 – )മത്തെ കോട്ടയായി ഞാൻ പരിഗണിക്കുന്നില്ലെങ്കിലും അജീത്ഗഡ് 76-)മത്തെ കോട്ടയായി എണ്ണത്തിൽ ചേർക്കുന്നു.
അങ്ങനെ മൂന്ന് മണിക്കൂർ നേരത്തെ കാത്തുനിൽപ്പിന് ശേഷം അജീത്ഗഡിൽ നിന്നും ജയ്പൂരിലേക്ക്.
നാളെ കല്യാണത്തിന് പോകുമ്പോൾ ഡീസന്റ് ആയി ഒരു വസ്ത്രം ധരിക്കണമല്ലോ. വഴിനീളെ തെണ്ടി നടക്കുമ്പൊഴും മലകയറുമ്പോളും ഇടുന്ന വസ്ത്രങ്ങൾ കല്യാണത്തിന് ധരിക്കുന്നത് മോശമല്ലേ? അങ്ങനെ ഒരു ഡീസന്റ് വസ്ത്രം പക്ഷേ, എൻ്റെ കയ്യിൽ ഇല്ല.
രാജസ്ഥാനിൽ 1930 മുതൽക്കുള്ള വസ്ത്രസ്ഥാപനമാണ് ഗുലാബ് ചന്ദ്. അങ്ങനെ ചിലയിടങ്ങളിൽ കയറിയിറങ്ങി അവസാനം രാജസ്ഥാൻ ഖാദിയിൽ നിന്ന്, അത്ര ഇഷ്ടപ്പെട്ടില്ലെങ്കിലും മനസ്സില്ലാ മനസ്സോടെ ഒരു ജുബ്ബ വാങ്ങി. മുണ്ട് അജിത് തരാമെന്ന് ഏറ്റിട്ടുണ്ട്.
ഭാഗിയെ റെയിൽവേ കോളനിയിൽ പാർക്ക് ചെയ്ത ശേഷമാണ് വസ്ത്രം വാങ്ങാൻ നഗരത്തിലേക്ക് പോയത്. തിരിച്ച് മെട്രോയിൽ വന്നിറങ്ങിയപ്പോൾ ഒരു അനിഷ്ട സംഭവം ഉണ്ടായി.
സ്റ്റേഷനിൽ ഇറങ്ങിയശേഷം എതിർദിശയിലേക്കാണ് ഞാൻ നടക്കുന്നതെന്ന് എനിക്കൊരു സംശയം തോന്നി. ഉടനെ ഫോൺ എടുത്ത് അക്കാര്യം ഉറപ്പ് വരുത്തി. പെട്ടെന്ന് എൻ്റെ പിന്നിലൊരു സ്ത്രീയുടെ അലർച്ച കേട്ടു. തിരിഞ്ഞ് നോക്കുമ്പോൾ അവരുടെ മൊബൈൽ ഫോൺ മൂന്ന് ചെറുപ്പക്കാർ ചേർന്ന് തട്ടിപ്പറിച്ച് സ്കൂട്ടറിൽ രക്ഷപ്പെടുന്നു.
“ചോർ ചോർ.. പക്കടോ പക്കടോ” എന്ന് അവർ അലറി വിളിക്കുന്നുണ്ട്. ഞാനും ആ സ്ത്രീയും അല്ലാതെ സ്റ്റേഷന്റെ ആ പരിസരത്ത് അപ്പോൾ ആരുമില്ല. മോഷ്ടാക്കൾ ബൈക്കിൽ എന്നെ കടന്നാണ് പോകുന്നത്. ഞാൻ അവരെ പിടിക്കാൻ കൈ നീട്ടിയെങ്കിലും അവന്മാർ കുതറി വാഹനം വെട്ടിച്ച് കടന്നു കളഞ്ഞു. ഫോൺ പോയ വിഷമത്തിൽ ആ സ്ത്രീ കരഞ്ഞുകൊണ്ട് വഴിവക്കിൽ നിൽക്കുന്നുണ്ട്.
രണ്ടുദിവസം മുമ്പ് മഞ്ജുവിന്റെ ഭർത്തൃ സഹോദരിയുടെ ബാഗ് ഇതുപോലെ കള്ളന്മാർ തട്ടിപ്പറിച്ച കാര്യം ഞാൻ സൂചിപ്പിച്ചിരുന്നല്ലോ. ജയ്പൂർ നഗരത്തിൽ ഇത് സ്ഥിരം പരിപാടിയാണെന്ന് വേണം മനസ്സിലാക്കാൻ. ആളൊഴിഞ്ഞ സ്ഥലങ്ങളിൽ സ്ത്രീകളെ ഒറ്റയ്ക്ക് കിട്ടുമ്പോൾ ഈ പിടിച്ചുപറി നടക്കുന്നുണ്ട്.
ഒരുപക്ഷേ, ദിശ തെറ്റിയോ എന്ന് ഫോണിൽ പരിശോധിച്ച് നിന്നിരുന്ന എൻ്റെ കയ്യിൽ നിന്നും ഫോൺ തട്ടിപ്പറിക്കാനുള്ള സാദ്ധ്യതയും ഉണ്ടായിരുന്നു.
അവിടന്ന് റെയിൽവേ കോളനിയിലേക്ക് നടക്കുമ്പോൾ എനിക്ക് ചെറിയ ഭീതി ഉണ്ടായിരുന്നു. ഈ യാത്രയിൽ എങ്ങാനും ഫോൺ നഷ്ടപ്പെടുകയോ മറ്റോ ചെയ്താൽ ഉണ്ടാവുന്ന ബുദ്ധിമുട്ടുകൾ ഒന്നാലോചിച്ചു നോക്കൂ.
ഇന്ന് കാര്യമായ യാത്രയൊന്നും ചെയ്തില്ലെങ്കിലും നല്ല ക്ഷീണമുണ്ട്. നാളെ ടെസ്റ്റിനേഷൻ വെഡ്ഡിങ്ങ് വിശേഷങ്ങളുമായി വരാം.
ശുഭരാത്രി.