1. സാമ്പാർ പരിപ്പിൽ അപകടകാരിയും നാഡീവ്യൂഹത്തെ തളർത്തുന്നതും വാതത്തിന് കാരണമാകുന്നതും നിരോധിക്കപ്പെട്ടതുമായ കേസരി പരിപ്പ്.
2. തേയിലയിൽ ഇരുമ്പുപൊടി ചേർക്കുന്നു.
3. മല്ലിപ്പൊടിയിൽ ചോളം പൊടിച്ച് കലർത്തുന്നു.
4. പാല് കൂടുതൽ ദിവസം ചീത്തയാകാതെ ഇരിക്കാനായി ഫോർമലിൻ യൂറിയ എന്നീ രാസവസ്തുക്കൾ ചേർക്കുന്നു. ഷാംമ്പൂ ഉപയോഗിച്ച് പാല് ഉണ്ടാക്കുന്നത് കാണണമെന്നുള്ളവർക്ക് ഈ ലിങ്ക് വഴി പോകാം.
5. മുളക് പൊടിയിൽ ഇഷ്ടികപ്പൊടി ചേർക്കുന്നു. കറിപ്പൊടികളുടെ എല്ലാത്തിന്റേം കാര്യം ഇങ്ങനെ തന്നെ.
6. ആപ്പിൾ കേടാകാതിരിക്കാനും തിളക്കമുള്ളതാകാനുമായി മെഴുക് പുരട്ടുന്നു.
7. മാങ്ങ പെട്ടെന്ന് പഴുക്കാൻ അപകടകാരിയായ കാർബൈഡ് ഉപയോഗിക്കുന്നു.
8. കുരുമുളകിൽ അതേ ആകൃതിയിലുള്ളതും കാട്ടിൽ വളരുന്നതുമായ മറ്റൊരുതരം കുരു ചേർക്കുന്നു.
9. പച്ചക്കറിയും പഴവർഗ്ഗങ്ങളുമൊക്കെ നിരോധിക്കപ്പെട്ടതടക്കമുള്ള രാസവളങ്ങൾ ചേർത്തുണ്ടാക്കുന്നു.
10. കോഴി, താറാവ്, ബീഫ് എന്നിങ്ങനെ കമ്പോളത്തിൽ എത്തുന്ന ഇറച്ചികൾ നല്ലൊരു ഭാഗം ചീഞ്ഞതും നിലവാരമില്ലാത്തതും.
11. പഞ്ചസാരയ്ക്ക് നിറം കിട്ടാൻ വേണ്ടിയോ ശുദ്ധീകരിക്കാൻ വേണ്ടിയോ എന്ന പേരിൽ എല്ലുപൊടി ചേർക്കുന്നു.
12. കുടമ്പുളിയിൽ റബ്ബർ ടാപ്പിങ്ങിന് ശേഷം ബാക്കിയാവുന്ന ഒട്ടുപാലിന്റെ കഷണങ്ങൾ ചേർക്കുന്നു.
13. മായം കലരാത്ത ഭക്ഷ്യ എണ്ണകൾ ഏതെങ്കിലും ഒരെണ്ണം കമ്പോളത്തിലുണ്ടോ എന്ന് സംശയമാണ്.
14. ശർക്കരയും പഞ്ചസാരയും ഫെവിക്കോളും ചേർത്ത് വളരെ എളുപ്പത്തിൽ തേൻ ഉണ്ടാക്കുന്ന ലാടന്മാരുടെ സംഘത്തെ പിടികൂടിയിട്ടുണ്ട് നമ്മുടെ ഈ കൊച്ചു കേരളത്തിൽ.
15. തൈരിന് കട്ടി കിട്ടാൻ മണ്ണിരകളെ കിഴി കെട്ടി തൈരിൽ ഇടുന്നത് ഇന്നും ഇന്നലെയും തുടങ്ങിയ ഏർപ്പാടല്ല. പാലിന് കൊഴുപ്പ് കിട്ടാനും ഇതേ പരിപാടി ഇപ്പോൾ ചെയ്തുപോരുന്നുണ്ട്.
16. കോഴിമുട്ട വരെ കൃത്രിമമായി ഉണ്ടാക്കുന്നു എന്നാണ് കേൾവി.(അങ്ങനൊന്ന് കാണാൻ സാധിച്ചിട്ടില്ല. കൃത്രിമ കോഴിമുട്ടയെപ്പറ്റിയുള്ള വീഡിയോ ഇവിടെയും ഇവിടെയും കാണാം.)
17. നിരോധിക്കപ്പെട്ടതും അപകടകാരികളായതുമായ മരുന്നുകൾ വിറ്റഴിക്കപ്പെടുന്നു.
18. പഞ്ചനക്ഷത്ര ഹോട്ടലുകൾ അടക്കം വിശ്വസിച്ച് ഭക്ഷണം കഴിക്കാൻ കൊള്ളാവുന്ന ഒരിടം പോലുമില്ല.
