ചിത്രത്തിൽ കാണുന്ന, ഒറ്റയാൾപ്പട്ടാളം എന്ന് ഞാൻ വിളിക്കുന്ന കുഞ്ഞഹമ്മദിക്കയെന്ന മനുഷ്യൻ പലപ്പോഴും അമ്പരപ്പിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി പല പ്രാവശ്യം ഞാൻ എഴുതിയിട്ടുണ്ട്.
നമ്മളിൽ എത്ര പേർക്ക് വിവരാവകാശ നിയമപ്രകാരം ഒരു കത്തെഴുതി കൃത്യമായ ഔദ്യോഗിക അഡ്രസ്സിലേക്ക് അയച്ച് അവിടന്നുള്ള മറുപടി കൈപ്പറ്റാനുള്ള പ്രാവീണ്യമുണ്ട് ? എനിക്കില്ലെന്ന് പറയുന്നത് തികഞ്ഞ ജാള്യതയോട് കൂടെയാണ്.
അവിടെയാണ് രണ്ടാം ക്ലാസ്സ് വിദ്യാഭ്യാസം മാത്രമുള്ള കുഞ്ഞഹമ്മദിക്ക വ്യത്യസ്തനാകുന്നത്. കുഞ്ഞഹമ്മദിക്ക വിവരാവകാശപ്രകാശം അയച്ചിട്ടുള്ള കത്തുകളും അതിന് കിട്ടിയിട്ടുള്ള മറുപടികളും എണ്ണമറ്റതാണ്. അതിൽ പലതും വയനാട്ടിലെ ആദിവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ടതാണ്. ഞങ്ങൾ തമ്മിലുള്ള സൌഹൃദം വെച്ച്, അതിൽ പലതും അദ്ദേഹം പങ്കുവെക്കാറുണ്ട്. ഏതൊരു വിഷയത്തിലും ആർക്ക് ഏത് ഓഫീസിൽ ഏത് അഡ്രസ്സിൽ വിവരാവകാശത്തിനുള്ള അപേക്ഷ അയക്കണമെന്ന് അദ്ദേഹത്തിന് നല്ല തിട്ടമാണ്. അഥവാ ഒരപേക്ഷ മടങ്ങിയാൽ അതിലെ കുഴപ്പം കണ്ടുപിടിച്ച് വീണ്ടുമയച്ച് കാര്യം സാധിച്ചിരിക്കും.
ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ കൈവശമുള്ളത് അത്തരത്തിൽ ഒരു വിവരാവകാശ അപേക്ഷയ്ക്ക് അദ്ദേഹത്തിന് കിട്ടിയ മറുപടിയാണ്. ഒന്നും രണ്ടും അഞ്ചും പത്തും നൂറുമൊന്നുമല്ല, 802 പേജുകളുണ്ട് ആ മറുപടിയിൽ. കേരളത്തിൽ അത്രയും പേജുകൾ വിവരാവകാശ മറുപടി കിട്ടിയവർ ആരെങ്കിലുമുണ്ടെങ്കിൽ ഒന്ന് കൈ പൊക്കുക. ചിലപ്പോൾ ഇതൊരു കേരള റെക്കോഡ് തന്നെയാകാം.
വയനാട്ടിലെ പുൽപ്പള്ളി സഹകരണ ബാങ്കിൽ നടന്ന 20 കോടിയിലധികം വരുന്ന ഒരു തട്ടിപ്പുമായി ബന്ധപ്പെട്ട രേഖകളാണത്. ഒതുക്കി തീർക്കാൻ പരമാവധി ശ്രമങ്ങൾ നടന്ന ഈ കേസിന്റെ രേഖകൾ വിടാതെ പിന്തുടർന്ന് കുഞ്ഞഹമ്മദിക്ക പുറത്തുകൊണ്ടുവന്നു.
