ബേവാറിലെ ഹവേലി ഹോട്ടലിൽ നിന്ന് 70 കിലോമീറ്റർ ദൂരമുണ്ട് ലാംബിയ കോട്ടയിലേക്ക്. മോശം വഴികളിലൂടെ ഒന്നര മണിക്കൂറോളം ഡ്രൈവ് ചെയ്ത് അവിടെ ചെന്നപ്പോൾ, അങ്ങനെ ഒരു കോട്ട അവിടെയില്ല. ഏതോ ഒരു കെട്ടിടത്തിന്റെ ചിത്രം ഈ കോട്ടയുടെ പേരിൽ ഇൻ്റർനെറ്റിൽ ഇടിച്ച് കയറ്റിയ മനുഷ്യനോട് എനിക്ക് കടുത്ത ദേഷ്യം തോന്നി. ഒരു കോട്ട തിരക്കി ഇറങ്ങിയിട്ട് ഇത്രയ്ക്കും നിരാശ മുൻപൊരിക്കലും ഉണ്ടായിട്ടില്ല.
പെട്ടെന്ന് തന്നെ അവിടന്ന് സ്ഥലം കാലിയാക്കി. അടുത്ത ലക്ഷ്യം 50 കിലോമീറ്ററോളം ദൂരെയുള്ള സോജത്ത് കോട്ട ആയിരുന്നു. ഭാഗ്യത്തിന് അങ്ങനെയൊരു കോട്ട നിലവിലുണ്ട്.
സോജത്ത് എന്ന നഗരം ഹെന്നയ്ക്ക് പേരുകേട്ടതാണ്. മണ്ണിന്റേയും കാലാവസ്ഥയുടേയും പ്രത്യേകത കൊണ്ടാണത്രേ ഹെന്ന അഥവാ മെഹന്ദി ഇവിടെ നന്നായി വളരുന്നത്. ഇന്ത്യയിൽ ഇവിടെ മാത്രമാണ് ഹെന്ന വളരുന്നത് എന്ന് പറയുന്നതിൽ സത്യമുണ്ടോ എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. എന്തായാലും ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും ജോഗ്രഫിക്കൽ ഇൻഡിക്കേഷൻ ടാഗ് (GI Tag) ഉള്ള ഇവിടത്തെ ഹെന്ന കയറ്റി അയക്കുന്നുണ്ട്.
സോജത്ത് കോട്ടയുടെ താഴ് വാരത്ത് വലിയ ഒരു തടാകമാണ്. ചെറിയ ഒരു കയറ്റം കയറിയാൽ കോട്ടയിലേക്ക് ചെല്ലാം. ഇടുങ്ങിയ കോട്ട വാതിലിലൂടെ ഭാഗി ഓടി മുകളിലേക്ക് കയറി. ചെറിയൊരു കോട്ടയാണ് അത്. അതിന്റെ മുകളിലുള്ള അങ്കണത്തിലേക്ക് ചെറിയ വാഹനങ്ങൾക്ക് കയറിച്ചെല്ലാം.
രണ്ട് പൊലീസുകാർ അവിടെ കാവലുണ്ട്. കോട്ടയിൽ ഈയടുത്ത് പുനരുദ്ധാരണ ജോലികൾ നടന്നിട്ടുണ്ട്. അതുകൊണ്ട് കൂടെയാകാം പൊലീസ് കാവൽ. ക്യാമറ ഉപയോഗിക്കാൻ പറ്റില്ല എന്ന് പൊലീസുകാരൻ ആദ്യമേ അറിയിച്ചു. മൊബൈൽ ഫോൺ ഉപയോഗിച്ചോളൂ എന്ന് ഇളവും തന്നു.
എനിക്ക് അതു മതി. ഞാൻ ഫോട്ടോകളും വീഡിയോകളും എടുക്കുന്നത് വൺപ്ലസ് 10-ടി മൊബൈൽ ക്യാമറയിലാണ്. ഒരു കോട്ടയുടെ വീഡിയോകളും ചിത്രങ്ങളും എടുക്കാൻ പാടില്ല എന്നതുകൊണ്ട് ഈ അധികാരി വർഗ്ഗം എന്താണ് ഉദ്ദേശിക്കുന്നത് എന്ന് തീരെ പിടികിട്ടുന്നില്ല. ഞാനെന്തായാലും മൊബൈൽ ക്യാമറയിൽ ഭേഷായിത്തന്നെ പടങ്ങളും വീഡിയോകളും എടുത്തു.
