
‘വീണപൂവ്-മോഹൻലാൽ’ വിഷയം കാരണം പല ഗുണങ്ങളാണ് എനിക്കുണ്ടായത്. അതിൽ ചിലത് നിങ്ങൾക്കും ഗുണകരമായേക്കാം. അക്കമിട്ട് വിശദമാക്കാം.
ഗുണം1:- മേൽപ്പടി വിഷയവുമായി ബന്ധപ്പെട്ട് ഞാനൊരു പോസ്റ്റ് ഇന്നലെ ഇട്ടിരുന്നു. (അതിലെ ചർച്ച തൽക്കാലം ഇവിടെ തുടരാൻ ആഗ്രഹിക്കുന്നില്ല ഇനിയും ചർച്ച ചെയ്യണമെന്നുള്ളവർക്ക് ആ പോസ്റ്റിന്റെ ലിങ്ക് ഇവിടെ ചേർക്കുന്നു.
ആ പോസ്റ്റിന് കീഴെ, മരണവീടുകളിൽ പാടുന്ന ഒരു പ്രാർത്ഥനാ ഗീതത്തിന്റെ വരികൾ ഞാൻ എടുത്തെഴുതിയിരുന്നു. ആ ഗീതത്തിന്റെ മുഴുവൻ വരികൾ കിട്ടാൻ വേണ്ടിയും അത് എഴുതിയത് ആരാണെന്ന് അറിയാൻ വേണ്ടിയും ശ്രമിച്ചിരുന്നു. അതിന് ഫലമുണ്ടായി.
സഹോദരൻ അയ്യപ്പന്റെ വരികളാണ് അതെന്ന് ഹരിതിൻ്റെ കമൻ്റ് വഴി മനസ്സിലാക്കാനായി. നന്ദി ഹരിത് മോഹൻ. ആ ഗീതം കമൻ്റിൽ വായിക്കാം.
ഗുണം 2:- അപ്പോൾ ദാ വരുന്നു അടുത്ത പ്രശ്നം. യുക്തിവാദിയും നാസ്തികനുമായ സഹോദരൻ അയ്യപ്പൻ ദൈവത്തെ സ്തുതിച്ചുകൊണ്ട് ഗീതം എഴുതുകയോ! അതെങ്ങനെ ശരിയാകും? ഈ സംശയം മുന്നോട്ടുവെച്ചത് എന്റെ നാട്ടുകാരനും സതീർത്ഥൃനുമായ അനിൽ കുമാർ ആണ്.
അതേപ്പറ്റി തിരക്കാൻ എന്റെ ഗുരുനാഥനും മലയാളം അദ്ധ്യാപകനുമായ പൂയപ്പള്ളി തങ്കപ്പൻ മാഷിനെ വിളിച്ചു. അദ്ദേഹം, സഹോദരൻ അയ്യപ്പനെ നേരിട്ട് കണ്ടിട്ടുള്ള വ്യക്തിയാണ്. അവർ രണ്ടുപേരും ചെറായിക്കാരാണ്. തങ്കപ്പൻ മാഷിന്റെ മറുപടി ഇപ്രകാരമായിരുന്നു.
“മരണ വീടുകളിൽ പാടാൻ ഒരു പ്രാർത്ഥനാഗീതം വേണമെന്ന് പറഞ്ഞ് പലർ പലപ്പോഴായി സഹോദരൻ അയ്യപ്പനെ സമീപിച്ചു. അങ്ങനെ അദ്ദേഹം എഴുതിയതാണ് ഈ വരികൾ. നമ്മൾ ഉന്നയിക്കുന്ന അതേ സംശയവുമായി പിന്നീട് പലരും അയ്യപ്പനെതിരെ വിരൽ ചൂണ്ടി. വിശ്വാസികളായ മനുഷ്യർക്ക് അങ്ങനെയൊരു പ്രാർത്ഥനാഗീതം കൊണ്ട് എന്തെങ്കിലും മനശ്ശാന്തി ലഭിക്കുന്നുണ്ടെങ്കിൽ അത് കിട്ടിക്കോട്ടെ എന്ന് കരുതിയാണ് ഞാൻ അത് എഴുതിക്കൊടുത്തത് എന്നായിരുന്നു അയ്യപ്പന്റെ മറുപടി.” നാസ്തികൻ ആയിരുന്നിട്ട് പോലും വിശ്വാസികളുടെ സന്തോഷത്തിനും മനശ്ശാന്തിക്കും ഒപ്പം നിൽക്കാൻ സഹോദരൻ അയ്യപ്പൻ കാണിച്ച മനസ്സ് അനുകരണീയം.
