എണ്ണപ്പാടങ്ങളിലൂടെ


റേഴ് വര്‍ഷം മുന്‍പ് അബുദാബിയിലെ മരുഭൂമികളിലൊന്നായ ബുഹാസ എന്ന എണ്ണപ്പാടത്ത് ജോലി ചെയ്യുന്ന കാലം. ഞങ്ങളുടെ കമ്പനിക്ക് ബുഹാസ മരുഭൂമിയില്‍ ഒരു ക്യാമ്പ് ഉണ്ട്. താമസവും, ഭക്ഷണവും ഓഫീസുമൊക്കെ ആ ക്യാമ്പില്‍ത്തന്നെ. വല്ലപ്പോഴൊക്കെ ചില പ്രത്യേക ജോലികള്‍ക്കായി ഫീല്‍ഡില്‍/മരുഭൂമിയിലേക്ക് പോകേണ്ടി വരുമെന്നതൊഴിച്ചാല്‍ മിക്കവാറും ഈ ക്യാമ്പില്‍ത്തന്നെയാണ് ദിവസം മുഴുവന്‍ ചിലവഴിക്കേണ്ടത്. വളരെ ചുരുക്കം ചില ഫോണ്‍‌വിളികള്‍ വരുമെന്നതൊഴിച്ചാല്‍ സ്വസ്ഥമാണവിടത്തെ ജീവിതം. അബുദാബിയിലെ ‘അഡ്ക്കോ‘ എന്ന എണ്ണക്കമ്പനിയുടെ കോണ്ട്രാക്‍ട് ജോലികളാണ് ഞങ്ങളുടെ കമ്പനി ബുഹാസയില്‍ ക്യാമ്പടിച്ച് ചെയ്തുപോരുന്നത്.

ഒരു ദിവസം ഉച്ചസമയം കഴിഞ്ഞപ്പോള്‍ ടെലിഫോണ്‍ ചിലച്ചു. അഡ്ക്കോയില്‍ നിന്ന് പെട്രോളിയം എഞ്ചിനീയറാണ്. ബുഹാസ എണ്ണപ്പാടത്തിന്റെ അതിര്‍വരമ്പുകളില്‍ പലയിടത്തായി എണ്ണപ്പാടത്തിന്റെ സ്ഥിതിഗതികള്‍ പഠിക്കാന്‍ സജ്ജമാക്കിയിട്ടുള്ള ഒബ്സര്‍വേഷന്‍ വെല്‍ എന്നറിയപ്പെടുന്ന എണ്ണക്കിണറുകളില്‍(നമ്മുടെ നാടന്‍ ബോര്‍ വെല്ലിന്റെ തന്നെ ഇത്തിരി മുന്തിയ ഇനം ഒന്ന്) ചിലതില്‍ എനിക്ക് ജോലിയുണ്ട്. അക്കാര്യം പറയാനാണ് പെട്രോളിയം എഞ്ചിനീയര്‍ വിളിച്ചിരിക്കുന്നത്. ഒബ്സര്‍വേഷന്‍ വെല്ലുകളില്‍ സ്ഥിരമായി ജോലികളൊന്നും ഉണ്ടാകാത്തതുകൊണ്ടും,അതില്‍ പലതും യു.എ.ഇ. ഒമാന്‍ ബോര്‍ഡറിലായതുകൊണ്ടും അവിടേക്കുള്ള പൂഴിമണ്ണ് നിറഞ്ഞ വഴികളൊക്കെ മണ്ണിടിഞ്ഞ് മൂടിക്കിടക്കാന്‍ സാദ്ധ്യതയുണ്ട്. ഞങ്ങള്‍ക്ക് യാത്ര ചെയ്യാനുള്ള 4 വീല്‍ ഡ്രൈവ് വാഹനത്തിന് പുറമേ ജോലിക്കാവശ്യമാ‍യ ഉപകരണങ്ങളുമായി പോകുന്ന വലിയ ട്രക്കുകള്‍ക്കും മറ്റും പോകാന്‍ പാകത്തിന് ഒബ്സര്‍വേഷന്‍ വെല്ലുകളിലേക്കുള്ള വഴികള്‍ സഞ്ചാരയോഗ്യമായി കിടക്കുന്നുണ്ടോ എന്നറുപ്പാക്കാന്‍ വേണ്ടി ഈ ഫീല്‍ഡിലൂടെ ഒരു പൈലറ്റ് യാത്ര നടത്തേണ്ടിയിരിക്കുന്നു. ഞാനതിനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി.

ക്യാമ്പിലെ സൂപ്പര്‍വൈസറായ മക്കാറം എന്ന ഈജിപ്റ്റുകാരനോട് യാത്രയ്ക്ക് വേണ്ടിയുള്ള 4 വീല്‍ ഡ്രൈവ് വാഹനവും അതോടിക്കാനുള്ള സാരഥിയേയും ആവശ്യപ്പെട്ടു. എനിക്ക് യു.എ.ഇ. രാജ്യത്ത് വണ്ടി ഓടിക്കാനുള്ള ലൈസന്‍സ് ഇതുവരെ കിട്ടിയിട്ടില്ല.(അപേക്ഷ പോലും കൊടുക്കാതെ അതെങ്ങിനെ കിട്ടും ?) മക്കാറം ഒരു 4 വീല്‍ ഡ്രൈവ് പിക്കപ്പിന്റെ താക്കോലെടുത്തു തന്നു. റെയ്‌ഗണ്‍ എന്ന ഓമനപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന തിരുവനന്തപുരത്തുകാരന്‍ രാജനാണ് സാരഥിയായിട്ട് വരുന്നത്. ഫീല്‍ഡിലെ മറ്റ് ജോലികളൊക്കെ കഴിഞ്ഞുവന്ന് കുളിച്ച് കുപ്പായമൊക്കെ മാറ്റി ഇരിക്കുന്ന സമയത്താണ് രാജന് പുതിയ ജോലി കിട്ടിയത്. ജോലിസ്ഥലത്തേക്ക് പോകുമ്പോളിടുന്ന ഓറഞ്ച് നിറത്തിലുള്ള ‘കവറോള്‍’ വീണ്ടും വലിച്ചുകയറ്റി വന്നപ്പോള്‍ രാജനെന്നോട് ചോദിച്ചു.