ഇതിന്റെ കോപ്പി പ്രിന്റ് ചെയ്ത് കൊടുക്കാൻ 1500 രൂപയെങ്കിലും ചിലവാകുമെന്നും ആ പണം കൊടുക്കാതെ വിവരാവകാശ മറുപടി നൽകാനാവില്ലെന്നും അധികാരികൾ കുഞ്ഞഹമ്മദിക്കയെ അറിയിച്ചു. 3 പേജിലധികം വരുന്ന വിവരാവകാശ മറുപടിയുടെ ചിലവ് അപേക്ഷകന്റെ ബാദ്ധ്യതയാണത്രേ !
പണം കൊടുക്കാത്തതിന്റെ പേരിൽ ആ രേഖകൾ കിട്ടാതെ പോകരുത് എന്നതിനാൽ അത്രയും പണം സംഘടിപ്പിച്ച് വിവരാവകാശ മറുപടി കൈപ്പറ്റാൻ അദ്ദേഹം തയ്യാറെടുത്തു.
അതിനിടയ്ക്ക് ഏഷ്യാനെറ്റ് ചാനൽ ഇക്കാര്യം എങ്ങനെയോ മണത്തറിഞ്ഞു. പ്രിന്റിങ്ങ് ചിലവിലേക്ക് നൽകേണ്ട 1500 രൂപ അവർ നൽകാമെന്നും അവർക്കത് വാർത്തയാക്കണമെന്നും പറഞ്ഞ് കുഞ്ഞഹമ്മദിക്കയെ സമീപിച്ചു. അദ്ദേഹം രേഖകളെല്ലാം ഏഷ്യാനെറ്റിന് നൽകി, അടുത്ത ദിവസങ്ങളിൽ വാർത്ത വരുമെന്ന് കരുതി കാത്തിരുപ്പായി.
പക്ഷേ വാർത്ത വന്നില്ല. ഇന്നുവരും നാളെ വരും, ഇതുമായി ബന്ധപ്പെട്ട് മൈസൂരിലും ഒരു കേസുണ്ട്. അതിന്റെ തെളിവുകൾ കൂടെ സംഘടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. അതും ചേർത്ത് പരമ്പരയാക്കി ചെമ്പ്ര മല മറിക്കും എന്നൊക്കെ ഓരോരോ മുട്ടാപ്പോക്ക് ന്യായീകരണങ്ങൾ മാത്രം വന്നുകൊണ്ടിരുന്നു.
ഒരു വർഷം കഴിഞ്ഞു, രണ്ട് വർഷം കഴിഞ്ഞു. വാർത്ത വന്നതേയില്ല. പ്രമുഖ കക്ഷിരാഷ്ട്രീയക്കാർ എല്ലാവരും ഉൾപ്പെട്ട കേസാണ്. ഇതിന്റെ രേഖകൾ വെളിയിൽ എത്തിയെന്നാൽ പലർക്കും ആശങ്കയുള്ള കാര്യമാണ്. ചാനലുകാരുടെ സഹായത്തോടെ രേഖകൾ മുക്കാനുള്ള ശ്രമം നടക്കുന്നുണ്ടോ എന്ന് സ്വാഭാവികമായും കുഞ്ഞഹമ്മദിക്ക സംശയിച്ചു. ചാനലുകാർക്ക് കുഞ്ഞഹമ്മദിക്കയോട് ഉണ്ടാകാൻ സാദ്ധ്യതയുള്ള സ്നേഹത്തേക്കാൾ കൂടുതൽ മേൽപ്പറഞ്ഞ കൂട്ടരോട് തന്നെയാകുമല്ലോ.
