ആത്മകഥാപരമായ രണ്ടു സിനിമകൾ കഴിഞ്ഞ ദിവസങ്ങളിൽ കണ്ടു.
1. ഗുഞ്ചൻ സക്സേന:- പൈലറ്റ് ആകണമെന്ന ബാല്യകാല ആഗ്രഹം വിടാതെ പിന്തുടർന്ന് എയർഫോഴ്സിൽ പൈലറ്റ് ആയി മാറിയ വനിതയുടെ കഥ.
ഒരുപാട് സ്ത്രീവിരുദ്ധ സംഭവങ്ങൾ കഥയുടെ ഭാഗമായി കടന്നുവരുന്നുണ്ട്. നമ്മുടെ പട്ടാളത്തിൽ ഇങ്ങനെയൊക്കെ സാദ്ധ്യതയുണ്ടോ എന്ന സംശയം ഇപ്പോഴും ബാക്കി നിൽക്കുന്നു. ഗുഞ്ചൻ സക്സേന ആ ബാച്ചിലെ ഏക എയർഫോർസ് വനിതാ പൈലറ്റാണെന്ന് സിനിമ അവകാശപ്പെടുന്നുണ്ടെങ്കിലും ഗുഞ്ചനൊപ്പം മറ്റൊരു സ്ത്രീ പൈലറ്റ് കൂടെ ആ ബാച്ചിൽ ഉണ്ടായിരുന്നു എന്നവകാശപ്പെട്ട് ചിലരിപ്പോൾ മുന്നോട്ടു വന്നിട്ടുണ്ട്.
നായികയായി കണ്ടത് ഒരു പുതുമുഖത്തെയാണെന്ന് അറിയാമായിരുന്നെങ്കിലും അത് ശ്രീദേവിയുടെ മകൾ ജാൻവി കപൂർ ആണെന്ന് രണ്ടു ദിവസം കഴിഞ്ഞാണ് മനസ്സിലാക്കിയത്. നായികയെക്കാളുപരി നായികയുടെ പിതാവായി വന്ന പങ്കജ് ത്രിപാഠിയാണ് എന്നെ ആകർഷിച്ചത്.
പട്ടാളത്തിലേക്കുള്ള തിരഞ്ഞെടുപ്പും പരിശീലനങ്ങളും അവിടത്തെ ചിട്ടവട്ടങ്ങളും കാര്യങ്ങളുമൊക്കെ ഇനിയും പരിചയമില്ലാത്തവർക്ക് കണ്ടുരസിക്കാൻ പറ്റിയെന്നിരിക്കും. 10ൽ 5 മാർക്ക്.
***************
2. ശകുന്തളാ ദേവി:- യു.പി.സ്ക്കൂൾ കാലഘട്ടത്തിൽ, വീട്ടിലെ ലൈബ്രറിയിൽ നിന്ന് കാണാതായ ഒരു പുസ്തകമുണ്ട്. ശകുന്തളാ ദേവിയുടെ ‘കണക്കിലെ കളികൾ’. അതിലൂടെയാണ് ഹ്യൂമൻ കമ്പ്യൂട്ടർ എന്നറിയപ്പെട്ടിരുന്ന ശകുന്തളാദേവിയെപ്പറ്റി ആദ്യമായി മനസ്സിലാക്കുന്നത്.
അവരുടെ ജീവചരിത്രം ഒരു സിനിമയായി വരുമ്പോൾ എങ്ങനെയിരിക്കും, എത്രത്തോളം വിജയിക്കും എന്നൊക്കെ വലിയ ജിജ്ഞാസ ഉണ്ടായിരുന്നു. കണക്കിൽ അവർ കാണിച്ച അത്ഭുതങ്ങൾ മാത്രം നിരത്തിക്കൊണ്ട് ഒരു ബയോപിക് വിജയിപ്പിച്ചെടുക്കുക അത്ര എളുപ്പമല്ലല്ലോ. ഹിന്ദി സിനിമയ്ക്ക് വേണ്ട മറ്റ് മസാല ചേരുവകൾ എല്ലാം വന്നപ്പോൾ സിനിമ വിജയിച്ചോ എന്ന് ചോദിച്ചാൽ ഭാഗികമായി മാത്രം എന്നാണ് ഒറ്റവാചകത്തിൽ ഉത്തരം.
കഥാനായികയെ അവതരിപ്പിച്ച് സിനിമയിൽ നിറഞ്ഞുനിൽക്കുന്ന വിദ്യാബാലൻ തന്നെയാണ് സിനിമയുടെ പ്രധാന ആകർഷണം. വിദ്യ അവതരിപ്പിക്കുന്നത് പോലെ തന്നെയായിരുന്നോ ശകുന്തളാദേവിയുടെ സ്വഭാവം എന്ന ചോദ്യം ഇപ്പോഴും ബാക്കി നിൽക്കുന്നു. 10ൽ 5 മാർക്ക്.
വാൽക്കഷണം:- ഇത് ഒരു സമ്പൂർണ്ണ സിനിമാവലോകനമല്ല. അപ്പറഞ്ഞതിൽ ക്യാമറ, സ്ക്രിപ്റ്റ്, സംവിധാനം, അഭിനയം, ടൈറ്റിൽ കാർഡ് എന്നിങ്ങനെ സർവ്വതും പരാമർശിക്കേണ്ടതുണ്ടല്ലോ.