Yearly Archives: 2013

7

മയക്കുവിദ്യയുടെ തമ്പുരാനൊപ്പം


പുസ്തകവിചാരത്തിന് വേണ്ടി ശ്രീ.ജോൺസൺ ഐരൂരിന്റെ ‘ഒരു ഹിപ്നോട്ടിസ്റ്റിന്റെ അനുഭവങ്ങൾ‘ എന്ന ആത്മകഥാപരമായ ഗ്രന്ഥത്തെ അവലോകനം ചെയ്യണമെന്ന് പറഞ്ഞ് അതിന്റെ ഒരു കോപ്പി സുഹൃത്ത് മനോരാജ് വെച്ചുനീട്ടിയപ്പോൾ ഇത്രയൊക്കെ സംഭവവികാസങ്ങൾ അതിന്റെ പേരിൽ ഉണ്ടാകുമെന്ന് ഞാനൊരിക്കലും കരുതിയിരുന്നില്ല.

പുസ്തകാവലോകനം അദ്ദേഹത്തിനും മകൻ ശ്രീ.നിഖിലിനും ഇഷ്ടമായെന്ന് മനസ്സിലാക്കാനായതിൽ സന്തോഷം. അതുകൊണ്ടാകാം പുസ്തകത്തിന്റെ രണ്ടാം പതിപ്പ് പ്രകാശനം ചെയ്യുന്ന ചടങ്ങിലേക്ക് ഈയുള്ളവനും ക്ഷണം കിട്ടിയത്. അക്കാര്യം അറിയിക്കാൻ ഗ്രന്ഥകർത്താവ് തന്നെ നേരിട്ട് വിളിച്ചത് ഒരു അംഗീകാരമായാണ് കരുതുന്നത്. ഡിസംബർ 1ന് തൃശൂർ സാഹിത്യ അക്കാഡമിയിലെ ചങ്ങമ്പുഴ ഹാളിൽ വെച്ചാണ് ആ ചടങ്ങ്.

രണ്ടാം പതിപ്പ് പ്രകാശനം – കാര്യപരിപാടി.

ഈയിടെയായി പുസ്തകങ്ങൾ വായിക്കാനെടുക്കുമ്പോൾ പഴയത് പോലെ ശ്രദ്ധ കേന്ദ്രീകരിക്കാനാവുന്നില്ല. ഗ്രന്ഥത്തിൽ, സെൽഫ് ഹിപ്നോട്ടിസം വിദ്യാർത്ഥികൾക്ക് ഉപകരിക്കുന്ന രീതിയിൽ പ്രയോജനപ്പെടുത്തുന്നതിനെപ്പറ്റി പരാമർശിക്കുന്നുണ്ട്. എന്റെ പ്രശ്നവും ആ ഗണത്തിൽ‌പ്പെടുത്തി പരിഹരിക്കാനാവുമോ എന്ന് ആരാഞ്ഞപ്പോൾ…….

“വയസ്സെത്രയായി ? “ എന്ന് ചോദ്യം.

“നാൽ‌പ്പത്തി നാല്.”

“മദ്ധ്യവയസ്ക്കന്മാരുടെ ഒരു പ്രശ്നമാണിത്. അൽ‌പ്പനാൾ കഴിഞ്ഞാൽ താനെ ശരിയാകാറുമുണ്ട്. എന്നിരുന്നാലും ചികിത്സിച്ച് പരിഹരിക്കാൻ സാധിക്കുന്നത് തന്നെയാണ്. സൌകര്യം പോലെ വീട്ടിലേക്ക് വരൂ. ശരിയാക്കിയെടുക്കാം.”

ഡിസംബർ 1ന് തൃശൂരിലെ ചടങ്ങിന് മുന്നേ തന്നെ സെൽഫ് ഹിപ്നോട്ടിസം അദ്ദേഹത്തിൽ നിന്ന് പഠിച്ചെടുക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ആ ലക്ഷ്യം മുന്നിൽ നിർത്തി, ഇന്ന് നവംബർ 23ന് രാവിലെ 3:15ന്റെ രാജ്യറാണി എക്സ്പ്രസ്സിൽ നിലംബൂരിലേക്ക് തിരിച്ചു. വണ്ടിയിൽ ഇരുന്ന് വായിക്കാൻ അദ്ദേഹത്തിന്റെ തന്നെ മറ്റൊരു ഗ്രന്ഥമായ ‘ഹിപ്നോട്ടിസം ഒരു പഠനം’ എന്ന പുസ്തകം കൈയ്യിലെടുത്തിരുന്നു. രാവിലത്തെ സമയമായതുകൊണ്ടാണോ അതോ വൈദ്യന്റെ പേര് കേട്ടതോടെ രോഗം പമ്പകടന്നതാണോ എന്നറിയില്ല, പതിവിലേറെ ഏകാഗ്രതയോടെ പുസ്തകത്തിന്റെ നല്ലൊര് പങ്ക് വായിച്ചു തീർക്കാനായി.