കഥയിങ്ങനെ വർഷങ്ങളോളം നീണ്ട് പോയതോടെ, ഈ വാർത്ത കൊടുക്കുന്നുണ്ടെങ്കിലും ഇല്ലെങ്കിലും വിവരാവകാശ രേഖകൾ മടക്കിക്കിട്ടണമെന്ന് കുഞ്ഞഹമ്മദിക്ക ശാഠ്യം പിടിച്ചു. ഏഷ്യാനെറ്റ് ചിലവാക്കിയ 1500 രൂപ തിരികെ കൊടുക്കാമെന്നും പറഞ്ഞു. എന്നിട്ടും രേഖകൾ തിരികെ കിട്ടാൻ വല്ലാത്ത അമാന്തം. പ്രളയം, ഓണം, വിഷു, ചക്രാന്തി എന്നൊക്കെ പറഞ്ഞ് അതവർ നീട്ടിനീട്ടി കൊണ്ടു പോയി. അവർ പറയുന്ന ഓരോ അവധി കഴിയുന്നതും കൃത്യമായി പിന്തുടർന്ന് രേഖകൾ തിരികെ വേണമെന്ന് കുഞ്ഞഹമ്മദിക്ക ആവശ്യപ്പെട്ടു.
അവസാനം ഏകദേശം 8 മാസം മുൻപ് ആ രേഖകൾ ഏഷ്യാനെറ്റുകാർ കുഞ്ഞഹമ്മദിക്കയ്ക്ക് തിരിച്ച് കൊടുത്തു. അപ്പോഴേക്കും പശു ചത്തു മോരിലെ പുളിയും പോയി. ഭരണസമിതി പിരിച്ചുവിട്ട് സെക്രട്ടറിയെ പുറത്താക്കി സഹകരണബാങ്ക് കേസ് ഒതുക്കി. അതിൽക്കൂടുതൽ നടപടിയൊന്നും ഉണ്ടായതായി അറിയില്ല. കട്ട് പോയ കോടികളുടെ കാര്യം എന്തായോ എന്തോ?
ഇതുമായി ഇനി മറ്റൊരു ചാനലിനേയോ പത്രക്കാരെയോ സമീപിക്കാൻ അദ്ദേഹത്തിന് ഉദ്ദേശമില്ല. ഈ രേഖകൾ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് അദ്ദേഹം ഇപ്പോഴും വിശ്വസിക്കുന്നു. രേഖകൾ കണ്ടിട്ടുള്ള ഒരാളെന്ന നിലയ്ക്ക് ഞാനും അങ്ങനെ തന്നെ വിശ്വസിക്കുന്നു. പിന്നെയും ചിലർ മണത്തറിഞ്ഞ് കുഞ്ഞഹമ്മദിക്കയെ സമീപിച്ചിരുന്നു. എന്തായാലും രേഖകൾ ഒരു സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിരിക്കുകയാണ് ഇപ്പോൾ. അദ്ദേഹത്തിന്റെ 4 സെന്റ് പുരയിടത്തിലെ 800 ചതുരശ്രയടി വീടിനൊപ്പം അതെരിച്ച് കളയാൻ വളരെ എളുപ്പമാണ്.
ഇത്രയും പറഞ്ഞത്, വിവരാവകാശ സൗകര്യം വേണ്ട വിധത്തിൽ ഉപയോഗിച്ചാൽ, നമുക്ക് ചുറ്റുമുള്ള പല അഴിമതികളും പകൽക്കൊള്ളകളും സ്വയം ബോദ്ധ്യപ്പെടാനായെന്ന് വരുമെന്ന് സൂചിപ്പിക്കാനാണ്. 1500 രൂപയൊന്നും ചിലവാക്കാതെ ഒറ്റപ്പേജിൽ കിട്ടുന്ന പല വിവരങ്ങളും ഞെട്ടിപ്പിക്കുന്നതാണ്.
(പറഞ്ഞ് കാട് കയറി. ആദ്യം ഇവിടെ എഴുതി വെച്ചതും ജീവന് ഭീഷണിയായേക്കാവുന്നതുമായ രണ്ട് വലിയ പാരഗ്രാവുകൾ നീക്കം ചെയ്തു.)
