നിയമം

SIR വരുന്നുണ്ട്, ശ്രദ്ധിക്കുക.


22
നിക്കുള്ള SIR (Special Intensive Revision) ഫോം ഇന്നലെ വീട്ടിലെത്തി.

ഇത് പൂരിപ്പിച്ച് കൊടുക്കുന്നതിന് അനുസരിച്ചിരിക്കും വോട്ടർ പട്ടികയിൽ ഓരോരുത്തരുടേയും പേര് ഉണ്ടാകുമോ ഇല്ലയോ എന്ന കാര്യം. അതുകൊണ്ടുതന്നെ അതീവ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട ഒന്നാണ് SIR.

ഇന്ത്യൻ പൗരന്മാർ അല്ലാത്തവരെ വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കുക, വോട്ടർ പട്ടിക കുറ്റമറ്റതാക്കുക എന്നൊക്കെയാണ് SIRൻ്റെ ലക്ഷ്യമായി പറയുന്നത്. പക്ഷേ ആ പ്രക്രിയ അത്ര എളുപ്പമല്ല. ശ്രദ്ധിച്ചില്ലെങ്കിൽ ഇതുവരെ യാതൊരു ബുദ്ധിമുട്ടും ഇല്ലാതെ വോട്ട് ചെയ്ത് പോന്നിരുന്ന നിങ്ങളുടെ വോട്ട് പോലും നാളെ ഇല്ലാതായെന്ന് വരാം.

SIR ൻ്റെ ഒരു സാമ്പിൾ ഷീറ്റ് ഇതിനൊപ്പം ചേർക്കുന്നു. അത് വെച്ച് വിശദീകരിക്കാം.

1. ആദ്യ ഭാഗത്ത് നിങ്ങളുടെ പേര്, ജനനത്തീയതി, മൊബൈൽ നമ്പർ, അച്ഛന്റെ പേര്, അമ്മയുടെ പേര്, പങ്കാളിയുടെ പേര് എന്നിവയാണ് ചോദിക്കുന്നത്. കൂട്ടത്തിൽ അവരുടെയെല്ലാം EPIC (ഇലക്ഷൻ കാർഡ്) നമ്പർ ചോദിക്കുന്നുണ്ട്.

2. പച്ച നിറത്തിൽ കാണുന്ന ഭാഗത്ത് അവസാന SIR നടന്നപ്പോൾ ഉള്ള വിവരങ്ങളാണ് നൽകേണ്ടത്. അതായത് 2002ലേത്. അത് നമ്മളിൽ പലർക്കും അറിവുള്ള കാര്യങ്ങൾ ആകണമെന്നില്ല അതിനിടയ്ക്ക് പലവട്ടം നമ്മളുടെ വോട്ടിംഗ് മണ്ഡലം മാറിയിരിക്കാം. പ്രശ്നങ്ങൾ ഇവിടന്ന് ആരംഭിക്കുന്നു.

അവിടെ ‘ബന്ധുവിന്റെ പേര് ‘ എന്ന ഒരു കോളമുണ്ട്. ഏതെങ്കിലും ഒരു ബന്ധുവിന്റെ പേര് കൊടുത്താൽ പദ്ധതി പാളാൻ സാദ്ധ്യതയുണ്ട്. കാരണം, സർക്കാരിന് വേണ്ടത് നമ്മുടെ അച്ഛന്റേയോ അമ്മയുടെയോ പേര് ആണ്. നമ്മുടെ പൗരത്വം ആണല്ലോ വിഷയം. എനിക്ക് SIR ഫോം തന്ന BLO പറഞ്ഞത്, അച്ഛന്റെ അല്ലെങ്കിൽ അമ്മയുടെ പേര് തന്നെ അവിടെ വെക്കണമെന്നാണ്. കൂടാതെ സംസ്ഥാനത്തിന്റെ പേര്, ജില്ലയുടെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമ നമ്പർ എന്നിവയും നൽകണം.

3. നീല നിറത്തിൽ കാണുന്നതിനെ പച്ചനിറത്തിലുള്ള ബോക്സിന്റെ തുടർച്ച എന്ന് തന്നെ പറയാം. നമ്മൾ പരിചയപ്പെടുത്തിയ ബന്ധുവിന്റെ വിശദവിവരങ്ങൾ, EPIC നമ്പർ, ബന്ധം, സംസ്ഥാനത്തിന്റെ പേര്, നിയമസഭാ മണ്ഡലത്തിന്റെ പേര്, ഭാഗം നമ്പർ, ക്രമനമ്പർ ഇതൊക്കെയാണ് അവിടെ നൽകേണ്ടത്.