നിലംബൂരിൽ എത്തുമ്പോൾ എന്നും അവിടത്തെ യാത്രകൾക്ക് ഒപ്പം കൂടുകയും താമസവും ഭക്ഷണവുമടക്കമുള്ള കാര്യങ്ങൾ ചെയ്ത് തരുന്നതും സാബുവും നസീറുമാണ്. നിലംബൂരുകാരനായ ബ്ലോഗർ സുഹൃത്ത് ഏറനാടൻ വഴി പരിചയപ്പെട്ട് ഏറുവിനോളമോ അതിലേറെയോ സൌഹൃദമാണ് ഇപ്പോൾ സാബുവിനോടും നസീറിനോടുമുള്ളത്.

രാവിലെ 07:30 സ്വീകരിക്കാൻ സ്റ്റേഷനിൽ സാബുവും നസീറുമെത്തി. സാബുവിന്റെ പിതാവ് നാലകത്ത് ബീരാൻ ഹാജിയുടെ ഉടമസ്ഥതയിലുള്ള നിലംബൂർ ലോഡ്ജിൽ വെച്ചായിരുന്നു ശ്രീ.ജോൺസൺ ഐരൂരിന്റെ ആദ്യകാല ഹിപ്നോട്ടിസം പ്രാൿറ്റീസുകൾ. അതുകൊണ്ടുതന്നെ സാബുവിന്റെ അദ്ദേഹത്തിന്റെ വീട് നല്ല പരിചയമാണ്. എന്നെ അവിടെക്കൊണ്ടാക്കി അൽ‌പ്പം ലോഹ്യമൊക്കെ പറഞ്ഞ് സാബുവും നസീറും മടങ്ങി.

പ്രഭാതകർമ്മങ്ങളും പ്രാതലുമൊക്കെ വീട്ടിത്തന്നെ ആകാമെന്ന് ഇന്നലെത്തന്നെ ജോൺസൺ സാറും നിഖിലും വിളിച്ച് അറിയിച്ചിരുന്നതാണ്. ഇഡ്ഡലിയും ദോശയും മുളക് ചമ്മന്തിയും പഴം പുഴുങ്ങിയതുമൊക്കെയായി സ‌മൃദ്ധമായ പ്രാതൽ ഗൃഹനാഥ ശ്രീമതി കോമളത്തിന്റെ വക.

09:30 ന് പുരയിടത്തിലെ മറ്റൊരു കെട്ടിടത്തിലെ ഓഫീസ് മുറിയിൽ വെച്ച് പ്രശ്നപരിഹാരത്തിലേക്ക് കടന്നു. മയക്കുവിദ്യയുടെ തമ്പുരാനെപ്പറ്റിയുള്ള പേപ്പർ കട്ടിങ്ങുകളും ചിത്രങ്ങളുമൊക്കെയാണ് ഓഫീസ് കെട്ടിടം മുഴുവൻ.

സെൽഫ് ഹിപ്നോട്ടിസം പഠിക്കാനെത്തുന്ന വ്യക്തിയെ അടിമുടി പഠിക്കുകയും ചില കടലാസുകൾ ഒപ്പിടീച്ച് വാങ്ങുകയും ചെയ്യുന്നത് പതിവാണ്. ഒന്നും മൂടിവെക്കാതെ ചോദ്യങ്ങൾക്കെല്ലാം മറുപടി പറയണമെന്നും ഇത് നിങ്ങളുടെ ആവശ്യത്തിനാണ് നന്നായി സഹകരിക്കണമെന്നുമുള്ള നിർദ്ദേശങ്ങൾ അപ്പടി അനുസരിച്ചു.

സെൽഫ് ഹിപ്പ്നോട്ടിസ ഓട്ടോ സജഷനുമൊക്കെ പഠിക്കുന്ന ഒരാൾ ഹിപ്നോട്ടിസത്തിന് വിധേയനാകുന്നുണ്ട്. അങ്ങനെ നോക്കിയാൽ ജീവിതത്തിൽ ഇതെന്റെ രണ്ടാമത്തെ ഹിപ്നോട്ടിസം അനുഭവമാണ്. 8 വയസ്സുള്ളപ്പോളായിരുന്നു ആദ്യാനുഭവം. ആലുവ യു.സി.കോളേജിനടുത്തുള്ള ഡോ:അലക്സാണ്ടറാണ് അന്നെന്നെ ഹിപ്നോട്ടൈസ് ചെയ്തത്. അതൊക്കെ പറയാൻ തുടങ്ങിയാൽ ഒരുപാടുണ്ട്.

