ഇതെന്റെ മരണപത്രമാണ്. മരണപത്രമെന്ന് കേൾക്കുമ്പോൾ നെറ്റി ചുളിക്കേണ്ട കാര്യമില്ല. ഇത്രയും തിരക്ക് പിടിച്ച വഴികളിൽ, ജീവിതത്തിൽ എപ്പോഴും കൂടെയുണ്ട് മരണം. രംഗബോധമില്ലാത്ത ആ കോമാളി കയറിവരുന്നത് ഇന്നോ നാളെയോ എന്ന് നമുക്കാർക്കും പറയാനാവില്ല. സർവ്വാരോഗ്യത്തോട് കൂടെയാണെങ്കിലും ഒരു ചെറിയ നെഞ്ചുവേദനയിലോ സാധാരണമാണെന്ന് തോന്നിക്കുന്ന ഒരു പനിയിലോ വയറ്റിളക്കത്തിലോ അതുമല്ലെങ്കിൽ ഒരു റോഡപകടത്തിലോ തീരാവുന്ന മേദസ്സ് മാത്രമാണ് നമ്മളീ കൊണ്ടുനടക്കുന്നത്. “ നീറ്റിലെ പോളയ്ക്ക് തുല്യമാം ജീവൻ” എന്ന് കവി പാടിയത് വെറുതെയൊന്നുമല്ല.
അതുകൊണ്ട് മരണശേഷം എന്തെങ്കിലുമൊക്കെ രീതികളും കർമ്മങ്ങളും ചടങ്ങുകളും ആഗ്രഹിക്കുന്നുണ്ടെങ്കിൽ അതിപ്പോഴേ പറഞ്ഞുവെക്കുന്നതല്ലേ അതിന്റെ ഭംഗി ? ICU വിൽ 48 മണിക്കൂർ ഒബ്സർവേഷനിൽ കിടക്കുമ്പോഴോ വെന്റിലേറ്ററിൽ നിന്ന് വെളിയിലെടുക്കാൻ പോകുന്ന സമയത്തോ തയ്യാറാക്കാൻ പറ്റുന്ന ഒന്നല്ലല്ലോ മരണപത്രം.
ക്ഷമിക്കണം, ചില മുഖവുരകളോട് കൂടെ മാത്രമേ ഈ മരണപത്രം തുടങ്ങാനാവൂ. രവീന്ദ്രൻ മാഷ് എന്നറിയപ്പെട്ടിരുന്ന എന്റെ അച്ഛനും എഴുതി വെച്ചിരുന്നു ഒരു മരണപത്രം. പക്ഷേ, അത് പ്രകാരം കാര്യങ്ങൾ ചെയ്തുകൊടുക്കാൻ എന്റേതല്ലാത്ത കാരണങ്ങളാൽ എനിക്കായില്ല. ഫോട്ടോയിൽ പൂവിട്ട് മാലചാർത്തി നാട്ടുകാർക്കൊക്കെ സൽക്കാരം നൽകി സഞ്ചയനം അടിയന്തിരം എന്നീ കാര്യങ്ങൾ ചെയ്യരുതെന്ന് കൃത്യമായി അദ്ദേഹം പറഞ്ഞിരുന്നെന്ന് മാത്രമല്ല, പിന്നീടങ്ങോട്ട് മതപരമായ ഒരു കർമ്മങ്ങളും പാടില്ലെന്നും പ്രേതമായി വന്ന് ഞാനാരേയും ശല്യപ്പെടുത്തില്ല എന്നും അദ്ദേഹം എഴുതിവെച്ചിരുന്നെങ്കിലും അപ്രകാരമൊക്കെ തന്നെയാണ് മരണാനന്തര ചടങ്ങുകൾ നടന്നത്. അതിനൊക്കെ കൂട്ടുനിൽക്കേണ്ടി വന്നതിന്റെ വ്യസനം എന്നെയിപ്പോഴും അലട്ടുന്നുണ്ട്.
