ഖൊനോമയിലെ നാഗ വില്ലേജ്


രു പരമ്പരാഗത നാഗ ഗ്രാമം എങ്ങനെയിരിക്കും? അത് കാണാനും അനുഭവിച്ചറിയാനും സഞ്ചാരികൾക്ക് അവസരമുണ്ട് നാഗലാൻ്റിലെ ഖൊനോമ വില്ലേജിൽ. നന്നായി ഇംഗ്ലീഷ് സംസാരിക്കുന്ന ഗൈഡുകളുടെ സേവനവും ഈ ഗ്രാമസന്ദർശനത്തിൽ ലഭ്യമാണ്.

കൊല്ലുന്നത് എന്തിൻ്റേയും തലയോട്ടി ഉണക്കിയെടുത്ത് പ്രദർശിപ്പിക്കുന്നത് നാഗന്മാരുടെ ഒരു രീതിയാണ്. തൊട്ടടുത്ത ദിവസങ്ങളിൽ കശാപ്പ് ചെയ്ത, മാംസത്തിൻ്റെ മണം വിട്ടുമാറാത്ത ഒരു മൃഗത്തിൻ്റെ തലയോട്ടി തൂക്കിയിട്ടിരിക്കുന്ന ഇടത്തുനിന്നാണ് ഞങ്ങൾ വില്ലേജ് സന്ദർശനം തുടങ്ങിയത്. ഞങ്ങളെല്ലാവരും ആ തലയോട്ടിയും കൊമ്പും സ്വന്തം തലയ്ക്കൊപ്പം ചേർത്ത് പടങ്ങളെടുക്കുകയും ചെയ്തു.

001 (12)

മരണപ്പെട്ടവരുടെ ശരീരം സ്വന്തം പുരയിടത്തിനോട് ചേർന്നുള്ള ഒരു ചുമരിൽ അടക്കം ചെയ്യുന്നത് അവരുടെ രീതിയാണ്. മിക്കവാറും ചുമരുകൾ നമ്മൾ നടക്കുന്ന പാതയോരത്ത് തന്നെയാണ്. പുഴുവെടുത്ത് തീർന്നിരിക്കാൻ സാദ്ധ്യതയില്ലാത്ത പുത്തൻ അടക്കുകളും അവയിൽ അർപ്പിച്ചിരിക്കുന്ന റീത്തുകളുമെല്ലാം വഴികളിൽ പലയിടത്തും കാണാം.

001 (5)

തീ കായാനും അടുപ്പ് കൂട്ടാനും ആവശ്യമുള്ള വിറകുകൾ അട്ടിയട്ടി ഇട്ട് വെച്ചിരിക്കുന്നത് ഒരു സാധാരണ ദൃശ്യമാണ്. ആ ഗ്രാമങ്ങളിലൊന്നും ഗ്യാസടുപ്പുകൾ ഇല്ലെന്ന് ഉറപ്പ്.

001 (8)

ക്യാബേജിൻ്റെ തൈ വളർന്ന് ഒന്നരയാൾ പൊക്കത്തിൽ നിൽക്കുന്നതും തണുപ്പുള്ള ഇടങ്ങളിൽ കൂടുതലായി കാണുന്ന മഞ്ഞപ്പൂക്കളുടെ സൗന്ദര്യവുമൊക്കെ ആസ്വദിച്ച് മുന്നോട്ട് പോകുമ്പോൾ അമ്പരപ്പിക്കുന്ന ചില കാഴ്ച്ചകളും കാത്തിരിക്കുന്നുണ്ട്.

001 (13)

കഞ്ചാവ് ചെടികളാണ് അമ്പരപ്പിക്കുന്ന ആ കാഴ്ച്ച. പച്ചച്ചെടികൾ പോലെ തന്നെ തെറുത്ത് വലിക്കാൻ പാകത്തിന് ഉണങ്ങി നിൽക്കുന്ന ചെടികളും കൂട്ടത്തിലുണ്ട്. കഞ്ചാവ് ചെടികൾ മുൻപ് കണ്ടിട്ടില്ലാത്തവർ ഏതോ ഒരു കുറ്റിച്ചെടി എന്ന മട്ടിൽ അവഗണിച്ച് നടന്ന് പോയെന്നിരിക്കും.

