Yearly Archives: 2017

ദേവികുളം സബ് കളൿടർ ഡോ:ശ്രീറാം വെങ്കിട്ടരാമനോട് ഒരപേക്ഷ


ന്നത്തെ (14.04.2017) മാതൃഭൂമി പത്രത്തിന്റെ പേജ് നമ്പർ 8ൽ, മൂന്നാർ കൈയ്യേറ്റത്തെപ്പറ്റിയും ഒഴിപ്പിക്കലിനെപ്പറ്റിയും പഴയ സിവിൽ സർവ്വീസ് പുലികളായ ഡി.ബാബുപോൾ, അൽഫോൺസ് കണ്ണന്താനം, കെ.സുരേഷ്കുമാർ എന്നിവരുടെ അഭിപ്രായങ്ങളാണ്. അതേ പേജിലുള്ള എഡിറ്റോറിയൽ വിഷയവും മറ്റൊന്നല്ല. ‘ശ്രീറാം വെങ്കിട്ടരാമൻ പ്രതീക്ഷയുടെ പ്രകാശകിരണമാണ്’ എന്ന തലക്കെട്ടോട് കൂടെയാണ് എഡിറ്റോറിയൽ. മേൽ‌പ്പറഞ്ഞ എല്ലാ ഐ.എ.എസ്.കാരും ശ്രീറാം വെങ്കിട്ടരാമൻ എന്ന ദേവികുളം സബ് കളൿടർക്കൊപ്പമാണ്. നിയമവാഴ്ച്ചയെ അംഗീകരിക്കുകയും അനുസരിക്കുകയും ചെയ്യുന്ന ഏതൊരാൾക്കും മൂന്നാർ കൈയ്യേറ്റ ഭൂമി ഒഴിപ്പിക്കൽ നടപടിയിൽ സബ് കളൿടർക്കൊപ്പമേ നിൽക്കാനാവൂ. കൈവെട്ടും കാല് വെട്ടും എന്നൊക്കെ ഭീഷണി ഉണ്ടായിട്ടും കൈയ്യേറ്റം ഒഴിപ്പിക്കലുമായി സധൈര്യം മുന്നോട്ട് പോകുന്ന ഡോ:ശ്രീറാം വെങ്കിട്ടരാമന് അഭിവാദ്യങ്ങൾ.

20170414_073929-1-1

പക്ഷേ സബ് കളൿടർ ഒരു കാര്യം ശ്രദ്ധിക്കണം. ബൈക്ക് ഓടിക്കുമ്പോൾ ഹെൽമറ്റ് വെക്കണം. പല കാരണങ്ങൾ കൊണ്ടാണ് അങ്ങയെപ്പോലെ ഒരാളോട് ഇത് പറയേണ്ടി വരുന്നത്.

1. കേരള പൊലീസിന്റെ കണ്ണിൽ ഏറ്റവും വലിയ അപരാധങ്ങളാണ് ഹെൽമെറ്റ് വെക്കാതെയും സീറ്റ് ബെൽറ്റ് ഇടാതെയുമുള്ള വാഹനം ഓടിക്കൽ. അങ്ങനെയുള്ളവരെ നിയമനടപടിക്ക് വിധേയരാക്കാൻ വേണ്ടി ലാത്തിയെറിഞ്ഞ് വീഴ്ത്തി പിടികൂടിയ സംഭവം വരെയുണ്ട്. ഒരുപാട് പേർ പൊലീസിന്റെ ഹെൽമറ്റ് വേട്ടയുടെ പേരിൽ അപകടത്തിൽ പെട്ടിട്ടുണ്ട്.

2. ഇരുചക്രവാഹനം ഓടിക്കുന്നവർ ഹെൽമറ്റ് വെക്കുക എന്നത് ഇന്നാട്ടിലെ നിയമമാണ്. നിയമം അനുശാസിക്കാൻ എല്ലാ പൌരന്മാരും ബാദ്ധ്യസ്ഥരാണ്. സബ് കളൿടർ ആയതുകൊണ്ട് താങ്കൾക്ക് ഇളവൊന്നും ഇല്ല എന്ന് മാത്രമല്ല, താങ്കളെപ്പോലുള്ളവരാണ് ചെറുപ്പക്കാർക്കും മറ്റുള്ളവർക്കും ഇക്കാര്യത്തിൽ മാതൃകയാവേണ്ടത്.

3. താങ്കൾ ഒരു ഡോൿടർ കൂടെയാണ്. ഹെൽമെറ്റ് വെച്ച് ഇരുചക്രവാഹനം ഓടിക്കേണ്ടതിന്റെ ആവശ്യകത മറ്റേതൊരു പൌരനേക്കാളും മറ്റേതൊരു തൊഴിൽ ചെയ്ത് ജീവിക്കുന്ന ആളേക്കാളും കൂടുതലായി അറിവുള്ളത് താങ്കൾക്കാണ്. തലയടിച്ച് വീണാൽ, മെഡുല ഒബ്‌ലോങ്ഗട്ടയാണോ, സെറിബ്രമാണോ സെറിബല്ലമാണോ ആദ്യം തകരുന്നതെന്ന് മറ്റാരെക്കാളും നന്നായി താങ്കൾക്കറിവുള്ളതാണ്.