അതുകൊണ്ടുതന്നെ ഞാനീ എഴുതി വെക്കാൻ പോകുന്ന മരണപത്രത്തിലെ ആഗ്രഹങ്ങൾ എപ്രകാരമായിരിക്കും നടപ്പിലാക്കപ്പെടുക എന്ന കാര്യത്തിൽ എനിക്കും ആശങ്കയുണ്ട്. ഇക്കാര്യം അടുത്ത സുഹൃത്തുക്കളുമായി രണ്ടാഴ്ച്ച മുൻപ് ചർച്ച ചെയ്തപ്പോൾ ഞാനൊരിക്കലും പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ഒരുപോലെ ചിന്തിക്കുന്നവരാണെന്ന് കരുതിയിരുന്ന സുഹൃത്തുക്കളിൽ നിന്നുപോലും ഉണ്ടായത്. ‘മരിച്ച് കഴിഞ്ഞാൽ നീ പിന്നെ ഒരു ജഡം മാത്രമാണ്. ജീവനില്ലാത്ത ഒന്നിന്റെ ആഗ്രഹങ്ങളേക്കാൾ, തുടർന്നങ്ങോട്ട് ജീവിച്ചിരിക്കുന്നവരുടെ ആഗ്രഹങ്ങൾക്കും താൽപ്പര്യങ്ങൾക്കുമാണ് മുൻഗണനയുണ്ടാകേണ്ടത് ’ എന്നവരിൽ ചിലരെങ്കിലും ഒരു സങ്കോചമോ സംശയമോ ഇല്ലാതെ പറഞ്ഞപ്പോൾ ഞാൻ ശരിക്കും ഞെട്ടി. ജഡമായി മാറുന്നതോടെ, ജീവനുള്ളപ്പോൾ നമ്മൾ പറഞ്ഞതും ചെയ്തതും എല്ലാം നമ്മുടെ വേണ്ടപ്പെട്ടവർ മറക്കാറുണ്ടോ ? ഇല്ലല്ലോ? അപ്പോൾപ്പിന്നെ ചില അവസാന ആഗ്രഹങ്ങൾ മാത്രമെന്തേ ജഡമായെന്ന പേരിൽ തള്ളിക്കളയുന്നു?! എന്തോ, എനിക്കൊരു പിടിയും കിട്ടിയിട്ടില്ല ഇതുവരെ.
എന്തായാലും മരിച്ചശേഷം എന്റെ ജഡം എന്തുചെയ്യണമെന്നതടക്കമുള്ള ചില ആഗ്രഹങ്ങൾ ഇവിടെ കുറിച്ചിടുന്നു. സമയോചിതമായി ആരെങ്കിലുമൊക്കെ ഇടപെട്ടാൽ പലർക്കും ഗുണമുള്ള കാര്യമായതുകൊണ്ട് പബ്ലിക്കായി പറയുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു. അതുകൊണ്ടാണ് ഓൺലൈനിൽ ഇങ്ങനെ തുറന്ന് പറയുന്നത്.
“ ജന്തുക്കൾ ഭക്ഷിച്ചു കാഷ്ഠിച്ചുപോകിലാം.
വെന്തു വെണ്ണീറായ് ചമഞ്ഞു പോയീടിലാം.
മണ്ണിനു കീഴായ് കൃമികളായ് പോകിലാം
നന്നല്ല ദേഹം നിമിത്തം മഹാമോഹം “ …… എന്നാണ് എഴുത്തച്ഛൻ പറഞ്ഞിട്ടുള്ളത്.
