ഞാൻ ബാംഗ്ലൂരാണ്. ഇവിടെ മാർച്ച് 31 വരെ 144 പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞു.
നിത്യച്ചിലവിനുള്ള തുക അന്നന്ന് ജോലി ചെയ്ത് നേടിയിരുന്നവരെയാണ് ഈ സാഹചര്യം ഏറ്റവും ബുദ്ധിമുട്ടിക്കാൻ പോകുന്നത്. അവർക്ക് ഇതിനകം തന്നെ വരുമാനം ഇല്ലാതായിക്കഴിഞ്ഞു. കേരളവും ഈ സ്ഥിതിയിലേക്ക് പെട്ടെന്ന് നടന്നടുക്കുകയാണ്.
ആരോഗ്യ പ്രവർത്തകരെ അഭിനന്ദിക്കാൻ ഇന്ന് അഞ്ച് മണിക്ക് കൈകൊട്ടിയും മണിയടിച്ചും പാത്രം കൊട്ടിയും ശംഖ് വിളിച്ചും ഗിറ്റാറ് മീട്ടിയും പാട്ടുപാടിയും ജനങ്ങൾ മുന്നോട്ട് വന്നത് നേരിട്ടും ടിവിയിലൂടെയും കണ്ടപ്പോൾ ഒരു കാര്യം ഉറപ്പായി.
ഈ അനുമോദന പ്രവർത്തനത്തിൽ ഏർപ്പെട്ട ഓരോ കുടുംബവും വിചാരിച്ചാൽ നിർദ്ധനരായ മറ്റ് രണ്ടോ മൂന്നോ കുടുംബങ്ങൾക്കുള്ള ഭക്ഷണസാധനങ്ങൾ രണ്ടാഴ്ചക്കാലത്തേക്ക് സഹായിക്കാൻ പറ്റും. ഇനി വരാൻ പോകുന്ന 144ഉം ലോക്ക് ഡൗണും എല്ലാം നിസ്സാരമായി കടന്നുപോകാൻ അങ്ങനെ നമ്മൾക്ക് കഴിയും. അതിനേക്കാളേറെ വലിയ തുകകൾ പ്രളയ സമയത്ത് സഹായിച്ചവരാണ് നമ്മൾ.
ഒരുപക്ഷേ നമ്മൾ മലയാളികൾക്കും മുഴുവൻ ഇന്ത്യക്കാർക്കും നിസ്സാരമായി കഴിയുന്ന ഒരു കാര്യമാണിത്. ഇതേപ്പറ്റി കുറച്ചുകൂടി വിശദമായി കളക്ടർ ബ്രോ പറയുന്നതിന്റെ ലിങ്ക് ഇതോടൊപ്പം ചേർക്കുന്നു.
നമ്മൾ സഹായിക്കാൻ ഉദ്ദേശിക്കുന്ന രണ്ട് കുടുംബങ്ങളെ നേരിട്ട് കണ്ടെത്താൻ ശ്രമിക്കുക. അവർ നിങ്ങളുടെ അയൽപക്കത്ത് തന്നെയുണ്ട്. അതിന് കഴിയുന്നില്ലെങ്കിൽ അങ്ങനെയുള്ളവരെ കണ്ടെത്തിത്തരാൻ നൂറ് സാമൂഹ്യ പ്രവർത്തകരെങ്കിലും ഈ വരുന്ന ദിവസങ്ങളിൽ സന്നദ്ധരായി വരും. അതിൽ നിന്ന് രണ്ട് കുടുംബങ്ങളെയെങ്കിലും ഏറ്റെടുക്കുക. അവർക്ക് പണമോ ഭക്ഷണസാധനങ്ങളോ നേരിട്ട് കൈമാറുക. സഹായം അനർഹരിലേക്ക് പോകുന്നില്ലെന്ന് നിങ്ങൾക്ക് തന്നെ ഉറപ്പാക്കാം.
സർക്കാർ നിർദേശപ്രകാരമോ അല്ലാതെയോ കുറച്ചുദിവസം ഇങ്ങനെ അടച്ചുപൂട്ടി ഇരുന്നാൽ കൊറോണ നിയന്ത്രണവിധേയമാകും. പ്രളയകാലത്ത് എത്ര ദിവസം അടച്ചിരുന്നതാണ് നമ്മളെന്ന് ഓർക്കണം.
എന്നാപ്പിന്നെ തുടങ്ങുകയല്ലേ ?
വാൽക്കഷണം:- പണത്തേക്കാൾ നന്ന് ഭക്ഷണസാധനങ്ങൾ നൽകുന്നതാണ്. നമ്മൾ കൊടുക്കുന്ന പണം ബിവറേജസിലേക്ക് പോകുന്നില്ലെന്ന് ഉറപ്പാക്കണമല്ലോ.