001 (16)

001 (17)

വൃത്താകൃതിയിലുള്ള സമ്മേളനസ്ഥലങ്ങൾ ഇടയ്ക്കിടയ്ക്ക് കാണാം. കൈയിൽ പണമുള്ളവർക്ക് ആർക്കെങ്കിലും അവരുടെ സൗകര്യം പോലെ ഇത്തരം സമ്മേളന സ്ഥലങ്ങൾ പണിതുയർത്താൻ പറ്റില്ല. ഗ്രാമവാസികളെ എല്ലാവരേയും അറിയിക്കണം. വേണ്ടപ്പെട്ട മറ്റുള്ളവരെ എല്ലാവരേയും അറിയിക്കണം. അവർക്ക് തീനും കുടിയുമെല്ലാം നൽകി സൽക്കരിക്കണം. എന്നാലേ പദ്ധതി നടപ്പിലാക്കാൻ പറ്റൂ.

001 (14)

ഗ്രാമത്തിലൂടെ നടക്കുമ്പോൾ അവിടെ കാണുന്ന വീടുകളിൽ, മുൻ വശത്ത് വീട്ടുകാർ ഇരിക്കുന്നുണ്ടെങ്കിലും നമുക്ക് അകത്ത് കയറി നോക്കാം. അടുക്കള ഭാഗത്തേക്ക് കയറണമെങ്കിൽ അനുവാദം വാങ്ങുന്നതാകും നല്ലത് എന്നാണ് മനസ്സിലാക്കാൻ കഴിഞ്ഞത്. അടുപ്പിലേക്കുള്ള വിറകുകഷണങ്ങൾ അടുക്കിയത്, വേട്ടയാടിയ മൃഗങ്ങളുടെ തലയോട്ടി, തോൽ, വേട്ടയാടാനുള്ള ആയുധങ്ങൾ, ധാന്യങ്ങൾ ഇടിക്കാനും പൊടിക്കാനുമുള്ള സംവിധാനങ്ങൾ, ഭക്ഷ്യപദാർത്ഥങ്ങൾ ശേഖരിക്കാനുള്ള മുളകൊണ്ടുള്ള കൊട്ടകൾ, പാത്രങ്ങൾ, മാംസം ഉണക്കാനായി അടുപ്പിൻ്റെ മുകളിൽ തൂക്കിയിട്ടിരിക്കുന്നത്…. എന്നിങ്ങനെ നാഗന്മാരുടെ കുടിലിലെ കാഴ്ച്ചകളെല്ലാം പുതുമയുള്ളതാണ്.

001 (11)

പഴയ ഒരു പരമ്പരാഗത വേട്ടക്കാരൻ്റെ വീട്ടിലേക്ക് ഞങ്ങൾ കടന്ന് ചെല്ലുമ്പോൾ അദ്ദേഹമോ കുടുംബാംഗങ്ങളോ ആരും ആ വീട്ടിലില്ല. എന്നിട്ടും ഞങ്ങൾക്ക് ആ വീട്ടിൽ കയറിയിറങ്ങാനും പടങ്ങളെടുക്കാനും സാധിച്ചു. ടൂറിസത്തിൻ്റെ ഭാഗമായി ആ ഗ്രാമം തന്നെ പ്രദർശിപ്പിക്കുമ്പോൾ, ഗേറ്റ് പാസ്സ് ഇനത്തിൽ കിട്ടുന്ന വരുമാനത്തിൽ നിന്ന് ആ ഗ്രാമത്തിനും ഗ്രാമവാസികൾക്കും മെച്ചമുണ്ടാകുന്നത് കൊണ്ട് കൂടെയാണ് ഇതെല്ലാം സാദ്ധ്യമാകുന്നത്.

ചെറിയ കോടയും തണുപ്പും കൂട്ടിന് വന്ന ഒരു പ്രഭാതത്തിൽ ഖൊനോമ നാഗ വില്ലേജിലൂടെയുള്ള സഞ്ചാരം പകർന്നുതന്ന ഉന്മേഷവും പുത്തൻ അറിവുകളും ഈ യാത്രയുടെ മേന്മകളിൽ എടുത്ത് പറയേണ്ട ഒന്നാണ്.