4. താങ്കളുടെ കാര്യത്തിൽ കൈവെട്ടും കാല് വെട്ടും എന്ന് മൂന്നാർ ഭൂമി കൈയ്യേറ്റ മാഫിയയുടെ ഭീഷണിയുള്ളതാണ്. ഹെൽമെറ്റ് ഇല്ലാതെ ബൈക്കോടിച്ച് പോകുന്ന താങ്കളെ അപകടത്തിൽ പെടുത്താൻ ഭീഷണിപ്പെടുത്തിയവർക്ക് എളുപ്പമാണ്. ഒളിഞ്ഞിരുന്ന് എറിഞ്ഞ് വീഴ്ത്തിയാൽ വാഹനാപകടമാണെന്നേ ആരും കരുതൂ.

5. താങ്കൾ സാഹസികനായ ഒരു ബൈക്ക് സഞ്ചാരിയാണെന്ന് മാതൃഭൂമി വായിച്ചപ്പോൾ മനസ്സിലായി. ഇന്ത്യയിൽ പലയിടങ്ങളിലും ഒരുപാട് ദിവസങ്ങൾ ബൈക്കിൽ സഞ്ചരിച്ചിട്ടുള്ള വ്യക്തിയാണെന്ന് മനസ്സിലാക്കാൻ സാധിച്ചതിൽ അതിയായ സന്തോഷവും അസൂയയുമുണ്ട്. വേഗത്തിൽ ബൈക്ക് ഓടിക്കുക എന്ന സാഹസികതയും താങ്കൾക്കുണ്ടെന്ന് അറിയാൻ കഴിഞ്ഞു. അങ്ങനെയൊക്കെ ചെയ്യുന്ന ഒരാൾക്ക് തന്റെ വാഹനത്തിൽ നല്ല നിയന്ത്രണം ഉണ്ടാകുമെന്നും ഊഹിക്കുന്നു. പക്ഷെ,  അപകടങ്ങൾ ഉണ്ടാകുന്നത് പലപ്പോഴും നമ്മുടെ കുഴപ്പം കൊണ്ടോ അശ്രദ്ധകൊണ്ടോ ആകണമെന്നില്ല. നിരത്തിൽ വാഹനമോടിക്കുന്ന നല്ലൊരു പങ്ക് ഡ്രൈവർമാരും ഡ്രൈവിങ്ങിന്റെ ബാലപാഠങ്ങൾ പോലും അറിയാത്തവരാണ്. നല്ലൊരു പങ്കും മദ്യപിച്ച് വാഹനമോടിക്കുന്നവരാണ്, മയക്കുമരുന്നടിച്ച് ഓടിക്കുന്നവർക്ക് കൈയ്യും കണക്കുമില്ല. ഇക്കാരണങ്ങളൊക്കെ കൊണ്ടുതന്നെ, ഒരപകടം ഏതൊരു വിദഗ്ദ്ധ ഡ്രൈവർക്കൊപ്പവും ഏത് സമയത്തുമുണ്ട്.

33

20170414_104148-1-1

മാതൃഭൂമി എഡിറ്റോറിയലിൽ പറഞ്ഞത് പോലെ, താങ്കൾ പ്രതീക്ഷയുടെ പ്രകാശ കിരണമാണ്. ആ കിരണം സ്വയം തല്ലിക്കെടുത്തരുത്. ജനപക്ഷത്ത് ചേർന്ന് നിൽക്കേണ്ടവർ തന്നെ കൈയ്യേറ്റക്കാരാകുകയും കൈയ്യേറ്റ മാഫിയയ്ക്ക് വേണ്ടി നിലകൊള്ളുകയും ചെയ്യുമ്പോൾ താങ്കളെപ്പോലുള്ളവരിൽ മാത്രമാണ് പ്രതീക്ഷ. അതുകൊണ്ട് മറ്റേതൊരു സാധാരണക്കാരൻ ഹെൽമെറ്റ് വെച്ചില്ലെങ്കിലും താങ്കൾ ഹെൽമെറ്റ് വെച്ചിരിക്കണം. ഇതൊരു അപേക്ഷയാണ്.

വാൽക്കഷണം:- സബ് കളൿടർക്ക് അനുകൂലമായി എഡിറ്റോറിയൽ അടക്കം  ഒരു പേജ് നിറയെ എഴുതിയ കൂട്ടത്തിൽ, അദ്ദേഹം ബൈക്കിൽ ചാ‍രി നിൽക്കുന്ന ഒരു പടം അച്ചടിക്കാൻ പാടില്ലായിരുന്നോ മാതൃഭൂമീ ? അതോ അദ്ദേഹത്തിന്റെ നിയമലംഘനം ബോധപൂർവ്വം തുറന്ന് കാണിച്ചതാണോ ?