സാധാരണ മനുഷ്യർ ഇതെല്ലാം കൃത്യമായി പൂരിപ്പിച്ച് നൽകുമെന്ന് കരുതാൻ വയ്യ. BLO തീർച്ചയായും സഹായിക്കും. പല പല സൈറ്റുകളിൽ ചെന്ന് ഇതെല്ലാം കണ്ടെത്താൻ വൈദഗ്ദ്ധ്യം ഉള്ളവർക്ക് സാധിക്കും. പക്ഷേ അതെല്ലാം എത്ര പേരെക്കൊണ്ട് പറ്റും. പക്ഷേ എത്രത്തോളം ഉദ്യോഗസ്ഥ സഹായം ഇക്കാര്യത്തിൽ പൊതുജനത്തിന് കിട്ടും? ജാഗ്രത പുലർത്തേണ്ടത് വോട്ടർമാരായ നമ്മളാണ്. പിഴവുകൾ ഉണ്ടായാൽ വോട്ട് തന്നെ ഇല്ലാതായി മാറും. നാളെ നമ്മൾ ഈ നാട്ടിലെ പൗരൻ അല്ല എന്ന് സമർത്ഥിക്കാൻ, നമ്മുടെ പേരില്ലാത്ത ഒരു വോട്ടേഴ്സ് ലിസ്റ്റ് ധാരാളം മതിയാകും.

കാശ്മീരിൽ നിന്ന് ആളെ കൊണ്ടുവന്ന് വോട്ടേഴ്സ് ലിസ്റ്റിൽ ചേർത്ത് ഞങ്ങൾ വിജയം കൈവരിക്കും എന്ന് പറഞ്ഞ നേതാക്കന്മാരുള്ള നാടാണ്. ഒരാൾ 20ൽ അധികം പ്രാവശ്യം വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്. മോഡലായ വിദേശ വനിതാ വോട്ടേഴ്സ് ലിസ്റ്റിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ള നാടാണ്.

കൃത്യമായ രേഖകൾ ഇല്ലാത്തവരുടെ പരാതികൾ പരിശോധിക്കാൻ സിറ്റിങ്ങുകൾ ഉണ്ടാകും എന്നാണ് അറിയാൻ കഴിഞ്ഞത്. സിറ്റിങ്ങുകൾക്ക് ശേഷം ഉദ്യോഗസ്ഥർ കനിഞ്ഞാൽ വോട്ട് കിട്ടിയെന്ന് വരും.

അതുകൊണ്ട് ജാഗ്രത മാത്രം പോര, SIRനെ നല്ല ഭയവും വേണം.

പ്രത്യേകം ശ്രദ്ധിക്കുക വോട്ടേഴ്സ് ലിസ്റ്റിൽ പേരില്ലെങ്കിൽ, വോട്ടേർസ് സ്ലിപ്പ് വീട്ടിൽ വന്നതിന് ശേഷം, ലിസ്റ്റിൽ പേര് ചേർക്കുന്ന സ്ഥിരം പരിപാടി ഇനി നടക്കില്ല. ആ ചാൻസ് ആണ് ഇത്. ഇവിടെ പിഴച്ചാൽ പിന്നെ വോട്ടില്ല. വോട്ടില്ലാത്തവന് ഭാവിയിൽ എന്തൊക്കെ ഇല്ലാതാകുമെന്ന് ഇപ്പോൾ പറയാനും ആവില്ല. ആയതിനാൽ അതീവ ജാഗ്രത പുലർത്തുക.

പിൻകുറിപ്പ് & അപ്ഡേറ്റ്:- എൻ്റെ BLO എന്നോട് പറഞ്ഞു തന്ന വിവരങ്ങൾ പ്രകാരമുള്ള പോസ്റ്റാണിത്. BLO മാർ അടക്കം ഈ പദ്ധതി നടപ്പിലാക്കാൻ ഇറങ്ങിയിരിക്കുന്ന ഉദ്യോഗസ്ഥർ പോലും കൃത്യമായ പരിശീലനമോ പരിചയമോ ഇല്ലാത്തവരാണ്, ഇതേപ്പറ്റി വ്യക്തത ഇല്ലാത്തവരാണ്. അവർ പലയിടത്തും പലതരത്തിലാണ് ഇതേപ്പറ്റി സംസാരിക്കുന്നത്. ആധികാരികമായ വസ്തുത എന്താണെന്ന് നമ്മൾ പൗരന്മാർ പിന്നെങ്ങനെ മനസ്സിലാക്കും? എല്ലാവരും അവരവരുടെ അനുഭവങ്ങളും കാഴ്ച്ചപ്പാടുകളും കണ്ടെത്തലുകളും പറയൂ. നാടെങ്ങും ചർച്ചകൾ നടക്കട്ടെ. അത് ഗുണം ചെയ്തേക്കാം. എന്തായാലും ഈ പരിപാടി കഴിയുമ്പോഴേക്കും അർഹതയുള്ളവർക്ക് പോലും വോട്ട് നഷ്ടപ്പെട്ടിട്ടുണ്ടാകും എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അങ്ങനെ സംഭവിക്കാതിരിക്കാനുള്ള കരുതലാണ് ഉണ്ടാകേണ്ടത്. അതിന് എൻ്റെ ഭാഗത്ത് നിന്ന് നൽകാൻ കഴിയുന്ന ഒരു സൂചന മാത്രമാണ് ഈ പോസ്റ്റ്.

#SIR2025
#sir