* പതിനാലാം നൂറ്റാണ്ടിൽ രജപുത്രരിൽ തന്നെ വളരെ ശക്തരായിരുന്ന ചൗഹാൻ രാജവംശം ആണ് സോജത്ത് കോട്ട ഉണ്ടാക്കിയത്.
* പതിനാറാം നൂറ്റാണ്ടിൽ ഈ കോട്ട മേവാർ (സിസോടിയ) രാജഭരണത്തിൻ കീഴിലായി.
* പതിനെട്ടാം നൂറ്റാണ്ടിൽ ഈ കോട്ട മറാഠ സാമ്രാജ്യത്തിന് കീഴിലാവുകയും അവർ ഏകദേശം 100 വർഷത്തോളം ഇത് കയ്യടക്കി വെക്കുകയും ചെയ്തു.
* പത്തൊമ്പതാം നൂറ്റാണ്ടിൽ ഈ കോട്ട ബ്രിട്ടീഷ് ഭരണത്തിൻ കീഴിലാവുകയും അവരിതിനെ ഒരു പട്ടാള ഔട്ട് പോസ്റ്റായും ഭരണ നിർവഹണ കാര്യാലയമായും ഉപയോഗിച്ചു.
* വലിയ ഒരു ജലസംഭരണി കോട്ടയിൽ ഉണ്ടായിരുന്നു. ഇപ്പോൾ അത് കാട് കയറ കിടക്കുന്നു.
* സ്വാതന്ത്ര്യത്തിന്. ശേഷം ഒരു വാട്ടർടാങ്ക് ഇതിനകത്ത് നിർമ്മിച്ചിട്ടുണ്ട്.
കോട്ട മതിലടക്കം എല്ലായിടത്തും പൊത്തിപ്പിടിച്ച് കയറി കറങ്ങി നടന്നശേഷം പൊലീസുകാരോട് നന്ദി പറഞ്ഞ് ഞാൻ ഇറങ്ങി. അടുത്ത ലക്ഷ്യം 15 കിലോമീറ്റർ മാറിയുള്ള ആഊവ്വ കോട്ട ആയിരുന്നു.
ഒരു ഗ്രാമത്തിന്റെ നടുവിലേക്കാണ് ഗൂഗിൾ മാപ്പ് ഭാഗിയെ കൊണ്ടെത്തിച്ചത്. ആഊവ്വ കോട്ടയുടെ തൊട്ടുമുന്നിലുള്ള വീട്ടിൽ ചോദിച്ചപ്പോൾ അവിടെ ഒരു കോട്ടയേ ഇല്ല എന്ന രീതിയിലാണ് അവരുടെ സംസാരവും പെരുമാറ്റവും. പുറകിൽ ഒരു കെട്ടിടമുണ്ട് പോയി നോക്കിക്കോളൂ എന്ന് തീരെ താൽപര്യമില്ലാത്ത വിധത്തിൽ ആയിരുന്നു മറുപടി.
ഇൻ്റർനെറ്റിൽ കാണുന്ന കോട്ടയുടെ ചിത്രത്തിന്റെ സ്ഥാനത്തേക്ക് ഞാനെത്തി. പക്ഷേ ഗേറ്റ് അടഞ്ഞാണ് കിടക്കുന്നത്. കൊട്ടാര സമാനമായ ഒരു കെട്ടിടം അകത്ത് കാണാം. ഗേറ്റിന് ഇരുവശവും കൊത്തളങ്ങളും ഉണ്ട്. അകത്ത് ആരെങ്കിലും താമസമുള്ളതായി തോന്നിയില്ല. ഉച്ചത്തിൽ ഉള്ളിലേക്ക് കൂക്കിവിളിച്ച് നോക്കി. പക്ഷേ, ഗേറ്റ് തുറക്കാൻ ആരും വന്നില്ല.
ഞാൻ ബേവാറിലേക്ക് മടങ്ങി. പാലി ഹബ്ബിൽ ഇനി ബാക്കിയുള്ള ധാംലി കോട്ടയിലേക്ക് കയറാൻ ആവില്ല. അത് സ്വകാര്യ ഹോട്ടലാണ്. ആയതിനാൽ പാലിയിലെ കോട്ടകൾ എല്ലാം കഴിഞ്ഞു എന്ന് കണക്കാക്കാം.
നാളെ എനിക്ക് വിശ്രമ ദിവസമാണ്. എന്നിരുന്നാലും അലക്ക്, ഭാഗിയെ കുളിപ്പിക്കൽ, അടുത്ത ഹബ്ബുകളിലെ യാത്രാ പദ്ധതി തയ്യാറാക്കൽ എന്നിങ്ങനെ ധാരാളം ജോലികൾ ഉണ്ട്.
ശുഭരാത്രി.