ഗുണം 3:- ആദ്യത്തെ പോസ്റ്റിൽ പ്രാർത്ഥനാഗീതം എടുത്ത് എഴുതിയപ്പോൾ അതിൽ വന്നിരുന്ന അക്ഷരപ്പിശക് സുധ ടീച്ചർ ചൂണ്ടിക്കാണിച്ചു. സാ’യൂ’ജ്യം തെറ്റാണ് എന്ന് ടീച്ചർ സൂചിപ്പിച്ചു. ഇത്രകാലവും ഞാൻ ഉപയോഗിച്ചിരുന്നത് സായൂജ്യം എന്ന് തന്നെയാണ്. അത് തെറ്റാണെങ്കിൽ അതിന്റെ ശരി എന്താണെന്ന് പോലും എനിക്കറിയില്ല. (ചുമ്മാതല്ല ഞാൻ നിരക്ഷരൻ ആയിപ്പോയത്.)
ശബ്ദതാരാവലി പരതിയപ്പോൾ സാ’യു’ജ്യം ആണ് ശരി എന്ന് മനസ്സിലായി. പക്ഷേ ശബ്ദതാരാവലിയിൽ അവസാനം എഴുതിയ ഒരു കാര്യം എനിക്ക് മനസ്സിലായില്ല. സാ’യൂ’ജ്യം (അ.പാ) എന്നായിരുന്നു അത്.
ഗുണം 4:- അ.പാ. എന്നാൽ അപപാഠം അഥവാ തെറ്റായ പാഠം. സാ’യൂ’ജ്യം തെറ്റായ പാഠമാണെന്നാണ് ശബ്ദതാരാവലി പറയുന്നത്. അങ്ങനെ അപപാഠം എന്ന ഒരു വാക്ക് പഠിച്ചു.
ഗുണം 5:- സാ’യൂ’ജ്യം തെറ്റാണെങ്കിലും സംസ്കൃതത്തിൽ നിന്ന് വന്ന സാ’യു’ജ്യം എന്ന പദം മലയാളികരിക്കപ്പെട്ട് മലയാളത്തിന്റെ ചൊല്ലിനോടും ശീലിനോടും ചേർന്നപ്പോൾ സായൂജ്യം ആവുകയും അതിപ്പോൾ തെറ്റാണെന്ന് പറയാൻ പറ്റാത്ത അവസ്ഥയിലായിട്ടുണ്ടെന്നും ആണ് തങ്കപ്പൻ മാഷ് പറയുന്നത്. അദ്ധ്യാപകൻ അധ്യാപകൻ ആയത് പോലെ. ശരിയും തെറ്റും ഏതുമാകട്ടെ. പക്ഷേ, രണ്ട് വശവും മനസ്സിലാക്കി നീങ്ങുക തന്നെ.
ഇതിനൊക്കെ നന്ദി പറയാനുള്ളത് ലാലേട്ടന് പ്രസംഗം എഴുതിക്കൊടുത്ത ആ അജ്ഞാത മഹാനുഭാവലുവിനോടാണ്. നന്ദിയുണ്ടേ. (UPI വഴി പണം അയച്ച ശേഷം മമ്മൂക്കയുടെ ശബ്ദത്തിൽ കേൾക്കുന്ന അതേ ‘നന്ദിയുണ്ടേ’ തന്നെ)
വാൽക്കഷണം:- എന്നെ ഇപ്പോൾ അലട്ടുന്ന പ്രശ്നം ഇതൊന്നുമല്ല. ഇങ്ങനെയിങ്ങനെ ഭാഷയിലെ ഓരോ പുതിയ കാര്യങ്ങൾ മനസ്സിലാക്കാൻ തുടങ്ങിയാൽ, എന്റെ നിരക്ഷര പദവിക്കും പട്ടത്തിനും അത് ഭീഷണി ആകില്ലേ?