“വഴിയുണ്ടോന്ന് നോക്കാന്‍ പോകുന്നതല്ലേ ? വണ്ടിയില്‍ നിന്ന് വെളിയില്‍ ഇറങ്ങേണ്ടി വരില്ലല്ലോ ? അപ്പോള്‍ സേഫ്റ്റി ബൂട്ട് ഇടേണ്ട ആവശ്യമൊന്നും ഇല്ലല്ലോ ? “

സേഫ്റ്റി ഷൂ അല്ലെങ്കില്‍ സേഫ്റ്റി ബൂട്ട് എണ്ണപ്പാടത്തെ സുരക്ഷയുടെ ഭാഗമാണ്. ഭാരമുള്ള എന്തെങ്കിലും വസ്തുക്കള്‍ കാലില്‍ വന്ന് വീണ് വിരലുകള്‍ക്ക് പരിക്കുപറ്റാതിരിക്കാന്‍ കട്ടിയുള്ള ഇരുമ്പിന്റെ സംരക്ഷണം ഈ ഷൂവിനുള്ളില്‍ മുന്‍ഭാഗത്ത് സ്ഥാപിച്ചിട്ടുണ്ടാകും. പുറമേ നിന്ന് നോക്കിയാല്‍ സാധാരണ ഷൂ പോലെയേ തോന്നൂ. രാജന്‍ ഷൂവിന് പകരം വള്ളിച്ചെരിപ്പുമിട്ട് വണ്ടിയില്‍ക്കയറി. ഞാന്‍ കവറോളും സേഫ്റ്റ് ബൂട്ടും ഇട്ട് നിന്നിരുന്നതുകൊണ്ട് അങ്ങിനെ തന്നെ യാത്രതിരിച്ചു.

നല്ല വേനല്‍ക്കാലമാണ്. ഉച്ചയ്ക്ക് 2 മണി സമയം, ചുട്ടുപൊള്ളുന്ന മരുഭൂമിയിലൂടെയാണ് യാത്ര. എ.സി.യുള്ള പിക്കപ്പിനകത്തിരിക്കുന്നതുകൊണ്ട് ചൂടൊന്നും അറിയുന്നില്ലെങ്കിലും വണ്ടിയില്‍ നിന്നെങ്ങാനും ഇറങ്ങേണ്ടി വന്നാല്‍ വിവരമറിയും. രാജന് ഫീല്‍ഡിലെ വഴികളൊക്കെ ഒരു വിധം അറിയാം. പക്ഷെ ഈ ഒബ്‌സര്‍വേഷന്‍ വെല്ലുകളില്‍ ഇതിനുമുന്‍പ് പോകണ്ട ആവശ്യം ഇല്ലായിരുന്നതുകൊണ്ട് അവിടേക്കുള്ള വഴിയൊന്നും കൃത്യമായി അറിയില്ല. എനിക്കാണെങ്കില്‍, എവിടെ നോക്കിയാലും മണലു‍കൊണ്ടുണ്ടാക്കിയ ചെറുതും വലുതുമായ കുന്നുകളും കുഴികളുമല്ലാതെ വഴിയൊന്നും തിരിച്ചറിയുന്നുമില്ല. മരുഭൂമിയിലെ വഴികളൊക്കെ ഇത്തരം ചെറുതും വലുതുമായ കുന്നുകള്‍ക്ക് മുകളിലൂടെയും, കുഴികളിലൂടെ ഇറങ്ങിയുമൊക്കെയായിരിക്കും. വഴി കണ്ടുപിടിക്കാന്‍ അത്ര എളുപ്പമല്ലെങ്കിലും വഴി തെറ്റാന്‍ ഒരു ബുദ്ധിമുട്ടുമില്ല.

പത്തിരുപത് കിലോമീറ്ററിന് മുകളില്‍ ദൂരം ചെയ്ത് ഞങ്ങളവസാനം വഴികളൊക്കെ കണ്ടുപിടിച്ചു. പലയിടത്തും മണ്ണുവീണ് വഴി മൂടിക്കിടക്കുകയാണ്. 4 വീല്‍ ഡ്രൈവായിരുന്നതൊകൊണ്ട് മൂടിക്കിടക്കുന്ന മണല്‍ത്തിട്ടകള്‍ക്ക് മുകളിലൂടെയൊക്കെ വണ്ടി കയറ്റിയിറക്കി ഞങ്ങള്‍ യാത്ര തുടര്‍ന്നു. പക്ഷെ ഈ വഴികളിലൂടെയൊന്നും ഉപകരണങ്ങളുമായി വലിയ ട്രക്കുകള്‍ക്ക് വരാന്‍ സാധിക്കില്ലെന്ന് മനസ്സിലാക്കി. അതുകൊണ്ട് ജോലി ചെയ്യണമെങ്കില്‍ ആദ്യം വഴികളൊക്കെ ശരിയാക്കണമെന്ന് പെട്രോളിയം എഞ്ചിനീയറെ അറിയിച്ചാല്‍ കൂറ്റന്‍ ഷൌവ്വലുകള്‍ ഘടിപ്പിച്ച വാഹനങ്ങള്‍ അല്ലെങ്കില്‍ ജെ.സി.ബി. പോലുള്ള യന്ത്രങ്ങളുപയോഗിച്ച് ആദ്യം വഴി ശരിയാക്കിയെടുക്കേണ്ടത് അഡ്ക്കോയുടെ ജോലിയാണ്. ജോലി ചെയ്യേണ്ട വെല്ലുകളിലേക്കുള്ള വഴികളെല്ലാം ഞങ്ങള്‍ കയറിയിറങ്ങി. ഇനി മടക്കയാത്രയാണ്. വന്ന വഴികളിലൂടെ തന്നെ അധികം താമസിയാതെ ക്യാമ്പിലെത്താം.