1. വെന്തുവെണ്ണീറാകുന്നതിനോ പുഴുവരിച്ച് പോകുന്നതിനോ മുൻപ് ശരീരത്തിൽ നിന്ന് എടുക്കാവുന്ന അത്രയും അവയവങ്ങൾ ആവശ്യക്കാർക്ക് കൊടുക്കാനുള്ള ഏർപ്പാട് ചെയ്യണം. രണ്ടുകൊല്ലം മുൻപ് മകൾ നേഹ സ്ക്കൂളിൽ നിന്ന് കൊണ്ടുവന്ന അവയവദാനപത്രത്തിൽ ഒപ്പിട്ടപ്പോൾ സത്യത്തിൽ ചിരിയാണ് വന്നത്. ഞാൻ ഓരോരോ കള്ളികളിൽ ടിക്ക് ചെയ്യുമ്പോൾ അവൾ ചോദിച്ചുകൊണ്ടേയിരുന്നു. “അച്ഛനപ്പോൾ കണ്ണ് കൊടുക്കുന്നില്ലേ, ലിവർ കൊടുക്കുന്നില്ലേ, കിഡ്ണി കൊടുക്കുന്നില്ലേ ? “ എന്ന്. എല്ലാത്തിലും ടിക്ക് ചെയ്ത് കൊടുത്തിട്ടുണ്ട് അവൾക്ക്. അവളത് പോലെ തന്നെ ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. മരിച്ചെന്ന് ഉറപ്പായാൽ ഒട്ടും വൈകിക്കാതെ മേൽപ്പറഞ്ഞ ഏർപ്പാട് ചെയ്യുക. ബി-നെഗറ്റീവാണ് ബ്ലഡ് ഗ്രൂപ്പ്.
2. പിന്നീട് ബാക്കിയുള്ള ശരീരം പരമാവധി രണ്ട് മണിക്കൂറിലധികം കാത്തുവെക്കാതെ സംസ്ക്കരിക്കുക. ബാക്കിയാവുന്ന അൽപ്പശരീരം കാണാനായി, ഇപ്പറഞ്ഞ രണ്ട് മണിക്കൂറിനിടയ്ക്ക് ഓടിപ്പിടഞ്ഞ് ആരും വരേണ്ടതില്ല. അവസാനമായി കാണാൻ പറ്റിയില്ലെന്ന് വ്യസനിക്കുന്നവർ നമ്മുടെ ആദ്യ കൂടിക്കാഴ്ച്ച മനസ്സിലൊന്ന് സ്മരിക്കുന്നതിൽപ്പരം സന്തോഷം എനിക്കില്ല. അത് ഓർത്തെടുക്കുന്നത് തന്നെ ചിലപ്പോൾ രസകരമായ ഒരനുഭവമായിരിക്കും നിങ്ങൾക്കോരോരുത്തർക്കും. ചില്ലിട്ട ശീതീകരണപ്പെട്ടിയിൽ ഒരു കാരണവശാലും എന്റെ ശരീരം ആർക്ക് വേണ്ടിയും കാത്തുവെക്കരുത്.
3. ഞാൻ മരിച്ചത് ജനത്തെ അറിയിനായി ഫ്ലക്സ് ബോർഡ് അടിച്ച് കവലയിൽ തൂക്കരുത്. അത്തരം ആവശ്യത്തിനായി എന്റെ ചിത്രങ്ങൾ ഓൺലൈനിൽ നിന്നോ വീട്ടിൽ നിന്നോ മറ്റേതെങ്കിലും ഇടങ്ങളിൽ നിന്നോ എടുക്കാൻ പാടില്ല.
4. മൃതശരീരം കുളിപ്പിക്കരുത്, പുതിയ വസ്ത്രം ധരിപ്പിക്കരുത്. ഡക്കറേഷൻ ഒന്നും ചെയ്യരുത്. ഞാനുപയോഗിച്ചുകൊണ്ടിരിക്കുന്നതിൽ നിന്ന് തേച്ചിട്ടില്ലെങ്കിലും അലക്കി വെച്ചിരിക്കുന്ന ഒരു വസ്ത്രം തന്നെ ഉപയോഗിക്കാം. (ശരീരാവയവങ്ങൾ എടുക്കുന്ന സ്ഥിതിയ്ക്ക് പിന്നെ കുളിപ്പിക്കാൻ സാദ്ധ്യമല്ലെന്നതും മനസ്സിലാക്കുക. അവസാനമായി ധരിക്കാനുള്ള വസ്ത്രം ആ സമയത്ത് ജഡം കൈകാര്യം ചെയ്യുന്നവരെ ഏൽപ്പിച്ചാൽ മതിയാകും.)