പാതയോരത്ത് കണ്ട മൈൽ സ്റ്റോൺ പോലുള്ള ഒരു കല്ലിലേക്ക് ഗൈഡ് എല്ലാവരുടേയും ശ്രദ്ധ ക്ഷണിച്ചു. കല്ലിൽ ഇടയ്ക്കിടയ്ക്ക് ചില വെട്ടുകൾ കാണാം. അത് ആ കല്ലിരിക്കുന്ന പ്രദേശത്തുള്ള ഒരു നാഗൻ്റെ ലൈംഗികതയുടെ അടയാളമാണ്. ഓരോ വെട്ടുകളും സൂചിപ്പിക്കുന്നത്, ആ നാഗൻ്റെ കൂടെ ശയിച്ചിട്ടുള്ള സ്ത്രീകളുടെ എണ്ണമാണ്. തെക്കേ ഇന്ത്യയിൽ നിന്ന് ചെന്നിരിക്കുന്ന ഞങ്ങൾക്കത് വിചിത്രമായ ആചാരമായിരിക്കാം. പക്ഷേ, അത്തരം കല്ലുകൾ ഇടയ്ക്കിടയ്ക്ക് കാണാം ആ പാതകളിൽ.

113

നാഗന്മാരുടെ കടുത്ത ചുവപ്പ് നിറഞ്ഞ വസ്ത്രങ്ങളും ഷാളുകളും ഉണ്ടാക്കുന്ന കൈത്തറിയുമുണ്ട് ഗ്രാമത്തിൽ. തണുപ്പുള്ള സ്ഥലമായതുകൊണ്ടാകാം കുടുസ്സ് മുറിയിലാണ് കൈത്തറി പ്രവർത്തിക്കുന്നത്.

001 (22)

ചായ, കാപ്പി, സ്നാക്ക്സ് എന്നിവയ്ക്കും സൊവനീറുകൾക്കുമൊക്കെയായി കടകളുണ്ട് ഖൊനോമ വില്ലേജിൽ. നാഗ വേഷങ്ങൾ അണിഞ്ഞ് പടങ്ങളെടുക്കാനും സൗകര്യമുണ്ട് അവിടെ.

കോട്ടകൾ തേടി അലയുന്നവനാണല്ലോ ഞാൻ. നാഗലാൻ്റിൽ ചെന്നിട്ട് കോട്ടകളൊന്നും കണ്ടില്ല എന്ന സങ്കടമില്ല. വില്ലേജിനകത്ത് രണ്ട് കോട്ടകളുണ്ട്. ആദ്യത്തേത് സെമോമ കോട്ട; ഖൊനോമ കോട്ട എന്നും അറിയപ്പെടുന്നു.

001 (2)

* സെമോമ കോട്ട നിർമ്മിക്കപ്പെട്ടത് 1825ലാണ്.

* 1850ൽ ആദ്യത്തെ ആഗ്ലോ നാഗ യുദ്ധം ഇവിടെ നടന്നു.

* 1879 ൽ രണ്ടാമത്തെ ആംഗ്ലോ നാഗ യുദ്ധവും ഇവിടെ വെച്ച് നടന്നു. അനന്തരം കോട്ട തകർക്കപ്പെട്ടു.

* 1890ൽ കോട്ട പുനഃനിർമ്മിക്കപ്പെട്ടു.

* 1906ൽ ബ്രിട്ടീഷ് സർക്കാർ കോട്ട വീണ്ടും തകർത്തു.

* 1919ൽ കോട്ട വീണ്ടും പുനഃനിർമ്മിക്കപ്പെട്ടു.

* 1956 ലെ ഇന്തോ-നാഗ അഭിപ്രായ വ്യത്യാസത്തിൻ്റെ പേരിൽ കോട്ട വീണ്ടും തകർക്കപ്പെട്ടു.

* 1990ൽ നാലാമത്തെ അപ്രാവശ്യം കോട്ട പുനഃനിർമ്മിക്കപ്പെട്ടു.