സാമാന്യം വലിപ്പമുള്ള ഒരു മണല്‍ക്കൂമ്പാരത്തിന് മുകളിലൂടെ ഞങ്ങളുടെ വാഹനം കയറിപ്പോയത് ഓര്‍മ്മയുണ്ട്. പക്ഷെ മടക്കയാത്രയില്‍ ആ കുന്നിറങ്ങുമ്പോള്‍‍ വണ്ടിയുടെ ഒരു വശത്തെ ടയറുകള്‍ പെട്ടെന്ന് പൂണ്ടുപോയി. കുറച്ചുകൂടെ ആക്‍സിലറേറ്റര്‍ കൊടുത്ത് വണ്ടി മുന്നോട്ടെടുക്കാന്‍ രാജന്‍ ശ്രമിച്ചെങ്കിലും വണ്ടി കൂടുതല്‍ പൂഴിയിലേക്ക് താഴുകയും ഞാനിരിക്കുന്ന വശത്തെ ടയറുകള്‍ നിലം തൊടാതെ പൊങ്ങിവരുകയും, മറുവശം അതിനനുസരിച്ച് പുതഞ്ഞുപോകുകയും ചെയ്തു. വീണ്ടും ആക്‍സിലറേറ്ററില്‍ കാലമര്‍ത്തുമ്പോള്‍ ചെറുതായി വണ്ടി ഒരു വശം ചരിഞ്ഞ അവസ്ഥയില്‍ത്തന്നെ മുന്നോട്ട് നീങ്ങുന്നുണ്ടെങ്കിലും തൊട്ടടുത്ത കുഴിയിലേക്ക് മറിയുമെന്ന്‍ രാജന്‍ ഭയപ്പെടാന്‍ തുടങ്ങി. പത്തുപതിനഞ്ച് അടി മാത്രം ആഴമുള്ള കുഴിയായതുകൊണ്ട് വണ്ടി മറിഞ്ഞാലും ഞങ്ങള്‍ക്ക് കാര്യമായ പരുക്കൊന്നും ഉണ്ടാകില്ലെങ്കിലും വാഹനത്തിന് കേടുപാടുകള്‍ സംഭവിക്കുമെന്ന് ഉറപ്പാണ്. അങ്ങിനെയുണ്ടായാല്‍ അതിന്റെ മുഴുവന്‍ ഉത്തരവാദിത്ത്വവും രാജനായിരിക്കും. അതുകൊണ്ട് വീണ്ടും വണ്ടി മുന്നോട്ടെടുക്കാന്‍ പറ്റില്ലെന്നായി രാജന്‍.

ഇനി ഒന്നേ ചെയ്യാനുള്ളൂ, ക്യാമ്പില്‍ വിളിച്ച് വിവരമറിയിക്കുക. മറ്റൊരു വണ്ടി വന്ന് ഞങ്ങളുടെ വണ്ടി വലിച്ച് പൂഴിയില്‍ നിന്ന് പുറത്തെടുക്കാനുള്ള ഏര്‍പ്പാട് ചെയ്യുക. ക്യാമ്പിലേക്ക് വിളിക്കാനായി മൊബൈല്‍ ഫോണ്‍ കയ്യിലെടുത്തപ്പോളാണ് അടുത്ത ഏടാകൂടം മനസ്സിലാക്കിയത്. മൊബൈല്‍ സിഗ്നല്‍ ഇല്ല. വണ്ടിയില്‍നിന്ന് വെളിയില്‍ ഇറങ്ങി വീണ്ടും ശ്രമിച്ചുനോക്കി. ഇല്ല, സിഗ്നല്‍ തീരെയില്ല. കുറച്ചുകൂടെ ഉയരമുള്ളയിടത്തേക്ക് നടന്ന് സിഗ്നല്‍ കിട്ടുമെന്ന് നോക്കാമെന്ന് തീരുമാനിച്ച് ഞങ്ങള്‍ നടക്കാനാരംഭിച്ചു. ഇങ്ങനെയുള്ള സാഹചര്യത്തില്‍ യാത്രചെയ്യുന്ന വണ്ടിയില്‍ നിന്ന് അധികം ദൂരേയ്ക്ക് നീങ്ങരുതെന്നാണ് എണ്ണപ്പാടത്തെ ഒരു നിയമം.വാഹനത്തിനടുത്ത് നിന്ന് നടന്ന് മറ്റ് രക്ഷാമാര്‍ഗ്ഗങ്ങള്‍ക്ക് ശ്രമിക്കുന്നവര്‍ക്ക് പലപ്പോഴും വഴിതെറ്റുന്നതുകൊണ്ട് തിരിച്ച് വാഹനത്തിനടുത്തേക്ക് വരാന്‍ പറ്റാതെ പെട്ടുപോകാറുണ്ട്. കാ‍ണാതായവരെ അന്വേഷിച്ച് ആരെങ്കിലും വരുമ്പോള്‍,വാഹനത്തിനടുത്ത് അതിലെ യാത്രക്കാരെ കാണാന്‍ പറ്റാതെ വീണ്ടും സങ്കീര്‍ണ്ണമായ പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് ഇങ്ങനൊരു നിയമം. പക്ഷെ ഇവിടെ ആ നിയമം ലംഘിക്കാന്‍ തന്നെ ഞങ്ങള്‍ തീരുമാനിച്ചു. കുറച്ച് ദൂരെ വാഹനം കണ്ണില്‍ നിന്ന് മറയാത്ത ഒരിടത്തേക്ക് നടന്ന് മൊബൈല്‍ സിഗ്നല്‍ കിട്ടുമോന്ന് പരീക്ഷിക്കാനാണ് ശ്രമം.