5. എന്റെ മൃതശരീരത്തിൽ പൂക്കൾ അർപ്പിക്കരുത്, റീത്ത് വെക്കരുത്, പട്ട് പുതപ്പിക്കരുത്. തലഭാഗത്ത് വിളക്ക് കത്തിച്ച് വെക്കരുത്. ഹിന്ദു കുടുംബത്തിൽ ജനിച്ചു എന്നതിന്റെ പേരിൽ ഹിന്ദു ചിഹ്നങ്ങൾ ഒന്നും ചാർത്തരുത്. ഹിന്ദുക്കളുടെ ആചാരപ്രകാരം സംസ്ക്കാരക്രിയകൾ ഒന്നും നടത്താൻ പാടില്ല. രണ്ട് മണിക്കൂർ സമയം ജഡം സൂക്ഷിക്കുന്ന മുറിയിൽ ദുർഗന്ധം വല്ലതുമുണ്ടെങ്കിൽ ചന്ദനത്തിരിയോ കുന്തിരിക്കമോ പുകയ്ക്കുന്നതിന് വിരോധമില്ല.
6. ജനിച്ചത് ഒരു ഹിന്ദു കുടുംബത്തിലാണ്. പക്ഷേ, ക്ഷേത്രങ്ങളിൽ പോകണമെന്നോ മറ്റോ കടുത്ത നിർബന്ധത്തോടെയൊന്നുമല്ല മാതാപിതാക്കൾ വളർത്തിക്കൊണ്ടുവന്നത്. അതുകൊണ്ടുതന്നെ ദേവനും ദേവിയുമൊക്കെ ആകുന്നതിന് മുൻപ് ശിൽപ്പിയുടെ കൈയ്യിൽ എത്തിപ്പെട്ട കല്ലിനും മരത്തിനും ലോഹത്തിനുമപ്പുറം കൂടുതലായി ഒന്നും വിഗ്രഹങ്ങളിൽ കാണാനായിട്ടുമില്ല. പ്രായം ചെല്ലുന്തോറും അതിൽ നിന്ന് അകന്നകന്ന് അതിന്റെയെല്ലാം കലാമൂല്യവും ചരിത്രവും മാത്രം നിരീക്ഷിക്കുന്ന അവസ്ഥയിലേക്ക് എത്തിച്ചേർന്നിട്ടുമുണ്ട്. ഹൈന്ദവാചാരങ്ങളും വിശ്വാസങ്ങളുമൊന്നും കൊണ്ടുനടക്കുകയോ പ്രാൿറ്റീസ് ചെയ്യുകയോ ചെയ്യുന്നില്ല ഇപ്പോൾ. അങ്ങനെയാകുമ്പോൾ ജഡം കുഴിച്ചിടുകയോ കത്തിച്ചുകളയുകയോ കഴുകന് തിന്നാൻ കൊടുക്കുകയോ എന്തുവേണമെങ്കിലും ആകാം. എന്നാലും കുഴിച്ചിടൽ വേണ്ട. എന്റെ ഒരു ശരീരഭാഗം മണ്ണിനടിയിൽ ഉണ്ടെന്നുള്ള ചിന്ത ആരിലും വരണമെന്ന് ആഗ്രഹിക്കുന്നില്ല. ഏറ്റവും അടുത്തുള്ള വൈദ്യുത സ്മശാനത്തിൽ കൊണ്ടുപോയി കത്തിച്ച് കളയുക. സംസ്ക്കരണത്തിനായി ഒരു മരക്കഷണം പോലും ഉപയോഗിക്കരുത്. ഞാനിത്രയും കാലം നട്ട് സംരക്ഷിച്ച മരങ്ങളോടുള്ള അനാദരവാകും അത്. അൽപ്പമധികം വൈദ്യുതി അവസാനമായി ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്ന് കരുതുന്നു.
7. കത്തിച്ചാരമായതിൽ നിന്ന് അൽപ്പമെടുത്ത് കുടത്തിലോ പ്ലാസ്റ്റിക്ക് കവറിലോ ആക്കി വീട്ടിലേക്ക് കൊണ്ടുവരരുത്. അങ്ങനെ കൊണ്ടുവന്ന് അതെടുത്തുവെച്ച് ഹൈന്ദവ ആചാരപ്രകാരമോ മറ്റേതെങ്കിലും ആരാചപ്രകാരമോ കർമ്മങ്ങൾ ഒന്നും ചെയ്യരുത്. സഞ്ചയനം, അടിയന്തിരം, ആണ്ട് പൂജകൾ എന്നിങ്ങനെ ഒരു ചടങ്ങുകളും ചെയ്യരുത്. അച്ഛൻ പറഞ്ഞത് തന്നെ ഞാനും പറയുന്നു. പ്രേതമായി വന്ന് ആരേയും ഞാൻ ശല്യപ്പെടുത്തില്ല.