എത്ര തകർത്താലും, സെമോമ കോട്ട വീണ്ടും നിർമ്മിക്കാൻ ഒരു ബുദ്ധിമുട്ടുമില്ല. കാരണം ഈ കോട്ട അത്രയ്ക്ക് ചെറുതാണ്. 2000 ചതുരശ്ര അടിപോലും വരില്ല ഇതിൻ്റെ വലിപ്പം.

രണ്ടാമത്തെ കോട്ടയുടെ പേരുപോലും പിടികിട്ടാത്ത അവസ്ഥയിലാണ്. അത് കോട്ട തന്നെയാണോ എന്ന് പോലും കണ്ടുപിടിക്കാൻ പറ്റുന്നില്ല. പരിസര പ്രദേശത്ത് ഒന്നും എഴുതിവെച്ചിരുന്നില്ല. ഒറ്റ നിലയിലുള്ള ഒരു കോൺക്രീറ്റ് കെട്ടിടമാണത്. അതിൻ്റെ ചരിത്രമെന്തെന്ന് ചികയേണ്ടിയിരിക്കുന്നു. എന്തായാലും ഈ രണ്ട് കോട്ടയിലേക്ക് ഇനിയും പോകേണ്ടതുണ്ട്.

001 (1)

തമാശയെന്താണെന്ന് വെച്ചാൽ, വിക്കിപ്പീഡിയയിൽ ഉള്ള കോട്ടകളുടെ ലിസ്റ്റിൽ നാഗാലാൻ്റ് എന്ന സ്റ്റേറ്റ് തന്നെ ഇല്ല. പിന്നെയല്ലേ അവിടത്തെ കോട്ടകൾ!

നാഗന്മാർ ഇന്ത്യയുടെ ഭാഗമല്ല, ഞങ്ങൾ ഇന്ത്യക്കാരല്ല എന്നൊരു വാദം അവർക്ക് തന്നെ ഉണ്ടായിരുന്നു. ഇപ്പോഴും ഉണ്ടോ എന്നുറപ്പില്ല. കൊഹീമയിലെ നാഗ ഗ്രാമത്തിലേക്കുള്ള മാർഗ്ഗമദ്ധ്യേ കാണാൻ സാധിക്കുന്ന നാഗ ഫെഡറൽ സർക്കാരിൻ്റെ ആദ്യ പ്രസിഡൻ്റായ Khrisanisa Seyie യുടെ ശവകുടീരത്തിലെ ശിലയിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.

“Nagas are not Indians; their territory is not a part of the Indian Union. We shall uphold and defend this unique truth at all costs and always”

001 (4)

ഇങ്ങനെയൊക്കെ നാഗന്മാർ പറയുന്നത് കൊണ്ടാണോ നാഗാലാൻ്റിലെ കോട്ടകൾ ഇന്ത്യൻ കോട്ടകളുടെ ലിസ്റ്റിൽ പെടുത്താത്തത്? ഈ ചോദ്യത്തിനുത്തരം അധികം വൈകാതെ എന്നിലേക്ക് വന്നണയും. കാരണം, ഇന്ത്യൻ കോട്ടകളുടെ വിക്കിപ്പീഡിയ ലിസ്റ്റിൽ നാഗാലാൻ്റ് എന്ന സംസ്ഥാനവും സെമോമ എന്ന കോട്ടയും ഞാൻ എഴുതിച്ചേർത്തിട്ടുണ്ട്. അത് തെറ്റാണെങ്കിൽ ആരെങ്കിലും വിശദീകരണവുമായി വരാതിരിക്കില്ല.

