Monthly Archives: July 2016

വാർത്തേം കമന്റും – (പരമ്പര 32)


32
വാർത്ത 1:- ജനങ്ങളോട് കൂട്ടുകൂടാൻ മുൻ‌മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ബസ്സിൽ യാത്ര ചെയ്തു.
കമന്റ് 1:- കാറിൽ യാത്ര ചെയ്ത് റോഡിലെ കുഴികളിൽ വീണ് നടുവൊടിയാതിരിക്കാനുള്ള തന്ത്രമാണെന്ന് എതിർഗ്രൂപ്പ്.

വാർത്ത 2:- സാനിയ മിർസ റാക്കറ്റിന്റെ റാണിയെന്ന് ഷാരൂഖ് ഖാൻ.
കമന്റ് 2:- ഷാരൂഖ് ഖാൻ ബോളിവുഡ്ഡിന്റെ കിങ്ങ് ആണെന്ന് സാനിയയെക്കൊണ്ട് പറയിപ്പിക്കാനുള്ള അടവ് നയമാണോ ?

വാർത്ത 3 :- ബി.സി.സി.ഐ.യിൽ മന്ത്രിമാരും 70 കഴിഞ്ഞവരും വേണ്ടെന്ന് സുപ്രീം കോ‍ടതി.
കമന്റ് 3 :- എന്നുവെച്ചാൽ ബി.സി.സി.ഐ. അടച്ചുപൂട്ടണമെന്ന്.

വാർത്ത 4:- ക്ഷേത്രപരിസരത്ത് ഭിക്ഷാടനം അനുവദിക്കരുതെന്ന് കോടതി.
കമന്റ് 4:- കല്ലിനും മരത്തിനും തെണ്ടാം; അരപ്പട്ടിണി മാറ്റാൻ മനുഷ്യൻ തെണ്ടിക്കൂട.

വാർത്ത 5:- മൈക്രോഫിനാന്‍സ്: വെള്ളാപ്പള്ളിയെ ഒന്നാം പ്രതിയാക്കി എഫ്.ഐ.ആര്‍.
കമന്റ് 5:- ആ‍നപ്പുറത്തിരിക്കാൻ കൊതിച്ചവൻ ശൂലത്തിൽ കേറി.

വാർത്ത 6:- മുന്‍ കേന്ദ്രമന്ത്രിയും ഡി.എം.കെ. നേതാവുമായ എസ്.എസ്. പളനിമാണിക്കത്തിന് പണം നല്‍കിയെന്ന പുതിയ ആരോപണവുമായി സരിത.
കമന്റ് 6:- സംസ്ഥാനത്തെ മന്ത്രിമാരും നേതാക്കന്മാരുമൊക്കെ കഴിഞ്ഞ നിലയ്ക്ക് കേന്ദ്രമന്ത്രിമാരിലേക്ക്.

വാർത്ത 7:- സ്വർഗ്ഗത്തിലെത്താൻ ദൈവത്തിൽ വിശ്വസിക്കേണ്ട കാര്യമില്ലെന്നും, സ്വന്തം മനസ്സാക്ഷിയെ പിന്തുടരാൻ പറ്റാത്തവരാണ് ദൈവത്തിൽ വിശ്വസിക്കുന്നതെന്നും ഫ്രാൻ‌സിസ് മാർപ്പാപ്പ.
കമന്റ് 7:- വിശ്വാസികൾക്ക് മാത്രമല്ലല്ലോ നാസ്തികർക്കും വേണമല്ലോ ഒരു മാർപ്പാപ്പ.

വാർത്ത 8:- ടോ‍മിൻ തച്ചങ്കരിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന.
കമന്റ് 8:- ഹെൽമറ്റ് വേട്ട നടത്തുന്ന കമ്മീഷണറെ വിജിലൻസ് വേട്ടയാടുന്നു.

വാർത്ത 9:- അര്‍ണാബ് ഗോസ്വാമി മാധ്യമപ്രവര്‍ത്തകര്‍ക്ക് അപമാനമെന്ന് ബര്‍ക്ക ദത്ത്‌.
കമന്റ് 9:- രാജാവ് നഗ്നനാണെന്ന് വിളിച്ച് പറയാൻ ആരെങ്കിലുമൊക്കെ എന്നുമുണ്ടാകും.

വാർത്ത 10:- ഉത്തർപ്രദേശിൽ 15 രൂപയുടെ ബിസ്‌ക്കറ്റിന്റെ പേരില്‍ ദളിത് ദമ്പതികളെ വെട്ടിക്കൊന്നു.
കമന്റ് 10:- മനുഷ്യജീവന് ഒരു വിലയുമില്ലാത്ത രാജ്യത്ത് ഇപ്പോൾ നിരക്ക് 15 രൂപ ആയി ഉയർന്നിരിക്കുന്നു.