വിവരാവകാശം

കേരള ‘ഏഭ്യന്തര’ത്തിൻ്റെ ശ്രദ്ധയ്ക്ക്‌


11
കേരളത്തിലെ പൊലീസ് വകുപ്പിന്റെ കാര്യം പരിതാപകരം തന്നെയാണ്.

കുന്നംകുളത്ത് സുജിത്ത് എന്ന ചെറുപ്പക്കാരനെ, പ്രത്യേകിച്ച് പരാതിയും കേസോ ഒന്നുമില്ലാതെ സ്റ്റേഷനിൽ കൊണ്ടുപോയി ഇഞ്ച ചതയ്ക്കുന്നതുപോലെ മർദ്ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ കേരള സമൂഹത്തെ ഞെട്ടിച്ചു കളഞ്ഞിരിക്കുന്നു.

എന്നിട്ട് അതിന്റെ cctv ദൃശ്യങ്ങൾ പുറത്ത് വരാതിരിക്കാൻ പിടിച്ചു വെച്ചു പൊലീസുകാർ. വിവരാവകാശ നിയമപ്രകാരം പൊരുതി, ആ വീഡിയോ ദൃശ്യങ്ങൾ കൈപ്പറ്റാൻ സുജിത്തിന് രണ്ട് വർഷം സമയമെടുത്തു. നിയമപാലകർ എല്ലാ അർത്ഥത്തിലും നിയമലംഘകരായി മാറുന്നതിന്റെ നേർക്കാഴ്ചകളും തെളിവുകളുമാണ് ഇതെല്ലാം.

ഇത് അടിയന്തിരാവസ്ഥക്കാലം അല്ല, കേസ് പോലും ചാർജ്ജ് ചെയ്യാതെ, കുറ്റം ഒന്നും ചെയ്യാത്ത ഒരു പൗരനെ ഇങ്ങനെ ഭേദ്യം ചെയ്യാൻ. മറ്റാരും അത് മനസ്സിലാക്കിയില്ലെങ്കിലും അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് സ്റ്റേഷൻ മർദ്ദനം ഏറ്റിട്ടുണ്ടെന്ന് എണ്ണിയെണ്ണി പറയുന്ന നിലവിലെ ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രിയെങ്കിലും അത് മനസ്സിലാക്കണം. അദ്ദേഹത്തിന്റെ ഭരണ കാലത്ത് ഇങ്ങനെ ഒരു അനുഭവം മറ്റാർക്കും ഉണ്ടാകാതിരിക്കാനുള്ള പ്രത്യേക കരുതൽ ആ ഭാഗത്ത് നിന്ന് ഉണ്ടാകുകയാണ് വേണ്ടത്. പകരം, അദ്ദേഹം ഭരിക്കുന്ന പോലീസ് വകുപ്പിൽ യാതൊരു നിയന്ത്രണവും ഇല്ലാതെ മൂകനായ് തുടരുന്ന അവസ്ഥ ലജ്ജാവഹമാണ്.

അടിയന്തരാവസ്ഥക്കാലത്തെ രാജൻ കൊലക്കേസിൻ്റെ ഒരു ദൃശ്യങ്ങളും മലയാളികൾ കണ്ടിട്ടില്ല. അതിന്റെ വിവരണങ്ങൾ മാത്രമാണ് കേട്ടിട്ടുള്ളത്. അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ അതിനുള്ള ശിക്ഷ അനുഭവിക്കുക തന്നെ ചെയ്തു. ആ കണക്ക് വെച്ച് നോക്കിയാൽ നമ്മൾ കണ്ട കുന്നംകുളം സ്റ്റേഷൻ ദൃശ്യങ്ങളുടെ പേരിൽ മുഖ്യമന്ത്രി പിണറായി വിജയൻ കുറഞ്ഞപക്ഷം ആഭ്യന്തരമെങ്കിലും ഒഴിയുകയല്ലേ വേണ്ടത്?

അതെല്ലാം പോട്ടെ. ഈ വിഷയത്തിൽ അദ്ദേഹം എന്തെങ്കിലും വായ് തുറന്ന് സംസാരിച്ചിട്ടുണ്ടോ? എന്ത് വിഷയത്തിലും ഏതൊരു മനുഷ്യന്റേയും അണ്ണാക്കിലേക്ക് മൈക്കുമായി പാഞ്ഞു ചെല്ലുന്ന ചാനലുകാരോ പത്രക്കാരോ മുഖ്യമന്ത്രിയുടെ പ്രതികരണം ഈ വിഷയത്തിൽ ആരായാൻ ശ്രമിച്ചിട്ടുണ്ടോ? നാലാംതൂണ്, കച്ചിത്തുറുവിന്റെ ബലം പോലുമില്ലാത്ത അവസ്ഥയിൽ അധഃപതിക്കുന്ന രംഗമാണ് ഈ വിഷയത്തിൽ കാണുന്നത്.

ഇപ്പോൾ ദാ പീച്ചിയിൽ നിന്ന് മറ്റൊരു പൊലീസ് സ്റ്റേഷൻ അതിക്രമത്തിന്റെ cctv രംഗങ്ങൾ വന്നിരിക്കുന്നു. ജീവഹാനി പേടിച്ച് പുറത്ത് പറയാത്ത എത്രയോ കേസുകൾ കേരളത്തിൽ ഇതുപോലെ ഉണ്ടാകാം. പരാതിക്കാരൻ ആരുമാകട്ടെ, പ്രതിസ്ഥാനത്തുള്ളത് ആരുമാകട്ടെ. അവരെയൊക്കെ സ്റ്റേഷനിൽ കൊണ്ടുപോയി കൈകാര്യം ചെയ്യാനുള്ള അധികാരമൊന്നും പൊലീസിന് ഇല്ല.