ഹിപ്നോട്ടിസത്തിന്റെ വിശദ വിവരങ്ങൾ തുറന്നെഴുതുവാൻ ബുദ്ധിമുട്ടുകളുണ്ട്. മനസ്സിന്റെ ഉള്ളറയിൽ, ഏതൊരു കാര്യം ചെയ്യുമ്പോളും ശ്രദ്ധ നഷ്ടപ്പെട്ട് പോകാതിരിക്കാനുള്ള വിത്തുകൾ പാകിക്കഴിഞ്ഞിരിക്കുന്നു. ഇനി, ദിവസം മൂന്ന് നേരമെന്ന തോതിൽ അത് അഭ്യസിക്കണം. ഒരു മാസത്തോളം സ്വയം പരിശീലിച്ച് കഴിയുന്നതോടെ ഉപബോധ മനസ്സിൽ, വ്യതിചലിക്കാൻ പറ്റാത്ത വിധം ശ്രദ്ധയെ കൂച്ചുവിലങ്ങിട്ട് നിർത്താനാകുമെന്ന് ഇന്ന് ഒരൊറ്റ ദിവസത്തെ അനുഭവം തന്നെ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 60 മുതൽ 90 സെക്കന്റുകൾ വരെ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള ശ്രമം നടത്തി നോക്കാം എന്ന് പറഞ്ഞാണ് ആരംഭിച്ചത്. രണ്ടര മിനിറ്റോളം അത് സാധിച്ചെന്ന് എനിക്ക് തോന്നുകയുമുണ്ടായി. പക്ഷെ, എന്നെക്കൊണ്ട് തന്നെ കുറിപ്പിച്ച് വെച്ചിരുന്ന സമയം പരിശോധിച്ചപ്പോളാണ് 27 മിനിറ്റോളം ആ പ്രക്രിയ നീണ്ടുപോയെന്ന് അത്ഭുതപരതന്ത്രനായി ഞാൻ മനസ്സിലാക്കിയത്.

അഞ്ചാം ക്ലാസ്സുകാരനായ, ഇരുട്ടിനെ പേടിയുള്ള ഒരു കുട്ടി, സ്വിച്ചിട്ടത് പോലെ ഏത് കൂരിരുളിലും സഞ്ചരിക്കാൻ പ്രാപ്തനാകുന്നത് ഡോ:എ.ടി.കോവൂരിന്റെ ‘ആനമറുത’ വായിക്കുന്നതോടെയാണ്. ഇരുട്ടിനെ നീക്കി വെളിച്ചം തരുന്ന ആളാണല്ലോ ഗുരു. ആ അർത്ഥത്തിൽ ആത്മീയ ഗുരുവാണ് ഡോ:കോവൂർ. അദ്ദേഹത്തിന്റെ ശിക്ഷ്യനും അനുയായിയും പിന്തുടർച്ചക്കാരനുമായ ശ്രീ.ജോൺസൺ ഐരൂരും എല്ലാ അർത്ഥത്തിലും ഗുരുസ്ഥാനീയൻ തന്നെ. ഒരു ശിക്ഷ്യന്റെ സ്ഥാനത്ത് കാണണമെന്നുള്ള അഭ്യർത്ഥന അദ്ദേഹം സ്വീകരിച്ചനുഗ്രഹിച്ചു.

ഭക്തിയും കാമവും – ഗ്രന്ഥകർത്താവിന്റെ കൈയ്യൊപ്പോടുകൂടെ

ഏതെങ്കിലും പുസ്തകം വേണ്ടതുണ്ടോ എന്നദ്ദേഹം ചോദിച്ചപ്പോളാണ് ഷെൽഫിലുള്ള ഗ്രന്ഥങ്ങളുടെ കോപ്പികൾ ശ്രദ്ധിച്ചത്. ‘ഭക്തിയും കാമവും‘ സ്വന്തമായി ഒരു കോപ്പി എനിക്കില്ല. ലേഖകന്റെ ഒപ്പിടീച്ച് അതൊരെണ്ണം നെഞ്ചോട് ചേർത്ത് വാങ്ങി. ഒപ്പം നിന്ന് ഒരു ഫോട്ടോ എടുത്ത് തരാൻ പരിസരത്തെങ്ങും ആരുമില്ല. ആ കർമ്മം സ്വയം തന്നെ നടപ്പിലാക്കി.

ശ്രീ.ജോൺസൺ ഐരൂരിനൊപ്പം.

സാബുവിനൊപ്പം കുഭാര കോളനിയിലും മറ്റും ചുറ്റിയടിച്ച് കുറച്ച് കളിമൺ ശിൽ‌പ്പങ്ങളുടെ നിർമ്മിതിയൊക്കെ കണ്ട് വന്നപ്പോഴേക്കും മടക്കവണ്ടിക്ക് സമയമായിരുന്നു. രാവിലത്തെ ഉറക്കം കുറച്ച് ബാക്കി നിൽക്കുന്നതാണോ അതോ മയക്കുവിദ്യയുടെ സുഖകരമായ ഓർമ്മകൾ വിട്ടുമാറാത്തതാണോ എന്നറിയില്ല, ജനാലയിലൂടെ ഉള്ളിലേക്കടിക്കുന്ന കാറ്റിൽ, കണ്ണുകളെ തഴുകി മൂടിയ ഉറക്കത്തിന് മുൻപൊരിക്കലുമില്ലാത്ത അനുഭൂതിയായിരുന്നു.