പക്ഷെ വള്ളിച്ചെരുപ്പിട്ട് ചുട്ടുപഴുത്ത മണലിലൂടെ പത്തടിപോലും മുന്നോട്ട് നടക്കാന്‍ രാജന് സാധിച്ചില്ല. മുന്നോട്ട് വെച്ച കാല്‍ പിന്നോട്ടെടുക്കാനാവില്ലല്ലോ ? ഞാനെന്റെ സേഫ്റ്റി ബൂട്ട് അഴിച്ച് രാജനുകൊടുത്തു. സോക്സും, രാജന്റെ വള്ളിച്ചെരുപ്പുമിട്ട് ഞാന്‍ നടക്കാന്‍ തുടങ്ങി. പത്തുമിനിറ്റോളം നടന്നപ്പോള്‍ കുറച്ചുയരമുള്ള മറ്റൊരു മണല്‍ക്കുന്നില്‍ ചെന്നുകയറി. ഭാഗ്യത്തിന് അവിടെ ചെറുതായി സിഗ്നല്‍ കിട്ടുന്നുണ്ട്. ക്യാമ്പിലേക്ക് വിളിക്കുമ്പോള്‍ ഇടയ്ക്കിടയ്ക്ക് സിഗ്നല്‍ മുറിഞ്ഞുപോകുന്നുണ്ടെങ്കിലും, ഒരുവിധത്തിന് ക്യാമ്പിലുള്ളവരെ കാര്യം പറഞ്ഞ് മനസ്സിലാക്കി. ഉടനെ തന്നെ ‘റെസ്ക്യൂ ടീമിനെ’ അയക്കുന്നുണ്ടെന്നും താമസിയാതെ അവര്‍ ഞങ്ങളുടെ അടുത്തെത്തുമെന്നും വണ്ടിയുടെ അടുത്തുനിന്ന് ദൂരെപ്പോകരുതെന്നും നിര്‍ദ്ദേശം കിട്ടി.

ക്യാമ്പിലേക്ക് വിളിച്ച് കാര്യങ്ങള്‍ പറയാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞങ്ങള്‍ വാഹനത്തിനടുത്തേക്ക് തിരിച്ച് നടന്നു. ചൂടത്ത് പഴുത്തുകിടക്കുന്ന മണലിലൂടെയുള്ള നടത്തം കാരണം നല്ല ദാഹമുണ്ടായിരുന്നു. വണ്ടിയില്‍ അത്യാവശ്യം വെള്ളവും ഒന്നുരണ്ട് പെപ്സി ടിന്നുകളും ഉണ്ട്. വണ്ടിക്കടുത്തെത്തി വെള്ളമെടുക്കാന്‍ വേണ്ടി ഡോര്‍ തുറന്നപ്പോള്‍ ചൂടുകാരണം പെപ്സി ടിന്നുകളില്‍ ഒരെണ്ണം പൊട്ടി വണ്ടിയിലാകെ ഒഴുകിയിരിക്കുന്നതാണ് കണ്ടത്. ചൂടിന്റെ കാഠിന്യത്തെക്കുറിച്ച് അപ്പോഴാണ് ശരിക്കും മനസ്സിലായത്. എന്തായാലും ബാക്കിയുണ്ടായിരുന്ന വെള്ളമൊക്കെ കുടിച്ച് ഞങ്ങള്‍ കാത്തിരുന്നു.

പ്രതീക്ഷിച്ചതിലും വൈകിയാണെങ്കിലും മോഹന്‍‌ദാസ്, വേലു ,ശ്രീകുമാര്‍ എന്നിവരടങ്ങുന്ന റെസ്‌ക്യൂ ടീം മറ്റൊരു പിക്കപ്പില്‍ സ്ഥലത്തെത്തിയപ്പോഴേക്കും വെയിലിന്റെ കാഠിന്യം കുറഞ്ഞുതുടങ്ങിയിരുന്നു. മോഹന്‍‌ദാസും, വേലുവും കമ്പനിയിലെ മെക്കാനിക്കുമാരാണ്. അവര്‍ കൂടെ കൊണ്ടുവന്നിരിക്കുന്ന വടമൊക്കെ കെട്ടി രണ്ട് വണ്ടികളും തമ്മില്‍ ബന്ധിപ്പിച്ച് പുതഞ്ഞുകിടക്കുന്ന ഞങ്ങളുടെ വണ്ടി കെട്ടിവലിക്കാനാരംഭിച്ചു. കഷ്ടകാലം പിടിച്ച ദിവസമായിരുന്നു അന്ന് എന്ന് തോന്നിപ്പിക്കുന്ന വിധം റെസ്‌ക്യൂ ടീം വന്ന വണ്ടി മണ്ണില്‍ പുതയാന്‍ തുടങ്ങി. ഒരു തരത്തിലും ഒരിഞ്ചുപോലും മുന്നോട്ടോ പിന്നോട്ടോ അനക്കാനാവാത്ത വിധം ആ വണ്ടി ശരിക്കും മണ്ണില്‍ പൂണ്ടുപോയി. ‘പേറെടുക്കാന്‍ വന്നവള്‍ ഇരട്ടപെറ്റു‘ എന്ന അവസ്ഥ.