8. പൊതുവൈദ്യുതസ്മശാനത്തിൽ എന്റെ ജഡം ദഹിപ്പിക്കുന്ന ജോലി ചെയ്യുന്ന ജീവനക്കാർക്ക് അവരുടെ മാസവരുമാനം ഏകദേശം എത്രയുണ്ടെന്ന് ചോദിച്ച് മനസ്സിലാക്കി അത്രയും തുക നൽകണം. ഒരാളാണെങ്കിൽ ഒരാൾക്ക്, പത്ത് പേരുണ്ടെങ്കിൽ പത്ത് പേർക്കും ഓരോ മാസത്തെ ശമ്പളം വീതം നൽകുക. അത്രയും തുക ഏതെങ്കിലും വകുപ്പിൽപ്പെടുത്തി എനിക്ക് ശേഷമുള്ളവരിലേക്ക് എത്തിക്കാനുള്ള ഏർപ്പാട് ഞാൻ ചെയ്ത് വെച്ചിട്ടുണ്ടാകും. ജനിക്കുമ്പോൾ ആശുപത്രിയിലെ ഡോൿടർമാർക്കും നഴ്സുമാർക്കും വലിയ പാരിതോഷികങ്ങൾ കൊടുക്കുന്നവരെ കണ്ടിട്ടുണ്ട്. അങ്ങനെ ചെയ്യാമെങ്കിൽ അവസാന യാത്രയ്ക്കുള്ള സജ്ജീകരണങ്ങൾ ചെയ്യുന്നവരേയും സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കേണ്ടതുണ്ട്. (തമിഴ്‌നാട്ടിൽ ഇതിനെ നെറ്റിക്കാശ് എന്ന് വിളിക്കും. പരേതന്റെ നെറ്റിൽ ഒരു ഒറ്റരൂപാ നാണയം വെക്കും. അത് ശ്മശാനം സൂക്ഷിപ്പുകാരനുള്ളതാണ്.)
9. പൊതുസ്‌മശാനത്തിൽ അവശേഷിക്കുന്ന എന്റെ അസ്ഥികളും ചാരവും അവർ കൊണ്ടുപോയി കളയുന്നത് ഏതെങ്കിലും പൊതുസ്ഥലത്താണെങ്കിൽ അതിനനുവദിക്കരുത്. അങ്ങനെ മാത്രമേ അവർ ചെയ്യൂ എങ്കിൽ എന്റെ ശവദാഹം എനിക്ക് സ്വന്തമായുള്ള ഏതെങ്കിലും ഒരു പുരയിടത്തിൽ ചെയ്ത് അവിടെയുള്ള മരങ്ങളുടെ ചുവട്ടിൽ ചാരവും അസ്ഥികളും നിക്ഷേപിക്കുക. അതവിടെക്കിടന്ന് ഉറഞ്ഞ് മണ്ണായി തീർന്നോളും. മരണസമയത്ത് എനിക്ക് സ്വന്തമായി ഒരു പുരയിടം ഇല്ലെങ്കിൽ, എന്റെ ശവദാഹം നടത്താണ് ബുദ്ധിമുട്ടില്ലാത്ത ഏതൊരു പുരയിടത്തിൽ ചെയ്യാം. അതിന് വേണ്ടി മരക്കഷണങ്ങൾ ആവശ്യമില്ലാത്ത സാങ്കേതിക വിദ്യ ഉണ്ടെങ്കിൽ അത് തീർച്ചയായും പ്രയോജനപ്പെടുത്തണം. അല്ലെങ്കിൽ മാത്രം അത്യാവശ്യം വിറക് ഉപയോഗിക്കാം. പക്ഷെ ആ പുരയിടത്തിലെ മറച്ചുവടുകളിൽ അസ്ഥികളും ചാരവും ഇടാൻ അതിന്റെ ഉടമസ്ഥർ അനുവദിക്കണം.
