തെരഞ്ഞെടുപ്പ്

കൊഞ്ചം ജാഗ്രതൈ ദളപതീ


66
മിഴ് നടൻ വിജയ്, വോട്ട് ചെയ്യാൻ സൈക്കിളിൽ പോളിങ്ങ് ബൂത്തിലേക്ക് പോയതിന്റെ രാഷ്ട്രീയം, ഓൺലൈനിൽ പല സുഹൃത്തുക്കളും ചർച്ച ചെയ്ത് കണ്ടു. അതിലൂടെ അദ്ദേഹം നൽകാൻ ശ്രമിച്ച സന്ദേശത്തെ ഞാനും അനുകൂലിക്കുന്നു. പക്ഷേ ആ സൈക്കിൾ സവാരിയിൽ മറ്റ് ചില വിയോജിപ്പുകൾ എനിക്കുണ്ട്.

മേൽപ്പറഞ്ഞ സംഭവത്തിന്റെ ചിത്രങ്ങൾ കണ്ടിരുന്നെങ്കിലും വീഡിയോ അൽപ്പം മുൻപാണ് കണ്ടത്. അത് കണ്ടിട്ടുള്ളവർക്ക് മനസ്സിലാകും എത്ര അപകടകരമായ രീതിയിലാണ് അദ്ദേഹത്തെ പൊലീസുകാരും മാദ്ധ്യപ്രവർത്തകരും ആരാധകരും അടക്കമുള്ള സംഘം പിന്തുടരുന്നതെന്ന്. അദ്ദേഹത്തിന്റെ സൈക്കിളിന് മുന്നിൽ ഒരു സ്ക്കൂട്ടറിന്റെ പിൻസീറ്റിൽ ക്യാമറയുമായി ഒരാൾ പുറം തിരിഞ്ഞിരുന്ന് രംഗങ്ങൾ പകർത്തുന്നു. ചുറ്റുമുള്ള ഇരുചക്രവാഹനങ്ങൾ കാര്യമായ അകലം പാലിക്കാതെയാണ് വിജയിനൊപ്പം കത്തിച്ച് പിടിക്കുന്നത്. സാമാന്യം നല്ല വേഗത്തിലാണ് വിജയ് സൈക്കിൾ ഓടിക്കുന്നത്.

ആ പോകുന്ന പോക്കിൽ ഏതെങ്കിലും രണ്ട് വാഹനങ്ങൾ തമ്മിൽ ഒന്നുരസിയാൽ കളി കാര്യമാകാൻ അത് മതി. അദ്ദേഹത്തിന്റെ മുന്നിൽ പോകുന്ന വാഹനങ്ങൾക്ക് അവിചാരിതമായി ബ്രേക്കിടേണ്ടി വന്നാലും അത്യാഹിതങ്ങൾ സംഭവിക്കാം. അത്രയ്ക്ക് കട്ടകുത്തിയാണ് എല്ലാവരും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. പാരീസിലെ പാപ്പരാസികൾ, ബൈക്കിൽ ഒരു വി.വി.ഐ.പി.യുടെ കാറിനെ പിന്തുടർന്ന് ജീവഹാനി വരെയുണ്ടാക്കിയ സംഭവം ചരിത്രത്തിലെ കറുത്ത ഏടുകളിലാണ് സ്ഥാനം പിടിച്ചിട്ടുള്ളതെന്ന് ഓർമ്മ വേണം.

എന്തെങ്കിലും അപകടം പിണഞ്ഞാൽ, അതിന്റെ ആഘാതം കുറച്ചേക്കാൻ ഉപകരിക്കുന്ന ഹെൽമെറ്റ് എന്ന ശിരോകവചം വിജയ് ധരിച്ചിട്ടില്ല എന്നതാണ് ഇടയ്ക്കൊക്കെ സൈക്കിൾ ഓടിക്കുന്ന ഒരാളെന്ന നിലയ്ക്ക് എന്നെ ഏറെ അലോസരപ്പെടുത്തിയത്. അദ്ദേഹം ഹെൽമറ്റ് വെച്ച് സൈക്കിൾ ചവിട്ടിയിരുന്നെങ്കിൽ, എത്ര ചെറിയ ദൂരം സഞ്ചരിക്കുമ്പോളും ഇരുചക്രവാഹനങ്ങൾ (മോട്ടോറും അല്ലാത്തതും) ഉപയോഗിക്കുന്നവർ ഹെൽമറ്റ് വെക്കേണ്ടതിന്റെ ആവശ്യകത കൂടെ ഒരു സന്ദേശമായി മാറുമായിരുന്നു.