നല്ലൊരു വിവരാവകാശകൻ ആകണമെന്ന് പലപ്പോഴും ആഗ്രഹിക്കാറുണ്ട്. പക്ഷേ, ഇത്തരം കാര്യങ്ങൾക്ക് പിന്നാലെ പോയാൽ നിലവിലുള്ളതിനേക്കാൾ കൂടുതൽ ശത്രുക്കളെ സമ്പാദിക്കുമെന്നതുകൊണ്ടും ഇത്തരം രേഖകൾ കൈയിലുള്ളിടത്തോളം കാലം ജീവാപായം വരെ ഉണ്ടാകാമെന്നതുകൊണ്ടും അത്തരം ആഗ്രഹങ്ങൾ ഒഴിവാക്കുകയാണ് പതിവ്.
അതൊക്കെ പോട്ട്. നമുക്ക് കുഞ്ഞഹമ്മദിക്കയിലേക്ക് തിരികെ വരാം.
നിങ്ങളിൽ എത്ര പേർ അന്തരിച്ചുപോയ മുൻ രാഷ്ട്രപതി ഡോ:അബ്ദുൾ കലാമിന് കത്തെഴുതിയിട്ടുണ്ട്. എത്രപേർക്ക് അദ്ദേഹത്തിന്റെ മറുപടി കിട്ടിയിട്ടുണ്ട്? ഞാൻ ചെയ്തിട്ടില്ല. അതിനുള്ള ത്രാണി ഒരിക്കലും ഉണ്ടായിട്ടില്ല.
പക്ഷേ, കുഞ്ഞഹമ്മദിക്ക ഡോ:എ.പി.ജെ.അബ്ദുൾ കലാമിന് കത്തെഴുതിയിട്ടുണ്ട്. മറുപടി കിട്ടിയിട്ടുമുണ്ട്. ഒരു പ്രാവശ്യമല്ല. പലവട്ടം. കുഞ്ഞഹമ്മദിക്ക മലയാളത്തിൽ സ്വന്തം കൈപ്പടയിൽ എഴുതി വിടും. അബ്ദ്ദുൾ കലാം അത് ആരെക്കൊണ്ടെങ്കിലും വായിപ്പിച്ച് മറുപടി ഇംഗ്ലീഷിൽ ടൈപ്പ് ചെയ്യിപ്പിച്ച് ഒപ്പിട്ട് അയക്കും. കുഞ്ഞഹമ്മദിക്ക അത് ഇംഗ്ലീഷ് അറിയുന്ന ആരെക്കൊണ്ടെങ്കിലും വായിപ്പിച്ച് മലയാളത്തിൽ തർജ്ജിമ ചെയ്യിപ്പിച്ച് മനസ്സിലാക്കും. അതിൽ പലതും വയനാട്ടിലെ ആദിവാസികൾക്ക് വേണ്ടിയുള്ളത് തന്നെയാണ്. ഒരിക്കൽ ആ കത്തുകൾ കാണാനുള്ള അവസരം എനിക്കുണ്ടായിട്ടുണ്ട്.
മുഖ്യമന്ത്രിമാരായ നായനാർക്കും കരുണാകരനും ഉമ്മൻചാണ്ടിക്കുമെല്ലാം കുഞ്ഞഹമ്മദിക്ക കത്തെഴുതിയിട്ടുണ്ട്. അവരുടെയെല്ലാം മറുപടി കിട്ടിയിട്ടുമുണ്ട്.
ഞാൻ കണ്ടിട്ടുള്ള ഏറ്റവും വലിയ സാമൂഹ്യപ്രവർത്തകൻ വൈപ്പിൻ കരക്കാരായ സർവ്വോദയം കുര്യനാണ്. അതുകഴിഞ്ഞാൽ കുഞ്ഞഹമ്മദിക്കയും. കുര്യൻ ചേട്ടന് സ്വന്തമായി ഒരു മെഡിക്കൽ ഷോപ്പെങ്കിലും ഉണ്ടായിരുന്നു. കുഞ്ഞഹമ്മദിക്ക ദിവസക്കൂലിക്കാരനാണ്. റേഷനുള്ള പണം കഴിച്ച് ബാക്കി മുഴുവനും ആദിവാസികളുടെ ക്ഷേമത്തിനും മറ്റ് പൊതുക്കാര്യത്തിനും വേണ്ടി ചിലവഴിക്കുന്ന, ഏറ്റവും താഴേക്കിടയിലെ വരുമാനത്തിലും സൗകര്യങ്ങളിലും ജീവിക്കുന്ന ഒരു സാധാരണ മനുഷ്യൻ. പക്ഷേ സ്വന്തം പ്രവർത്തികൊണ്ട് ഔന്നത്യത്തിൽ നിൽക്കുന്ന അസാധാരണ ജന്മം.