10. (25.01.2023 ന് പുതുക്കി എഴുതിയത്):- പൊതുസ്മശാനത്തിലെ മേൽപ്പറഞ്ഞ പൊല്ലാപ്പുകൾ ഒഴിവാക്കാനായി, ഞങ്ങളുടെ കുടുംബവീട്ടിലെ തൊടിയിൽ അച്ഛനേയും അമ്മയേയും സംസ്ക്കരിച്ചയിടത്ത് തന്നെ എന്നെയും സംസ്ക്കരിക്കാൻ മുതിർന്ന സഹോദരി നീത അനുവദിച്ചാൽ അതാകും ഏറെ സന്തോഷം. ആ വീടിൻ്റെ അവകാശി നീത ആയതുകൊണ്ട് അവരുടെ അനുവാദമില്ലെങ്കിൽ മേൽപ്പറഞ്ഞത് പോലെ പൊതുസ്മശാനത്തിൽത്തന്നെ ദഹിപ്പിക്കുക.
11. എന്റെ ജഡം എങ്ങനെ മറവ് ചെയ്യണമെന്നും അനന്തരം എന്തെല്ലാം ചെയ്യണമെന്നും സൂചിപ്പിക്കുന്ന മരണപത്രം മാത്രമാണിത്. എന്റെ പുസ്തകങ്ങൾ, വീട്, മറ്റ് സ്ഥാവര ജംഗമ സ്വത്തുക്കൾ എന്നതൊക്കെ എന്തുചെയ്യണമെന്ന് പരസ്യമായി പറയാൻ ഉദ്ദേശിക്കുന്നില്ല. അക്കാര്യങ്ങൾ സൂചിപ്പിച്ചുകൊണ്ട്, അച്ഛൻ ചെയ്ത് വെച്ചിരുന്നത് പോലെ കൃത്യമായ വിൽപ്പത്രം തയ്യാറാക്കി വെച്ചിട്ടുണ്ടാകും. അതുപ്രകാരം മാത്രം ചെയ്യുക. (25.01.2023ന് പുതുക്കി എഴുതിയത്):- എൻ്റെ വിൽപ്പത്രം 22 നവംബർ 2022ന് കുഴുപ്പിള്ളി രജിസ്റ്റ്രാർ ഓഫീസിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ചെറായി ദേവസ്വം നടയിലുള്ള ആധാരമെഴുത്തുകാരൻ ശ്യാം പൈയുടെ കൈയിൽ അതിൻ്റെ ഒറിജിനൽ ഉണ്ട്. എൻ്റെ മരണശേഷം അദ്ദേഹത്തിൽ നിന്ന് അത് കൈപ്പറ്റാവുന്നതാണ്.
12. എനിക്ക് അച്ഛന് വേണ്ടി ചെയ്യാൻ പറ്റിയില്ല എന്നതുപോലെ തന്നെ എന്റെ കാര്യത്തിൽ ഇതൊക്കെ ആരെങ്കിലും ചെയ്യുമോ, എന്നറിയില്ല. ചെയ്യണമെന്ന് സ്നേഹപൂർവ്വം അപേക്ഷിക്കുന്നു. മകൾ നേഹ മുൻകൈ എടുത്ത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു, പക്ഷേ അവരെ നിർബന്ധിക്കുന്നില്ല. നാട്ടുകാർ എന്ത് പറയും, എന്തുകരുതും, സുഹൃത്തുക്കളും ബന്ധുക്കളുമൊക്കെ എന്ത് പറയും എന്നൊക്കെ ആർക്കെങ്കിലും ആശങ്കയുണ്ടെങ്കിൽ, ഈ മരണപത്രത്തിന്റെ ഒരു കോപ്പി വീതം അങ്ങനെയുള്ളവർക്ക് നൽകുക. പരേതന്റെ ആഗ്രഹമാണ് നടപ്പിലാക്കുന്നത് എന്നവരെ പറഞ്ഞ് മനസ്സിലാക്കുക. എന്നിട്ടും മനസ്സിലാകാത്തവർ എന്റെ സുഹൃത്തുക്കളോ അഭ്യുദയകാംക്ഷികളോ ബന്ധുക്കളോ ആയിരുന്നില്ലെന്ന് മനസ്സിലാക്കി നിഷ്ക്കരുണം ഒഴിവാക്കുക.