കൂടുതലൊന്നും ആലോചിച്ച് നില്‍ക്കാന്‍ മോഹന്‍‌ദാസ് തയ്യാറായില്ല. രണ്ട് ടയറും പൊക്കി ഒരു വശം ഉയര്‍ത്തി നില്‍ക്കുന്ന ഞങ്ങളുടെ വണ്ടിയിലേക്ക് ചാടിക്കയറി മോഹന്‍‌ദാസ് തന്റെ സീറ്റ് ബെല്‍റ്റ് മുറുക്കി.

“ഞാന്‍ ഈ വണ്ടി ഒന്നനക്കി നോക്കാന്‍ പോകുകയാ. കൂടിവന്നാല്‍ ഒന്ന് മറിയും അതിനപ്പുറം ഒന്നുമുണ്ടാകില്ല. ഇതല്ലാതെ മറ്റൊരു മാര്‍ഗ്ഗവും നമുക്കിനിയില്ല. കുറച്ചുകൂടെ കഴിഞ്ഞാല്‍ ഇരുട്ടാ‍ന്‍ തുടങ്ങും. ഇരുട്ടുവീണാല്‍പ്പിന്നെ മറ്റൊരു റെസ്‌ക്യൂ ടീമിന് ഇന്നിനി ഇവിടെയെത്തുക അത്ര എളുപ്പമായിരിക്കില്ല. അതിനുമുന്‍പ് നമുക്ക് ഈ മാര്‍ഗ്ഗം ശ്രമിച്ച് നോക്കിയേ പറ്റൂ“ എന്ന് പറഞ്ഞ് മോഹന്‍‌ദാസ് ആക്‍സിലറേറ്ററില്‍ കാലമര്‍ത്തി. അന്തരീക്ഷത്തില്‍ ചൂടുള്ള പൂഴിമണ്ണ് പറപ്പിച്ചുകൊണ്ട് ചരിഞ്ഞുനില്‍ക്കുന്ന ആ വണ്ടിയുടെ ചക്രങ്ങള്‍ കറങ്ങാന്‍ തുടങ്ങി. മോഹന്‍‌ദാസ് ഈ കാണിക്കുന്നത് അബദ്ധമാകുമോ, അയാളെ തടുക്കണോ എന്നൊക്കെ ആലോചിക്കുമ്പോഴേക്കും അത് സംഭവിച്ച് കഴിഞ്ഞിരുന്നു.

ഒന്നുകൂടെ ചരിഞ്ഞ് കുഴിയിലേക്ക് മറിയുമെന്ന തോന്നലുണ്ടാക്കിക്കൊണ്ട് ആ വണ്ടി പെട്ടെന്ന് പൂഴിയില്‍നിന്നും കരകയറി താഴേക്കിറങ്ങി. ഇത്രയും ധൈര്യം ആദ്യമേ രാജന്‍ കാണിച്ചിരുന്നെങ്കില്‍ ഇതില്‍ നിന്ന് നേരത്തേ തന്നെ രക്ഷപ്പെടാമായിരുന്നു എന്ന് തോന്നാതിരുന്നില്ല.

എന്തായാലും ഒരു വണ്ടി പൂഴിയില്‍ നിന്ന് രക്ഷപ്പെട്ടിരിക്കുന്നു. അടുത്തതായി രണ്ടാമത്തെ വണ്ടിയെ രക്ഷപ്പെടുത്തേണ്ടിയിരിക്കുന്നു. അതിനെ കെട്ടിവലിക്കാനുള്ള സംവിധാനമൊക്കെ നടത്തി. വിചാരിച്ച അത്ര ബുദ്ധിമുട്ടില്ലാതെ രണ്ടാമത്തെ വണ്ടിയെ ആദ്യത്തെ വണ്ടിയുപയോഗിച്ച് കെട്ടിവലിച്ച് പൂഴിയില്‍ നിന്ന് പുറത്തെടുത്തു. രണ്ടുവണ്ടിയിലും വന്നതുപോലെ തന്നെ എല്ലാവരും കയറി മടക്കയാത്രയായി.

സാഹസികമായ ഈ കലാപരിപാടികളൊക്കെ കഴിഞ്ഞ് ക്യാമ്പിലെത്തിയപ്പോള്‍ കേട്ട ചില സംഭവകഥകള്‍ ഞെട്ടിപ്പിച്ചുകളഞ്ഞു.