ഭരണപക്ഷത്തിരിക്കുന്ന പാർട്ടി നേതാവിന് പോലും ഒരു പോലീസ് സ്റ്റേഷൻ ദുരനുഭവമുണ്ടായെന്ന് പറഞ്ഞ് മാദ്ധ്യമങ്ങൾക്ക് മുമ്പിൽ അദ്ദേഹം തുറന്നു സംസാരിച്ചിരിക്കുന്നു ഇന്നലെ. (ഇക്കണക്കിന് കേരള സംസ്ഥാനത്ത് ബാക്കിയുള്ള മനുഷ്യരുടെ അവസ്ഥ എന്താകുമെന്ന് ഊഹിക്കാൻ പോലും വയ്യ.) അത് വിശദീകരിക്കുന്ന സമയത്ത് അദ്ദേഹത്തെ തടയുന്നു ഒരു പാർട്ടി പ്രവർത്തകർ. പാർട്ടിക്കെതിരെ സംസാരിക്കാൻ പാടില്ല പോലും! നാളെ അയാൾക്ക് ഈ ഗതി വരുമ്പോൾ മാത്രമേ അയാൾ പഠിക്കൂ എന്ന് കരുതാൻ വയ്യ. എന്നാലും പഠിക്കില്ല.

ജനങ്ങൾക്ക് സ്വത്തിനും ജീവനും സുരക്ഷ നൽകാൻ വേണ്ടിയുള്ളതാകണം പൊലീസ്. നിയമം പാലിക്കപ്പെടാതെ പോകുന്നിടത്ത് അതിന്റെ കാവലാളുകയും വേണം. കാക്കി ദേഹത്ത് കയറി എന്നുവെച്ച് എല്ലാ തെമ്മാടിത്തരങ്ങൾ ചെയ്യാനും മർദ്ദനമുറകൾ അഴിച്ചുവിടാനും കൈക്കൂലി വാങ്ങി കേസ് ഉണ്ടാക്കാനും കേസ് ഒതുക്കാനും അധികാരമുണ്ടെന്ന് കരുതരുത്.

ഒരു വില്ലേജ് ഓഫീസർ പോലെയോ ഒരു സെക്രട്ടറിയേറ്റ് ഉദ്യോഗസ്ഥനെ പോലെയോ ഒരു സർക്കാർ ജീവനക്കാരൻ മാത്രമാണ് പൊലീസ്. ജനങ്ങളുടെ നിർഭാഗ്യത്തിന് നിയമപാലനം എന്നതായിപ്പോയി നിങ്ങളുടെ ജോലി എന്ന് മാത്രം.

ഒരു കാര്യം കുറെക്കൂടി കൃത്യമായി മനസ്സിലാക്കുക. നിയമവും വിവരാവകാശവും കോടതിയുമെല്ലാം സാധാരണ ജനങ്ങളെ കൈവിടുന്ന ഒരു സ്ഥിതിവിശേഷം ഉണ്ടായാൽ, അവർ നിയമത്തേയും കൈവിടും. അഥവാ നിയമത്തെ കയ്യിലെടുക്കുക തന്നെ ചെയ്യും. അത് അരാജകത്വത്തിന് ഇടവരുത്തും. അതുണ്ടാകാതെ നോക്കുക.

ജനാധിപത്യത്തിൽ, രാജാവ് ജനം തന്നെയാണ്. മന്ത്രിമാരേയും പൊലീസുകാരേയും, രാജാവായ ജനം ഓരോരോ ജോലികൾ ഏൽപ്പിച്ചിട്ടുണ്ടെന്ന് മാത്രം. ആ ജോലികൾ നിങ്ങൾക്ക് പിഴവില്ലാതെ ചെയ്യാൻ പറ്റുന്നില്ലെങ്കിൽ രാജാവ് തിരുത്തൽ നടപടികളിലേക്ക് കടക്കും. ബാലറ്റിലൂടെയും അല്ലാതെയും.

ജാഗ്രതയല്ല, ഭയം തന്നെ വേണം രാജാവിനെ.

വാൽക്കഷണം:- തെറ്റ് ചെയ്തു എന്ന് ബോദ്ധ്യമായത് കൊണ്ടാണല്ലോ ഇപ്പോൾ സസ്പെൻഷൻ നടപടികൾ ഉണ്ടായിട്ടുള്ളത്. ശമ്പളത്തോടുകൂടിയുള്ള ലീവിനും പ്രമോഷനോട് കൂടിയുള്ള തിരിച്ചെടുക്കലിനും വഴിവെക്കുന്ന സസ്പെൻഷൻ അല്ല വേണ്ടത്. എന്നെന്നേക്കുമായി പിരിച്ചുവിടണം ഇത്തരത്തിൽ ഗുണ്ടാസ്വഭാവം കാണിക്കുന്ന പോലീസുകാരെ. അതൊരു മാതൃകയാവണം. എന്നാലേ ഇനിയൊരു പൗരൻ്റെ മേൽ കൈവെക്കുന്നതിന് മുൻപ് പൊലീസുകാർ രണ്ടാമതൊന്ന് ആലോചിക്കുകയുള്ളൂ. പിരിച്ചുവിടലിൽ കുറഞ്ഞ ഒരു ശിക്ഷയും ഇക്കാര്യത്തിൽ സ്വീകാര്യമല്ല.