തൽക്കാലം ഇത്രയേ ചിന്തയിൽ വരുന്നുള്ളൂ. കാലാകാലങ്ങളിൽ കാര്യപരിപാടിയിൽ ഇപ്പോൾപ്പറഞ്ഞതിൽ കൂടുതൽ നിബന്ധനകൾ എഴുതിച്ചേർക്കാൻ കമ്മറ്റിക്ക്, ക്ഷമിക്കണം പരേതനാകാൻ പോകുന്നയാൾക്ക് അധികാരവും അവകാശവും ഉണ്ടായിരിക്കുന്നതാണ്.
13. (24.12.2021ൽ പുതുക്കി എഴുതിയത്):- നിലവിൽ എൻ്റെ മണ്ഡലം(തൃക്കാക്കര) MLA പി.ടി.തോമസിൻ്റെ മരണശേഷം(22.12.2021), അദ്ദേഹത്തിൻ്റെ ആഗ്രഹപ്രകാരം അന്ത്യയാത്രയ്ക്ക് മുൻപ് “ചന്ദ്രകളഭം ചാർത്തിയുറങ്ങും തീരം… “ എന്ന ഗാനം പശ്ചാത്തലത്തിൽ വെക്കണമെന്ന അദ്ദേഹത്തിൻ്റെ ആഗ്രഹം ഗംഭീരമായി നടപ്പിലാക്കപ്പെട്ടപ്പോൾ അതൊരു നല്ല ആശയമായി തോന്നിയതുകൊണ്ട് ഈ മരണപത്രത്തിലേക്ക് അത്തരത്തിൽ ഒരു ഗാനം കൂടെ ചേർത്ത് പുതുക്കുന്നു. വൈദ്യുത ശ്മശാനത്തിലേക്ക് എൻ്റെ മൃതദേഹം എടുക്കുന്നതിന് തൊട്ടുമുൻപ് അവിടെയുള്ള ആരെങ്കിലും ഒരാൾ എനിക്കായി “എവിടെയോ കളഞ്ഞുപോയ കൗമാരം, ഇന്നെൻ്റെ ഓർമ്മയിൽ തിരയുന്നു.. “ എന്ന ഗാനം മൊബൈൽ ഫോണിലെങ്കിലും പ്ലേ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഒറ്റപ്രാവശ്യം പ്ലേ ചെയ്താൽത്തന്നെ ധാരാളം. ഈ ഗാനം തിരഞ്ഞെടുക്കാനുള്ള കാരണം സൗകര്യപ്പെടുകയാണെങ്കിൽ പിന്നീടെപ്പോഴെങ്കിലും വിശദമാക്കാം.
വാൽക്കഷണം:- ഇത് വായിച്ച് ആരും ബേജാറാകേണ്ടതില്ല. ഇതങ്ങനെ ഒരു ആത്മഹത്യാക്കുറിപ്പോ മരണം മുന്നിൽ കണ്ടതിന്റെ നിരാശയിൽ നിന്നുണ്ടായ ജൽപ്പനങ്ങളോ ഒന്നുമല്ല. ഞാൻ ഇന്നലെത്തേത് പോലെ തന്നെ സന്തോഷവാനും ആരോഗ്യവാനുമാണ് ഇന്നും. ആദ്യ പാരഗ്രാഫിൽ പറഞ്ഞിരിക്കുന്ന കാരണങ്ങൾ മാത്രമാണ് ഈ മരണപത്രത്തിന് പിന്നിലുള്ളത്. ഏറ്റവും കുറഞ്ഞത് 90 വയസ്സ് വരെയെങ്കിലും ജീവിച്ചിരിക്കണമെന്നും പറ്റിയാൽ അന്നും ഒരു മാരത്തോൺ ഓടണമെന്നുമാണ് ആഗ്രഹം.