വിജയ്, തമിഴിലെ താരമൂല്യവും സ്വീകാര്യതയുമുള്ള ഒരു സിനിമാക്കാരൻ മാത്രമല്ല. ഭാവിയിൽ കക്ഷി രാഷ്ട്രീയത്തിലിറങ്ങുമെന്നും അടുത്ത തലമുറയുടെ മുഖ്യമന്ത്രി വരെ ആയേക്കുമെന്നും തമിഴ് മക്കൾ ഉറ്റ് നോക്കുന്ന ഒരു വി.വി.ഐ.പിയാണ്. സിനിമാ സെറ്റുകളിൽ ഇതിനേക്കാൾ അപകടം പിടിച്ച സ്റ്റണ്ട് രംഗങ്ങളിൽ വിജയിനെപ്പോലുള്ള സൂപ്പർതാരങ്ങൾ തകർത്ത് അഭിനയിച്ചിട്ടുണ്ടാകാം. പക്ഷേ അപ്പോഴൊക്കെ അപകടസാദ്ധ്യതകൾ കണക്കിലെടുത്ത് എല്ലാ മുൻ‌കരുതലുകളും അവർ കൈക്കൊള്ളാറുണ്ട് എന്ന് തന്നെയാണ് ഞാൻ വിശ്വസിക്കുന്നത്. അത്രയ്ക്ക് പോലും കരുതൽ ഈ സമയത്ത് വിജയോ അദ്ദേഹത്തിന്റെ കൂടെയുള്ളവരോ കൈക്കൊണ്ടിട്ടില്ല. കോടികൾ കിടന്ന് മറിയുന്ന സിനിമാ വ്യവസായമാണ് ഇത്തരം സൂപ്പർതാരങ്ങൾക്ക് എന്തെങ്കിലും അപകടം സംഭവിച്ചാൽ സ്തംഭിക്കുന്നെതെന്ന് എല്ലാവർക്കും അറിയുന്ന കാര്യമാണെന്നിരിക്കേ തികച്ചും അശ്രദ്ധമായ ഒരു സൈക്കിൾ യാത്രയായിരുന്നു അതെന്ന് പറയാതെ വയ്യ.

തമ്പീ വിജയ്…… തമിഴ് എഴുത തെരിയാത്. ഇത് മൊഴിമാറ്റി ആരെങ്കിലും താങ്കളിലേക്ക് എത്തിച്ച് തന്നാൽ, ഇതുപോലുള്ള സന്ദർഭങ്ങളിൽ കൂടൂതൽ കരുതൽ വേണമെന്ന ഒരഭ്യർത്ഥനയായി ഇതിനെ കണക്കാക്കണം. അതിന് പല കാരണങ്ങളുണ്ട്. തമിഴ് സിനിമാ ലോകത്തിന് താങ്കൾ വെരുമൊരു നടികർ മാത്രമല്ല. ഞങ്ങൾ മലയാളികളുടെ തീയറ്ററുകളും പലപ്പോഴും നിറഞ്ഞോടുന്നത് താങ്കളുടെ സിനിമകൾ കാരണമാണ്. താങ്കളെപ്പോലുള്ളവരുടെ ഓരോ നീക്കങ്ങളിലും ചെയ്തികളിലും അനേകം പേരുടെ അന്നം കൂടെ പേരെഴുതി ചേർത്ത് വെച്ചിട്ടുണ്ട്. അതെപ്പോഴും ഓർമ്മയിലുണ്ടാകണം. നൺ‌റി. വണക്കം.