കുറച്ചുനാളുകള്‍ക്ക് മുന്‍പ് മൊബൈല്‍ ഫോണൊക്കെ വ്യാപകമായിത്തുടങ്ങുന്നതിന് മുന്‍പ് ഇതുപോലെ തന്നെ എണ്ണപ്പാടത്തെ ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ‘സ്ലംബര്‍ജര്‍‘ എന്ന കമ്പനിയുടെ ഒരു ജീവനക്കാരന്റെ വാഹനം മരുഭൂമിയില്‍ പുതഞ്ഞുപോകുന്നു. കൊടും ചൂടില്‍ ദാഹം സഹിക്കാതെ വന്നപ്പോള്‍ വണ്ടിയിലെ റേഡിയേറ്റര്‍ വെള്ളം വരെ ഊറ്റിക്കുടിച്ച് അയാള്‍ക്ക് ദാഹമകറ്റേണ്ടി വരുന്നു. പിന്നീട് വഴിതിരഞ്ഞ് അലഞ്ഞു നടന്നതിനുശേഷം ക്ഷീണിച്ച് ദൂരെയെവിടെയോ മണല്‍ക്കൂമ്പാരത്തിനിടയില്‍ കുഴഞ്ഞുവീണുപോയ അയാളെ കണ്ടുപിടിക്കാന്‍ ഒരാഴ്ച്ച കഴിഞ്ഞിട്ടും റെസ്‌ക്യൂ ടീമിനായില്ല. അയാളുടെ വാഹനം കണ്ടെത്തിയെങ്കിലും അയാള്‍ വാഹനത്തില്‍ നിന്നെല്ലാം ഒരുപാട് ദൂരെയാണ് വീണുകിടന്നിരുന്നത്. ഒരാഴ്ച്ചസമയം കഴിഞ്ഞപ്പോള്‍ കഴുകന്മാര്‍ വട്ടമിട്ട് പറക്കുന്നത് കണ്ടിട്ടാ‍ണത്രേ റെസ്‌ക്യൂ ടീം അയാളുടെ അഴുത്തുതുടങ്ങിയിരുന്ന ശരീരത്തിനടുത്തെത്തിപ്പറ്റിയത്. കയ്യിലുണ്ടായിരുന്ന പേന കൊണ്ട് കവറോളിലും ശരീരത്തിലുമെല്ലാം താനനുഭവിച്ച കഷ്ടപ്പാടിന്റെ കഥ എഴുതിവെച്ചിട്ടാണ് ആ ജീവന്‍ ശരീരം വിട്ടുപോയത്.

എന്റെ ക്യാമ്പിലുള്ള പലര്‍ക്കും നേരിട്ട് പരിചയമുള്ള ഒരാളുടെ ജീവന്‍ നഷ്ടപ്പെടുത്തിയ അതേ അവസ്ഥയുടെ തൊട്ടടുത്തുനിന്നാണ് ഞങ്ങള്‍ രക്ഷപ്പെട്ട് വന്നിരിക്കുന്നത്. മരുഭൂമിയില്‍ വണ്ടി പൂണ്ട് നില്‍ക്കുമ്പോള്‍ അകപ്പെട്ടിരിക്കുന്ന ചക്രവ്യൂഹത്തിന്റെ ഭീകരതയെപ്പറ്റി വലിയ ഗ്രാഹ്യമൊന്നുമില്ലായിരുന്നുവെങ്കിലും കഥകളൊക്കെ കേട്ടുകഴിഞ്ഞപ്പോള്‍ ശരിക്കും ഞെട്ടാതിരുന്നില്ല.

തല്‍ക്കാലം രക്ഷപ്പെട്ടിരിക്കുന്നു എന്ന് സമാധാനിച്ചു. ഇനിയും അനുഭവിക്കാനിരിക്കുന്ന ഇതിലും വലിയ പരീക്ഷണങ്ങള്‍ക്ക് വേണ്ടി ഉഴിഞ്ഞിട്ടിരിക്കുകയാവാം. മുഴുവന്‍ അനുഭവിച്ച് തീര്‍ക്കാതെ മടങ്ങാനാവില്ലല്ലോ ?!

Comments

comments

36 thoughts on “ എണ്ണപ്പാടങ്ങളിലൂടെ

  1. ദൈവത്തിനു നന്ദി, ഒപ്പം മരുഭൂമിയില്‍ കഷ്ടപ്പെടുന്ന എല്ലാവര്‍ക്കും വേണ്ടി അവരെ സുരക്ഷിതരാക്കണേന്ന് പ്രാര്‍ഥനയും

  2. മനോജ്, ഇനി ഇങ്ങനത്തെ അനുഭവങ്ങള്‍ ഒന്നും ഉണ്ടാകാതെയിരിക്കട്ടെ..
    അഥവാ, പരീക്ഷങ്ങള്‍ എന്തെങ്കിലും വന്നാല്‍ അതില്‍ നിന്നും കര കയറാന്‍ ദൈവം സഹായിക്കട്ടെ..

  3. ഒരുപാട് അനുഭവങ്ങളുണ്ടല്ലോ നിരക്ഷരന്‍ ചേട്ടാ…

    എഴുത്ത് നന്നായിട്ടുണ്ട്. ആ അവസ്ഥ സങ്കല്‍പ്പിച്ചെടുക്കാന്‍ കഴിഞ്ഞു

  4. നിരക്ഷരന്‍,
    വായിച്ചു….വല്ലാത്ത ഒരു വ്യസനം….
    ഇനിയും ഇത്തരം ദുരനുഭവങ്ങള്‍ ഉണ്ടാകാതിരിക്കട്ടെ…

  5. ഒരഹമ്മതിക്ക് പണ്ട് ഞങ്ങളും ഒരു സവാരി നടത്തി….
    റെസ്ക്യൂ ഒന്നും വന്നില്ലെങ്കിലും…കഷ്ടിച്ചു തിരിച്ചെത്തീ….

    ദുര്‍ഘടം അല്ലേ…എണ്ണപ്പാടപ്പെടാപ്പാട്, ല്ലേ മൊഹന്തസ്!!

  6. ഹൃദയസ്പർശിയായ എത്ര അനുഭവങ്ങളാണ് എണ്ണപ്പാടത്ത്. ഹനുമാൻ ഗിയർ വണ്ടിയിലെ യാത്ര ശരിക്കും ആകാംഷയോടെയാണ് വായിച്ചു തീർത്തത്. ഇത്തരം ദുരനുഭവങ്ങൾ ഇനി ഉണ്ടാവാതിരിക്കട്ടെ എന്നാശംസിക്കുന്നു.