19. വിലകൊടുത്ത് വാങ്ങിക്കുടിക്കുന്ന കുപ്പിവെള്ളത്തിൽ പലതും മലിനമാണെന്ന് റിപ്പോർട്ട് വന്നുകഴിഞ്ഞു. പത്തോളം കമ്പനികളുടെ വെള്ളത്തിൽ ഈ കോളി ബാൿറ്റീരിയയെ കണ്ടെത്തിയിരിക്കുന്നു. 93 % കുപ്പിവെള്ളത്തിലും പ്ലാസ്റ്റിക്കിന്റെ അംശമുണ്ടെന്നാണ് കണ്ടെത്തൽ.
20. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിൽ വരുന്ന മത്സ്യത്തിൽ വലിയ തോതിൽ ഫോർമലിൻ കണ്ടെത്തിക്കഴിഞ്ഞു.
ഇതുവരെ അക്കമിട്ട് പറഞ്ഞത് ഭക്ഷ്യസാധനങ്ങളുടെ മാത്രം കാര്യമാണ്. പെട്രോൾ, ഡീസൽ, മണ്ണെണ്ണ, എന്നിങ്ങനെ നിത്യജീവിതത്തിൽ ആവശ്യം വരുന്ന ഒട്ടൊരുവിധ എല്ലാ സാധനങ്ങളിലും മായം തന്നെ. നിത്യോപയോഗം ഇല്ലെങ്കിലും സ്വർണ്ണം, സിമന്റ്, കമ്പി, എന്നിങ്ങനെയുള്ള സാധനങ്ങളുടെ കാര്യത്തിലും ഇതുതന്നെ അവസ്ഥ. അപൂർണ്ണമായ ലിസ്റ്റ് മാത്രമാണിത്. ഇത് പൂരിപ്പിക്കാൻ സ്വന്തം അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ എല്ലാവർക്കുമായെന്ന് വരും.
ഓണക്കാലമാകുമ്പോഴാണ് ഏറ്റവുമധികം മായം കലർന്ന ഭക്ഷണം മലയാളികളുടെ ആമാശയത്തിലേക്ക് കടക്കുന്നതെന്ന് വേണം കരുതാൻ. ഇങ്ങനെ ഓണം ആഘോഷിക്കുന്നതിലും ഭേദം സാധാരണ ദിവസം പോലെ കുറഞ്ഞ തോതിൽ മായം കലർന്ന ഭക്ഷണം കഴിച്ച് മുന്നോട്ട് പോകുന്നതല്ലേ ?
“കള്ളവുമില്ല ചതിയുമില്ല,
എള്ളോളമില്ല പൊളിവചനം,
കള്ളപ്പറയും ചെറുനാഴിയും
കള്ളത്തരങ്ങൾ മറ്റൊന്നുമില്ല.”
എന്നത് ഓണക്കാലമാകുമ്പോൾ പാടാൻ പറ്റിയ ഒരു ശീല് മാത്രമാണിന്ന്.
പക്ഷെ, ‘മാവേലി നാടു വാണീടും കാലം മാനുഷരെല്ലാരും ഒന്നുപോലെ‘ എന്ന് തുടങ്ങുന്ന വരികൾ മാത്രം ഏറെക്കുറെ സത്യമാണിപ്പോൾ. എല്ലാവരും ‘ഒന്നുപോലെ‘യാണ് അവരവർ വിൽക്കുന്നതും ഇടപാട് നടത്തുന്നതുമായ സാധനങ്ങളിൽ മായം കലർത്തുന്നത്. അതിൽ സ്വർണ്ണം വിൽക്കുന്നവർ മുതൽ കോഴി വിൽക്കുന്നവൻ വരെ ഒരു വ്യത്യാസവുമില്ല.
ഇതൊക്കെ നിലയ്ക്ക് നിർത്തേണ്ട സർക്കാരും ഉദ്യോഗസ്ഥരുമൊക്കെ അഴിമതിയിൽ മുങ്ങിക്കുളിച്ചവരാകുമ്പോൾ പ്രതികരണങ്ങളൊക്കെ വെറും വനരോദനങ്ങളായി മാറുന്നു. മായം കലർന്ന ഈ ഭക്ഷണങ്ങളിൽ നിന്ന്, അവർക്കും രക്ഷയില്ലെന്ന് എന്തുകൊണ്ടാണാവോ മനസ്സിലാക്കാത്തത് ?
വാൽക്കഷ്ണം:- ഇതൊക്കെ കഴിച്ച്, അവസാനം ഓരോരോ രോഗങ്ങൾ പിടിപെടുമ്പോൾ കാശുള്ളവൻ, അത് വാരിയെറിഞ്ഞ് വിദേശത്ത് വരെ കൊണ്ടുപോയി ചികിത്സിച്ച് കുറേയൊക്കെ ഭേദമാക്കിയെന്ന് വരും. സാധാരണക്കാരൻ സാമാന്യ ചികിത്സപോലും താങ്ങാൻ പറ്റാതെ ദാരിദ്ര്യത്തിനും മരണത്തിനും കീഴടങ്ങേണ്ടി വരും. അങ്ങനൊരു വ്യത്യാസം തീർച്ചയായുമുണ്ട്.