Khrisanisa Seyie യുടെ ശവകുടീരത്തിൻ്റെ തൊട്ടടുത്ത് തന്നെ Sievizo Siyie എന്ന നാഗൻ ക്യാപ്റ്റൻ്റെ പ്രതിമയും ഉണ്ട്. ക്യാപ്റ്റൻ Sievizo Siyieയെ ആസ്സാം റൈഫിൾസ് അറസ്റ്റ് ചെയ്തത് ഒരു ഇന്ത്യൻ പട്ടാളക്കാരനെ കൊന്നു എന്ന കുറ്റത്തിനാണ്. അതേപ്പറ്റി ചോദിച്ചപ്പോൾ Sievizo Siyie പറഞ്ഞു. “ ഞാൻ ഒന്നിലധികം ഇന്ത്യൻ പട്ടാളക്കാരെ കൊന്നിട്ടുണ്ട്. ഞങ്ങളുടെ സ്ത്രീകളെ ബലാത്സംഗം ചെയ്യുമ്പോൾ, ഞങ്ങളുടെ ആൾക്കാരെ പച്ചയ്ക്ക് കത്തിക്കുമ്പോൾ, അവരെ വെടിവെച്ച് കൊല്ലുമ്പോൾ, ക്രൂരമായി മർദ്ദിക്കുമ്പോൾ, അഹിംസ എന്ന് പറഞ്ഞ് മാറി നിൽക്കാൻ എനിക്കാവില്ല.“

ഇന്ത്യൻ ക്യാപ്റ്റൻ അദ്ദേഹത്തോട് മാപ്പ് പറയാൻ ആവശ്യപ്പെട്ടു. ചെയ്തത് കുറ്റമാണെന്ന് കരുതാത്തതുകൊണ്ട് മാപ്പ് പറയാനാവില്ലെന്ന് Sievizo Siyie ഉറച്ചുനിന്നു. ഇന്ത്യൻ ക്യാപ്റ്റൻ Sievizo Siyieൻ്റെ കണ്ണുകൾ മൂടിക്കെട്ടി വെടിയുതിർത്തു. പക്ഷേ ശരീരത്തിലേക്കല്ല വെടി വെച്ചത്. മാപ്പ് പറഞ്ഞില്ലെങ്കിൽ അടുത്ത പ്രാവശ്യം ഉണ്ടകൾ ശരീരം വഴി കയറിയിറങ്ങുമെന്ന് ഭീഷണിപ്പെടുത്തി. എന്നിട്ടും Sievizo Siyie മാപ്പ് പറയാൻ തയ്യാറായില്ല. മതിയായ തെളിവുകൾ ഇല്ലാത്തതുകൊണ്ട് അവസാനം Sievizo Siyieയെ വെറുതെ വിട്ടു.

001 (3)

ഖൊനോമ വില്ലേജിലെ യാത്രയ്ക്കിടയിൽ ശ്രദ്ധിക്കാനിടയായ ഒരു പ്രധാന കാര്യം കൂടെ പറഞ്ഞ് അവസാനിപ്പിക്കാം. മാലിന്യം തോന്നും പോലെ വലിച്ചെറിഞ്ഞ് ഇടുന്ന സംസ്ക്കാരം ഈ ഗ്രാമത്തിനില്ല. മുളകൊണ്ടുണ്ടാക്കിയതോ ലോഹം കൊണ്ട് ഉണ്ടാക്കിയതോ ആയ വേസ്റ്റ് ബിന്നുകൾ കൃത്യമായ ഇടവേളകളിൽ ഈ ഗ്രാമത്തിൽ സ്ഥാപിച്ചിട്ടുണ്ട്. എല്ലാവരും അതിൽത്തന്നെ മാലിന്യം നിക്ഷേപിക്കുന്നുമുണ്ട്. ഏതൊരു വീടിൻ്റെ പിന്നാമ്പുറത്ത് കൂടിയും മാലിന്യമോ ദുർഗ്ഗന്ധമോ ഭയക്കാതെ ധൈര്യമായി സഞ്ചാരികൾക്ക് നടന്ന് പോകാം. അതുകൊണ്ടുതന്നെ എത്ര ഇടുങ്ങിയ വഴികളും അരോചകമാകുന്നില്ലെന്ന് മാത്രമല്ല, ആസ്വാദ്യകരമാകുന്നുമുണ്ട്.

Comments

comments

Leave a Reply

Your email address will not be published. Required fields are marked *

You may use these HTML tags and attributes: <a href="" title=""> <abbr title=""> <acronym title=""> <b> <blockquote cite=""> <cite> <code> <del datetime=""> <em> <i> <q cite=""> <strike> <strong>