  7. മൊബൈല്‍ ഫോണ്‍ ശിക്ഷകനാകാറുണ്ടെങ്കിലും
    രക്ഷകനാകുന്ന സന്ദര്‍ഭങ്ങള്‍
    കൂടിക്കൂടി വരുന്നു.
    അമ്പാടീ, എണ്ണപ്പാടത്തെ വിശേഷങ്ങള്‍
    ഇനിയും എഴുതൂ.
    ആശംസകള്‍.

  8. നെഞ്ചിടിപ്പോടെ വായിച്ചു.. അവസാനം ഒരു നെടുവീര്‍പ്പും..

    നല്ല എഴുത്തിഷ്ടാ

  9. ആകെ ടെന്‍ഷന്‍ ആക്കിയല്ലോ നിരക്ഷരന്‍ മാഷേ…

    ഇനിയും എഴുതണേ…ഇത്രയും ബുദ്ധിമുട്ടുള്ള ജോലിയെ പറ്റി അറിഞ്ഞിരിക്കാമല്ലോ..

  10. മാമാ………കഥ കൊല്ലം പക്ഷെ ഇവിടെ താങ്കളുടെ അനതരവാന്‍ ബബളൂ അവനെ സഹിക്കാന്‍ വയ്യ ………അവനെ കൂടെ കൊണ്ട് പോയ്ക്കൂടെ……….ഞങ്ങള്‍ക്ക് സഹായകമാകും……

  11. ഈശ്വരാ, ഇതെന്താ അപകടങ്ങൾ മാത്രം പതിയിരിക്കുന്ന ജോലിയോ? ഓരോന്നും വായിച്ചു കഴിയുമ്പോൾ, ദൈവാനുഗ്രഹം എന്ന് പറഞ്ഞു പോകും വിധം!!

  12. കഴിഞ്ഞ ഫിലിം ഫെസ്റ്റിവലിന്`-തുര്‍ക്കിയില്‍ നിന്നിതേപോലൊരു
    സിനിമാ കണ്ടിരുന്നു.അനുഭവങ്ങള്‍ കൂടുതല്‍ എഴുതുക.ഇങ്ങു നാട്ടില്‍
    ചെറിയ ജീവതവും -വലിയ സ്വപ്നങ്ങളുമായി കഴിയുന്നവര്‍ക്കായി.

  13. നിരക്ഷരന്‍ ജി ,
    ഇനിയും ഇതിലും വലുത് വല്ലോം അനുഭവിക്കാന്‍ കാണും ,അതാ രക്ഷപെട്ട് പോന്നത് ….
    ഇങ്ങനെ ഒക്കെ ഇല്ലാതെ എന്ത് ജീവിതം ..ഇടകിടക്ക് ഓര്ത്തു ഞെട്ടാനും ചിരിക്കാനും ഇങ്ങനെ എന്തേലും ഉള്ളത് നല്ലതാ ……. “പണ്ടു നിരക്ഷരന്‍ മരുഭുമിയില്‍ പോയ പോലെ” ഇങ്ങനെ വല്ല പഴംചൊല്ലും ഉണ്ടാകാന്‍ ചാന്‍സ് ഉണ്ട് …..

  14. ത്രിശ്ശിവപേരൂരില് ഒരു ബ്ലോഗറ് കൂട്ടം
    ഞാന്‍ എന്റെ നാട്ടിലെ ബ്ലോഗര്‍മാര്‍ക്ക് മാസത്തില്‍ ഒരിക്കലോ, വല്ലപ്പോഴുമൊക്കെയോ സമ്മേളിക്കാന്‍ ഒരു ക്ലബ്ബ് തുടങ്ങാന്‍ ഉദ്ദേശിക്കുന്നു.

    തുറന്ന വേദിയില്‍ ആശയവിനിമയം നടത്താനും, പരിചയപ്പെടാനും, ശില്പശാലകള്‍ നടത്താനും എല്ലാം ഈ വേദി ഉപയോഗപ്പെടുത്താമല്ലോ?
    kindly visit my blog and read the rest
    i shall be obliged if you could circulate this message to your friends world wide

  15. ശരിക്കും ഒരു വീര്‍പ്പുമുട്ടലോടെയാണ് ഈ പോസ്റ്റ് വായിച്ചു തീര്‍ത്തത്.ദൈവം രക്ഷിച്ചല്ലോ..നന്ദി..

  16. പാമരന്‍, കാപ്പിലാന്‍, കാസിം തങ്ങള്‍,
    ആചാര്യന്‍,മേരിക്കുട്ടി, ശിവ, ശ്രീ, ചാണക്യന്‍, രണ്‍ജിത് ചെമ്മാട്, അനില്‍@ബ്ലോഗ്, മണികണ്ഠന്‍, ലതികച്ചേച്ചീ, ജി.മനൂ, നിലാവ്, വീണ, ബാബുരാജ് ആലപ്പി, ലക്ഷ്മി, ചാര്‍വാകന്‍, നവരുചിയന്‍, ജെ.പി, സ്മിതാ ആദര്‍ശ്, ബിന്ദു ഉണ്ണി, അനൂപ് കോതനല്ലൂര്‍…..

    എണ്ണപ്പാടങ്ങളിലൂടെ എന്ന ഈ പോസ്റ്റ് വായിക്കാനെത്തി ഞങ്ങളെപ്പോലുള്ളവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥനകള്‍ നടത്തിയ എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും വളരെ വളരെ നന്ദി.