കോവിഡും ലോക്ക് ഡൌണും പണിതന്നപ്പോൾ വയനാട്ടിലെ ആദിവാസികളുടെ കൂരകളിലേക്ക് പലചരക്ക് സാധനങ്ങളുമായി ആദ്യം കുതിച്ചത് കുഞ്ഞഹമ്മദിക്ക തന്നെയാണ്. സർക്കാരിൽ നിന്ന് അവരിലേക്ക്, അതായത് കാടുകളിൽ കഴിയുന്ന ആദിവാസികളിലേക്ക് എന്തൊക്കെ സഹായമാണ് എത്തിച്ചതെന്ന് ആർക്കെങ്കിലും ഒരു കണക്ക് നിരത്താൻ സാധിക്കുമോ ? ബുദ്ധിമുട്ടാകും.
കുഞ്ഞഹമ്മദിക്ക ആദിവാസികൾക്ക് സഹായം എത്തിച്ചെന്നറിഞ്ഞപ്പോൾ ബാക്കി വല്ലതും ഉണ്ടെങ്കിൽ കമ്മ്യൂണിറ്റി കിച്ചണിലേക്ക് നൽകണമെന്ന് പറഞ്ഞ് ചില ഔദ്യോഗിക കേന്ദ്രങ്ങൾ കുഞ്ഞഹമ്മദിക്കയെ സമീപിക്കുകയാണുണ്ടായത്. പിന്നീടെന്തെലും സഹായം കാടിനകത്തുള്ള ആദിവാസികൾക്ക് കിട്ടിയോ എന്നറിയില്ല. അന്വേഷിക്കാൻ പോയതുമില്ല. കൊടുത്തിട്ടുണ്ടെങ്കിൽ നല്ലത്.
കമ്മ്യൂണിറ്റി കിച്ചണിലൂടെ അന്തർസംസ്ഥാന തൊഴിലാളികൾക്കും നാട്ടിലുള്ള പാവപ്പെട്ടവർക്കുമെല്ലാം സൗജന്യ ഭക്ഷണം കൊടുക്കുമ്പോൾ, അത്രയ്ക്ക് പോലും പ്രാധാന്യം ആദിവാസികൾക്കില്ലേ എന്ന ചോദ്യമാണ് കുഞ്ഞഹമ്മദിക്കയ്ക്കുള്ളത്? ആരെയും കുറ്റം പറഞ്ഞതല്ല. കാട്ടിൽ കഴിയുന്നവരുടെ കാര്യം പറഞ്ഞ് പറഞ്ഞ് പിന്നെയും കാട് കയറിപ്പോയി. മിയ കുൾപ്പ.
വാൽക്കഷണം:- തുമ്പും വാലുമില്ലാതെ ഇപ്പോൾ ഇതൊക്കെ എന്തിനാണ് പറഞ്ഞതെന്നാവും ? കമ്പ്യൂട്ടറിൽ ചുമ്മാ പരതിക്കൊണ്ടിരിക്കുമ്പോൾ ഈ ചിത്രത്തിൽ കണ്ണുടക്കി. അങ്ങനെ പറഞ്ഞതാണ്. കാര്യമാക്കണ്ട. ബാക്കിയെല്ലാം മുറയ്ക്ക് തന്നെ ഞെരിപ്പായിട്ട് നടക്കട്ടെ.