  17. നിരക്ഷരാ ….
    വായിച്ചു….. എന്നു പറഞ്ഞാല്‍ ഒരിക്കല്‍ അനുഭവിക്കുകയും ചെയ്തതാണ്.റെഡ് സീയുടെ തീരത്തെ കോറല്‍ ബീച്ചില്‍ പോയി തിരികെ വരുമ്പോള്‍ പെട്ടന്ന് ഒരു സാന്‍ഡ് സ്റ്റോം ഞങ്ങള്‍ 8 വണ്ടികള്‍ ചുറ്റും മണല്‍ അടിച്ചു പോങ്ങി ഒരു ഇഞ്ചുപോലും കാണാന്‍ വയ്യ..
    വണ്ടികള്‍ നിര്‍ത്തിയിട്ടു .പിന്നെ നോക്കുമ്പോള്‍
    എല്ലാ വണ്ടിയും തന്നെ മണ്ണില്‍ മൂന്ന് വണ്ടി ശരിക്ക് മൂടി അന്ന് മണ്ണ് മാന്തി മാറ്റി വണ്ടി ഓടിച്ചു കയറ്റി ആ‍ളുകള്‍ കൂടുതല്‍ ഉണ്ടായിരുന്നു ,കുട്ടികള്‍ ഒക്കെ വെള്ളം തീരും എന്ന് പേടിച്ചിരുന്നു…
    രണ്ടു മണിക്കൂറിന്റെ യാത്ര 5 മണിക്കൂര്‍ എടുത്തു ….അന്ന് ആണ് ഡെസേര്‍ട്ടില്‍ ജോലിക്ക് പോകുന്നവരുടെ റിസ്ക്‍ എത്രയാണെന്ന് ശരിക്കും ബോധ്യം വന്നത്…. ഈ വിവരണത്തിന്റെ ധീഷ്ണത ആ മണലിന്റെ ചൂട് മനസ്സിലും കടന്നു വരുന്നു…

    അപകടങ്ങളില്‍ നിന്ന് എല്ലാം ഈശ്വരന്‍ കാത്തു രക്ഷീക്കട്ടെ.. നന്മകള്‍ മാത്രം കൂട്ട് ഉണ്ടാവട്ടെ
    യാത്രകള്‍ തുടരുക ..പ്രാര്‍ത്ഥനയോടെ മാണിക്യം.

  18. മയൂരയിലൂടെ ഇവിടെയെത്തി.രചനകൾ നന്ന്‌.പ്രൊഫെയിൽ വർണ്ണനയും നന്ന്‌.ഇനിയും എഴുതൂ,കഥയും കവിതയുമൊക്കെ താനെ വരും.

  19. താങ്കളുടെ കുറിപ്പിലൂടെ കടന്നുപോയപ്പോള്‍ സമാനമായ ചുറ്റുപാടില്‍ ഒരിക്കല്‍ അകപ്പെട്ടതിന്റെ നടുക്കുന്ന ഓര്‍മ്മയുണര്‍ന്നു.
    ഓയില്‍ഫീല്‍ഡ്‌ ജീവിതം തുടങ്ങിവെച്ച കാലം. കേമ്പില്‍ നിന്ന്‌ രണ്ട്‌ ഫര്‍ലോങ്ങ്‌ അകലെയുള്ള റിഗ് സൈറ്റ്‌ ഓഫീസിലേക്ക്‌ റബ്ബര്‍ചെരുപ്പ്‌ ധരിച്ച്‌ നട്ടുച്ച നേരത്തെ എരിപൊരിവെയിലത്ത്‌ നടന്നു തുടങ്ങി. പാതിവഴി പിന്നിട്ടപ്പോള്‍ കൂടുതല്‍ കൂടുതല്‍ കുഴഞ്ഞ ചൊരിമണലില്‍ കാലുകള്‍ പൂണ്ടുപോകാന്‍ തുടങ്ങി. കനല്‍പോലെ പൊള്ളുന്ന ചൂടുപിടിച്ച ചൊരിമണല്‍… യാത്ര തുടരാനോ മടങ്ങാനോ കഴിയാതെ പകച്ചു നിന്നുപോയി… ഷര്‍ട്ടഴിച്ചു നിലത്തു വിരിച്ച്‌ അതിനുമുകളില്‍ കയറി നില്‍പ്പായി..
    വൈകാതെ അതുവഴി വന്ന ഒരു പിക്കപ്പ്‌ ഡ്രൈവര്‍ രക്ഷകനായി.
    അയാള്‍ അന്നേരം വന്നില്ലായിരുന്നുവെങ്കില്‍ …!!
    വര്‍ഷങ്ങള്‍ ഏറെ കഴിഞ്ഞു.. ഓര്‍ക്കുമ്പോള്‍ ഇപ്പോഴും നടുങ്ങിപ്പോകുന്നു.
    താങ്കള്‍ നന്നായെഴുതി. നന്ദി

  20. തിരിച്ചു വന്നതിനു ശേഷം അറിഞ്ഞത് നന്നായി ആ അപകടത്തെ പറ്റി..അല്ലെങ്കില്‍ ആ ചിന്തകളില്‍ ചെയ്യുന്നതൊന്നും ശെരിയാകില്ല..ടെന്‍ഷന്‍ അടിച്ചു തന്നെ ഞങ്ങടെ പ്രിയ ബ്ലോഗ്ഗര്‍ സത്തു പോയേനെ അല്ലെ..താങ്ക്സ് ഗോഡ്..

  21. ജീവിതത്തിന്റെ സിഗ്നലാണ് കുന്നിന്‍ മുകളില്‍ വെച്ചു നിങ്ങള്‍ക്ക് കിട്ടിയത്.

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>